Sunday, June 16, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.14 AM

'പാലാ' യും കടന്ന്‌...

uploads/news/2019/04/301638/sun1.jpg

'ഞാന്‍ ഒഴുക്കിനെതിരെ നീന്തിയ വ്യക്‌തിയാണ്‌. രാഷ്‌ട്രീയ ജീവിതം നിറയെ പ്രതിസന്ധികളും വെല്ലുവിളികളുമായിരുന്നു. എന്നിട്ടും അതിനെയൊക്കെ അതിജീവിച്ച്‌ അതിജീവിച്ച്‌ ഇങ്ങ്‌ പോന്നു'
ഒരു ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ കെ.എം. മാണി ഇങ്ങനെ പറഞ്ഞു: ഒരിക്കലും നിരാശനായോ, വിഷാദവാനായോ ഇരിക്കുന്ന മാണിയെ മാധ്യമങ്ങള്‍ കണ്ടിട്ടില്ല. ഏത്‌ പ്രയാസവും ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട്‌ പ്രാതികൂല്യങ്ങളോട്‌ പൊരുതാന്‍ ശേഷിയുളള തികഞ്ഞ പോരാളിയായിരുന്നു എക്കാലവും അദ്ദേഹം.
സമശീര്‍ഷരായ പല നേതാക്കള്‍ക്കും ദേശീയപാര്‍ട്ടി എന്ന നിലയില്‍ അഖിലേന്ത്യാടിസ്‌ഥാനത്തിലുള്ള പിന്‍തുണയും ആള്‍ബലവും സാമ്പത്തികശേഷിയും ഉണ്ടായിരുന്നു. സംസ്‌ഥാനവ്യാപകമായ വേരോട്ടമുണ്ടായിരുന്നു. എന്നാല്‍ പരിമിതികളുടെ ബാഹുല്യത്തിനിടയില്‍ നിന്നും സ്വന്തം സാമര്‍ത്ഥ്യം കൊണ്ട്‌ മാത്രം നീന്തിക്കയറിയാണ്‌ കെ.എം. മാണി സര്‍വാദരണീയനായ മാണി സാറായി മാറിയത്‌.
ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതാവാണ്‌ കെ.എം. മാണി. നിരവധി അടരുകളും മാനങ്ങളുമുള്ള ഒരു പുസ്‌തകം പോലെയാണ്‌ അദ്ദേഹം. ഓരോ വായനയിലും പരസ്‌പരവിഭിന്നമായ ഒട്ടേറെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു സൃഷ്‌ടി. ഏത്‌ കാര്യത്തിലും തനതായ ഒരു മാണിസാര്‍ സ്‌റ്റെല്‍ ഉണ്ടായിരുന്നു. 80 വയസ്‌ പൂര്‍ത്തിയായ ഘട്ടത്തിലും ഒരു യുവാവിന്റെ ഊര്‍ജ്‌ജസ്വലതയോടെ കര്‍മ്മരംഗത്ത്‌ സജീവമാകാന്‍ കഴിയുന്ന ആ വ്യക്‌തിത്വത്തിന്‌ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച്‌ തിരക്കിയ ഒരു മാധ്യമപ്രവര്‍ത്തകനോട്‌ അദ്ദേഹം പറഞ്ഞു.
'മറ്റ്‌ പലരെയും പോലെ ഞാന്‍ വ്യായാമമൊന്നും ചെയ്യാറില്ല. ആയുസിനെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടാറില്ലെന്നതാണ്‌ സത്യം. അത്രയധികം തിരക്കുണ്ടെനിക്ക്‌. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ പോലുമറിയാത്ത ഒരു പ്രത്യേക ഊര്‍ജ്‌ജം ശരീരത്തിലേക്കും മനസിലേക്കും പ്രവഹിക്കാറുണ്ട്‌. ഭക്ഷണത്തിനൊപ്പം ഓരോ പൂവന്‍ പഴം കഴിക്കും. ദിവസം പല തവണ കുളിക്കും, വസ്‌ത്രം മാറും. ഇതൊക്കെയാണ്‌ എന്റെ പ്രത്യേക ദിനചര്യകള്‍. അതിനപ്പുറം എന്റെ ജീവിതരീതിയും ഭക്ഷണക്രമവും എല്ലാം മറ്റ്‌ മനുഷ്യരെ പോലെ തന്നെ'
കെ.എം. മാണിയുടെ ജീവിതദര്‍ശനവും വീക്ഷണങ്ങളും ഏതേത്‌ തലത്തിലാണ്‌ വ്യതിരിക്‌തമാവുന്നത്‌? പിന്‍തലമുറകള്‍ക്ക്‌ പഠിക്കാന്‍ പാകത്തില്‍ മാതൃകാപരമാവുന്നത്‌? സുദീര്‍ഘവും സുചിന്തിതവുമായ അന്വേഷണങ്ങളും ഗവേഷണങ്ങളും ആവശ്യമായ വിഷയമാണിത്‌. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നൂറുശതമാനം മാതൃകാപരമായ വ്യക്‌തിത്വമാണ്‌ തന്റേതെന്ന്‌ ഒരുപക്ഷേ, അദ്ദേഹം പോലും അഭിപ്രായപ്പെട്ടെന്ന്‌ വരില്ല. മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളുമുളള ഒരു സാധാരണ മനുഷ്യനാണ്‌ താനെന്ന്‌ പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അതിനൊപ്പം അദ്ദേഹം പറഞ്ഞ ഒരു വാചകത്തിലാണ്‌ യഥാര്‍ത്ഥ മാണിയിസം ഒളിഞ്ഞിരിക്കുന്നത്‌.
'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാലാക്കാര്‍ക്ക്‌ എന്നെ നന്നായി അറിയാം'
ആ സത്യപ്രസ്‌താവം എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്നതിന്റെ ഉത്തമനിദര്‍ശനമാണ്‌ പാലാ നിയോജകമണ്ഡലം രൂപം കൊണ്ട അന്ന്‌ മുതല്‍ ഇന്നോളം തുടര്‍ച്ചയായി 13 തവണ അദ്ദേഹം അവിടെ നിന്ന്‌ ജയിച്ചത്‌. കടുത്ത യു.ഡി.എഫ്‌ വിരുദ്ധ തരംഗം ആഞ്ഞടിച്ച സന്ദര്‍ഭങ്ങളില്‍ പോലും മണി സാര്‍ പാലായില്‍ നിന്നും പാട്ടും പാടി ജയിച്ചു വന്നു. അത്‌ അന്ധമായ ഒരു ആരാധനയുടെ പേരില്‍ ലഭിച്ച സമ്മതിദാനമല്ല. മറിച്ച്‌ വ്യക്‌തമായ കാര്യകാരണങ്ങള്‍ പിന്നിലുണ്ട്‌്. ഒരു ജില്ലാ തലസ്‌ഥാനത്തോട്‌ കിടപിടിക്കും വിധമുളള വികസനപ്രവര്‍ത്തനങ്ങളാണ്‌ കെ.എം. മാണി മുന്നില്‍ നിന്ന്‌ മണ്ഡലത്തിന്‌ വേണ്ടി ചെയ്‌തിട്ടുളളത്‌.
പല മുന്‍ മുഖ്യമന്ത്രിമാരുടെയും സ്‌ഥിരം തട്ടകങ്ങള്‍ കുഗ്രാമങ്ങളേക്കാള്‍ അവികസനത്തിന്റെ ദാരുണമുഖവുമായി നില്‍ക്കുമ്പോള്‍ പാലായില്‍ ഇല്ലാത്തതെന്ത്‌ എന്ന്‌ നാല്‌ പേരെക്കൊണ്ട്‌ പറയിക്കാന്‍ കഴിയും വിധം പുരോഗമനങ്ങള്‍ മാണിസാര്‍ കൊണ്ടു വന്നു. പാലായിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുമായി സവിശേഷ വ്യക്‌തിബന്ധം സ്‌ഥാപിക്കുകയും അത്‌ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നതിലും അദ്ദേഹം നിതാന്ത ജാഗ്രത പാലിച്ചു പോന്നു.
ഒരു പൊതുപ്രവര്‍ത്തകന്റെ പ്രാഥമിക വിജയം അയാള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന്‌ തുടങ്ങുന്നു എന്ന സാമാന്യബുദ്ധിയില്‍ അധിഷ്‌ഠിതമായ തത്ത്വശാസ്‌ത്രം മാണിയെ ഭരിച്ചിരുന്നു.
സൂക്ഷ്‌മബുദ്ധിയും പ്രായോഗിക വീക്ഷണവും ജാഗ്രതയും അടക്കം ഒട്ടേറെ ഗുണങ്ങളുടെ സങ്കലനമായിരുന്നു കെ.എം. മാണി എന്ന പൊതുപ്രവര്‍ത്തകന്‍. ആരുടെ മുഖത്തു നോക്കിയും ഏത്‌ അഭിപ്രായവും ഉച്ചത്തില്‍ വിളിച്ചു പറയാനുളള ആര്‍ജ്‌ജവവും ധൈര്യവും കൈമുതലായിട്ടും പലപ്പോഴും അതിന്‌ സന്നദ്ധനായ ചരിത്രമുണ്ടായിട്ടും കൂടുതല്‍ സന്ദര്‍ഭങ്ങളിലും പക്വമായ മൗനവും ക്ഷമയും സഹിഷ്‌ണുതയും പാലിക്കാനുളള വിവേകം കാണിച്ചയാളാണ്‌ കെ.എം. മാണി. ആരെയും പിണക്കാതെ, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നതായിരുന്നു മാണീസ്‌ മാജിക്ക്‌. അടിസ്‌ഥാനപരമായി കത്തോലിക്കാ സമുദായത്തിന്റെ താത്‌പര്യസംരക്ഷണത്തിനായി നിലകൊളളുന്ന പ്രസ്‌ഥാനമാണ്‌ കേരളാ കോണ്‍ഗ്രസ്‌ എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു അഭിമുഖത്തിലും അത്‌ തുറന്നു സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ വാക്കിലോ വരിയിലോ പ്രവര്‍ത്തനങ്ങളിലോ വിഭാഗീയവും സങ്കുചിതവുമായ നേരിയ സൂചനകള്‍ പോലും കടന്നുവരാതിരിക്കാനും അത്യധികം ശ്രദ്ധിച്ചിരുന്നു.
ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ ആകമാനമായ പിന്‍തുണ ഉറപ്പായിരിക്കെ തന്നെ പരസ്‌പരം എതിര്‍ദിശയില്‍ നിന്ന്‌ പോരാടുന്ന വിവിധ ഹൈന്ദവ വിഭാഗങ്ങളുടെയും സ്വന്തം മാണി സാറായിരിക്കാന്‍ അദ്ദേഹത്തിന്‌ അനായാസം കഴിഞ്ഞു. കണിച്ചുകുളങ്ങരയും ചങ്ങനാശ്ശേരിയും അദ്ദേഹത്തിന്‌ ഇരുകരങ്ങള്‍ പോലെയായിരുന്നു. ഏതാണ്‌ വലതുകരം ഏതാണ്‌ ഇടതുകരം എന്ന്‌ ചോദിച്ചാലും സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം കണ്ണിറുക്കും. ഒരിക്കലും വാക്കുകളില്‍ നേരിയ പിഴവ്‌ വരാതെ സൂക്ഷിക്കാനും എല്ലാ ബന്ധങ്ങളും ഒരേ അനുപാതത്തില്‍ നിലനിര്‍ത്താനുമുളള ആ കഴിവ്‌ ഏത്‌ കാലഘട്ടത്തിലും നിലനിന്നു.
രാഷ്‌ട്രീയത്തില്‍ സ്‌ഥായിയായ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന തിരിച്ചറിവും മറ്റാരേക്കാള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെ പരസ്യമായി പുലഭ്യം പറഞ്ഞവരെയും തളളിപ്പറഞ്ഞവരെയും പിന്നില്‍നിന്ന്‌ കുത്തിയവരെയും പില്‍ക്കാലത്ത്‌ വാരിപ്പുണരാന്‍ അദ്ദേഹം മടിച്ചില്ല. ഈഗോയും വൈരാഗ്യബുദ്ധിയും മാറ്റിവച്ച്‌ കൂട്ടായ്‌മയുടെ കരുത്ത്‌ കാട്ടി വിലപേശല്‍ ശക്‌തി വര്‍ദ്ധിപ്പാക്കാനാണ്‌ പ്രായോഗികമതിയായ അദ്ദേഹം എക്കാലവും ശ്രമിച്ചിട്ടുളളത്‌.
ബജറ്റ്‌ അവതരണം മുതല്‍ പ്രസംഗവേദികളിലും പ്രബന്ധാവതരണത്തിലും സെമിനാറുകളിലുമൊക്കെ പങ്കെടുക്കും മുന്‍പ്‌ കാലേകൂട്ടി ഗൃഹപാഠം ചെയ്യുന്നത്‌ ഒരിക്കലും മുടങ്ങാത്ത ശീലമായിരുന്നു. കൃത്യതയും കണിശതയും വാക്കുകളിലും പ്രവൃത്തിയിലും ഭരണനിര്‍വഹണത്തിലും ഒരു പോലെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു.
അചഞ്ചലമായിരുന്നു ആ വ്യക്‌തിത്വം. പുത്രവാത്സല്യവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടി ശത്രുപക്ഷം ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചപ്പോഴൊക്കെയും പതറാതെ, കുലുങ്ങാതെ ശിലപോലെ അദ്ദേഹം നിന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷനും കാരുണ്യപദ്ധതിയും പോലെ ജനപക്ഷത്തു നിന്നു കൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ നിരത്തിവയ്‌ക്കാനുണ്ടായിരുന്നു അദ്ദേഹത്തിന്‌.
സാദ്ധ്യതകളുടെ കടലായിരുന്നു മാണി സാറിനെ സംബന്ധിച്ച്‌ സ്വന്തം ജീവിതം.
ആ സ്‌ഥാനത്ത്‌ മറ്റാരായിരുന്നാലും പാതിവഴിയില്‍ കടപുഴകി വീണുപോകുമായിരുന്നു. അത്രയധികം പിളര്‍പ്പുകളും എതിര്‍പ്പുകളും അദ്ദേഹത്തിന്‌ നേരിടേണ്ടി വന്നു. ഒരേ സമയം സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും എതിര്‍മുന്നണിയില്‍ നിന്നും അസ്‌ത്രങ്ങള്‍ ഏറ്റുവാങ്ങേണ്ട അത്യപൂര്‍വമായ വിധിയും അദ്ദേഹത്തിനുണ്ടായി. എന്നിട്ടും ആറ്‌ പതിറ്റാണ്ടുകാലം കേരള രാഷ്‌ട്രീയത്തിലെ മഹാമേരുക്കളില്‍ ഒന്നായി നിലനില്‍ക്കാന്‍ ചില ജില്ലകളില്‍ മാത്രം വേരോട്ടമുളള ഒരു പ്രാദേശികപാര്‍ട്ടിയുടെ നേതാവിന്‌ കഴിഞ്ഞെങ്കില്‍ നിശ്‌ചയമായും അത്‌ കെ.എം. മാണിയുടെ ഇച്‌ഛാശക്‌തിയും നേതൃപാടവവും ഒന്നു കൊണ്ടു മാത്രമാണ്‌. ആഭ്യന്തരം, ധനകാര്യം, നിയമം, റവന്യൂ... എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്‌തു.
ഭരണതലത്തിലും സംഘടനാരംഗത്തും നിയമസഭാസാമാജികന്‍ എന്ന നിലയിലും ഒരേ സമയം സ്വന്തം പ്രാഗത്ഭ്യം തെളിയിച്ചു. മരണത്തിന്‌ തൊട്ടുമുന്‍പ്‌ വരെ കേരളരാഷ്‌ട്രീയത്തിലെ മിന്നുംതാരമായി നിലകൊണ്ടു. അദ്ദേഹം സൃഷ്‌ടിച്ച അരഡസനിലേറെ റിക്കാര്‍ഡുകള്‍ കൊച്ചുകുട്ടികള്‍ക്ക്‌ പോലും ഹൃദിസ്‌ഥമാണ്‌. വരും തലമുറയിലും മറ്റാര്‍ക്കെങ്കിലും അത്‌ ഭേദിക്കാനാവുമോ എന്ന്‌ സംശയമാണ്‌. വലിയ സാമ്പത്തിക-രാഷ്‌ട്രീയ ശക്‌തികള്‍ക്കൊപ്പം തുല്യതാഭാവത്തില്‍ തനിച്ചു നിന്ന്‌ പോരാടാനുളള കരുത്താണ്‌ കെ.എം. മാണിയുടെ എക്കാലത്തെയും പ്രത്യേകത. രാഷ്‌ട്രീയ ഗുരുവായ പി.ടി. ചാക്കോയും കെ.എംജോര്‍ജും ആര്‍. ബാലകൃഷ്‌ണപിളളയും പിന്നീട്‌ ടി.എം. ജേക്കബ്ബും പി.ജെ. ജോസഫും പി.സി. ജോര്‍ജും അടക്കമുള്ളവര്‍ വിട്ടുപോയിട്ടും മാണി തളര്‍ന്നില്ല. കൂടുതല്‍ കരുത്തോടെ മുന്നേറാനുളള ഊര്‍ജ്‌ജവും പ്രചോദനവും അദ്ദേഹം സ്വയം സമാഹരിച്ചു. യു.ഡി.എഫില്‍ ആള്‍ബലം കൊണ്ട്‌ മുന്നില്‍ നില്‍ക്കുന്ന ലീഗിനും കോണ്‍ഗ്രസിനും പോലും രാഷ്‌ട്രീയ ഗുരുസ്‌ഥാനത്ത്‌ മാണിസാറിന്റെ അഭിപ്രായങ്ങളും തന്ത്രങ്ങളും സ്വീകരിക്കേണ്ടതായി വന്നു.
ഉമ്മന്‍ചാണ്ടി കെ.എസ്‌.യു. പ്രവര്‍ത്തകനായിരുന്ന കാലത്ത്‌ കോട്ടയം ഡി.സി.സി അദ്ധ്യക്ഷനായിരുന്ന ആ അനുഭവസമ്പത്തിനെയും കാര്യനിര്‍വഹണശേഷിയെയും കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ എല്ലാവരും മാനിച്ചിരുന്നു.
അപ്രിയസത്യങ്ങള്‍ പരസ്യമായി തുറന്നടിക്കുന്നതില്‍ പൊതുവെ ലുബ്‌ധനായ മാണിസാര്‍ ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പച്ചയായി തന്നെ പറഞ്ഞു.
'രാഷ്‌ട്രീയത്തില്‍ എനിക്ക്‌ ധാരാളം സുഹൃത്തുക്കളുണ്ട്‌. പലരും കാണുമ്പോള്‍ സര്‍വാംഗം കെട്ടിപ്പിടിക്കും. പക്ഷേ, നമ്പാന്‍ കൊളളാവുന്ന ഒരു നേതാവ്‌ എന്റെ അനുഭവത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബ്‌ മാത്രമാണ്‌.'
പലരെയും ബാധിക്കുന്ന ഇത്തരമൊരു സത്യപ്രസ്‌താവന പരസ്യമായി നടത്താനുളള ചങ്കുറ്റവും കെ.എം. മാണിക്ക്‌ സ്വന്തം.
അപ്പോഴും ഒരു വ്യക്‌തിയെയും പേരെടുത്ത്‌ പരാമര്‍ശിക്കാനോ അധിക്ഷേപിക്കാനോ അദ്ദേഹം സന്നദ്ധനായിട്ടില്ല, ഒരു കാലത്തും. ഇതും വിഖ്യാതമായ കെ.എം. മാണി സ്‌റ്റൈലിന്റെ അഭിജാതമായ ഒരു മുഖമാണ്‌. പലപ്പോഴും പരസ്യമായി തന്നെ അദ്ദേഹം പറഞ്ഞു.
'എനിക്കാരോടും പകയില്ല. വ്യക്‌തിവിരോധമില്ല. പല പിണക്കങ്ങളും പ്രശ്‌നാധിഷ്‌ഠിതമാണ്‌. സാഹചര്യങ്ങള്‍ മാറി വരുമ്പോള്‍ മനോഭാവങ്ങളിലും മാറ്റം വരാം'
ഈ പക്വതയും വിവേകവും ഏത്‌ ദുര്‍ഘടസന്ധിയിലും മുടങ്ങാതെ ധ്യാനം കൂടുന്ന ആ ആദ്ധ്യാത്മിക മനസുമായും ചേര്‍ത്തു വായിക്കാം.
ആലങ്കാരികവും താത്ത്വികവും സൈദ്ധാന്തികവുമായ അടിത്തറയില്‍ അധിഷ്‌ഠിതമായ പ്രഭാഷണരീതികള്‍ മാറ്റിവച്ച്‌ തനി നാട്ടുഭാഷയില്‍ പൊതുവേദികളില്‍ സാധാരണക്കാരുമായി സംവദിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു പോന്നു. അതേസമയം നിയമപരമായും ധനതത്ത്വശാസ്‌ത്രസംബന്ധമായും അഗാധമായ അറിവുകളും കാഴ്‌ചപ്പാടുകളുമുളള അദ്ദേഹം അതൊക്കെയും ഉചിതമായ വേദികളില്‍ ഉപയോഗിച്ചും പോന്നു. ഈ ഔചിത്യവും വിവേകവുമാണ്‌ കെ.എം. മാണിയെ എല്ലാ അര്‍ത്ഥത്തിലും മാണി സാറാക്കിയത്‌.
രാഷ്‌ട്രീയത്തിലെ പൊതുവഴിയില്‍ നിന്ന്‌ അല്‍പ്പം വേറിട്ട്‌ നടക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വേഷവിധാനത്തിലും (വെളുത്ത ജൂബയും മുണ്ടും) നടുവെ രണ്ടായി പകുത്ത്‌ മുടി ചീകുന്ന ആ ശൈലിയിലും എന്ന പോലെ ഒരു വഴിമാറി നടത്തം രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കെ.എം. മാണിക്ക്‌ സ്വന്തമായിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനെന്ന്‌ ഒരിക്കല്‍ കമ്മ്യൂണിസ്‌റ്റ് നേതാവിന്‌ പോലും പരസ്യമായി സമ്മതിക്കേണ്ടി വന്നു. രണ്ട്‌ തവണ ചുണ്ടിനും കപ്പിനുമിടയില്‍ ആ അസുലഭ അവസരം അദ്ദേഹത്തിന്‌ നഷ്‌ടമാവുകയും ചെയ്‌തു.
അത്‌ വ്യക്‌തിപരമായ നഷ്‌ടം എന്നതിലുപരി കേരളജനതയുടെ നഷ്‌ടമായി നാളെ ചരിത്രം വിധിയെഴുതിയേക്കാം. കാരണം എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും കെ. കരുണാകരന്‌ ശേഷം കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ്‌ കെ.എം. മാണി എന്ന വസ്‌തുത അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക്‌ പോലും സമ്മതിക്കാതെ തരമില്ല.
ഒട്ടേറെ അപൂര്‍വതകളുടെ സമാഹാരം കൂടിയാണ്‌ കെ.എം. മാണി.
പരുക്കന്‍ മുഖാവരണത്തിനപ്പുറം മാണിയിലെ നര്‍മ്മാംശവും മറനീക്കി പുറത്തു വന്ന സന്ദര്‍ഭങ്ങളുണ്ട്‌. ജന്മദിനത്തില്‍ നടന്ന ഒരു കൂടിക്കാഴ്‌ചയില്‍ അഭിമുഖകാരന്‍ ചോദിച്ചു.
'യു.ഡി.എഫില്‍ നിന്നും പുറത്തു നില്‍ക്കുകയാണ്‌ ഇന്ന്‌ കേരളാ കോണ്‍ഗ്രസ്‌. അതേ സമയം സി.പി.എമ്മും ബി.ജെ.പിയുമടക്കം പലരും വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുമുണ്ട്‌. എന്താണ്‌ അങ്ങയുടെ നിലപാട്‌?'
അദ്ദേഹം പ്രതിവചിച്ചത്‌ ഇങ്ങനെ.
''കോട്ടയത്തൂന്ന്‌ ഏറ്റുമാനൂര്‍ക്ക്‌ നമ്മള്‌ പോകുമ്പം വാതില്‌ തുറന്നിട്ട്‌ വീടുകള്‍ കാണാം. അങ്ങനെ വാതില്‌ തുറന്നിട്ട വീട്ടിലെല്ലാം നമ്മള്‌ ചാടിക്കേറുവോ.''
ഒരു പ്രസംഗവേദിയില്‍ വച്ച്‌ മാണി പറഞ്ഞു.
'കുട്ടിയമ്മ എനിക്ക്‌ ഒന്നാംഭാര്യയാണെങ്കില്‍ പാലാ എന്റെ രണ്ടാംഭാര്യയാണ്‌'
ഈ പ്രസ്‌താവന വളരെ പ്രശസ്‌തമാവുകയും പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീടുണ്ടായ പൊല്ലാപ്പുകള്‍ മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.
'എന്നാ പറയാനാന്നേ.. ഇലക്ഷന്‍ വന്നപ്പം വീടിന്‌ മുന്നീക്കൂടി പാര്‍ട്ടിപ്രവര്‍ത്തകള്‍ നടത്തിയ അനൗണ്‍സ്‌മെന്റ്‌ ഇങ്ങനെ. ഇതാ മാണി സാര്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെ കാണാനായി വരുന്നു. അത്‌ കഴിഞ്ഞ്‌ വീട്ടില്‍ വന്ന ഒരു സ്‌ത്രീ കുട്ടിയമ്മയോട്‌ ചോദിച്ചു. ചേച്ചി ഇപ്പഴും ഈ വീട്ടില്‍ തന്നെയാണോ താമസിക്കുന്നതെന്ന്‌. അന്ന്‌ വൈകിട്ട്‌ ഞാന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയമ്മ പറഞ്ഞു. നിങ്ങക്ക്‌ വല്ല കാര്യവുമുണ്ടായിരുന്നോ?'
അതും പറഞ്ഞ്‌ മാണി സാര്‍ പൊട്ടിച്ചിരിച്ചു. സഹജമായ പാലാ സ്‌റ്റൈല്‍ ചിരി.
തൃശിനാപ്പള്ളിയിലെ ബിരുദപഠനകാലത്ത്‌ മാണിയുടെ കയ്യില്‍ നിന്നും ദാസ്‌ ക്യാപിറ്റലിന്റെ കോപ്പി പിടികൂടിയെന്നും അങ്ങനെ കോളജില്‍ നിന്നും പുറത്തായെന്നും ഒരു കഥയുണ്ട്‌. ഇതേക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചത്‌ ഇങ്ങനെ.
'കമ്മ്യൂണിസത്തോടുളള മമത കൊണ്ടല്ല ദാസ്‌ ക്യാപിറ്റല്‍ കൊണ്ടു നടന്നത്‌. ഓരോ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമുളള ജിജ്‌ഞാസ എന്നെ ഭരിച്ചിരുന്നു. കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയൊക്കെ അന്ന്‌ ഞാന്‍ പഠിച്ചിട്ടുണ്ട്‌്'
തിരക്കുകളുടെ പാരമ്യതയിലും ഒന്നാംതരം കുടുംബസ്‌ഥനായിരുന്നു കെ.എം. മാണി. ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ്‌ കെ. മാണിയും ഏത്‌ ഉറക്കത്തില്‍ ചോദിച്ചാലും ഇതിന്‌ സാക്ഷ്യം പറയും. ഒരിക്കല്‍ മകന്‍ പറഞ്ഞു.
'13 കൊച്ചുമക്കളുണ്ട്‌ അച്ചാച്ചന്‌. ഓരോരുത്തരുടെയും ഓരോ കാര്യങ്ങള്‍ക്കും എത്ര തിരക്കുണ്ടെങ്കിലും അച്ചാച്ചന്‍ ഓടിയെത്തും. അത്രയ്‌ക്ക് സ്‌നേഹനിധിയാണ്‌.'
നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കവെ നിയമസഭയില്‍ വച്ച്‌ അദ്ദേഹം പറഞ്ഞു.
''ആരെയും ഞാന്‍ ശത്രുവായി കാണുന്നില്ല. എന്നെ ഏറ്റവുമധികം വിമര്‍ശിക്കുന്ന പി.സി. േജാര്‍ജിനെ പോലും അനുജനായേ കണ്ടിട്ടുള്ളു. ആരോടും വിരോധം വച്ചു പുലര്‍ത്താന്‍ എനിക്ക്‌ കഴിയില്ല. അങ്ങനെയൊരു മാനസികാവസ്‌ഥയല്ല എനിക്കുളളത്‌.''
ഇപ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും പിളര്‍പ്പുകളും ശത്രുതയും വിരോധവുമില്ലാത്ത ഒരു ലോകത്തിരുന്ന്‌ ഒരുപക്ഷേ, അദ്ദേഹം കണ്ണിറുക്കി ചിരിക്കുന്നുണ്ടാവാം.

സജില്‍ ശ്രീധര്‍

Ads by Google
Sunday 14 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW