Friday, April 19, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

സംസാരിക്കാനാവില്ല കേള്‍ക്കാനും, ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ച് 'കല്യാണവേദി'യില്‍ അതിഥികളായി അഭിജിത്തും ശീതളും; ഒരു അപൂര്‍വ വിവാഹാലോചനാ സംഗമം

matrimony site for Handicapped

കൊച്ചി : കൈകള്‍ ഉയര്‍ത്തി ആഹ്‌ളാദം പ്രകടിപ്പിച്ചാണ്‌ നവദമ്പതികളായ അഭിജിത്തിനെയും ശീതളിനെയും ഇന്നലെ പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന വിവാഹാലോചന സംഗമത്തിനെത്തിയവര്‍ വരവേറ്റത്‌. ഒരാഴ്‌ച മുന്‍പായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേര്‍ക്കും സംസാരിക്കാനും കേള്‍ക്കാനുമാവില്ലെങ്കിലും ആശയവിനിമയത്തിന്‌ അതൊരു തടസമേയല്ലായിരുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചും മധുരം വിതരണം ചെയ്‌തും അവര്‍ ആഹ്‌ളാദം പങ്കുവെച്ചു.

കെ.സി.ബി.സി. ഫാമിലി കമ്മിഷന്റെ നേതൃത്വത്തില്‍ ബധിരരും മൂകരുമായ യുവതി-യുവാക്കള്‍ക്കായി സംഘടിപ്പിച്ച വിവാഹാലോചനാ സംഗമമായ 'കല്യാണവേദി'യില്‍ അതിഥികളായെത്തിയതായിരുന്നു അഭിജിത്തും ശീതളും. ബധിര-മൂക യുവതി-യുവാക്കള്‍ക്കു മാത്രമായി കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍ ആരംഭിച്ച മാട്രിമോണിയല്‍ സര്‍വീസിലൂടെയാണ്‌(കെ.സി.ബി.സി. മാട്രിമോണി ഫോര്‍ ദ ഡഫ്‌) ഇരുവരും പരിചയപ്പെട്ട്‌ ഒരാഴ്‌ച മുന്‍പ്‌ വിവാഹിതരായത്‌.

ആശയവിനിമയത്തിലെ അപാകംകൊണ്ട്‌ ദാമ്പത്യത്തിലുണ്ടാകുന്ന താളപ്പിഴകള്‍, ശാരീരിക-മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും അറിവില്ലായ്‌മ ഇങ്ങനെ ബധിരരും മൂകരുമായവര്‍ ദാമ്പത്യജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്ന തിരിച്ചറിവില്‍നിന്നാണ്‌ അവര്‍ക്കായി മാത്രമൊരു വിവാഹാലോചന സംഗമത്തിന്‌ വേദിയൊരുക്കിയത്‌.

മാട്രിമോണിയല്‍ സര്‍വീസിലൂടെ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കുള്ള വിവാഹ ഒരുക്ക കോഴ്‌സ്‌ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പി.ഒ.സിയില്‍ നടന്നിരുന്നു. ഇതിനോടനുബന്ധിച്ചായിരുന്നു വിവാഹ ആലോചന സംഗമം സംഘടിപ്പിച്ചത്‌. ജാതിമത ഭേദമന്യേ ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുപോലും യുവതി-യുവാക്കള്‍ സംഗമത്തിനെത്തിയിരുന്നു.

വിവാഹ ഒരുക്ക കോഴ്‌സിലും വിവാഹാലോചനാ സംഗമത്തിലുമായി ഇന്നലെയെത്തിയത്‌ ബധിരരും മൂകരുമായ അറുപതോളം യുവതി-യുവാക്കളും അവരുടെ കുടുംബാംഗങ്ങളുമാണ്‌. പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സംഗമത്തിനെത്തിയവര്‍ പങ്കുവെച്ചു. ഇഷ്‌ട പങ്കാളിയെ കണ്ടെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ ആലോചന തുടരാവുന്ന വിധത്തിലാണ്‌ സംഗമം സംഘടിപ്പിച്ചിരുന്നത്‌. ആറു കുടുംബങ്ങളാണ്‌ പ്രാഥമികഘട്ടത്തില്‍ വിവാഹാലോചന തുടങ്ങിയതെന്നു സംഗമത്തിനു നേതൃത്വം നല്‍കിയ കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു.

ബാക്കിയുള്ളവര്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ cbcfamilycommission.org രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വര്‍ഷത്തില്‍ രണ്ടു തവണയാണ്‌ പി.ഒ.സിയില്‍ വിവാഹ ഒരുക്ക കോഴ്‌സ്‌ നടത്തുന്നത്‌. ആംഗ്യഭാഷയിലൂടെയാണ്‌ ഡോക്‌ടര്‍മാരും കൗണ്‍സിലര്‍മാരും അടങ്ങുന്ന വിദഗ്‌ധര്‍ ക്ലാസുകള്‍ നയിച്ചത്‌. വിവാഹാലോചനാ സംഗമം ഫാ. ജോഷി മയ്യാറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു.

ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്‌.ടി, സിസ്‌റ്റര്‍ അഭയ എഫ്‌.സി.സി, ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്‌റ്റാലിന്‍ തോമസ്‌, കെ.സി. ഐസക്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW