Thursday, June 20, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 01.15 AM

അച്‌ഛന്‍ എന്റെ റോള്‍മോഡല്‍ , അമ്മ എന്റെ ശക്‌തി

uploads/news/2019/04/299915/sun1.jpg

ആളും ആരവവും ഒഴിഞ്ഞ വിമൂകമായ അന്തരീക്ഷത്തിലാണ്‌ ചങ്ങനാശ്ശേരിയിലുളള ജി.സുകുമാരന്‍ നായരുടെ വസതിയിലേക്ക്‌ ചെന്നത്‌. ഭാര്യ കുമാരിദേവിയുടെ സഞ്ചയനം കഴിഞ്ഞതേയുളളു. മരണാനന്തരകര്‍മ്മങ്ങള്‍ക്കായി ഒരുക്കിയ ഇഷ്‌ടിക കൊണ്ടുളള ഹോമകുണ്ഡത്തിന്റെ അവശേഷിപ്പുകള്‍ ഒരു ഭാഗത്ത്‌. സ്വീകരണമുറിയില്‍ വൈകിയെത്തിയ ഏതോ സന്ദര്‍ശകര്‍ക്കൊപ്പം പതിഞ്ഞ ശബ്‌ദത്തില്‍ സംസാരിക്കുകയാണ്‌ ജി.എസ്‌.
മകള്‍ ഡോ.സുജാത അഭിമുഖം തുടങ്ങും മുന്‍പ്‌ അച്‌ഛന്റെ അനുവാദത്തിനായി സമീപിച്ചു. കാര്‍ക്കശ്യത്തിന്റെ മുഖാവരണം മാറ്റി വച്ച്‌ ആതിഥേയന്റെ സുജനമര്യാദയോടെ അദ്ദേഹം സന്ദര്‍ശകര്‍ക്കിടയില്‍ നിന്നും എണീറ്റു നടന്ന്‌ ഞങ്ങള്‍ ഇരുന്ന ഡൈനിംഗ്‌ ടേബിളിന്‌ അടുത്തെത്തി. വിവരം പറഞ്ഞപ്പോള്‍ ആദ്യം ഒരു സന്ദേഹം ഉന്നയിച്ചു.
'എല്ലാം എല്ലാ പത്രങ്ങളിലും വന്നുകഴിഞ്ഞതല്ലേ? ഇനിയും അതൊക്കെ പറയണോ?'
'പത്രങ്ങളില്‍ വരാത്തതാണ്‌ വേണ്ടതെന്നും മകളുടെ വീക്ഷണകോണിലുള്ള അച്‌ഛനും അമ്മയുമാണ്‌ വിഷയമെന്നും അറിയിച്ചപ്പോള്‍ അദ്ദേഹം സൗമ്യനായി പറഞ്ഞു.
'ആയിക്കോളു'
അടുപ്പക്കാര്‍ മണിച്ചേട്ടനെന്ന്‌ ഹൃദയപുര്‍വം വിളിക്കുന്ന സുകുമാരന്‍ നായര്‍ പുറമെ കാണുന്ന ഗൗരവത്തിന്‌ അപ്പുറം മാനുഷികതയും മര്യാദയും അഭിപ്രായസ്‌ഥൈര്യവും ഉറച്ച വ്യക്‌തിത്വവുമുളള നേതാവാണ്‌. കാലത്തും വൈകിട്ടും അഭിപ്രായങ്ങള്‍ മാറ്റി പറയുന്നത്‌ അദ്ദേഹത്തിന്റെ രീതിയല്ല. വിശ്വസിക്കുന്നവരെ വഞ്ചിക്കുന്നതും പഥ്യമല്ല. പണത്തിനും ആഢംബരങ്ങള്‍ക്കും പിന്നാലെ പായുന്ന ശീലവുമില്ല.
'ഞങ്ങളുടെ ജീവിതം എന്താണെന്ന്‌ ഈ പശ്‌ചാത്തലത്തില്‍ നിന്നു തന്നെ മനസിലായിക്കാണുമല്ലോ?'
അഭിമുഖം തുടങ്ങും മുന്‍പേ ഡോ.സുജാത ചോദിച്ചു.
പഴയ മട്ടിലുളള ഒരു ഇടത്തരം വീട്‌. എങ്കിലും അഭിജാതമായ ഒരു പാരമ്പര്യത്തിന്റെ അവശേഷിപ്പുകള്‍ അതിന്റെ ഓരോ ചുവരിലുമുണ്ട്‌.
അമ്മയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ സുജാത തുടങ്ങിയത്‌.
'എനിക്കും അച്‌ഛനും അമ്മ വലിയൊരു ശക്‌തിയായിരുന്നു. ഞാന്‍ അവിവാഹിതയായതുകൊണ്ട്‌ ഒരിക്കലും അച്‌ഛനെയും അമ്മയെയും പിരിഞ്ഞു നിന്നിട്ടില്ല. അ്‌ചഛന്‍, അമ്മ എന്നതിനപ്പുറം എന്റെ സുഹൃത്തും ഗുരുവും വഴികാട്ടിയും എല്ലാമായിരുന്നു അവര്‍. അതുകൊണ്ട്‌ തന്നെ വല്ലാത്ത ഒരു ആത്മബന്ധം രണ്ടുപേരോടുമുണ്ട്‌. അമ്മ മരിക്കുമെന്ന്‌ ഒരു സൂചന ഒരിക്കലും ഉണ്ടായിരുന്നില്ല. പെരുവിരലുമായി ബന്ധപ്പെട്ട ചെറിയ ഒരു ശസ്‌ത്രക്രിയക്ക്‌ ഹോസ്‌പിറ്റലില്‍ പോയതാണ്‌. അതുകഴിഞ്ഞ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യാനിരിക്കെ പെട്ടെന്നായിരുന്നു മരണം. ശരിക്കും വല്ലാത്ത നഷ്‌ടമാണ്‌ എനിക്ക്‌. പക്ഷെ ഏത്‌ പ്രതിസന്ധിയിലും തളര്‍ന്നു പോവരുതെന്നും എന്തിനെയും അതിജീവിച്ച്‌ മുന്നോട്ട്‌ പോകാനുളള ശക്‌തി നമ്മുടെ ഉള്ളിലുണ്ടെന്നും എന്നെ പഠിപ്പിച്ചു തന്നത്‌ അമ്മയാണ്‌.
പ്രശസ്‌തിയുടെ വെളളിവെളിച്ചത്തിലേക്ക്‌ ഒരിക്കലും കടന്നു വരാന്‍ അമ്മ ഇഷ്‌ടപ്പെട്ടിരുന്നില്ല. അച്‌ഛന്റെയും മക്കളുടെയും വിജയങ്ങള്‍ അകലെ മാറി നിന്ന്‌ കണ്ട്‌ ആസ്വദിക്കുന്നതിലായിരുന്നു അമ്മയ്‌ക്ക് കൗതുകം. അമ്മയുടെ പേരോ പടമോ ചരമവാര്‍ത്തയ്‌ക്ക് മുന്‍പ്‌ ഒരു പത്രത്തിലും അച്ചടിച്ച്‌ ഞാന്‍ കണ്ടിട്ടില്ല. അതൊന്നുമായിരുന്നില്ല അമ്മയുടെ ലോകം. ഉത്തമയായ ഒരു ഭാര്യയും അമ്മയുമായി ജീവിക്കുക. ഉദ്യോഗസ്‌ഥയായിരുന്നിട്ടും അമ്മയുടെ മുന്‍ഗണന കുടുംബജീവിതത്തിന്‌ തന്നെയായിരുന്നു. മക്കളെ നന്നായി വളര്‍ത്തുക. അവരെ നന്മയുടെയും ശരിയുടെയും പക്ഷത്ത്‌ ഉറപ്പിച്ചു നിര്‍ത്തുക.
അച്‌ഛന്റെ താത്‌പര്യം സംഘടനാപ്രവര്‍ത്തനത്തിലാണെന്ന്‌ അറിഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തില്ല. ഒരു നിഴലായി നിന്ന്‌ നിശ്ശബ്‌ദം പിന്‍തുണയ്‌ക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഒരിക്കലും പരാതികള്‍ പറഞ്ഞ്‌ അച്‌ഛന്‌ വിഷമം ഉണ്ടാക്കിയില്ല. അച്‌ഛന്‍ എന്‍.എസ്‌.എസിന്റെ ഏറ്റവും സമുന്നതമായ പദവിയിലെത്തിയപ്പോഴും മതിമറന്ന്‌ ആഹ്‌ളാദിച്ചില്ല. ഏത്‌ അവസ്‌ഥയെയും നിര്‍മ്മമതയോടെ നോക്കി കാണാനുളള സവിശേഷമായ ഒരു മാനസികഭാവം അമ്മയ്‌ക്ക് സ്വായത്തമായിരുന്നു.
കൊച്ചുകൊച്ചു നിര്‍ബന്ധങ്ങളിലായിരുന്നു അമ്മയുടെ വലിയ സന്തോഷം. ചെറുപ്പകാലം മുതല്‍ ഈ വാര്‍ദ്ധക്യത്തിലും അച്‌ഛന്‌ പ്രാതല്‍ അമ്മ തന്നെ വിളമ്പികൊടുക്കും ആ അവകാശം മക്കളുമായി പോലും പങ്ക്‌ വയ്‌ക്കില്ല. അച്‌ഛന്‍ എന്നും പ്രഭാതഭക്ഷണം വീട്ടില്‍ നിന്നു തന്നെ കഴിച്ചിട്ട്‌ പോകണമെന്ന്‌ അമ്മയ്‌ക്ക് നിര്‍ബന്ധമായിരുന്നു.
ഞാന്‍ അവിവാഹിതയായി ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അമ്മ എതിര്‍ത്തില്ല. എന്റെ ശരികളെ മനസിലാക്കി പിന്‍തുണയ്‌ക്കുകയാണ്‌ ചെയ്‌തത്‌. ഒരു സ്‌ത്രീക്ക്‌ തനിച്ച്‌ ജീവിക്കാനുളള കരുത്തുണ്ടെന്ന്‌ അമ്മ തിരിച്ചറിഞ്ഞിരുന്നതു പോലെ. പരമ്പരാഗത ശൈലിയിലുളള തനി ഗൃഹസ്‌ഥയായി കഴിയുമ്പോഴും ഇത്തരം തിരിച്ചറിവുകള്‍ അമ്മയുടെ കൂടപ്പിറപ്പായിരുന്നു.
എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ തേടാനും കഴിയുന്ന സുഹൃത്തുക്കള്‍ എനിക്ക്‌ അധികമില്ല. ആ കുറവ്‌ നികത്തിയിരുന്നതും അമ്മയായിരുന്നു. അമ്മ ശരിക്കും എനിക്ക്‌ കൂട്ടുകാരിയായിരുന്നു. അച്‌ഛനും എനിക്ക്‌ സുഹൃത്തിനെ പോലെയാണ്‌. ഇത്‌ ആലങ്കാരികമായി പറയുന്നതല്ല. വാസ്‌തവം തന്നെയാണ്‌.
വളരെ കരുത്തുളള സ്‌ത്രീയായിരുന്നു അമ്മ. എന്നും സ്വന്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. അമ്മ പതിവായി പറഞ്ഞിരുന്ന കാര്യമുണ്ട്‌.
'എല്ലാ സത്യങ്ങളും നാം പറയണമെന്നില്ല. പക്ഷെ പറയുന്നത്‌ സത്യമായിരിക്കണം'
അമ്മയുടെ ജീവിതദര്‍ശനവും കാഴ്‌ചപ്പാടുകളും ആ വാക്കുകളിലുണ്ട്‌്. ഏത്‌ കാര്യത്തിലും നമുക്ക്‌ നമ്മുടേതായ നിലപാടുകള്‍ ഉണ്ടായിരിക്കണമെന്ന്‌ അമ്മ പറഞ്ഞിരുന്നു. ഏത്‌ മേഖലയിലേക്ക്‌ ഇറങ്ങുമ്പോഴും ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌.
മിത്രങ്ങളും ശത്രുക്കളും ഉണ്ടാവും. പക്ഷെ എത്ര പ്രതികൂലമായ സാഹചര്യങ്ങളിലും ഒരു പോസിറ്റീവ്‌ കാണാന്‍ നമുക്ക്‌ കഴിയണമെന്ന്‌ അമ്മ പറഞ്ഞിരുന്നു.
അമ്മയില്‍ നിന്ന്‌ ഞാന്‍ കണ്ടുപഠിച്ച മറ്റൊരു കാര്യം ആതിഥ്യമര്യാദയാണ്‌. വീട്ടില്‍ വരുന്നവരോടുളള അമ്മയുടെ പെരുമാറ്റമര്യാദകള്‍ ഞങ്ങള്‍ക്ക്‌ എന്നും പാഠപുസ്‌തകമായിരുന്നു. ഏറ്റവും ഉയര്‍ന്നവരോടും ഏറ്റവും എളിയവരോടും ഒരുപോലെ പെരുമാറാന്‍ അമ്മയ്‌ക്ക് കഴിഞ്ഞിരുന്നു.
അച്‌ഛന്‍ സുപ്രധാനമായ പല വിഷയങ്ങളിലും തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ പോലും അതിലൊന്നും ഇടപെടാനോ അഭിപ്രായങ്ങള്‍ പറയാനോ അമ്മ ശ്രമിച്ച്‌ കണ്ടിട്ടില്ല. അച്‌ഛന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതെ നല്ല കുടുംബിനിയായി ഒതുങ്ങിക്കുടാനാണ്‌ അമ്മ ശ്രമിച്ചത്‌. പ്രശസ്‌തി അമ്മയെ ഒരിക്കലും മോഹിപ്പിച്ചിരുന്നില്ല. ജീവിതത്തിലെ നല്ല മുല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌, കുട്ടികളിലേക്ക്‌ അത്‌ പകര്‍ന്നു കൊടുത്തുകൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ ശ്രമിക്കുന്ന അമ്മയോട്‌ എനിക്ക്‌ ബഹുമാനം തോന്നിയിട്ടുണ്ട്‌.
മൂന്നാം വയസില്‍ അച്‌ഛന്‍ മരിച്ചുപോയ കുട്ടിയായിരുന്നു അമ്മ. സഹോദരനും അകാലത്തില്‍ നഷ്‌ടമായി. പിന്നെ ആകെയുളളത്‌ അമ്മയുടെ അമ്മയാണ്‌. വിവാഹം കഴിഞ്ഞ്‌ കുട്ടികളുണ്ടായ ശേഷം മുത്തശ്ശിക്ക്‌ സുഖമില്ലാതായി.
അന്ന്‌ മുത്തശ്ശിയെ നോക്കണം, അച്‌ഛന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, മക്കളുടെ പഠനകാര്യങ്ങള്‍ നോക്കണം, വീട്ടുകാര്യങ്ങള്‍, കൃഷി, ജോലി...ഒരു മടിയും പരാതിയുമില്ലാതെ അമ്മ പൂര്‍ണ്ണമനസോടെ ഇതെല്ലാം നോക്കി നടത്തി. മള്‍ട്ടിടാസ്‌കിംഗ്‌ എന്ന വാക്ക്‌ അമ്മയുടെ കാര്യത്തില്‍ നൂറുശതമാനം അന്വര്‍ത്ഥമായിരുന്നു.
ഒരേ സമയം പല കാര്യങ്ങള്‍ എങ്ങനെ മാനേജ്‌ ചെയ്യാമെന്ന്‌ ഞങ്ങള്‍ മക്കള്‍ പഠിച്ചത്‌ അമ്മയില്‍ നിന്നാണ്‌.
അച്‌ഛന്റെ ഉയര്‍ച്ച പോലും ഒരു പരിധിവരെ അമ്മയുടെ ത്യാഗമാണെന്ന്‌ പറയാം. കാരണം ഒരേസമയം ഉദ്യോഗവും വീട്ടുകാര്യങ്ങളും കുട്ടികളെയും എല്ലാം അമ്മ നോക്കി നടത്തിയതു കൊണ്ട്‌ അത്തരം കാര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വിട്ട്‌ അച്‌ഛന്‌ പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. എന്നു കരുതി പൊതുപ്രവര്‍ത്തനം മാത്രമായി ഒതുങ്ങിക്കൂടിയിരുന്ന ആളായിരുന്നില്ല അച്‌ഛന്‍. വീട്ടുകാര്യങ്ങളെക്കുറിച്ച്‌ നല്ല ചിന്തയും അന്വേഷണവൂം എല്ലാക്കാലത്തും അച്‌ഛന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്‌്.
എല്ലാ നെഗറ്റീവ്‌സിനുളളിലും ഒരു പോസിറ്റിവിറ്റി കണ്ടെത്താന്‍ കഴിയണമെന്ന്‌ അമ്മ പറയുമായിരുന്നു. മൂന്നാം വയസില്‍ അച്‌ഛന്‍ മരിച്ച ഒരു കുട്ടിക്ക്‌ ആവശ്യത്തിന്‌ സ്‌നേഹവാത്സല്യങ്ങള്‍ ലഭിച്ചിട്ടുണ്ടാവില്ല. സാധാരണഗതിയില്‍ ഇത്തരമൊരു കുട്ടിക്ക്‌ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാവാം. മനോദൃഢത ഉണ്ടായെന്ന്‌ വരില്ല. പക്ഷെ അമ്മ എന്തിനെയുംഅതിജീവിക്കാനുളള ധൈര്യം സ്വയം ആര്‍ജ്‌ജിച്ച്‌ സ്‌ത്രീയാണ്‌്. ഇതിന്റെ രഹസ്യം അന്വേഷിക്കുമ്പോള്‍ അമ്മ പറയും.
'നമ്മള്‍ ഈശ്വരനോട്‌ പരമാവധി അടുത്തു നിന്നാല്‍ എന്തും നേരിടാനുളള ശക്‌തി ലഭിക്കും'
വലിയ പദവികള്‍ തേടി വന്ന ഘട്ടങ്ങളിലൊക്കെ അമ്മ പറഞ്ഞിരുന്നു.
'ഇതൊന്നും കണ്ട്‌ നമ്മള്‍ അഹങ്കരിക്കരുത്‌. വിജയം വരുമ്പോള്‍ വിനയത്തോടെ സ്വീകരിക്കാന്‍ പഠിക്കണം. മറ്റൊന്ന്‌ എളിയവന്റെ അടുത്ത്‌ ചെല്ലുമ്പോള്‍ അവരിലൊരാളാവാനും വലിയവന്റെ അടുത്ത്‌ എത്തുമ്പോള്‍ അവരിലാരാളാവാനും പറ്റുന്ന വ്യക്‌തിത്വം വളര്‍ത്തിയെടുക്കണം'
ഇത്‌ രണ്ടും ജീവിതത്തില്‍ പരമാവധി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഏതെങ്കിലും കാര്യത്തില്‍ വിഷമിച്ചിരിക്കുന്നത്‌ കണ്ടാല്‍ അമ്മ പറയും.
'മോളെ സങ്കടങ്ങളും സന്തോഷങ്ങളും കുടി ചേരുമ്പോഴേ ജീവിതമാകുന്നുളളു. പ്രയാസങ്ങളെ അതിജീവിക്കാന്‍ നോക്കണം. വിഷമിച്ചിരുന്നത്‌ കൊണ്ടെന്ത്‌ കാര്യം?'
മക്കള്‍ ഇന്നതാവണമെന്ന്‌ ഒരു ഘട്ടത്തിലും അമ്മ നിര്‍ദ്ദേശിച്ചിട്ടില്ല. അമ്മയുടെ അച്‌ഛന്‍ ഹെഡ്‌മാസ്‌റ്ററായിരുന്നു. എന്റെ താത്‌പര്യവും കഴിവുകളും അദ്ധ്യാപനത്തിലാണെന്ന്‌ കണ്ടപ്പോള്‍ അതിനെ ചാനലൈസ്‌ ചെയ്യാനാണ്‌ അമ്മ ശ്രമിച്ചത്‌.
അമ്മ ഞങ്ങളെ നൃത്തം, സംഗീതം, കീബോര്‍ഡ്‌ വായന, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ ്‌്,ബ്യൂട്ടീഷന്‍ കോഴ്‌സ്...ഇതൊക്കെ പഠിപ്പിച്ചിരുന്നു. എന്തിനെന്നോ? വിഷമങ്ങള്‍ വരുമ്പോള്‍ നമ്മള്‍ മൂഡിയായിരിക്കാനൊന്നും അമ്മ സമ്മതിക്കില്ല. ആ ഘട്ടങ്ങളില്‍ ശ്രദ്ധ ഇവയിലേതെങ്കിലും ഒന്നിലേക്ക്‌ തിരിച്ചുവിടും. അപ്പോള്‍ നമ്മള്‍ എല്ലാം മറക്കും.
കോളജ്‌ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഘട്ടത്തില്‍ അമ്മ എനിക്ക്‌ നല്‍കിയ ഉപദേശം ഇതായിരുന്നു.
'ഈ ലോകത്തിന്‌ നമ്മളെ വേണ്ട. പക്ഷെ നമ്മളെ നമ്മള്‍ അനിവാര്യമാക്കി കൊടുക്കണം. അവിടെയാണ്‌ കഴിവ്‌ ഇരിക്കുന്നത്‌'
സമാനമായ ഉപദേശം അച്‌ഛനും ഞങ്ങള്‍ക്ക്‌ നല്‍കിയിരുന്നു.
ഒരു വിഷമഘട്ടത്തിലും കരഞ്ഞ്‌ തളര്‍ന്നിരിക്കുന്ന അമ്മയെ ഞാന്‍ കണ്ടിട്ടില്ല. പരമാവധി ഒരു വിതുമ്പലിനപ്പുറം പോവില്ല. ആകെയുളള സഹോദരനും അമ്മയുടെ അമ്മയും മരിച്ച ഘട്ടത്തില്‍ പോലും സംയമനം പാലിക്കാന്‍ അമ്മയ്‌ക്ക് കഴിഞ്ഞു. ഏത്‌ കാര്യത്തിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു അമ്മ.

അച്‌ഛന്‍ എന്ന റോള്‍മോഡല്‍

അമ്മ എന്റെ ശക്‌തിയായിരുന്നെങ്കില്‍ അച്‌ഛനാണ്‌ എന്റെ റോള്‍മോഡല്‍.ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും കൊണ്ടേ ഉയരാന്‍ കഴിയൂ എന്ന്‌ അച്‌ഛന്‍ എപ്പോഴും പറയും. നമുക്ക്‌ ഒരു നിലപാടും തത്ത്വശാസ്‌ത്രവും ഉണ്ടാവണം. നമുക്ക്‌ ഉറച്ച വിശ്വാസമുളള കാര്യം മാത്രമേ പറയാവൂ. അടിസ്‌ഥാനപരമായി ഒരു നല്ല മനുഷ്യനാവണം.
ഒട്ടും പബ്ലിസിറ്റി ക്രെയ്‌സില്ലാത്ത വ്യക്‌തിയാണ്‌ അച്‌ഛന്‍. അഭിമുഖങ്ങള്‍ കൊടുക്കാന്‍ പോലും താത്‌പര്യം കാണിക്കാറില്ല. തന്റെ വ്യക്‌തിമാഹാത്മ്യത്തെ ഉയര്‍ത്തിപിടിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമില്ല. വ്യക്‌തിയിലല്ല പ്രവൃത്തിയിലാണ്‌ കാര്യം എന്നതാണ്‌ അച്‌ഛന്റെ കാഴ്‌ചപ്പാട്‌. അച്‌ഛന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചില അടിസ്‌ഥാനതത്ത്വങ്ങള്‍ പാലിക്കാന്‍ വ്യക്‌തി ജീവിതത്തിലും പൊതുരംഗത്തും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്‌.
മക്കളാണ്‌ അച്‌ഛന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. എത്ര തിരക്കുളള സമയത്തും നമ്മുടെ കണ്ണ്‌ ഒന്ന്‌ നിറഞ്ഞാല്‍ അച്‌ഛന്‍ കൂടെക്കുടെ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ആ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുകയും ചെയ്യും. അമ്മ സുഖമില്ലാതെ കിടന്ന ആ പത്തു മാസവും ദിവസം രണ്ടുനേരം വന്നുകാണുകയും കൂടെക്കുടെ വിളിച്ച്‌ അന്വേഷിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. പലപ്പോഴും തിരക്കുകളുടെ പാരമ്യതയിലാവും അച്‌ഛന്‍. എന്നാല്‍ അതൊന്നും ആ സ്‌നേഹത്തിന്‌ തടസമാവില്ല. അതുപോലെ അമ്മയുടെ ഒരു ധാര്‍മ്മികപിന്തുണ എക്കാലത്തും അച്‌ഛനുണ്ടായിരുന്നു.
മന്നത്തുപത്മനാഭന്റെ ഉത്‌പന്നപിരിവ്‌ കാലത്തു തന്നെ അച്‌ഛന്‍ എന്‍.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിരുന്നു. അന്ന്‌ അച്‌ഛന്‍ തീരെ ചെറുപ്പമാണ്‌. മാത്രമല്ല അച്‌ഛന്റെ വലിയച്‌ഛന്‍ വാല്‍പറമ്പില്‍ വേലായുധന്‍ പിളള എന്‍.എസ്‌.എസിന്റെ സ്‌ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. അച്‌ഛന്‍ ശ്വസിക്കുന്നത്‌ പോലും എന്‍.എസ്‌.എസാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അത്ര കണ്ട്‌ സമര്‍പ്പണമാണ്‌ കര്‍മ്മരംഗത്തോട്‌. ആ ആത്മാര്‍ത്ഥതയ്‌ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്‌ ഇന്ന്‌ അച്‌ഛന്‍ ഇരിക്കുന്ന കസേര. അച്‌ഛന്‍ ഈ പദവിയിലെത്തിയതില്‍ അമ്മ ഉളളു കൊണ്ട്‌ സന്തോഷിച്ചിരുന്നതായി എനിക്കറിയാം. പക്ഷെ ആ പദവി ദുരുപയോഗം ചെയ്യുന്ന ഒരു ഇടപെടലും അമ്മയുടെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടില്ല. അച്‌ഛനും ആ സ്‌ഥാനത്തിന്റെ മഹത്ത്വം സൂക്ഷിച്ചുകൊണ്ടാണ്‌ ഈ നിമിഷം വരെ പ്രവര്‍ത്തിച്ചു പോന്നത്‌. ഇതെല്ലാം ഒരു മകള്‍ എന്ന നിലയില്‍ എനിക്ക്‌ അഭിമാനിക്കാന്‍ വക നല്‍കിയ കാര്യങ്ങളാണ്‌. അമ്മയോടൊപ്പം ഇത്രയും വര്‍ഷങ്ങള്‍ ജീവിക്കാന്‍ സാധിച്ചത്‌ തന്നെ വലിയ ഭാഗ്യം. ഇപ്പോള്‍ അച്‌ഛന്‍ ഒപ്പം ഉണ്ടെന്നതാണ്‌ എന്റെ ഏറ്റവും വലിയ ധൈര്യം.

സജില്‍ ശ്രീധര്‍

Ads by Google
Sunday 07 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW