Thursday, June 20, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 01.40 AM

കേരളത്തില്‍ 'കൈ' അരിഞ്ഞാല്‍ ഡല്‍ഹിയില്‍ വന്ന്‌ ഉപ്പുതേക്കാം!

uploads/news/2019/03/296439/bft3.jpg

ഒരിക്കല്‍ ദേശീയരാഷ്‌ട്രീയത്തിലെ 'കിങ്‌ മേക്കര്‍' ആയിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്ത്‌. എന്നാല്‍, കിടപ്പാടം ജപ്‌തിചെയ്‌തു പോയിട്ടും തറവാട്ടുമഹിമ പറയുന്ന കാരണവരെപ്പോലെയാണ്‌ ഇന്നു സുര്‍ജിത്തിന്റെ പിന്‍ഗാമി സീതാറാം യെച്ചൂരിയുടെ അവസ്‌ഥ. പാര്‍ട്ടിയുടെ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യങ്ങളായിരുന്ന പശ്‌ചിമബംഗാളും ത്രിപുരയും ശത്രുക്കള്‍ കീഴടക്കി. ശേഷിക്കുന്ന കേരളത്തില്‍ "കാടാറു മാസം, നാടാറു മാസം" എന്നതാണവസ്‌ഥ.
മുഖ്യശത്രു ബി.ജെ.പിയായതിനാല്‍ ശത്രുവിന്റെ ശത്രുവായ കോണ്‍ഗ്രസിനെ ബംഗാളില്‍ മിത്രമാക്കാന്‍ തീരുമാനിച്ചു. രണ്ടുകൂട്ടര്‍ക്കും അവിടെ നഷ്‌ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും കേരളത്തിലെപ്പോലെ വല്യേട്ടനാകാന്‍ സി.പി.എം. ശ്രമിച്ചതു കോണ്‍ഗ്രസിനു പിടിച്ചില്ല. അതോടെ ബംഗാള്‍ ബാന്ധവത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. "ഇവിടം വിട്ടാല്‍ നിങ്ങള്‍ ഒന്നല്ലേ?" എന്ന ചോദ്യം കേട്ടു മടുത്ത കേരളത്തിലെ സി.പി.എമ്മിനും കോണ്‍ഗ്രസിനും അതു പക്ഷേ ആശ്വാസമായി.
പാര്‍ട്ടിക്കു പഴയ പ്രതാപമില്ലെങ്കിലും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപോലും തന്ത്രങ്ങള്‍ക്കായി സമീപിക്കുന്നതു യെച്ചൂരിയേയാണെന്നാണു സഖാക്കളുടെ വീരവാദം. പക്ഷേ, യെച്ചൂരിക്കു "സുര്‍ജിത്ത്‌" ആകാന്‍ രണ്ടു കടമ്പ കടക്കണം. ലോക്‌സഭയില്‍ പാര്‍ട്ടി രണ്ടക്കം തികയ്‌ക്കണം, കേന്ദ്രത്തില്‍ തൂക്കുസഭയുണ്ടാകണം. രണ്ടക്കം തികയ്‌ക്കാന്‍ കേരളം മാത്രമാണു പ്രതീക്ഷ. പ്രധാനമന്ത്രിയാകാന്‍ സഹായമഭ്യര്‍ഥിച്ചെത്തിയ രാഹുലിനോടു യെച്ചൂരി പറഞ്ഞത്‌ ഇങ്ങനെയാണത്രേ: "കേരളത്തില്‍ നിങ്ങളെ എത്ര സീറ്റില്‍ തോല്‍പ്പിക്കുന്നോ, അത്രയും സീറ്റിന്റെ പിന്തുണയുണ്ടാകും!". ആകെ കണ്‍ഫ്യൂഷനിലായ രാഹുല്‍ അപ്പോള്‍തന്നെ മറ്റു വഴി തേടിത്തുടങ്ങിയെന്നാണ്‌ അണിയറസംസാരം.
പ്രധാനമന്ത്രിക്കസേരയിലേക്കു ബംഗാളിലൂടെയുള്ള കുറുക്കുവഴി രാഹുലിനു കാണിച്ചുകൊടുത്തതു യെച്ചൂരിയാണ്‌. ഒന്നാം യു.പി.എ. സര്‍ക്കാരിനെ വാഴിച്ച പാര്‍ട്ടിയല്ലേ, രാഹുല്‍ വിശ്വസിച്ചു. പക്ഷേ, ബംഗാളില്‍ സീറ്റ്‌ വീതം വയ്‌ക്കുന്ന ഘട്ടമായപ്പോള്‍ ഇരുകൂട്ടരും പഴയ "തറവാടി"കളായി. ഇപ്പോള്‍ സീറ്റിന്റെ കാര്യത്തില്‍ പരസ്‌പരം അന്ത്യശാസനം നല്‍കിക്കളിക്കുകയാണ്‌. മഹാരാഷ്‌ട്രയിലെ കര്‍ഷകസമരത്തിന്റെ പിന്‍ബലത്തില്‍ മഹാസഖ്യത്തോടും ഒന്നു വിലപേശിനോക്കി. എന്നാല്‍, എന്‍.സി.പി-കോണ്‍ഗ്രസ്‌ സീറ്റ്‌ ധാരണപോലും എങ്ങുമെത്താത്ത സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ആവശ്യം വനരോദനമായി. ജയിലിലാണെങ്കിലും "സാമ്രാജ്യത്വവിരുദ്ധപോരാളി"യായ ലാലുവിലായിരുന്നു ബിഹാറിലെ പ്രതീക്ഷ. അത്രയ്‌ക്കു ക്ഷീണമില്ലെന്ന്‌ ആര്‍.ജെ.ഡി. നിലപാടെടുത്തതോടെ അതും പോയിക്കിട്ടി. ബംഗാള്‍ ബാന്ധവം ഒഡീഷയിലേക്കും നീട്ടാന്‍ പി.ബി തീരുമാനിച്ചതാണ്‌. പക്ഷേ, കൂട്ടുകൂടാന്‍ അവിടെ കോണ്‍ഗ്രസിനെയൊന്നു കണ്ടുകിട്ടണ്ടേ? ഒടുവില്‍ ഭുവനേശ്വറില്‍ ചാവേറാകാന്‍ തീരുമാനിച്ചു. അയല്‍സ്‌നേഹം ഒന്നുകൊണ്ടു മാത്രം തമിഴ്‌നാട്‌ തീരെയങ്ങു കൈവിട്ടില്ല. ഡി.എം.കെയ്‌ക്കു കീഴില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമൊപ്പം കൊടി കൂട്ടിക്കെട്ടി. രണ്ടു സീറ്റില്‍ ഒന്നില്‍ ദേശീയമുഖ്യശത്രുവായ ബി.ജെ.പിയെ മത്സരിക്കാന്‍ കിട്ടി എന്നതുതന്നെ വലിയനേട്ടം!

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 23 Mar 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW