Thursday, July 04, 2019 Last Updated 44 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 03.05 PM

ജലദോഷത്തിന് ആശ്വാസം ആയുര്‍വേദത്തില്‍

''കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്. ''
uploads/news/2019/04/298835/jaladhosam020419a.jpg

സര്‍വസാധാരണയായി എല്ലാവരെയും ബാധിക്കുന്ന രോഗമാണ് ജലദോഷം. ഒരിക്കലെങ്കിലും ജലദോഷബാധിതരാകാത്തവര്‍ ഉണ്ടാകില്ല. വേഗം പകരുന്നതും സാധാരണ ഗതിയില്‍ സ്വയം ഭേദമാകുന്നതുമായ രോഗമാണിത്.

മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നത്. കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്.

രോഗകാരണങ്ങള്‍


ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് ജന്യമായ ഒരു രോഗമാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് സാധാരണ ഗതിയില്‍ രോഗബാധയ്ക്ക് കാരണമാകുന്നത്.

ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്‌ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്. കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.

രോഗലക്ഷണങ്ങള്‍


രോഗലക്ഷണങ്ങള്‍ പ്രധാനമായും അണുബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മൂക്ക്, തൊണ്ട, സൈനസുകള്‍ ഇവയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള രോഗലക്ഷണങ്ങള്‍.

പ്രായപൂര്‍ത്തിയായവരില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയും കുട്ടികളില്‍ ആറ് മുതല്‍ എട്ട് തവണ വരെയും രോഗബാധ ഉണ്ടാകാം. കുട്ടികളില്‍ സാധാരണയായി ഇതിനോടനുബന്ധിച്ച് പനിയും ഉണ്ടാകാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ പനി ലക്ഷണമായി കാണാറില്ല. വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. രോഗലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്.

ഏഴ് ദിവസം മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ശമിക്കും. പ്രതിരോധശക്തി പൊതുവേ കുറഞ്ഞവരിലും ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടരാം.
ജലദോഷത്തെ തുടര്‍ന്നുള്ള ഉപദ്രവരോഗമായി ചുമ പലപ്പോഴും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗം പകരുന്നതിന് സാധ്യത കൂടുതല്‍.

പകരുന്ന രീതി


1. വായുവിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.
2. രോഗലക്ഷണങ്ങള്‍ ചിലരില്‍ വര്‍ധിച്ചിട്ട് ഇന്‍ഫ്‌ളുവന്‍സ, പീനസം, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

പ്രതിരോധമാര്‍ഗങ്ങള്‍


1. വ്യക്തി ശുചിത്വം പാലിക്കുക
2. കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുക. കഴുകി വൃത്തിയാക്കാത്ത വിരലുകള്‍കൊണ്ട് കണ്ണ്, മൂക്ക്, വായ് ഇവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
3. രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക
4. മഞ്ഞ്, തണുത്ത കാറ്റ് ഇവയുള്ളപ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടിനുള്ളിലും പരിസരങ്ങളിലും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്.
5. ഗുല്‍ഗുലു, വയമ്പ്, വേപ്പില ഉണക്കിയത് കടുക് എന്നിവ ഉപയോഗിക്കാം.

ചികിത്സ രീതികള്‍


രോഗിയുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നതും രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനുമുള്ള ഔഷധങ്ങളും ചികിത്സ രീതികളുമാണ് ആയുര്‍വേദ ചികിത്സവിധിയില്‍ അവംലംബിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള സമൃദ്ധമായ ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്.

തുളസി, തുമ്പ, മഞ്ഞള്‍, ഇഞ്ചി, കച്ചോലം, തിപ്പലി, ആടലോടകം തുടങ്ങിയ ഔഷധങ്ങള്‍ പരമ്പരാഗതമായി നാം ഗൃഹവൈദ്യത്തില്‍ ഉള്‍പ്പെടുത്തി വരുന്നുമുണ്ട്. ഇവയുടെ ഗുണങ്ങള്‍ മനസിലാക്കി ഉപയോഗപ്രദമാക്കുകയെന്നതാണ് പ്രധാനം.

ജലദോഷത്തിലെ രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉപദ്രവവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനും ഒപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ആയുര്‍വേദ ഔഷധയോഗങ്ങള്‍ ധാരാളമുണ്ട്. ഔഷധയോഗങ്ങള്‍ എല്ലാം തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

uploads/news/2019/04/298835/jaladhosam020419b.jpg

1. മുത്തങ്ങക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി പര്‍പ്പടകപ്പുല്ല്, രാമച്ചം, എന്നീ മരുന്നുകള്‍ തുല്യ അളവില്‍ പൊടിച്ചെടുത്ത് ഷഡംഗം എന്ന ഔഷധക്കൂട്ടും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രതിരോധത്തിനും രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്.
2. ദശമൂലം, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ കൊണ്ടുള്ള കഷായവും രോഗലക്ഷണങ്ങളായ മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ ഇവയെ ശമിപ്പിക്കാന്‍ ഉത്തമമാണ്.
3. തുടര്‍ച്ചയായി ഇടവിട്ട് ജലദോഷം വരുന്നവരിലും കുഞ്ഞുങ്ങളിലും ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഹരിദ്രാഖണ്ഡം, വാശാരിഷ്ടം, അമൃതാരിഷ്ടം, രജന്യാദി ചൂര്‍ണം, വില്വാദിഗുളിക, വ്യോഷാദി വടകം, ഇന്ദുകാന്തഘൃതം എന്നീ ഔഷധയോഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. ജലദോഷം, പനി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് കൃഷ്ണതുളസി, കാട്ടുതുളസി, പനിക്കൂര്‍ക്കയില, തുമ്പയില, ഇഞ്ചി, മഞ്ഞള്‍, ആടലോടകം എന്നീ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കാം.
5. കൃഷ്ണതുളസിയില, കാട്ടുതുളസിയില, ചുവന്നുള്ളി, ചുക്ക്, കുരുമുളക്, ആടലോടകത്തിന്റെ തളിരില, ഇവ കഷായം വച്ച് കരുപ്പെട്ടി ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനും അനുബന്ധ രോഗങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്.
6. വിട്ടുമാറാത്ത കഫക്കെട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം എന്നിവയ്ക്ക് പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കാച്ചി കുടിക്കുന്നത് നല്ലതാണ്.
7. തലയില്‍ തേച്ചു കുളിക്കുന്നതിന് പനിക്കൂര്‍ക്കയില, തുളസിയില, പൂവാം കുരുന്നില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നത് ഇടവിട്ട് ജലദോഷം വരുന്നതിനു ഉത്തമമാണ്.
8. ചൂടുള്ള ആഹാരപാനീയങ്ങള്‍ കഴിക്കാന്‍ ശീലിക്കുക.

ഒഴിവാകേണ്ട കാര്യങ്ങള്‍


1. തണുത്ത ആഹാരമോ പാനീയങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക.
2. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണപാനീയങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.
3. ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക.
4. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, തലയിലും ദേഹത്തും എണ്ണ തേച്ചുള്ള കുളി എന്നിവ രോഗലക്ഷണമുള്ളപ്പോള്‍ രോഗി വര്‍ജിക്കേണ്ടതാണ്.

കടപ്പാട്:
ഡോ. ഹേമന്ദ് എല്‍.
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, തുമ്പമണ്‍

Ads by Google
Tuesday 02 Apr 2019 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW