Monday, July 01, 2019 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.53 AM

'കോയിക്കോടന്‍' ഹല്‍വ ആര്‍ക്കു മധുരിക്കും

uploads/news/2019/04/300255/calicut.jpg

ആരെയും സ്‌നേഹിക്കുന്ന മനസാണ്‌ കോഴിക്കോടിന്റേത്‌. ഹലുവാ പോലെ മധുരമുള്ള മനസ്‌. പത്തുവര്‍ഷം മുന്‍പ്‌ കോഴിക്കോടെത്തിയ പയ്യന്നൂര്‍കാരന്‍ എം.കെ. രാഘവനെ രണ്ടുതവണ പാര്‍ലമെന്റിലേക്ക്‌ അയച്ചതു ഞമ്മടെ കോയിക്കാട്‌കാരാണ്‌. സി.പി.എമ്മുകാരനായ എ. പ്രദീപ്‌കുമാറിനെ നിയമസഭയിലേക്ക്‌ അതേ സ്‌നേഹത്തോടെ അയച്ചതും അവര്‍ തന്നെ. അതുകൊണ്ട്‌ തന്നെ കോഴിക്കോടെ മത്സരം പ്രവചനാതീതമാണ്‌.

ഭാഗ്യവാന്‍ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാലുവിനെ പോലെ എത്ര പ്രവചനക്കാര്‍ ഉണ്ടായാലും ഫലം നിര്‍ണയിക്കാനാവാത്ത അവസ്‌ഥ. ന്യൂജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ കളി കാത്തിരുന്നു കാണണം. വാശിയോടുള്ള തെരഞ്ഞെടുപ്പാണ്‌ ഇത്തവണ കോഴിക്കോട്‌. ജനകീയര്‍ ഏറ്റുമുട്ടുന്നു. വിജയം ആര്‍ക്ക്‌. അതിനു മേയ്‌ 23-നു ഫൈനല്‍ വിസില്‍ വരെ കാത്തിരിക്കണം. കഴിഞ്ഞ പത്തുവര്‍ഷക്കാലം സിറ്റിംഗ്‌ എം.പിയായ വിജയിച്ച എം.കെ.രാഘവന്‍ ഒരുവശത്ത്‌. മറുവശത്ത്‌ സി.പി.എമ്മിനു ജേഴ്‌സി അണിയിച്ച്‌ ഇറക്കാന്‍ പറ്റിയ മികച്ച താരം; കോഴിക്കോട്‌ നോര്‍ത്ത്‌ മണ്ഡലം എം.എല്‍.എ പ്രദീപ്‌കുമാര്‍. ഇരുവരും ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ കൈയടി നേടിയവര്‍.

തൊട്ടടുത്ത മണ്ഡലത്തില്‍ പോരാട്ടത്തിനെത്തിയ കോണ്‍ഗ്രസിന്റെ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ രാഹുല്‍ ഗാന്ധി നല്‍കിയ പ്രഭയില്‍ തെരഞ്ഞെടുപ്പ്‌ കളിക്കളത്തില്‍ മത്സരം ഇഞ്ചോടിഞ്ചു നടക്കുമ്പോഴാണ്‌ ഒളിക്യാമറാ വിവാദമെത്തുന്നത്‌. അതിനെ പരമാവധി ഊതിക്കത്തിക്കാനുള്ള ശ്രമത്തിലാണ്‌ എതിരാളികള്‍. വ്യാജവും എഡിറ്റ്‌ ചെയ്‌തതുമായ കാര്യങ്ങളാണ്‌ ഒളികാമറയിലുള്ളതെന്നാണു രാഘവന്റെ വിശദീകരണം. എന്നാല്‍ പ്രദീപ്‌കുമാര്‍ ക്യാമ്പ്‌ കിട്ടിയ ആരോപണങ്ങള്‍ ഉപയോഗിച്ചു വാശിയേറിയ മുന്നേറ്റമാണ്‌ നടത്തുന്നത്‌.

യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡണ്ട്‌ കെ.പി പ്രകാശ്‌ ബാബുവാണ്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥി. ശബരിമലയിലെ കേസിന്റെ പേരില്‍ പ്രകാശ്‌ ബാബു റിമാന്‍ഡിലായതിനാല്‍ സ്‌ഥാനാര്‍ഥിയുെട സാന്നിധ്യമില്ലാത്ത പ്രചാരണമാണു ബി.ജെ.പിയുടേത്‌. എസ്‌.യു.സി.െഎയുടെ എ. ശേഖറും ബി.എസ്‌.പിയുടെ രഘു കള്ളിക്കാടുമാണു മറ്റു സ്‌ഥാനാര്‍ഥികള്‍. കഴിഞ്ഞ തവണയുണ്ടായിരുന്ന ആര്‍.എം.പിയുടെ നേതൃത്വത്തിലുള്ള സഖ്യം, എ.എ.പി, എസ്‌.ഡി.പി.െഎ പാര്‍ട്ടികള്‍ ഇത്തവണ സ്‌ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. 30000ലേറെ വോട്ടുകള്‍ അന്ന്‌ ഈ പാര്‍ട്ടികള്‍ സ്വന്തമാക്കിയിരുന്നു.
കലക്കവെള്ളത്തില്‍ ഗോളടിക്കുവെന്നതാണ്‌ ഇവിടെയും തെരഞ്ഞെടുപ്പ്‌ രംഗത്തെ ശൈലി. ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാണ്‌ മുന്നണികളുടെ വോട്ടു പിടുത്തം. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ ത്രിതല അര്‍ബുദ പരിചരണ കേന്ദ്രം. ന്യൂനപക്ഷമേഖലകളിലെ വികസനം. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ എല്ലാം ആയുധമാക്കിയാണ്‌ രാഘവന്റെ പ്രചാരണം.

നോര്‍ത്ത്‌ മണ്ഡലത്തില്‍ പ്രദീപ്‌ കുമാര്‍ നടത്തിയ വികസനം പ്രത്യേകിച്ചു അടിസ്‌ഥാന വിദ്യാഭ്യാസ കാര്യങ്ങള്‍, സ്‌കൂളുകളുടെ വികസനം, നഗരത്തിന്റെ മുഖഛായ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ്‌ പ്രദീപ്‌ കുമാറിന്റെ പ്രചാരണം. സംസ്‌ഥാന സര്‍ക്കാരിന്റെ വികസനങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ കോഴിക്കോട്‌ കഴിഞ്ഞ പത്തു വര്‍ഷമായി കേന്ദ്രപദ്ധതികളൊന്നുമില്ലെന്നും എല്‍.ഡി.എഫ്‌. വോട്ടര്‍മാരോട്‌ പറയുന്നു.

എല്‍.ജെ.ഡി തിരിച്ചുവന്നതും ഐ.എന്‍.എല്ലിനെ ഔദ്യോഗികമായി കൂടെക്കൂട്ടിയതും എല്‍.ഡി.എഫിന്‌ പ്രതീക്ഷയേകുന്നു. റിമാന്‍ഡിലായ പ്രകാശ്‌ ബാബുവിന്റെ അസാന്നിധ്യത്തില്‍ ബി.ജെ.പി നടത്തുന്ന പ്രചാരണം ശകതിപ്രാപിച്ച്‌ വരുന്നതേയുള്ളു. ശബരിമല വിഷയവും കിസാന്‍ സമ്മാന്‍നിധിയിലൂടെ കര്‍ഷകര്‍ക്കു പണം സ്വരൂപിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും എടുത്തു കാട്ടിയാണ്‌ പ്രചരണം. കളിക്കളം ചൂടുപിടിച്ചു. കാത്തിരിക്കാം ഫൈനല്‍ വിസിലിന്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
Monday 08 Apr 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW