Thursday, June 20, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.37 AM

ചെറുകഥാകൃത്ത്‌ അഷ്‌റഫ്‌ ആഡൂര്‍ അന്തരിച്ചു

uploads/news/2019/04/298495/ashraf-aadoor.jpg

കണ്ണൂര്‍: ചെറുകഥാ കൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്‌റഫ്‌ ആഡൂര്‍ അന്തരിച്ചു. 48 വയസായിരുന്നു. രാവിലെ ഏഴു മണിയോടെ കണ്ണൂരിലെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. മനസിനെ വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളാണ്‌ അഷ്‌റഫിന്റെ കഥകളില്‍ എപ്പോഴും ഉണ്ടായിരുന്നത്‌. ദാരിദ്ര്യം മിക്ക കഥകളുടെയും പശ്‌ചാത്തലമായി നിറഞ്ഞു. ദാരിദ്ര്യത്തിനൊപ്പം മനുഷ്യനന്മയും അഷ്‌റഫിന്റെ കഥകളില്‍ വിഷയമായിരുന്നു.

മരണം മണക്കുന്ന വീട്‌, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്‌, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ്‌ അഷ്‌റഫ്‌ ആഡൂരിന്റെ പ്രധാന കഥാ സമാഹാരങ്ങള്‍.

ഇരട്ടക്ലൈമാക്‌സുള്ള ജീവിതം എന്ന കഥ കഥാപാത്രം എന്ന പേരിലും കരഞ്ഞുപെയ്യുന്ന മഴ എന്ന കഥ പെയ്‌ത്ത്‌ എന്ന പേരിലും താടി എന്ന കഥ അതേപേരിലും ഹൃസ്വസിനിമയായി. ദേശീയ സംസ്‌ഥാന തലത്തില്‍ അംഗീകാരം നേടിയ ആദിമധ്യാന്തം എന്ന സിനിമയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചു. ബോംബെ ജ്വാല അവാര്‍ഡ്‌, അങ്കടം ടിവി കൊച്ചുബാവ അവാര്‍ഡ്‌, പാഠ സുവര്‍ണ മുദ്ര പുരസ്‌കാരം, എ.കെ.ജി സ്‌മാരക പുരസ്‌കാരം തുടങ്ങി 30 ലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. മികച്ച പത്രപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്‌.

2015 ഫെബ്രുവരിയിലാണ്‌ പക്ഷാഘാതത്തെത്തുടര്‍ന്ന്‌ അഷ്‌റഫിനെ അതീവ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മാസങ്ങള്‍ നീണ്ട ചികിത്സയില്‍ ജീവന്‍ നിലനിര്‍ത്താനായെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. ആഡൂര്‍ പാലം ബസ്‌റ്റോപ്പിനടുത്ത്‌ സൃഹൃദ്‌സംഘം പണിതുനല്‍കിയ വീട്ടിലാണ്‌(കഥവീട്‌) അഷ്‌റഫ്‌ ആഡൂര്‍ കഴിഞ്ഞിരുന്നത്‌.

അഷ്‌റഫ്‌ ആഡൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടത്തിയും മറ്റുമായിരുന്നു ചികിത്സാ ചിലവിനുള്ള പണം സൗഹൃദസംഘം കൂട്ടായ്‌മ കണ്ടെത്തിയത്‌. കബറടക്കം നടന്നു. പിതാവ്‌ മുഹമ്മദ്‌, മാതാവ്‌ സൈനബ. ഭാര്യ: സി.എം. ഹാജിറ, മക്കള്‍: ആദില്‍, അദ്‌നാന്‍.

Ads by Google
Monday 01 Apr 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW