Tuesday, July 09, 2019 Last Updated 59 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 03.48 PM

ഹൃദയാഘാതം വന്നവര്‍ക്ക് യോജിച്ച ആരോഗ്യകരമായ ഭക്ഷണക്രമം എന്തെല്ലാമാണ്?

uploads/news/2019/03/295613/askdrheart190319.jpg

ഹാര്‍ട്ടറ്റാക്കിനു ശേഷം ഭക്ഷണ നിയന്ത്രണം

ഞാനൊരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എനിക്ക് 60 വയസ്. ഒന്നര മാസം മുമ്പ് എനിക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടായി. എന്നാല്‍ അറ്റാക്ക് ഗുരതരമായിരുന്നില്ല. വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനു ശേഷം വീട്ടില്‍ എനിക്ക് ഭക്ഷണകാര്യത്തില്‍ വലിയ നിയന്ത്രണങ്ങളാണ്. ഇതുമൂലം ഇഷ്ട ആഹാരങ്ങളൊന്നും കഴിക്കാനാവുന്നില്ല. ഹൃദയാഘാതം വന്നവര്‍ക്ക് യോജിച്ച ആരോഗ്യകരമായ ഭക്ഷണക്രമം എന്തെല്ലാമാണ്?
----- ഹരീന്ദ്രന്‍ , തിരുവനന്തപുരം

ഭക്ഷണ നിയന്ത്രണം എന്നു പറയുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പലതും വര്‍ജിക്കേണ്ടി വരും. മധുരം, കൊഴുപ്പ്, ഉപ്പ് ഇവയടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ നന്നേ കുറയ്ക്കുക. നാവിനു രുചികരമായ പലതും കഴിക്കാന്‍ പറ്റിയെന്നു വരില്ല.

പഞ്ചസാരയില്‍ ഏറെ കലോറിയുണ്ട്. ഇത് ശരീരഭാരം കൂട്ടുകയും കൊഴുപ്പായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ട് മധുരപാനീയങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ ഇവ കുറയ്ക്കുക. പ്രമേഹ രോഗികള്‍ ഇത് പരിപൂര്‍ണമായി വര്‍ജിക്കുക തന്നെ വേണം. പാലുല്‍പ്പന്നങ്ങളും പറ്റുന്നത് പോലെ കുറയ്ക്കുക.

വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കടല്‍മത്സ്യം നല്ലതാണ്. ഇവയില്‍ ഒമേഗ ത്രീ ഫാറ്റി അമ്ലങ്ങള്‍ ധാരാളമുണ്ട്, കൂടാതെ കാത്സ്യവും. തൊലി കളഞ്ഞ കോഴി വറുക്കാതെ കറി വച്ച് കഴിക്കാം. ബീഫ് വളരെ കുറച്ചു മതി. മുട്ടയുടെ മഞ്ഞക്കരു, കരള്‍, തലച്ചോറ് തുടങ്ങിയവ വര്‍ജിക്കുക.

പഴങ്ങളും പച്ചക്കറികളും സുലഭമായി കഴിക്കുക. പയറുവര്‍ഗങ്ങളെല്ലാം കഴിക്കാം. ഇതില്‍ മാംസ്യവും ജീവകങ്ങളും ധാരാളമുണ്ട്. തവിടോടു കൂടിയ ധാന്യങ്ങള്‍ ഉപയോഗിക്കുക. ഗോതമ്പ്, ഓട്‌സ് തുടങ്ങിയവ ആഹാരത്തിലെ മുഖ്യഘടകമാകട്ടെ. ചായ,കാപ്പി ഉപയോഗം കുറയ്ക്കാം.

ലൈംഗിക ജീവിതം


ഭാര്യയ്ക്ക് 47 വയസ്. ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതമുണ്ടായി. അതിനു ശേഷം ഇതുവരെ ഞങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. ഹൃദയാഘാതമുണ്ടായ സ്ത്രീകള്‍ ലൈംഗിക ജീവിതം സാധ്യമാണോ?
------ ആര്‍.ജി , ഇടുക്കി

സെക്‌സിനെപ്പറ്റിയുള്ള ദുരൂഹതകളും തെറ്റിധാരണകളും ലൈംഗികാസക്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവും പൊതുവെ ലൈംഗികവേഴ്ചയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ രോഗിയെ പ്രേരിപ്പിക്കുന്നു. എന്നാല്‍, മറ്റേത് പ്രവര്‍ത്തയിലും ഏര്‍പ്പെടും പോലെയുള്ള ആയാസമേ ലൈംഗികബന്ധത്തിനും ഉള്ളൂ എന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ ശ്രമിക്കണം.

കൈവീശി ഏതാണ്ട് ഇരുപത് മിനിറ്റ് നടക്കുമ്പോഴുള്ള ആയാസമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും വേണ്ടൂ. ഒരര്‍ഥത്തില്‍ ശരീരത്തിന് വ്യായാമത്തിന്റെ ഗുണം ചെയ്യുന്നതാണ് സെക്‌സും.

രണ്ടു നില വരെ പടികള്‍ നെഞ്ചുവേദനയോ കിതപ്പോ കൂടാതെ നടന്നു കയറാന്‍ സാധിക്കുമെങ്കില്‍ അയാളുടെ ഹൃദയത്തിന് ലൈംഗികവേഴ്ചയുടെ സമ്മര്‍ദം താങ്ങാന്‍ കരുത്തുണ്ട്.

ബന്ധപ്പെടുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കാം, രക്ത സമ്മര്‍ദം അധികരിക്കാം. ഇത് പരിധി വിട്ടാലെ പ്രശ്‌നമുള്ളൂ. ഹാര്‍ട്ടറ്റാക്കിനു ശേഷം സാധാരണ രീതിയില്‍ മൂന്നോ നാലോ ആഴ്ചകള്‍ക്കു ശേഷം ലൈംഗികബന്ധം തുടങ്ങാം. എന്തായാലും ചികിത്സകന്റെ അനുമതി നേടുന്നത് നല്ലതാണ്.

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം


ഞാനൊരു വീട്ടമ്മയാണ്. എനിക്ക് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉണ്ടായിരുന്നു. അടുത്ത് സര്‍ജറി കഴിഞ്ഞു. ഇപ്പോള്‍ വിശ്രമമാണ്.
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉള്ള സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അറിയുന്നു. ഇതിനു കാരണമെന്ത്? ഈ രോഗമുള്ളവര്‍ ശ്രദ്ധി ക്കേണ്ട കാര്യങ്ങള്‍?
------- റസിയ, മംഗാലാപുരം

അണ്ഡാശയങ്ങളില്‍ കുമിളകള്‍ പോലുള്ള ഘടനാപരമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. ഇക്കൂട്ടരില്‍ അമിതവണ്ണം കൂടുതലാണ്. ഒപ്പം ഇന്‍സുലിന്‍ പ്രതിബന്ധം, ഗ്ലൂക്കോസിന്റെ കുറഞ്ഞ പോഷണോപചയാപചയം, കൊഴുപ്പിന്റെ ആധിക്യം, രക്താതി മര്‍ദം ഇവയൊക്കെ ഉണ്ടാകാനുള്ള വര്‍ദ്ധിച്ച സാധ്യതയുണ്ട്.

ആര്‍ത്തവത്തിലുണ്ടാകുന്ന അപാകതകള്‍ ഏറെയാണ്. ഈ രോഗാതുരതകളെല്ലാം കൂടുമ്പോള്‍ ഹൃദ്രോഗസാധ്യത അധികരിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആധികാരികമായ പഠനങ്ങള്‍ വരേണ്ടിയിരിക്കുന്നു. സ്ത്രീകളില്‍ 10 മുതല്‍ 13 ശതമാനം വരെ പേര്‍ക്ക് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അപകട ഘടകങ്ങളും ഇക്കൂട്ടരില്‍ ഒന്നിച്ചൂകൂടുന്നു.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍
എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW