Monday, June 17, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
ജി. ഹരികൃഷ്‌ണന്‍
Saturday 13 Apr 2019 12.28 AM

ആലപ്പുഴയിലെ വിജയതോണി ആര്‍ക്ക്‌ സ്വന്തം ?

uploads/news/2019/04/301344/Alpmandalam130419a.jpg

ചുവപ്പുരാശി നിറഞ്ഞതാണ്‌ ആലപ്പുഴയുടെ രാഷ്‌ട്രീയ ചരിത്രം. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ അടിയൊഴുക്കുകള്‍ ഇടതിനേയും വലതിനേയും മാറിമാറി തുണച്ചിട്ടുണ്ട്‌. അരൂര്‍ മുതല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിവരെ അറബിക്കടലിന്‌ സമാന്തരമായി നീണ്ടു നിവര്‍ന്നുകിടക്കുന്ന മണ്ഡലം ചിലപ്പോഴൊക്കെ പ്രതീക്ഷിക്കാതെ സ്‌ഥാനാര്‍ഥി കുപ്പായമിട്ടുവന്നവര്‍ക്ക്‌ ചാകരക്കോള്‌ തന്നെ നല്‍കി.

വമ്പന്മാര്‍ സുനാമിയിലെന്നപോലെ നിലം പതിക്കുകയും ചെയ്‌തിട്ടുണ്ട്‌. പുന്നപ്രയും വയലാറും മേനാശേരിയും മാരാരിക്കുളവുമൊക്കെയുള്ള ആലപ്പുഴ 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടിലും ഐക്യജനാധിപത്യ മുന്നണിയെയാണ്‌ വരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയം.

കഴിഞ്ഞ രണ്ട്‌ വട്ടം ആലപ്പുഴയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്‌ യു.ഡി.എഫിന്റെ കെ.സി വേണുഗോപാലായിരുന്നു. ആലപ്പുഴ ആര്‍ക്കും നല്‍കിയിട്ടില്ലാത്ത ഹാട്രിക്‌ വിജയത്തിനായി പോരാടാനാകാതെയാണ്‌ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട വേണുഗോപാലിന്‌ കളംവിടേണ്ടിവന്നത്‌.

ഇതോടെ ലോക്‌സഭയിലേക്കുളള കന്നിക്കാരുടെ പോരാട്ട വേദിയായിരിക്കുകയാണ്‌ ആലപ്പുഴ. അരൂരില്‍ നിന്ന്‌ മൂന്നുവട്ടം എം.എല്‍.എയായ എല്‍.ഡി.എഫിന്റെ എ.എ ആരീഫും രണ്ടുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുളള യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്‌മാനും മുന്‍ പി.എസ്‌.സി ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായ എന്‍.ഡി.എയുടെ ഡോ. കെ.എസ്‌ രാധാകൃഷ്‌ണനും ഇത്‌ ലോക്‌സഭയിലേക്കുള്ള കന്നിയങ്കം.

സിറ്റിങ്‌ എം.എല്‍.എയായ എ.എം ആരീഫിനെ ഒരു കാതം മുന്നേ രംഗത്തിറക്കിയ എല്‍.ഡി.എഫ്‌ പ്രതിയോഗി ആരായാലും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ്‌ ഏല്‍പ്പിച്ചത്‌. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന വലിയൊരു പങ്ക്‌ ന്യൂനപക്ഷ വോട്ടുകള്‍കൂടി ഉന്നമിട്ടുളള ഈ നീക്കത്തിന്‌ ആലപ്പുഴക്കാരിയായ മഹിളാ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷ ഷാനിമോള്‍ ഉസ്‌മാനെ ഗോദയിലിറക്കിയാണ്‌ കോണ്‍ഗ്രസ്‌ തടയിടാന്‍ ശ്രമിക്കുന്നത്‌.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ്‌ ഡോ. കെ.എസ്‌ രാധാകൃഷണന്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായി എത്തിയത്‌. ശബരിമല പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തില്‍ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മത്സ്യത്തൊഴിലാളി മേഖലയുടെ പിന്തുണകൂടിയാണ്‌ അദ്ദേഹത്തിലൂടെ എന്‍.ഡി.എയുടെ ഉന്നം.

എസ്‌.യു.സി.ഐ (സി)യുടെ പാര്‍ഥസാരഥി വര്‍മ, എസ്‌.ഡി.പി.യുടെ കെ.എസ്‌ ഷാന്‍, പി.ഡി.പിയുടെ വര്‍ക്കല രാജ്‌, ബി.എസ്‌.പിയുടെ പ്രശാന്ത്‌, ഡി.എച്ച്‌.ആര്‍.എമ്മിന്റെ തുറവൂര്‍ സുരേഷ്‌, ബി.ഡി.പിയുടെ രാജീവന്‍ എന്നിവരും കരുത്തുകാട്ടാന്‍ രംഗത്തുണ്ട്‌.

മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, എ.കെ ആന്റണി, മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്‌, ജി. സുധാകരന്‍, പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവരുടെ തട്ടകമായ ആലപ്പുഴയിലെ വിജയം എല്‍.ഡി.എഫിനും യു.ഡി.എഫിനും അഭിമാന പ്രശ്‌നം തന്നെ.

എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ തുടങ്ങി പ്രദേശവാസികളായ സാമുദായിക നേതാക്കളുടെ സ്വാധീനവും ഇവിടെ പ്രകടം. 13.56 ലക്ഷം വോട്ടര്‍മാരുളള ആലപ്പുഴയില്‍ 70.22 ശതമാനവും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്‌.

ഈഴവര്‍ - 29.29, നായര്‍ -20.85, പട്ടികജാതി -പട്ടിക വര്‍ഗം -10.09, മറ്റുളളവര്‍ -8.99 എന്നിങ്ങനെയാണ്‌ കണക്ക്‌. മുസ്ലീം വോട്ടര്‍മാര്‍ 15.19 ശതമാനവും ക്രിസ്‌ത്യന്‍ വോട്ടര്‍മാര്‍ 14.63 ശതമാനവുമുണ്ട്‌. ഇതുവരെ നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എട്ട്‌ തവണ കോണ്‍ഗ്രസാണ്‌ ജയിച്ചത്‌. രണ്ട്‌ വരവിലായി നാലുതവണ എം.പിയായ വി.എം സുധീരന്റെ റെക്കോഡ്‌ തകര്‍ക്കാന്‍ ആര്‍ക്കും ആയിട്ടില്ല. അഞ്ചുതവണ സി.പി.എമ്മും രണ്ടുവട്ടം അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയും ഒരു തവണ സി.പി.എമ്മിനെതിരെ ആര്‍.എസ്‌്.പിയും ഇവിടെ ജയിച്ചുകയറി.

രണ്ടാം അങ്കം കുറിച്ച കെ.സി വേണുഗോപാല്‍ 2014ല്‍ 19407 വോട്ടിനാണ്‌ സി.പി.എമ്മിന്റെ സി.ബി ചന്ദ്രബാബുവിനെ കീഴടക്കിയത്‌. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കരുനാഗപ്പളളി എന്നിവിടങ്ങളിലായി ഇടതിന്റെ ആകെ ഭൂരിപക്ഷം 94,363 ആയി. രമേശ്‌ ചെന്നിത്തലയുടെ ഹരിപ്പാട്‌ മാത്രമാണ്‌ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചത്‌.

പ്രളയവും ശബരിമലയും സാമ്പത്തിക സംവരണവും മത്സ്യത്തൊഴിലാളി, കയര്‍, കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങളുമെല്ലാം പ്രചരണ വേദികളില്‍ സജീവ ചര്‍ച്ചാവിഷയം. വിജയം നേരത്തെ ഉറപ്പിച്ചെന്നാണ്‌ എല്‍.ഡി.എഫ്‌ ക്യാമ്പിന്റെ വാദം.

എന്നാല്‍ ഇടതു കണക്കുകൂട്ടലുകള്‍ തകര്‍ക്കുന്ന അടിയൊഴുക്കുകളിലൂടെ സീറ്റ്‌ നിലനിര്‍ത്തുമെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ പറയുന്നു. അത്ഭുത കുതിപ്പിലൂടെ അട്ടിമറി ജയവുമാകും നേടുകയെന്ന്‌ എന്‍.ഡി.എ നേതാക്കളും അവകാശപ്പെടുമ്പോള്‍ പോരാട്ട ചൂട്‌ ഏറുകയാണ്‌.

Ads by Google
ജി. ഹരികൃഷ്‌ണന്‍
Saturday 13 Apr 2019 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW