Thursday, June 20, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
അശ്വതി അശോക്
Thursday 11 Apr 2019 10.09 AM

രാത്രിയിലെ പെണ്ണുകാണല്‍, ഹണിമൂണിനിടയില്‍ മന്ത്രി പദവി; ചെന്നിത്തലയെപ്പറ്റി പത്നി അനിത

''രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിത പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹത്തിന് കരുത്ത് പകരുന്ന കുടുംബത്തോടൊപ്പം.''
Ramesh Chennithala
* രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം

തിരക്കുകളൊഴിഞ്ഞൊരു സമയമുണ്ടാവില്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. രാഷ്ട്രീയത്തിലേക്കില്ലെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് സാധാരണക്കാരനായ ജനങ്ങളെ സേവിക്കാനാണ് അദ്ദേഹത്തിന്റെ മക്കളും ആഗ്രഹിക്കുന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ആര്‍ഭാടവും ഒഴിവാക്കി ഒരു പെണ്‍കുട്ടിയുടെ വിവാഹ സ്വപനങ്ങള്‍ക്ക് തണലേകാനുള്ള മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെ തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കും അഭിനമാനമേയുള്ളൂ.

കേരളത്തിലെ യുവജനതയ്ക്ക് മാതൃകയായി മാറിക്കഴിഞ്ഞ രോഹിതും ശ്രീജയും അമ്മ അനിതയ്ക്കൊപ്പം കുടുംബ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

30 വര്‍ഷം പിന്നിടുന്ന ദാമ്പത്യത്തെക്കുറിച്ച്?


അനിത : അദ്ദേഹത്തിനെന്നും തിരക്കുകളേയുള്ളൂ. ഞാന്‍ കണ്ടുതുടങ്ങുന്ന സമയത്തും ഇപ്പോഴും ആ തിരക്കിന് മാറ്റമൊന്നുമില്ല. പക്ഷേ അതൊരിക്കലും ഞങ്ങളുടെ ദാമ്പത്യത്തെ ബാധിച്ചിട്ടില്ല.

പരസ്പരം അഡ്ജസ്റ്റ് ചെയ്ത്, അദ്ദേഹത്തിന്റെ തിരക്കു മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമായിരുന്നു.

രാഷ്ട്രീയക്കാരന്റെ ജീവിത സഖിയാകാനുള്ള തീരുമാനം?


അനിത: എന്റെ ഒരു ബന്ധു മുഖേനെയാണ് ആലോചന വരുന്നത്. ആ സമയത്ത് രമേശേട്ടന്‍ ഹരിപ്പാട് എം.എല്‍.എ ആയിരുന്നു. ഒരു ദിവസം രാത്രിയാണ് പെണ്ണുകാണാന്‍ വന്നത്.

അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഒരു റിസപ്ഷന്‍ ഒരുക്കി. ഹണിമൂണിനായി സിംലയില്‍ പോയപ്പോഴാണ് അത്യാവശ്യമായി തിരിച്ചെത്തണമെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ഫോണ്‍ വരുന്നത്.

നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാത്തിരുന്നത് മന്ത്രി പദവിയായിരുന്നു. പിന്നീട് തിരക്കുകള്‍ കൂടി. അത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

Ramesh Chennithala
* ഡോ. രോഹിത്, അനിത രമേശ്, ഡോ. ശ്രീജ

കുടുംബത്തിലേക്ക് മരുമകളായി പുതിയൊരംഗം കൂടിയെത്തിയപ്പോള്‍?


അനിത : ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. ഒരു മകളില്ലാത്തതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സങ്കടമുണ്ടായിരുന്നു.

രോഹിത്: ശ്രീജ വന്നപ്പോള്‍ വീട്ടിലൊരു പെണ്‍കുട്ടിയില്ലാത്ത വിഷമം മാറിയെന്ന് അമ്മയിപ്പോള്‍ പറയാറുണ്ട്.

വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതിന് പിന്നില്‍ ?


രോഹിത്: ഫെബ്രുവരി 17നായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിവരമറിയുന്നത്. അച്ഛന്‍ അപ്പോള്‍തന്നെ തന്നെ കാസര്‍കോട്ടേയ്ക്ക് പോയി.

ആ ചെറുപ്പക്കാരെക്കുറിച്ചും അവരുടെ സാഹചര്യങ്ങളെക്കുറിച്ചും അറിഞ്ഞപ്പോള്‍ ആഘോഷത്തിന് പറ്റിയ സമയമല്ലതെന്ന് എനിക്ക് തോന്നി.
ആഘോഷം മാറ്റി വയ്ക്കാമെന്ന് ഞാനും ശ്രീജയും തീരുമാനിച്ചു, അച്ഛനോട് വിവരം പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്താനാവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്നത് ഞങ്ങള്‍ എല്ലാവരും കൂട്ടായി എടുത്ത് തീരുമാനമായിരുന്നു.

ആതുരസേവനരംഗത്ത് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍?


രോഹിത്: ഞങ്ങളൊരു റോള്‍ മോഡലായി എന്ന് പലരും വിളിച്ച് പറയുന്നുണ്ട്. ഞങ്ങളങ്ങനെ അവകാശപ്പെടുന്നില്ല. കേരളത്തില്‍ തന്നെ സെറ്റില്‍ ചെയ്ത് ജനങ്ങള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നാണഗ്രഹം.

അച്ഛനെ കണ്ടാണ് ഞങ്ങള്‍ പഠിക്കുന്നത്. 24 മണിക്കൂറും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് അച്ഛന്‍. ഏത് സമയത്ത് ഫോണ്‍ വന്നാലും അറ്റന്‍ഡ് ചെയ്യാന്‍ ശ്രമിക്കും.

ആളുകളെ സഹായിക്കാന്‍ ശ്രമിക്കും. അങ്ങനെ ഒരാളുടെ മകനായതുകൊണ്ട് സമൂഹത്തോട് എനിക്ക് വളരെയേറെ ഉത്തരവാദിത്തങ്ങളുണ്ട്. പറ്റുന്ന രീതിയില്‍ ആളുകളെ സഹായിക്കണമെന്നുമുണ്ട്. പ്രളയ സമയത്ത് ഹരിപ്പാട് മെഡിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു.

ശ്രീജ: എം.ബി.ബി.എസ് കഴിഞ്ഞ് നീറ്റ് എക്‌സാമൊക്കെ ക്ലിയര്‍ ചെയ്തതേയുള്ളൂ. ഇനി പി.ജി ചെയ്യണം. അതിനുശേഷം മെഡിക്കല്‍ ക്യാംപടക്കമുള്ള സേവനങ്ങള്‍ ചെയ്യണമെന്നുണ്ട്.

Ramesh Chennithala
* രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം

ആരോഗ്യ കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുന്ന ആളാണോ രമേശ് ചെന്നിത്തല?


അനിത: ആരോഗ്യ കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധയില്ല. എന്തെങ്കിലും കഴിച്ചോ എന്നൊക്കെ ഇടയ്ക്ക് ഞാന്‍ വിളിച്ച് അന്വേഷിക്കും. ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്ത് ഭക്ഷണം കൊടുത്താലും ആസ്വദിച്ച് കഴിക്കുന്ന ആളാണദ്ദേഹം. ഇഡലിയും സാമ്പാറുമാണ് കൂടുതല്‍ ഇഷ്ടം.

കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ അച്ഛന്റെ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നോ?


രോഹിത്: പ്ലസ്ടുവിന് സയന്‍സ് സ്ട്രീമായിരുന്നു. കണക്കിനോക്കാള്‍ സയന്‍സിനോടായിരുന്നു താല്‍പര്യം. അങ്ങനെയാണ് മെഡിസിന് പഠിക്കുന്നത്.

അനിയന്‍ രമിത്തിന് ഈ വര്‍ഷം ഐ.ആര്‍.എസ് കിട്ടിയിരുന്നു. ഐ.എ.എസാണ് അവന്റെ ലക്ഷ്യം. അതിനുവേണ്ടിയുള്ള തയാറെടുപ്പിലാണവന്‍. പൈലറ്റാവണമെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ആഗ്രഹം. അനിയനാകട്ടെ ശാസ്ത്രഞ്ജനാകണം എന്നും.

ഈ കുടുംബത്തിലേക്ക് കടന്നുവന്നപ്പോള്‍ എന്തുതോന്നി?


ശ്രീജ: ഞങ്ങളൊരു കോളജിലാണ് പഠിച്ചത്. അന്നുമുതല്‍ രോഹിതിനെ പരിചയമുണ്ട്. അതുകൊണ്ടുതന്നെ പുതിയ ഒരു ചുറ്റുപാടില്‍ വന്നതായി തോന്നുന്നില്ല. എല്ലാവര്‍ക്കുമെന്നോട് സ്നേഹമാണ്.

രോഹിത്: നേരത്തെ പരിചയമുണ്ടെന്ന് പറയുമ്പോള്‍ പലരും വിചാരിക്കും പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേതെന്ന്. ശ്രീജ എന്റെ ജൂനിയറായിരുന്നു. പക്ഷേ വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹമാണ് ഞങ്ങളുടേത്.

വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ടോ?


അനിത: എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചൊന്നും അറിയില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും വീട്ടില്‍ പറയാറുമില്ല. വലിയ പ്രശ്നങ്ങളുണ്ടായാലും അതൊന്നും വീട്ടില്‍ പറയില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ടിവിയില്‍ നിന്നാണ് അറിയുന്നത്. അപ്പോള്‍ ആ കാര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി പറയാറുണ്ട്.

രോഹിത്: വീട്ടില്‍ പൊതുവെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാറില്ല. തിരക്കുകള്‍ക്കിടയില്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും. പഠനത്തെക്കുറിെച്ചാക്കെ ചോദിച്ചു മനസിലാക്കും. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അതൊക്കെ പരിഹരിക്കും.

രമേശ് ചെന്നിത്തല എന്ന വ്യക്തിയെക്കുറിച്ച്?


രോഹിത്: അച്ഛനില്‍ കണ്ട ഏറ്റവും വലിയ ഗുണം കഠിനാധ്വാനമാണ്. ഒട്ടും മടിയില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നൊരു വ്യക്തിയാണ്. ചെറുപ്പക്കാര്‍ക്ക് പോലും പറ്റാത്ത രീതിയില്‍ ഓടി നടക്കുന്നതു കാണുമ്പോള്‍ അതിശയം തോന്നും. അച്ഛനെ റോള്‍ മോഡലായി കാണാനാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
Ramesh Chennithala
* ഡോ. രോഹിത്, ഡോ. ശ്രീജ

കുടുംബത്തോടൊപ്പമുള്ള സമയം?


അനിത: ഇടയ്ക്ക് ഞങ്ങളെ സിനിമയ്ക്കൊക്കെ കൊണ്ടുപോകാറുണ്ട്. അപ്പോഴും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും പരിചയപ്പെടാനുമൊക്കെ വരാറുണ്ട്. അദ്ദേഹം നന്നായി എഴുതുന്ന ആളാണ്. നന്നായി വായിക്കും.

രോഹിത്: ഫ്ളൈറ്റിലായാലും ട്രെയിനിലായാലും യാത്ര ചെയ്യുമ്പോള്‍ എപ്പോഴും അച്ഛന്‍ പുസ്തകം കൈയില്‍ കരുതാറുണ്ട്. യാത്രയ്ക്കിടയില്‍ പുസ്തകം വായിക്കുന്ന ശീലം ഞങ്ങള്‍ക്കും അച്ഛനില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷിക്കാമോ?


രോഹിത്: രാഷ്ട്രീയത്തിലേക്കില്ല. അല്ലാതെ തന്നെ ജനങ്ങളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നില്ല, എന്റെ പ്രൊഫഷനില്‍ നിന്നുകൊണ്ടുതന്നെ ജനങ്ങളെ സഹായിക്കണം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW