Thursday, June 20, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.14 AM

ശാന്തിയാത്ര

uploads/news/2019/04/301636/sun3.jpg

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോഴാണ്‌ ഫോണ്‍ ശബ്‌ദിച്ചത്‌.
ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. കുറെ ദിവസമായി കിടക്കുന്നു. പ്രതീക്ഷിച്ചതാണ്‌. ഇത്ര ദിവസം കിടത്തേണ്ടപോലും കാര്യമുണ്ടായിരുന്നില്ല. പക്ഷെ വേണ്ടിവന്നു. പലര്‍ക്കും വന്നെത്താന്‍ കാലതാമസം വരും. വെന്റിലേറ്ററില്‍ കിടത്തുകയാണ്‌ ഏക പോംവഴി.
രാത്രി തന്നെ പത്രം ഓഫീസില്‍ നിന്നും വിളിവന്നു.വിവരം അറിഞ്ഞു. സ്‌റ്റില്‍സ്‌ മനോജും വീഡിയോഗ്രാഫര്‍ കിരണും പുറപ്പെട്ടിട്ടുണ്ട്‌. രാവിലെ എത്തും. വി.വി.ഐ.പി.യാണ്‌ ശ്രദ്ധിക്കണം.
പാര്‍ട്ടിയുടെ നാട്ടിലെ ഉന്നതനെ വിളിച്ചു, 'എന്താണ്‌ ഇനി പ്രോഗ്രാം.'
'ആസ്‌ യൂഷ്വല്‍ - പൊതുദര്‍ശനം - നഗരികാണിക്കല്‍- ആചാരവെടി-സംസ്‌കാരം. ടൈം തീരുമാനിച്ചില്ല.'
'ക്രിമേഷന്‍ എവിടെയാണെന്നാണ്‌ തീരുമാനം. ഒരു സ്‌മൃതിമണ്ഡപത്തിന്‌ പറ്റിയ സ്‌ഥലമായിരിക്കണ്ടേ?'
'തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി പണ്ടൊരു തീരുമാനമെടുത്ത്‌ ടൗണില്‍ ഒരു സഖാവിനെ കുഴിച്ചിട്ടു. അത്‌ ഒരു പാരയായി പാര്‍ട്ടിക്കുതന്നെ വന്നുതീര്‍ന്നു. പിന്നെ അത്‌ അയാളുടെ പേരില്‍ ഗവേഷണകേന്ദ്രം പണിത്‌ തടിയൂരി. ഇനി അതിനൊന്നുമില്ല. സ്‌മൃതി മണ്ഡപം പാര്‍ട്ടിക്കല്ല വേണ്ടത്‌. പാര്‍ട്ടിക്ക്‌ ആവശ്യത്തിലേറെയായി.'
'ഞാന്‍ പിന്നെ വിളിക്കാം. തീരുമാനം അറിയിക്കണം. പത്രമോഫീസില്‍ നിന്ന്‌ സഖാവിന്റെ പേരാണ്‌ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചത്‌.'
'കണ്ണനായിരിക്കും. അയാള്‍ക്കെന്നെ മറക്കാനാവില്ല... 'ഞാന്‍ നന്ദി പറഞ്ഞു പെട്ടെന്ന്‌ ഫോണ്‍ താഴെവച്ചു.
മരിച്ചുപോയ വ്യക്‌തി എന്റെ മനസിലൂടെ കടന്നുപോയി. സ്‌മൃതിമണ്ഡപം ഒന്നല്ല പത്തെണ്ണം പണിയേണ്ട വ്യക്‌തിയാണ്‌ വേദിയൊഴിഞ്ഞത്‌. സ്വന്തമായി ഒന്നും ഉണ്ടാക്കിയിട്ടില്ല. നല്ല അദ്ധ്യാപകന്‍, കോളജ്‌ പ്ര?ഫസര്‍ എന്ന നിലയില്‍ തിളങ്ങി. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ കേരളത്തിലെ തേരാളിയായി വിളങ്ങി. സത്യസന്ധത, ജനങ്ങളോടുള്ള പ്രതിബദ്ധത, ലക്ഷ്യബോധം എല്ലാം തികഞ്ഞ ഒരു നേതാവ്‌. ഒരു വാര്‍ഡ്‌ മെമ്പറുപോലും ആകണമെന്ന്‌ ആഗ്രഹിച്ചിട്ടില്ല. മാതാവിന്റെ വക കുടുംബത്തില്‍ നിന്നും കിട്ടിയ രണ്ടേക്കര്‍ സ്‌ഥലവും വീടും മാത്രം കൈമുതലായുള്ളൂ.
പ്ര?ഫസറുടെ മൂത്തപുത്രന്‍ ഹരിനാരായണന്‍ കേന്ദ്രഗവണ്‍മെന്റിന്റെ മത്സ്യ വികസന ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും അടിത്തൂണ്‍പറ്റി. ഇന്‍ഷ്വറന്‍സ്‌, പോസ്‌റ്റ് ഓഫീസ്‌ കളക്ഷന്‍ എന്നിവയുമായി കഴിയുന്നു. രണ്ടാമത്തെ പുത്രന്‍ കോളജ്‌ പ്ര?ഫസര്‍ തസ്‌തികയില്‍ നിന്നും വി.ആര്‍.എസ്‌. എടുത്ത്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്റര്‍ നടത്തുന്നു. മൂന്നാമത്തേത്‌ അദ്ധ്യാപികയാണ്‌. ബാക്കി രണ്ടുപേര്‍ ഭര്‍ത്താക്കന്മാരുമൊത്ത്‌ തിരുവനന്തപുരത്ത്‌ കഴിയുന്നു.
ഹരി ഒരു അദ്ധ്വാനിയാണ്‌. അതുകൊണ്ടുതന്നെ വെറുതെ കിടന്ന രണ്ടേക്കര്‍ സ്‌ഥലത്ത്‌ ഒരു കിണര്‍കുത്തി കൃഷി ചെയ്യുകയാണ്‌.
പ്ര?ഫസറും കുടുംബവും ഹരിയോടൊപ്പമാണ്‌ താമസം. സഹധര്‍മ്മിണി ശാരദ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യയുടെ വേര്‍പാടിന്റെ ആഘാതത്തില്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു. ഒരു വര്‍ഷം സമാധിയില്‍ കഴിഞ്ഞു. പുസ്‌തകങ്ങള്‍ രചിച്ചു. എല്ലാം പ്രശസ്‌തമായി. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ കരസ്‌ഥമാക്കി. സാവധാനം പൊതുരംഗത്തേക്ക്‌...
അടിയന്തിരാവസ്‌ഥക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസംഗപരമ്പര ഡല്‍ഹിയെ വിറപ്പിച്ചു. കാസര്‍ഗോഡുമുതല്‍ പാറശ്ശാലവരെ നീണ്ട മോചനയാത്ര കേരളത്തെ പ്രകമ്പനം കൊള്ളിച്ചു. അറസ്‌റ്റ് ചെയ്‌ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടയ്‌ക്കുന്നതുവരെ കാര്യങ്ങളെത്തി. കൈയില്‍ വിലങ്ങുമായി നില്‍ക്കുന്ന വന്ദ്യവയോധികനായ നേതാവ്‌ കേരളത്തിന്റെ വികാരമായി.
ജയിലിന്‌ ജയിലിന്റെ രീതി. ചെന്നയുടനെ ഗാന്ധിഭക്‌തനെ ജയിലധികൃതര്‍ ഹിംസാമാര്‍ഗം കാണിച്ചും അനുഭവിപ്പിച്ചുമാണ്‌ വരവേറ്റത്‌. ആ അപ്രതീക്ഷിത മര്‍ദ്ദനംവാര്‍ത്തയായതോടെ പ്ര?ഫസറെ മോചിപ്പിച്ചു. അങ്ങനെ ഗാന്ധിശിഷ്യന്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ തിളങ്ങി. തന്റെ ചിട്ടയും, മനധൈര്യവും, ജീവിതചര്യയുംകൊണ്ട്‌ അധികൃതരെ അദ്ദേഹം അത്ഭുതപ്പെടുത്തി. ആ ചിട്ടയാണ്‌ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാന്‍ ഭാഗ്യമുണ്ടാക്കി കൊടുത്തതും.
നാട്ടിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പ്ര?ഫസര്‍ പെട്ടെന്നാണ്‌ പ്രസംഗപീഠത്തിലേക്ക്‌ മുഖംകുത്തിയത്‌. പിന്നെ താഴേക്ക്‌ കുഴഞ്ഞുവീണു. അവിടെ നിന്ന്‌ നേരെ വെന്റിലേറ്ററിലേക്കാണ്‌ മാറ്റിയത്‌. രക്ഷയില്ല. കാര്‍ഡിയാക്‌ അറസ്‌റ്റ് - വെന്റിലേറ്റര്‍ സഹായിച്ചാല്‍ കുറേദിവസം വേണമെങ്കില്‍ നീട്ടാം.
തിളങ്ങി നില്‍ക്കുന്ന ഒരു ഗാന്ധിയനെ ഇനി ഒരിക്കലും കേരളക്കരയ്‌ക്ക് കിട്ടില്ലെന്ന തിരിച്ചറിവില്‍ ഇനി എന്തു ചെയ്‌താല്‍ ഈ വി.വി.ഐ.പി. മരണം മുതലാക്കാന്‍ കഴിയും എന്ന ചിന്തയിലേക്ക്‌ നേതാക്കള്‍ കടന്നു.
പൊതുശ്‌മശാനത്തില്‍ മതി ശവദാഹചടങ്ങുകള്‍ എന്ന്‌ ആദ്യം പറഞ്ഞത്‌ മൂത്തപുത്രന്‍ ഹരിയാണ്‌. അച്‌ഛന്റെ ആഗ്രഹം അതായിരുന്നു എന്നു സൂചിപ്പിക്കുന്ന രീതിയാണ്‌ ഹരിയുടെ ഭാര്യ സ്‌റ്റെല്ലയുടേയും വാമൊഴി. അതിന്‌ കാരണം രണ്ടാമത്തെ മകന്‍ പ്ര?ഫസര്‍ക്കും മറ്റു സഹോദരിമാര്‍ക്കും അറിയാം. വീടും അതിനോടനുബന്ധിച്ചുള്ള നാല്‌പതു സെന്റ്‌ സ്‌ഥലവും ഹരിക്കും ബാക്കി നാല്‌പതുവച്ച്‌ പ്ര?ഫസര്‍ക്കും ടീച്ചര്‍ക്കും മറ്റ്‌ രണ്ടു പെണ്‍പിള്ളാര്‍ക്കും ഉള്ളതാണ്‌. പക്ഷെ രണ്ടേക്കറില്‍ ഇഞ്ചിയും കച്ചൂലവും നട്ടിരിക്കുകയാണ്‌.
ഒന്നരമാസം മതി അത്‌ പറിക്കാന്‍. അതൊഴിവാക്കാനാണ്‌ പൊതുശ്‌മശാനമാണ്‌ അച്‌ഛന്റെ ആഗ്രഹം എന്നൊക്കെ പറയുന്നത്‌ എന്ന്‌ മറ്റുള്ള കൂടപ്പിറപ്പുകള്‍ക്കും അറിയാം. പിന്നെ വെന്റിലേറ്റര്‍വാസിയുടെ അടുത്ത ഒരു സഹായി, വിശ്വസ്‌തനായ ദേവദത്തന്‍ കര്‍ത്താവിനും അറിയാം.
'മരിച്ചുപോയ പ്ര?ഫസര്‍ക്ക്‌ മരണാനന്തരം ചിതയില്‍ വച്ച്‌ ദഹിപ്പിക്കണം എന്നതായിരുന്നു ആഗ്രഹം' ഒരിക്കല്‍ അദ്ദേഹം പറഞ്ഞതായി ദേവദത്തന്‍ ഓര്‍ത്തെടുന്നു. 'ദേഹം അഗ്നിയില്‍ ദഹിച്ച്‌ പുകച്ചുരുളുകളായി ആകാശത്ത്‌ അലിഞ്ഞില്ലാതാവണം. ചിതാഭസ്‌മം ഗംഗയില്‍ ഒഴുക്കണം എന്നാണ്‌ പറഞ്ഞത്‌.
അദ്ദേഹത്തിന്‌ ചിതയോട്‌ ഇഷ്‌ടം ഉണ്ടായിരുന്നില്ല. വലിയ ആഗ്രഹമായിരുന്നു പൊതുശ്‌മശാനം വരണമെന്നും അതില്‍തന്നെ തീരണമെന്നും. 'നുണയന്‍ കര്‍ത്താവ്‌ എന്ന്‌ മക്കള്‍ കരുതി.
എന്തായാലും മക്കളുടെ ആഗ്രഹവും കര്‍ത്താവിന്റെ നുണയും ഫലിച്ചില്ല. പൊതുശ്‌മശാനം അടച്ചിട്ടിരിക്കുകയാണ്‌. ആധുനിക ക്രിമറ്റോറിയം ആണ്‌. അത്‌ വല്ലപ്പോഴും ഒന്ന്‌ പ്രവര്‍ത്തിക്കും. പിന്നെ രണ്ടുമാസം കഴിഞ്ഞാണ്‌.
അന്തരിച്ചത്‌ നിസ്സാരക്കാരനല്ലാത്തതിനാല്‍ തീരുമാനങ്ങള്‍ മാറിമാറിവന്നു. മുന്‍സിപ്പല്‍ നേതാക്കള്‍ ഇടപെട്ട്‌ തൃവേണി സംഗമത്തിന്റെ തീരത്ത്‌ ആകാം ദഹനം എന്ന്‌ തീരുമാനിച്ചു. പക്ഷെ ആ തീരുമാനം ഉടനെതന്നെ മാറ്റി. പരിസ്‌ഥിതി സംരക്ഷകര്‍ ഇടപെട്ടു. പ്ര?ഫസറെപോലെ ഒരു നേതാവിന്റെ ശവദാഹം പുഴയുടെ തീരത്ത്‌ നടത്തിയാല്‍ സമൂഹമനസാക്ഷിയെ വേദനിപ്പിക്കുമെന്നും അത്‌ ഒരു വിരുദ്ധസന്ദേശം നാടിനു നല്‍കുമെന്നും- മരിച്ച ആളുടെ വ്യക്‌തിത്വത്തിന്‌ കോട്ടംതട്ടുമെന്നും അഭിപ്രായം വന്നപ്പോള്‍ വെന്യൂ വീണ്ടും വീട്ടുവളപ്പായി.
ഹരിയും കൂടപ്പിറപ്പുകളും വന്നുനിന്നാണ്‌ സ്‌ഥലം തിരഞ്ഞെടുത്തത്‌. രണ്ടു സെന്റ്‌ സ്‌ഥലത്തെ ഇഞ്ചി മുഴുവന്‍ പറിച്ച്‌ ഭൂമി നിരപ്പാക്കണം. വേദിയുടെ പണിക്കായി സാധനങ്ങള്‍ ഇറക്കാന്‍ 12 അടി വീതിയില്‍ വഴിക്കായി കച്ചൂലം പറിക്കാനും പറഞ്ഞതോടെ കുടുംബത്തില്‍ തികഞ്ഞ മൂകതയായി.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സനാണ്‌ വീട്ടുകാരോട്‌ സംസാരിച്ചത്‌.
' ഇഞ്ചിയും കച്ചൂലവും പറിക്കാന്‍ പറ്റില്ല. അത്‌ അടുത്തമാസം കൊടുക്കാന്‍ അച്ചാരം വാങ്ങികഴിഞ്ഞു.'
'ഇതിപ്പം അച്‌ഛന്റെ മരണം ഒരു മാസം നീട്ടാന്‍ പറ്റില്ലല്ലോ. സമ്മതിക്കണം അല്ലെങ്കില്‍ നാണക്കേടാണ്‌. നിങ്ങള്‍ക്കല്ല മരിച്ച ആ വലിയമനുഷ്യന്‌.'
ഹരിയും മറ്റ്‌ മക്കളും മനസില്ലാ മനസ്സോടെ സമ്മതിച്ചു.
വെന്യൂ ഉറപ്പിച്ചെങ്കിലും അതിനായി മാവ്‌ വെട്ടാനും ചിതയൊരുക്കാനും മാവിന്റെ പോള കീറാനും കുറ്റികള്‍ തയ്യാറാക്കാനും വിറക്‌ കീറി എടുക്കാനും ചിരട്ടയും വറളിയും തൊണ്ടും അടുക്കാനും ആളില്ല. ആര്‍ക്കും അറിയില്ല. അതറിയാവുന്നവര്‍ നാട്ടിലാരുമില്ലതാനും. അറിയുന്നവര്‍ നേരത്തെതന്നെ മണ്‍കുടങ്ങളില്‍ ചേലാമറ്റത്ത്‌ പെരിയാറ്റില്‍ നിമജ്‌ജനം ചെയ്യപ്പെട്ടുപോയി. ഇനി എന്ത്‌ എന്ന ദു:ഖത്തില്‍ നിന്ന്‌ എല്ലാവരേയും കരകയറ്റീയത്‌ പ്ര?ഫസറുടെ മകന്‍ ജൂനിയര്‍ പ്ര?ഫസറാണ്‌. വാടകയ്‌ക്ക് ക്രിമറ്റോറിയം എന്ന ആശയം കൊണ്ടുവന്നു. നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും എന്നും പറഞ്ഞു.
നെറ്റില്‍ നിന്ന്‌ അഡ്രസ്‌ കിട്ടി. ശാന്തിയാത്ര ഫ്യൂണറല്‍ ഇവന്റ്‌ മാനേജ്‌മെന്റ്‌ സര്‍വ്വീസ്‌, വൈക്കം, ഫോണ്‍നമ്പര്‍, ഇമെയില്‍ ഐഡി, വെബ്‌സൈറ്റ്‌ എല്ലാം കിട്ടി. ഫോണ്‍ ചെയ്‌തതു ഞാനാണ്‌.
'ഗുഡ്‌മോണിംഗ്‌'
'ഗുഡ്‌മോണിംഗ്‌ സര്‍. വാട്ട്‌ ക്യാന്‍ ഐ ഡു ഫോര്‍ യു സര്‍. ഒരു സെമി ഫീമെയില്‍ വോയിസ്‌. '
ഞാന്‍ വിളിക്കുന്ന സ്‌ഥലം ഇന്നതാണ്‌ എന്ന്‌ പറഞ്ഞു. ഉടനെ മറുതലക്കല്‍.
'പറയൂ സര്‍, എന്താണ്‌ അങ്ങയുടെ ആവശ്യം.'
'ഒരു മരണം. അതുമായി ബന്ധപ്പെട്ടാണ്‌. വി.വി.ഐ.പി.യാണ്‌ മരിച്ചത്‌.'
'ഔവര്‍ ഹാര്‍ട്ടി കണ്‍ഡോളന്‍സ്‌ സര്‍... പ്ലീസ്‌ കണ്‍വേ ശാന്തിയാത്ര ഫ്യൂണറല്‍ ഇവന്റ്‌ മാനേജ്‌മെന്റ്‌സ് കണ്‍ഡോളന്‍സ്‌ ടു ദി ഫാമിലി...പറയൂ സര്‍...'
'ശവസംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ - ഇന്ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ വീട്ടുവളപ്പില്‍ വച്ചാണ്‌.'
'സര്‍ പ്ലീസ്‌ ലിസണ്‍ - ഞങ്ങളുടെ സര്‍വ്വീസുകള്‍ സാര്‍ ആദ്യം കേള്‍ക്കണം. ദെന്‍ യു ക്യാന്‍ സെലക്‌ട് ഫ്രം ഇറ്റ്‌.' പെട്ടെന്ന്‌ സംഭാഷണം ഒരു റെക്കോര്‍ഡഡ്‌ വോയിസ്‌ ആയി മാറി...
'സര്‍ വി ഹാവ്‌ ആള്‍ ഫ്യൂണറല്‍ സര്‍വ്വീസസ്‌-ആംബുലന്‍സ്‌-എ.സി., നോണ്‍ എ.സി., മൊബൈല്‍ മോര്‍ച്ചറി, ജനറേറ്റര്‍, അനുശോചന ഗ്രൂപ്പ്‌ മെസേജ്‌, ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌, ബാനര്‍, പോസ്‌റ്റര്‍, അനൗണ്‍സ്‌മെന്റ്‌, പേപ്പര്‍ അഡ്വര്‍ടൈസ്‌മെന്റ്‌, പേപ്പര്‍ ന്യൂസ്‌, റിച്വല്‍ ഡ്രസസ്‌, പൂക്കള്‍, താമര, റോസ്‌, മുല്ലപ്പൂ, ഓര്‍ഡിനറി ഫ്‌ളവേഴ്‌സ്, ഗാനമേള, റിലേറ്റീവ്‌ അസിസ്‌റ്റന്‍സ്‌, ക്രിമറ്റോറിയം, ട്രാന്‍സ്‌പോര്‍ട്ട്‌, ലേബര്‍. ഇനി പറയൂ സര്‍...'
അത്‌ ക്ലോസായി. വീണ്ടും സെമിഫീമെയില്‍.
'റിലേറ്റീവ്‌സ് അസിസ്‌റ്റന്‍സ്‌ മനസിലായില്ല.'
'അത്‌ ഞങ്ങള്‍ക്ക്‌ മാത്രം ഉള്ള ഒരു സ്‌പെഷ്യല്‍ ട്രീറ്റാണ്‌...മരിച്ചയാളുടെ ചുറ്റും നിന്നോ ഇരുന്നോ, സ്വന്തക്കാരെപ്പോലെ കരയാനും, പ്രാര്‍ത്ഥിക്കാനും ഉള്ള ടീമംഗങ്ങള്‍. ബോയ്‌സ്, ഗേള്‍സ്‌, സ്‌ത്രീകള്‍, പുരുഷന്മാര്‍- ബോത്ത്‌ എയ്‌ജ്ഡ്‌ ആന്റ്‌ യംഗ്‌, കോളജ്‌ സ്‌റ്റുഡന്റ്‌സ്, ചില്‍ഡ്രന്‍ വേണമെങ്കില്‍ അങ്ങനെ - എനി ടൈപ്പ്‌ ഈസ്‌ അവൈലബിള്‍ സര്‍.
പിന്നെ സര്‍ വേറൊന്നു ചോദിക്കട്ടെ മറ്റൊന്നും വിചാരിക്കരുത്‌.'
'ചോദിക്കൂ...'
'വി ഹാവ്‌ സീരിയല്‍ ആന്റ്‌ ഫിലിം ആക്‌ടേഴ്‌സ്...'
'അവര്‍ എന്തു ചെയ്യും?'
'അവര്‍ വന്ന്‌ റീത്ത്‌ വയ്‌ക്കും. ബന്ധുവിനെപ്പോലെ ഒരു ഒന്നരമണിക്കൂര്‍ ചെലവഴിക്കും. അല്ലെങ്കില്‍ മദാമ്മമാര്‍, സായിപ്പന്മാര്‍, അറബികള്‍...'
'അതൊന്നും വേണ്ട മാഡം...ടി.വി.യില്‍ വാര്‍ത്ത വന്നു കഴിഞ്ഞു. ബോഡി ദഹിപ്പിക്കാനുള്ള ഗ്യാസ്‌ ക്രിമറ്റോറിയത്തിന്റെ സൗകര്യം. അതാണ്‌ വേണ്ടത്‌.'
'എത്ര ബര്‍ണര്‍ സര്‍?'
'അതൊന്നും എനിക്കറിയില്ല.'
'വേണ്ട സര്‍ ഞങ്ങള്‍ പറയാം. ആളുടെ പൊക്കം, തൂക്കം, നെഞ്ചളവ്‌ മതി. പിന്നെ എത്രനാള്‍ കിടന്നു. ഫ്രഷാണോ- ലിവര്‍സിറോസിസ്‌ തുടങ്ങിയ രോഗം വന്ന്‌ മരിച്ചതാണോ എന്നെല്ലാം പറഞ്ഞാല്‍ ഞങ്ങള്‍ തന്നെ തീരുമാനിക്കും ബര്‍ണറിന്റെ എണ്ണം.'
ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ അളവും തൂക്കവും നല്‍കി. അവള്‍ എന്തെല്ലാമോ കണക്കുകള്‍ കൂട്ടി. ഒരു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ' രണ്ടുസൈഡിലും ആറുവീതം ബര്‍ണര്‍ ഉള്ളതാണ്‌ നല്ലത്‌'.
'എത്ര ചാര്‍ജ്‌ജാകും?'
'നാലുകുറ്റി ഗ്യാസ്‌, ക്രിമറ്റോറിയം വാടക, സ്‌റ്റാഫ്‌ നാലെണ്ണം, ട്രാന്‍സ്‌പോര്‍ട്ട്‌, ഫുഡ്‌, മൊത്തം 35500 രൂപ. റൗണ്ട്‌ ചെയ്‌ത് 35000 രൂപ. പിന്നെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കര്‍മ്മിയെ വേണമെങ്കില്‍ രണ്ടായിരം എക്‌സ്ട്രാ.'
ഞാന്‍ സ്‌തംഭിച്ചു നിന്നുപോയി. എനിക്ക്‌ പണമൊന്നും നഷ്‌ടപ്പെടില്ല. പക്ഷെ ഈ വ്യാപാരത്തിന്റെ മൃഗീയത എന്നെ അത്ഭുതപ്പെടുത്തി.
'എന്താണ്‌ സര്‍ സൈലന്റായത്‌? സര്‍. തുക കുറക്കാം. ബര്‍ണര്‍ കുറച്ചാല്‍ മതി. കുറച്ചു താമസിക്കും. സാരമില്ല സാറിന്റെ സമാധാനവും സന്തോഷവും, അതാണല്ലോ വേണ്ടത്‌ സര്‍. നാളെയാണെങ്കിലും സാറിന്റെ റെഫറന്‍സ്‌ ഞങ്ങള്‍ക്ക്‌ വരണമല്ലോ.'
'അതിനെത്രയാകും?'
'ഇരുപതിനായിരം രൂപ. '
ഞാന്‍ പിന്നെയും സൈലന്റായി.
ഹരി എന്നെ നുള്ളി. ഞാന്‍ തുക എഴുതി കാണിക്കുമ്പോള്‍ എന്റെ ചുറ്റും കുടുംബാംഗങ്ങള്‍ മുഴുവനും ഉണ്ട്‌. ഹരി എന്നെ രണ്ടുകൈയുംപൊക്കി പത്ത്‌ എന്ന്‌ കാണിച്ചു. പിന്നെ മൂന്നുവിരല്‍ മടക്കി കാണിച്ചു. എനിക്ക്‌ മനസിലായില്ല. വി.വി.ഐ.പി. അച്‌ഛന്റെ ബോഡിക്ക്‌ വില പത്തുവിരല്‍ മൈനസ്‌ മൂന്നുവിരല്‍. പിന്നെ സംസ്‌ഥാന ബഹുമതി വേണം, പോലീസ്‌ വെടി വേണം, ഗണ്‍ സല്യൂട്ട്‌ വേണം.പക്ഷെ പത്തിനുതാഴെയേ പറ്റൂ.
'കുറയണം, കുറച്ചേ പറ്റൂ.' ഞാന്‍ തുക എന്നു പറഞ്ഞില്ല.
'ഓക്കെ സര്‍. ഐ അണ്ടര്‍സ്‌റ്റാന്‍ഡ്‌ യുവര്‍ ഡിഫിക്കല്‍റ്റി. മക്കള്‍ സമ്മതിക്കുന്നില്ല അല്ലേ. ഓകെ. ഓകെ. എന്നാല്‍ അനദര്‍ ഓപ്‌ഷന്‍ - ഇരുമ്പ്‌ പെട്ടിചിത.'
ഞാന്‍ കുടുംബവുമായി ആലോചിച്ചു.
'ഏഴുതന്നെ കൂടുതലാണ്‌. അച്‌ഛന്‍ ഒന്നും ഉണ്ടാക്കിവച്ചിട്ടല്ലാ പോയത്‌. പിന്നെ കടം ഒന്നും വച്ചിട്ടില്ല.'
ഏഴുതന്നെ കൂടിപ്പോയി എന്നാണ്‌ ഹരിയുടെ അഭിപ്രായം.
'അതിനെത്രയാണ്‌ മാഡം? ചാര്‍ജ്‌ജ് കുറച്ചു പറയണം.'
'പതിനഞ്ചുരൂപ ഒന്നുമറിയണ്ട വന്ന്‌ രണ്ടുമണിക്കൂറിനകം പണി തീര്‍ത്ത്‌ ഒരു പിടി ചാരം കലത്തിലാക്കി തരും.'
ഞാന്‍ തിരികെ വിളിക്കാം എന്ന്‌ പറഞ്ഞ്‌ ഫോണ്‍ താഴെവച്ചു. അതില്‍ കുറച്ച്‌ പറയാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല.
ഹരിയും കൂടപ്പിറപ്പുകളും പരസ്‌പരം ആലോചിച്ചു, തുക കൂടുതലാണ്‌. ഏഴരരൂപയില്‍ താഴെ നില്‍ക്കണം എന്നാണ്‌ പ്ര?ഫസര്‍ ജൂനിയര്‍ ആഗ്രഹിക്കുന്നത്‌. മക്കള്‍ അഞ്ച്‌. ആയിരത്തിഅഞ്ഞൂറ്‌ വച്ച്‌ ഏഴായിരത്തി അഞ്ഞൂറ്‌.
'അച്‌ഛന്റെ ആഗ്രഹം മാവിന്റെ ചിതയില്‍ ദഹിപ്പിക്കണം എന്നായിരുന്നു. 'ഇളയമകള്‍ പറഞ്ഞു.
എന്റെ നോട്ടത്തില്‍ മകള്‍ മുഖം കുനിച്ചു.
നാട്ടില്‍ പണിക്കാരാരും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഹരി വിളിച്ചാല്‍ വരില്ലാതാനും. അറത്ത കൈക്ക്‌ ഉപ്പുതേക്കാത്തവനാണ്‌. അവസാനം ബംഗാളികളെ വിളിക്കാന്‍ നറുക്ക്‌ എനിക്ക്‌ വീണു.
എന്റെ മൊബൈല്‍ ശബ്‌ദിച്ചുകൊണ്ടേയിരുന്നു. അതവരാണ്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌. ബംഗാളികളെ അന്വേഷിച്ചു പോകുന്നതിന്‌ മുമ്പ്‌ ശവദാഹം, ചിത ഇവയ്‌ക്കെല്ലാം ബംഗാളിയില്‍ എന്താണ്‌ പറയുന്നത്‌ എന്ന്‌ നെറ്റില്‍ കയറി നോക്കി. ചിത എന്ന്‌ പറഞ്ഞാല്‍ മതി. ബംഗാളിയിലും അതുതന്നെ. പിന്നെ ഹിന്ദിയില്‍ അന്ത്യം 'സംസ്‌കാര്‍' എന്നും പറയും. ഹിന്ദി അറിയാത്ത ബംഗാളികള്‍ കുറവാണ്‌. ചിതയൊരുക്കാന്‍ ആളില്ലാത്ത ഒരു നാട്ടില്‍ അവരെങ്കിലും ഉണ്ടല്ലോ? ഞാനെന്റെ നാടിനെ ഓര്‍ത്തുപോയി.
സംസ്‌കാര്‍ എന്ന്‌ മനസില്‍ എഴുതി ഞാന്‍ ബംഗാളികളെ വിളിക്കാനായി ടൗണിലേക്ക്‌ പുറപ്പെട്ടു.

അഡ്വ. ഡോ. കെ.സി. സുരേഷ്‌

Ads by Google
Sunday 14 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW