Friday, June 21, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 03.49 PM

സംഖ്യ പത്ത്: പ്രാധാന്യവും വസ്തുതകളും

സത്യം, വിനയം, ദേവാരാധന, അദ്ധ്യായം, കുലശുദ്ധി, സുശീലം, ശക്തി, ധനം, ശൂരത, യുക്തിയുക്തമായ മധുരഭാഷണം എന്നിവയാണ് ദശഗുണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്രകാരം ദശഗുണങ്ങള്‍ ആരില്‍ വിളങ്ങുന്നുവോ അവന്‍ ഉത്തമപുരുഷന്‍ എന്നറിയപ്പെടുന്നു.
uploads/news/2019/03/295843/joyhthi200319a.jpg

സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ വായ്‌മൊഴികളായും, ഗ്രന്ഥരൂപത്തിലും പ്രചാരത്തിലുള്ള ധാരാളം വസ്തുതകള്‍ ഉണ്ട്. അവയ്‌ക്കെല്ലാം തന്നെ എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ടെന്നും കാണാവുന്നതാണ്. നിത്യജീവിതവുമായും, സംസ്‌ക്കാരവുമായും ഇവ ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതുമാണ്.

'പത്ത്' അഥവാ ദശം എന്ന സംഖ്യയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഈ ലേഖനത്തിനാധാരം. 'ദശം' എന്നത് ഏറ്റവും ചെറിയ ഇരട്ടസംഖ്യയാണ്. അതിലെ അക്കങ്ങള്‍ കൂട്ടിയാല്‍ (1ഗ്ഗ+0=1) 1ഒന്ന് അഥവാ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതെന്ന് വരുന്നു.

ഈ വസ്തുത സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന് വീരശൂരപരാക്രമിയായ രാവണന് പത്തു തലകളാണുള്ളത്. ഭക്തിയിലും വീര്യത്തിലും, അഹങ്കാരത്തിലും ഒന്നാമനായിരുന്ന രാവണന്‍ 'ദശാനനന്‍' എന്ന പേരില്‍ പ്രസിദ്ധനായത് പത്തിന്റെ മഹത്വം കൊണ്ടാണ്.

നമ്മുടെ പ്രധാന ഉത്സവങ്ങള്‍ക്കെല്ലാം മണ്ണിന്റെയും കൃഷിയുടെയും മണമുണ്ട്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷങ്ങള്‍ നമുക്കുണ്ട്. 'പത്താമുദയം' ഇപ്രകാരം കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടുള്ള ഒരു ഉത്സവമാണ്. ഞാറുനടീലിന് കര്‍ഷകര്‍ കണ്ടെത്തിയ ഏറ്റവും ശുഭദിനമാണ് മേടമാസത്തിലെ പത്താമത്തെ ദിവസം. ഇത് 'മേടപ്പത്ത്' എന്നും അറിയപ്പെടുന്നു.

ഭഗവാന്‍ വിഷ്ണുവിന്റെ പത്ത് അവതാരങ്ങള്‍ 'ദശാവതാരം' എന്ന് അറിയപ്പെടുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിവയാണ് പത്ത് അവതാരങ്ങള്‍.

തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് ആചരിച്ചുവരുന്ന ഒരു ചടങ്ങാണ് ദശപുഷ്പംചൂടല്‍. കറുക, വിഷ്ണുക്രാന്തി, പൂവാംകുറുഞ്ഞി, നിലപ്പന, കയ്യൂന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവിയന്‍ എന്നീ പത്തു ചെടികളുടെ എല്ലാ ഭാഗങ്ങളും (ഇല, പൂവ്, തണ്ട്, വേര്) ഔഷധമൂല്യമുള്ളവയാണ്. നമ്മുടെ തൊടികളില്‍ സുലഭമായി കണ്ടുവന്നിരുന്ന ഈ ഔഷധസസ്യങ്ങള്‍ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ പൂര്‍വികര്‍ ഇവയുടെ മൂല്യം മനസ്സിലാക്കി അവയെ പരിപാലിച്ച് വേണ്ടരീതിയില്‍ ഉപയോഗിച്ചിരുന്നു. ഉപചാരങ്ങള്‍ പത്ത് വിധമാണുള്ളത്. ദശോപചാരങ്ങള്‍ എന്ന് അവ അറിയപ്പെടുന്നു. അര്‍ഘ്യം, പാദ്യം, ആചമനം, മധ്യപര്‍ക്കം, പുനശാചമനം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നേദ്യം എന്നിവയാണ് പത്ത് ഉപചാരങ്ങള്‍.

ഇനി 'ദശഗുണങ്ങള്‍ ഏന്തൊക്കെയാണെന്ന് നോക്കാം. സത്യം, വിനയം, ദേവാരാധന, അദ്ധ്യായം, കുലശുദ്ധി, സുശീലം, ശക്തി, ധനം, ശൂരത, യുക്തിയുക്തമായ മധുരഭാഷണം എന്നിവയാണ് ദശഗുണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്രകാരം ദശഗുണങ്ങള്‍ ആരില്‍ വിളങ്ങുന്നുവോ അവന്‍ ഉത്തമപുരുഷന്‍ എന്നറിയപ്പെടുന്നു.

മനുഷ്യരില്‍ കാണപ്പെടുന്ന കാമാവസ്ഥകള്‍ പത്തെണ്ണമാണ്. അഭിലാഷം, ചിന്തനം, സ്മൃതി, ഗുണകഥനം, ഉദ്യേഗം, പ്രലാപം, ഉന്മാദം, വ്യാധി, ജഡത, മരണം ഇവയാണ് കാമാവസ്ഥകള്‍. ഒരാളെ പ്രശസ്തനും, ജ്ഞാനിയുമാക്കുന്നത് പ്രധാനമായും അവനില്‍ അടങ്ങിയിരിക്കുന്ന പത്ത് ബലങ്ങളാണ്. ഇവ 'ദശബലങ്ങള്‍' എന്നറിയപ്പെടുന്നു.ജ്ഞാനം, പ്രജ്ഞ, വീര്യം, ക്ഷമ, ശീലം, ദാനം, ബലം, ഉപായം, ധ്യാനം, പ്രണിധി എന്നിവയാണ് ഈ പത്തു ബലങ്ങള്‍.

ഇതിന്റെ മറുവശമാണ് 'ദശപാപങ്ങള്‍' എന്നറിയപ്പെടുന്ന പത്ത് കാര്യങ്ങള്‍. ഇവ ഒരുവനെ നാശത്തിലേക്ക് നയിക്കുന്നു. അതിനാല്‍ ഇവയില്‍നിന്നും അകന്നു നില്‍ക്കുന്നത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. കൊല, മോഷണം, വ്യഭിചാരം, വ്യാജം, പിശുക്ക് പരുഷം, അസംബന്ധ പ്രസ്താവം, ദ്രോഹം, പരധനാഗ്രഹം, നാസ്തികത്വം എന്നിവയാണ് ദശ പാപങ്ങള്‍.

ശബ്ദം അഥവാ നാദം പത്ത് രീതികളില്‍ ഉണ്ടാകുന്നു. ഇവയാണ് ദശനാദങ്ങള്‍. ചിണ്‍, ചിഞ്ചിണി, ഘണ്ടാനാദം, ശംഖനാദം അഥവാ ശംഖധ്വനി, തന്ത്രിനാദം, താളനാദം, വേണുനാദം, മൃദംഗനാദം, ഭേരീനാദം, മേഘനാദം ഇവയാണ് പത്ത് നാദങ്ങള്‍. ദുന്ദുഭിനാദംപോലുള്ള മറ്റു നാദങ്ങള്‍ എല്ലാംതന്നെ ഈ പത്തെണ്ണത്തില്‍പ്പെടുന്നവയാകുന്നു.

അവിചാരിതരമണീയം, വിചാര്യമാണ രമണീയം, സമസ്തസൂക്തവ്യാപി, സുക്‌തൈകദേശവ്യാപി, ശബ്ദഗതം, അര്‍ത്ഥഗതം, ഉഭയഗതം, അലങ്കാരഗതം, വ്യക്തിഗതം, രസഗതം എന്നീ പ്രകാരം ചമല്‍ക്കാരങ്ങള്‍ പത്തെണ്ണമാണ്. ഹൈന്ദവ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പല വസ്തുതകളും പില്‍ക്കാലത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഉദാഹരണത്തിന് പ്രധാനമായും പത്ത് ഉപനിഷത്തുക്കളാണ് നമുക്ക് ഉള്ളതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഉപനിഷത്തുക്കള്‍ 108 എണ്ണമാണുള്ളത്. എല്ലാ ഉപനിഷത്തുക്കളും മനസ്സിലാക്കുക ഒരു സാധാരണ മര്‍ത്ത്യജന്മംകൊണ്ട് സാധ്യമല്ലാത്തതിനാലാകണം, പില്‍ക്കാലത്ത് മുഖ്യ ഉപനിഷത്തുക്കള്‍ എന്ന പേരില്‍ പ്രധാനപ്പെട്ടവ അറിയപ്പെട്ടു തുടങ്ങിയത്. ഇതുപോലെ വേദങ്ങള്‍ നാലാണെന്നും (ചതുര്‍വേദങ്ങള്‍) ഒരു വസ്തുത ഇന്ന് പ്രചാരത്തിലുണ്ട്.

വേദവ്യാസന്‍ ഋഗ്, യജുര്‍, സാമ, അഥര്‍വ്വ എന്ന് നാലായി വേദങ്ങളെ തരംതിരിച്ചുവെങ്കിലും തുടക്കത്തില്‍ അഞ്ച് വേദങ്ങള്‍ ആണുണ്ടായിരുന്നുത്. 'പ്രണവവേദം' എന്നാണ് അഞ്ചാമത്തെ വേദം അറിയപ്പെടുന്നത്. ഇപ്രകാരം നമ്മുടെ തനത് ആദ്ധ്യാത്മിക തത്വങ്ങളെ കാലത്തിനനുസരിച്ച് വളച്ചൊടിക്കുന്നത് നല്ല കാര്യമാണോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

മനുഷ്യ ജീവിതവുമായി ഈ സംഖ്യ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യമനസ്സിന്റെ അവസ്ഥകള്‍ പ്രധാനമായും പത്തെണ്ണമാണ്. ഇതിനെ ചിത്താവസ്ഥകള്‍ എന്നു പറയുന്നു. (കാമം, സങ്കല്പം, ശ്രദ്ധ, അശ്രദ്ധ, ലജ്ജ, ഭീതി, ധൃതി, ആധി, വ്യാധി, അഭിനിവേശം ആദിയായവ). നമ്മുടെ ജീവിതത്തിലെ പ്രധാന സംഭവമാണല്ലോ വിവാഹം. വിവാഹത്തിന് പ്രധാനമായും പത്തു പൊരുത്തങ്ങളാണ് നോക്കുന്നത്. ഈ പൊരുത്തങ്ങള്‍ക്കെല്ലാം ഉപരിയായി 'മനപ്പൊരുത്ത'മാണ് പ്രധാനമായി വേണ്ടതെന്നും ഒരു അഭിപ്രായം നിലവിലുണ്ട്.

മനുഷ്യശരീരത്തില്‍ നമ്മുടെ കൈകാലുകളില്‍ പത്ത് വിരലുകളാണുള്ളത്. കൈയിലെ പത്തു വിരലുകളും ഒന്നു ചേരുമ്പോള്‍ അത് മറ്റൊരു സങ്കല്പമാകുന്നു. അണിവിരല്‍, മോതിരവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിങ്ങനെ ഓരോ വിരലിനും അതിന്റേതായ പ്രാധാന്യമുണ്ട്.

ഇപ്രകാരം എല്ലാ വിരലുകളും ഒത്തുചേര്‍ന്ന് ഒന്നിക്കുമ്പോള്‍ കരാഗ്രത്തിന്‍ ലക്ഷ്മീദേവിയും, കരമധ്യത്തില്‍ സരസ്വതീദേവിയും കരമൂലത്തില്‍ പാര്‍വതീദേവിയും വിളയാടുന്നു. ഇതുകൂടാതെ മറ്റുചില നാടന്‍ പ്രയോഗങ്ങളും ഈ സംഖ്യയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.

ഉദാഹരണത്തിന് ജ്യോതിഷവുമായി ബന്ധപ്പെട്ട് 'ദശാസന്ധി' ആയുര്‍വേദവുമായി ബന്ധപ്പെട്ട് പത്ത് വേരുകള്‍ ചേര്‍ത്ത് തയ്യാറാക്കപ്പെടുന്ന ദശമൂലാരിഷ്ടം. ഇവ കൂടാതെ ദശവിന്യാസം, ദശലോഹങ്ങള്‍ (പല ലോഹങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന പുതിയ ലോഹമിശ്രിതം. ബഹിരാകാശ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് ഈ ശാഖ വളര്‍ന്നു വികസിച്ചു കഴിഞ്ഞു). എന്നിങ്ങനെ ഈ സംഖ്യയുമായി ബന്ധപ്പെട്ട് ധാരാളം വസ്തുതകള്‍ പ്രചാരത്തിലുണ്ട്.

അസോ. പ്രൊഫ. ഡോ. രാജീവ് എന്‍.
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW