Wednesday, May 22, 2019 Last Updated 58 Min 7 Sec ago English Edition
Todays E paper
Ads by Google
അനില്‍ ബോസ്‌
Saturday 30 Mar 2019 10.22 AM

ലൂസിഫറിന് ഒരേ ഒരു പേരേയുള്ളൂ... അത് ലൂസിഫര്‍ തന്നെ; മോഹന്‍ലാലിന്റെ മാസ് പരിവേഷം - റിവ്യൂ

ലൂസിഫര്‍, പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രം. ഒടിയന്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ കാക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു പൃഥ്വിരാജിന് മുന്നില്‍ ഉണ്ടായിരുന്നത്. ആ വെല്ലുവിളി പൂര്‍ണമായും പൃഥ്വിരാജ് എന്ന പുതുമുഖ സംവിധായകന് മറികടക്കാന്‍ കഴിഞ്ഞു .
Lucifer- movie review

ഹിന്ദുക്കള്‍ക്ക് അവന്‍ മഹിരാവണന്‍, ഇസ്ലാമിന് ഇവന് ഇബിലീസ്, ക്രിസ്ത്യാനികള്‍ക്ക് ഇവന് ഒരു പേരേയുള്ളു ലൂസിഫര്‍, അതെ സാത്താന്റെ മാലാഖ. എന്നാല്‍ സാത്താന്റെ മാത്രമല്ല, പാവങ്ങളുടെയും അണികളുടെയും നല്ല മാലാഖയാണ് ലൂസിഫര്‍.

ലൂസിഫര്‍, പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രം. ഒടിയന്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ കാക്കുക എന്ന വലിയ വെല്ലുവിളിയായിരുന്നു പൃഥ്വിരാജിന് മുന്നില്‍ ഉണ്ടായിരുന്നത്. ആ വെല്ലുവിളി പൂര്‍ണമായും പൃഥ്വിരാജ് എന്ന പുതുമുഖ സംവിധായകന് മറികടക്കാന്‍ കഴിഞ്ഞു . മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മാസ് പരിവേഷം തന്നെയാണ് ലൂസിഫറിന്റെ നെടുംതൂണ്. എന്നാല്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രവുമാണിത്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുന്ന ഒരു നടന്‍ സംവിധായകനാകുന്നതും മറ്റൊരു സൂപ്പര്‍സ്റ്റാറിനെ നായകനാക്കി ചിത്രം എടുക്കുന്നതും. മോഹന്‍ലാല്‍ എന്ന് സൂപ്പര്‍ താരത്തിന്റെ നായകത്വം, പൃഥ്വിരാജിന്റെ സംവിധാനം , മുരളി ഗോപിയുടെ തിരക്കഥ, മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍.. ആരാധകര്‍ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. ഈ പ്രതീക്ഷ നൂറ് ശതമാനം കാക്കാന്‍ ചിത്രത്തിനായിട്ടുണ്ട്.

Lucifer- movie review

മുരളി ഗോപിയുടെ മുന്‍ ചിത്രങ്ങളില്‍ കണ്ട് പരിചയമില്ലാത്ത കഥാ രീതിയാണ് ലൂസിഫറിന്. താന്‍ എഴുതിയ മാസ് മൂവി എന്ന് ഒരു അഭിമുഖത്തില്‍ മുരളി ഗോപി തന്നെ പറഞ്ഞിട്ടുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന നായകനെ കാണിക്കുന്നിടത്തൊക്കെ പക്കാ മാസ് പരിവേഷമാണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത, പോസ്റ്ററുകളില്‍ കണ്ടിട്ടില്ലാത്ത ചില തകര്‍പ്പന്‍ ഗെറ്റപ്പുകളിലും താരം എത്തുന്നുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭം ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംവിധായകരുടെ കൂട്ടത്തില്‍ തന്നെയാണ് പൃഥ്വിരാജ്.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് പരിവേഷത്തിലും വില്ലനായി എത്തിയ ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. നായകനോട് കട്ടയ്ക്ക് മുട്ടി നില്‍ക്കുന്ന ഉശിരുള്ള വില്ലനായാണ് വിവേക് എത്തുന്നത്. താരസമ്പന്നമാണ് ലൂസിഫര്‍. ടൊവിനോ തോമസ്, സായി കുമാര്‍, ഇന്ദ്രജിത്ത്, ബാല, ബൈജു, ഷാജോണ്‍, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍. ഒരോരുത്തര്‍ക്കും തുല്യ പ്രധാന്യമുള്ള വേഷം തന്നെയാണ് പൃഥ്വി നല്‍കിയിരിക്കുന്നത്. 27 കാരക്ടര്‍ പോസ്റ്ററുകളാണ് ചിത്രത്തിന് മുന്നോടിയായി പുറത്തിറങ്ങിയത്.

മോഹന്‍ലാല്‍ ആരാധകര്‍ക്കും സിനിമ പ്രേമികള്‍ക്കും വേണ്ടതെല്ലാം നിറഞ്ഞ ചിത്രംതന്നെയാണിത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ട ഒന്നാണ്. ആരെയും പിടിച്ചിരുത്തുന്ന അമ്പരപ്പിക്കുന്ന ഫ്രെയിമുകളാണ്. അനമോര്‍ഫിക് ഫോര്‍മാറ്റിലാണു ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. തിയേറ്ററുകളില്‍ ഒരു പുത്തന്‍ അനുഭവം തന്നെയാണ് ഈ ഫ്രെയിമുകള്‍. ദീപക് ദേവിന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്.

Lucifer- movie review

രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മയക്കുമരുന്ന് മാഫിയ, കള്ളപ്പണം, കുതികാല്‍വെട്ട് തുടങ്ങിയ മേമ്പൊടികളെല്ലാം സിനിമയില്‍ മിന്നിമായുന്നുണ്ട്. കഥയില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും മുതിര്‍ന്നിട്ടില്ല. അല്ലാതെ തന്നെ മോഹന്‍ലാല്‍ എന്ന നടന്റെ മാസ് പരിവേഷം അവര്‍ സാധ്യമാക്കി എടുത്തിട്ടുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് ഡയലോഗുകള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കും. ചിത്രത്തിന്റെ 27-ാം ക്യാരക്ടര്‍ പോസ്റ്ററിലുള്ള പൃഥ്വിയുടെ സയീദ് മസൂദ് എന്ന കഥാപാത്രവും ടൊവിനോയുടെ ജിതിന്‍ രാംദാസും ഏറെ കൈയ്യടി നേടുന്നു.

രണ്ടാം പകുതിയിലെ അപ്രതീക്ഷിതമായ ചെറിയ ട്വിസ്റ്റുകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. തുടങ്ങുന്നിടത്ത് തന്നെ ചിത്രത്തെ അവസാനിപ്പിക്കുന്ന ക്ലൈമാക്‌സ്. ഒരോ നിമിഷവും ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ്. ശരിക്കും ആരാണ് ലൂസിഫര്‍ എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് ചിത്രത്തിന്റെ അവസാനം.

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിനെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കാന്‍ പൃഥ്വിക്കായി. ഒരു കൊച്ച് ചിത്രം ഒരുക്കിയെന്ന് പൃഥ്വി പറയുമ്പോഴും മലയാള സിനിമയിലെ വമ്പന്‍ ചിത്രങ്ങളില്‍ ഒന്നു തന്നെയായി ലൂസിഫര്‍ എഴുതി ചേര്‍ക്കപ്പെടും, തീര്‍ച്ച. മോഹന്‍ലാല്‍ ആരാധകര്‍ക്ക് മാത്രമല്ല, ഏതൊരു സിനിമ പ്രേമിയെയും പിടിച്ചിരുത്തുന്ന കൈയ്യടിപ്പിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ എത്തുന്നവര്‍ക്ക് രണ്ടര മണിക്കൂര്‍ ആസ്വദിക്കാവുന്ന മാസ് മസാല എന്റര്‍ടൈനര്‍.

-അനില്‍ ബോസ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW