Friday, April 19, 2019 Last Updated 26 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 02.45 PM

വൈകിയുള്ള ഗര്‍ഭധാരണം കരുതലോടെ മാത്രം

''ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ പ്രസവം നടക്കുന്നതാണ് ഉചിതം ''
uploads/news/2019/04/301490/pregencylat130419a.jpg

ഗര്‍ഭധാരണത്തിനു ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 35 വയസ് വരെയാണ്. ഇരുപത് വയസിനു മുന്‍പുള്ള ഗര്‍ഭധാരണം പ്രായക്കുറവ് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും, മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗര്‍ഭധാരണം പ്രായക്കൂടുതല്‍ കൊണ്ടുള്ള ശാരീരീക മാനസിക പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകാം.

ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. അതുകൊണ്ട് ആരോഗ്യപൂര്‍ണമായ കുഞ്ഞുങ്ങളുടെ ജനനത്തിനും അമ്മയുടെ സുരക്ഷയ്ക്കും മുപ്പത്തിയഞ്ച് വയസിനുള്ളില്‍ രണ്ടു കുട്ടികള്‍ക്കും ജന്മം നല്‍കുന്നതാണ് ഉചിതം. വിവിധ ജീവിത സാഹചര്യങ്ങള്‍കൊണ്ട് രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പ്രായക്കുറവുള്ള സ്ത്രീകളെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് വയസുള്ള സ്ത്രീകളില്‍ കൂടുതലായിരിക്കും.

ഇത്തരത്തിലുള്ള ഒന്നിലധികം പ്രശ്‌നങ്ങള്‍ താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഉദ്യോഗസ്ഥിരത കൈവരിക്കുന്നതു വരെ ഗര്‍ഭധാരണത്തിനു തയ്യാറാകില്ലെന്ന നിലപാടുകളും ഏറെക്കുറെ താമസിച്ചുള്ള ഗര്‍ഭധാരണത്തിനു കാരണമാകുന്നുണ്ട്. അനുയോജ്യമായ സമയത്തെ ഗര്‍ഭധാരണത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനാകും.

വൈകിയുള്ള ഗര്‍ഭധാരണം


പ്രായം കടന്നുള്ള ഗര്‍ഭധാരണം കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷമായി ബാധിക്കാം. അതായത് കുഞ്ഞിനു ജനിതകപരമായ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത താമസിച്ചുള്ള ഗര്‍ഭധാരണത്തിലുണ്ട്. വളരെ സൂക്ഷ്മമായി സൃഷ്ടിച്ചിരിക്കുന്ന ഒരു ജനിതകഘടനയാണ് ഗര്‍ഭസ്ഥശിശുവിന്റേത്. അതായത് ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അമ്മയില്‍ നിന്നും ഇരുപത്തിമൂന്ന് ജോഡി ക്രോമസോം അച്ഛനില്‍ നിന്നും സംയോജിച്ചാണ് നാല്‍പ്പത്തിയാറ് ജോഡി ക്രോമസോം രൂപപ്പെടുന്നത്.

ഈ ജനിതകഘടനയില്‍ പാകപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ക്രോമസോം നമ്പറുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ കുറവുകള്‍ സംഭവിച്ചാലും അത് കുഞ്ഞിന്റെ ജനിതകപരമായ വൈകല്യങ്ങളിലേക്കായിരിക്കും എത്തിച്ചേരുക. ക്രോമസോം നമ്പറുകള്‍ കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ട് കുഞ്ഞിനുണ്ടാകുന്ന വൈകല്യമാണ് ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റി. ഡൗണ്‍സിന്‍ഡ്രം ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റിക്ക് ഉദാഹരണമാണ്.

ഘടനാപരമായി ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. ക്രോമസോമിനു ഒരു ഘടനയുണ്ട്, അതിനു വ്യത്യാസമുണ്ടായാല്‍ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ ദോഷമായി ബാധിക്കും. താമസിച്ചുള്ള ഗര്‍ധാരണം കൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണെങ്കിലും മുപ്പത്തിയഞ്ച് വയസിനു ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ വൈദ്യശാസ്ത്രം നല്‍കുന്നുണ്ട്.

uploads/news/2019/04/301490/pregencylat130419b.jpg

എന്നാല്‍ അതോടൊപ്പം ചില പ്രത്യേക പരിശോധനകള്‍ക്ക് കൂടി ഇവര്‍ വിധേയരാകേണ്ടതുണ്ട്. കാരണം ഇരുപത്തഞ്ച് വയസ് പ്രായമുള്ള സ്ത്രീയുടെ ആരോഗ്യസ്ഥിതിയായിരിക്കില്ല മുപ്പത്തിയഞ്ച് വയസുള്ള സ്ത്രീയ്ക്കുള്ളത്. അതുകൊണ്ട് വൈകി ഗര്‍ഭം ധരിക്കുന്നവര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

അണുബാധയ്ക്കും സാധ്യത


അമ്മയുടെ ആരോഗ്യം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള ചില മാറ്റങ്ങള്‍ കുഞ്ഞിലും പ്രകടമാകാം. ജനിതക വൈകല്യങ്ങള്‍ കൊണ്ടു മാത്രമല്ല, ശരിയായ പ്രായത്തിലുള്ള ഗര്‍ഭധാരണത്തില്‍ അമ്മയില്‍ നിന്നുമുണ്ടാകുന്ന അണുബാധകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാനിടയുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന അണുബാധകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുക.

റൂബെല്ല പോലുള്ള വൈറല്‍ പനി അമ്മയ്ക്ക് ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊരിക്കലും ജനിതകപരമായ വൈകല്യങ്ങളായിരിക്കില്ല.

മരുന്നുകളുടെ ഉപയോഗം


ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളുടെയും സംശയമാണ് അമ്മ കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തില്‍ ദോഷമാകുമോയെന്നത്. ഗര്‍ഭാവസ്ഥയിലുള്ള മരുന്നുകളുടെ ഉപയോഗത്തില്‍ ഇപ്പോഴും പല സ്ത്രീകളിലും ആശങ്കകളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ കുഞ്ഞിനെ ബാധിച്ചേക്കാം. എന്നാല്‍ എല്ലാ മരുന്നുകളും ഈ ഗണത്തില്‍പ്പെടുന്നില്ല. മരുന്നുകളെ പ്രധാനമായും എ,ബി,സി,ഡി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്്.

എ,ബി എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്്ക്ക് ദോഷമാകുന്നില്ല. എന്നാല്‍ 'സി' മുതലുള്ള മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആന്റിബയോട്ടികുകളുടെ ഉപയോഗം പോലും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ചില ആന്റിബയോട്ടികുകളുടെ ഉപയോഗം ഗര്‍ഭസ്ഥശിശുവിനു ദോഷമാകുന്നില്ല. ഗര്‍ഭാവസ്ഥയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

കാന്‍സര്‍ രോഗങ്ങള്‍ക്കു നല്‍കുന്ന മരുന്നുകള്‍, അപസ്്മാരം, സൈക്യാട്രിക് മരുന്നുകള്‍ തുടങ്ങിയ ചുരുക്കം ചില മരുന്നുകള്‍ ഗര്‍ഭാവസ്ഥയില്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

uploads/news/2019/04/301490/pregencylat130419c.jpg

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം തിരിച്ചറിയാം


ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസം വളരെ പ്രധാനപ്പെട്ടതായതിനാല്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ സമയം ആദ്യമൂന്നു മാസമാണ്്. അതായത് ഒന്നാം ട്രൈമസ്റ്റര്‍. ജനിതകപരമായ വൈകല്യങ്ങള്‍ ആദ്യ ട്രെമസ്റ്ററില്‍ (11- 12 ആഴ്ച) കണ്ടെത്തുന്നതാണ് ഉചിതം. മൂന്നു മാസത്തിനുശേഷം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ആദ്യമൂന്നു മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ആദ്യമൂന്നുമാസങ്ങളില്‍ നടത്തുന്ന പരിശോധനകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാത്ത രീതിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയണം. ആദ്യ ട്രൈമസ്റ്റര്‍ സ്‌ക്രീനിങില്‍ 11 - 12 ആഴ്ചയില്‍ നടത്തുന്ന സ്‌കാനിങ് വളരെ പ്രധാനപ്പെട്ടതാണ്.

ഗര്‍ഭസ്ഥശിശുവിന്റെ കഴുത്തിന്റെ എല്ല് മുതല്‍ ത്വക്ക് വരെയുള്ള ഭാഗം നൂക്കല്‍ ടാന്‍സ്ലുസെന്‍സി(എന്റ്റി സ്‌കാന്‍) സ്‌കാനിങിലൂടെ കുഞ്ഞിനു ജനിതകപരമായ വൈകല്യമുണ്ടോയെന്നു കണ്ടെത്തുന്നതിനു സഹായിക്കുന്നു.

ഡൗണ്‍സിന്‍ഡ്രം ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനു 11 - 12 ആഴ്ചയില്‍ സ്‌കാനിങ് നടത്തുന്നതാണ് ഏറ്റവും നല്ലത്. ഇതിനു ചില മാനദണ്ഡങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നത്. വളരെ വൈകി ഗര്‍ഭംധരിക്കുന്ന സ്ത്രീകളില്‍ സ്‌കാനിങ്ങിനൊപ്പം ഡബിള്‍ മാര്‍ക്കര്‍ എന്ന രക്ത പരിശോധന കൂടി നിര്‍ദേശിക്കാറുണ്ട്.

അമ്മയുടെ ശരീരത്തില്‍നിന്നുള്ള് രണ്ടുഘടകങ്ങളാണ് ഡബിള്‍ മാര്‍ക്കര്‍ രക്ത പരിശോധനയിലൂടെ നിര്‍ണയിക്കുക. ഡബിള്‍ മാര്‍ക്കറിന്റെ അളവ് കൂടുതലാണോ കുറവാണോ എന്നതിനൊപ്പം എന്‍ റ്റി സ്‌കാനിന്റെ അളവ് കൂടി കണക്കാക്കിയാണ് ഗര്‍ഭസ്ഥശിശുവിനു ജനിതക വൈകല്യങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്തുക. ഈ രണ്ടു ടെസ്റ്റുകളുടെ പിന്‍ബലത്തില്‍ എണ്‍പത്തിയഞ്ചു ശതമാനവും കുഞ്ഞിനു വൈകല്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

തുടര്‍ പരിശോധനകള്‍ ആവശ്യം


ആദ്യ മൂന്നു മാസത്തെ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത ജനിതക പ്രശ്‌നങ്ങള്‍ രണ്ടാം ട്രെമസ്റ്ററില്‍ കണ്ടെത്താനാകും. അതായത് അമ്മയുടെ ശരീരത്തിലെ രക്തത്തില്‍ നിന്ന് മൂന്നു ഘടകങ്ങള്‍ പരിശോധിക്കും. ട്രിപ്പിള്‍ മാര്‍ക്കര്‍ എന്നറിയപ്പെടുന്ന ഈ പരിശോധനയില്‍ പ്രധാനമായും ജനിതകപരമായ ഘടകങ്ങളായിരിക്കും പരിശോധിക്കുക.

ഗര്‍ഭസ്ഥശിശുവിന്റെ കൈകളുടെയും കാലുകളുടെയും നീളം, മൂക്കിന്റെ പാലം, നെറ്റിത്തടത്തിന്റെ ആകൃതി, വൃക്കയുടെ വലിപ്പം തുടങ്ങി പത്തോളം ജനിതക ഘടകങ്ങള്‍ അമ്‌നിയോസിന്തസിസ് പരിശോധനയിലൂടെ കണ്ടെത്തുന്നു. ട്രിപ്പിള്‍ മാര്‍ക്കറിനു പകരമായി നാലു ഘടകങ്ങളിലൂടെ ജനിതകവൈകല്യം കണ്ടെത്താവുന്ന കോണ്‍ട്രിപ്പിള്‍ മാര്‍ക്കര്‍ പരിശോധനയുമുണ്ട്.

uploads/news/2019/04/301490/pregencylat130419e.jpg

ഈ ടെസ്റ്റുകളിലൂടെയാണ് മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള സങ്കീര്‍ണത തോന്നുന്ന ഗര്‍ഭാവസ്ഥയിലുള്ള ഒരു സ്ത്രീ കടന്നു പോകുക. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ എപ്പോഴെങ്കിലും അമ്മയ്‌ക്കോ ഗര്‍ഭസ്ഥശിശുവിനോ അപകടകരമായ സാഹചര്യമുണ്ടായാല്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരേണ്ടത് ഭാര്യയും ഭര്‍ത്താവും തന്നെയായിരിക്കണം.

മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കോ ഒരാളുടെ മാത്രം നിര്‍ബന്ധത്തിനോ വഴങ്ങി തീരുമാനത്തിലെത്തുന്നതുമാകരുത്. പരിശോധനകളുടെ ആധിക്യത്തില്‍ ഒരു ജീവന്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജനിതക വൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികള്‍ക്കും ജീവിക്കാന്‍ പൂര്‍ണ അവകാശമുണ്ട്.

സാഹചര്യങ്ങളെ പൂര്‍ണമനസ്സോടെ അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യമുണ്ടായാല്‍ ഏതൊരവസ്ഥയിലുള്ള കുഞ്ഞിനും ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കാലതാമസമില്ലാതെ അനുയോജ്യമായ സമയത്തുള്ള ഗര്‍ഭധാരണത്തിനു തയ്യാറാകുകയെന്നതാണ് പ്രധാനം.

കടപ്പാട്:
ഡോ. ഷെറിന്‍ വര്‍ഗീസ്
ഗൈനക്കോളജിസ്റ്റ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW