Monday, May 20, 2019 Last Updated 24 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.36 AM

കിങ്‌ മേക്കറാകാന്‍ മമത അവതാരപ്പിറവി ഉണ്ടാകുമോ ?

uploads/news/2019/03/294711/bft1.jpg

കൊല്‍ക്കത്ത: കോണ്‍ഗ്രസ്‌ സ്വപ്‌നം കാണുന്ന വിശാല സഖ്യത്തില്‍ പങ്കാളിയല്ലെങ്കിലും സഖ്യം യാഥാര്‍ഥ്യമായാല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള നേതാവാണു പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്ന കക്ഷി രൂപീകരിച്ച്‌ ഇടതുപക്ഷത്തെ അവരുടെ മടയില്‍ നേരിട്ട്‌ വിജയിച്ച മമതയുടെ പോരാട്ടവീര്യം എതിരാളികള്‍ പോലും സമ്മതിക്കുംം.
ബി.ജെ.പി. വിരുദ്ധ ചേരിക്കു മുന്‍തൂക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ കിങ്‌ മേക്കറോ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി തന്നയോയായി അവതരിക്കാനുള്ള തയ്യാറെടുപ്പിലാണു മമത എന്നതും പരസ്യമായ രഹസ്യമാണ്‌.
ഏറെ വെട്ടലും തിരുത്തലും നടത്തി മമത തയ്യാറാക്കിയ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി പട്ടിക ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. സംസ്‌ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തൃണമൂല്‍ തനിച്ചാണ്‌ മത്സരിക്കുന്നത്‌. 34 സിറ്റിങ്‌ എം.പിമാരില്‍ എട്ടു പേരെ ഒഴിവാക്കിയാണ്‌ മമത പടയ്‌ക്കിറങ്ങുന്നത്‌. മറ്റു രണ്ടു എം.പിമാര്‍ ബി.ജെ.പിയില്‍ ചേരാനായി പാര്‍ട്ടി വിട്ടിരുന്നു.
അഞ്ചില്‍ രണ്ടു മത്സരാര്‍ഥികള്‍ അതായത്‌ 17 പേര്‍ കന്നിയങ്കത്തിനോ മണ്ഡലം മാറിയോ ആണ്‌ പോരിനിറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്‌. ഭരണവിരുദ്ധ വികാരം മറികടക്കുക എന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്‌. സ്‌ഥാനാര്‍ഥികളില്‍ 40 ശതമാനം പേരും വനിതകളാണെന്നതാണ്‌ തൃണമൂല്‍ പട്ടികയുടെ ഏറ്റവും വലിയ പ്രത്യേകത.
സംസ്‌ഥാനത്ത്‌ മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നുവരുന്ന ബി.ജെ.പിയെ നേരിടുക എന്നതു തന്നെയാണ്‌ മമതയുടെ മുഖ്യ അജന്‍ഡ. ബി.ജെ.പി. കരുത്ത്‌ നേടിയതും കരുത്താര്‍ജിക്കാന്‍ ശ്രമിക്കുന്നതുമായ മേഖലകളിലെ മമതയുടെ സ്‌ഥാനാര്‍ഥി നിര്‍ണയം ഇതു ശരിവയ്‌ക്കുന്നു. ദക്ഷിണ കൊല്‍ക്കത്ത മണ്ഡലത്തില്‍നിന്ന്‌ പാര്‍ട്ടി ദേശീയ സെക്രട്ടറി സുബ്രതാ ബക്ഷിയെ നീക്കി, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ അധ്യക്ഷ മാലാ റോയിയെയാണ്‌ മമത കളത്തിലിറക്കുന്നത്‌. ബി.ജെ.പി. കരുത്ത്‌ കാട്ടുമെന്നു കരുതപ്പെടുന്ന ബാങ്കുരയിലേക്ക്‌ നിയോഗിച്ചിരിക്കുന്നത്‌ മുതിര്‍ന്ന നേതാവും പഞ്ചായത്ത്‌ മന്ത്രിയുമായ സുബ്രതാ മുഖര്‍ജിയെയാണ്‌. 2018 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കരുത്തു പുറത്തെടുത്ത ബാങ്കുര, ഝാര്‍ഗാം, മിഡ്‌നാപുര്‍, ബോല്‍പുര്‍ എന്നിവിടങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മമതയുടെ സൂക്ഷ്‌മത ദൃശ്യമാണ്‌.
അടുത്തിടെ കൊല്ലപ്പെട്ട എം.എല്‍.എ. സത്യജിത്‌ ബിശ്വാസിന്റെ ഭാര്യയാണ്‌ റാണാഘട്ടില്‍ തൃണമൂല്‍ സ്‌ഥാനാര്‍ഥി. ബംഗാളിലെ 10 ഓളം മണ്ഡലങ്ങളില്‍ നിര്‍ണായക ശക്‌തിയായ മതുവാ സമുദയാംഗമാണ്‌ സത്യജിത്‌. കൃഷ്‌ണനഗറില്‍നിന്നുള്ള എം.പി. തപസ്‌ പാലിനു പകരം കരിംപുര്‍ എം.എ ല്‍.എ. മഹുവാ മൊയ്‌ത്രയായിരിക്കും മത്സരിക്കുക. ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്‌ടിച്ചിട്ടുള്ള ഫോര്‍വേഡ്‌ ബ്ലോക്ക്‌ മുന്‍ നേതാവ്‌ പരേഷ്‌ അധികാരിയാണ്‌ കൂച്ച്‌ബിഹാറിലെ സ്‌ഥാനാര്‍ഥി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. ജയിച്ചിരുന്ന ഡാര്‍ജിലിങ്‌ പിടിച്ചെടുക്കാനും മമതയ്‌ക്ക്‌ പദ്ധതിയുണ്ട്‌. ഗൂര്‍ഖാ ജനമുക്‌തി മോര്‍ച്ചയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ എം.എല്‍.എ. അമര്‍ സിങ്‌ റായിയെ ഡാര്‍ജിലിങ്ങില്‍ സ്‌ഥാനാര്‍ഥിയായി ഇറക്കിയിരിക്കുയാണ്‌ തൃണമൂല്‍.
കഴിഞ്ഞ ദിവസം സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിക്കൊണ്ട്‌, 2019 ലെ തെരഞ്ഞെടുപ്പ്‌ വന്‍വെല്ലുവിളിയാണെന്നും ബി.ജെ.പിയെ തറപറ്റിക്കുകയാണ്‌ മുഖ്യലക്ഷ്യമെന്നുമാണ്‌ മമത പറഞ്ഞത്‌. അഖിലേഷ്‌ യാദവോ മായാവതിയോ വിളിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ വാരണാസിയില്‍ പ്രചാരണം നടത്താന്‍ തയ്യാറാണെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു.
നിലനില്‍പിനായി പോരാടുന്ന ഇടതുപക്ഷവും കോണ്‍ഗ്രസും ബി.ജെ.പിയെയും തൃണമൂലിനെയും ഒരുമിച്ചെതിര്‍ക്കുകയാണ്‌.
വടക്കന്‍ ബംഗാളിലെ കോണ്‍ഗ്രസ്‌ കോട്ടകളില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നാണു മമതയുടെ നിഗമനം. പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയുടെ കോട്ടയായ റായ്‌ഗഞ്ച്‌ 2014 ല്‍ വീണു. സമാനമായ അവസ്‌ഥയിലാണ്‌ കോണ്‍ഗ്രസിന്റെ മറ്റൊരു തട്ടകമായ മുര്‍ഷിദാബാദും. ന്യൂനപക്ഷത്തിനു മേല്‍കൈയുള്ള മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ തള്ളിക്കയറ്റം തങ്ങള്‍ക്കു ഗുണകരമാകുമെന്നും തൃണമൂല്‍ വിശ്വസിക്കുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ്‌-ഇടത്‌ ക്യാമ്പുകള്‍ക്കും ബി.ജെ.പിക്കുമിടയില്‍ വിഭജിക്കുമെന്നതാണ്‌ ഈ വിശ്വാസത്തിനാധാരം. 2014 പൊതുതെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ നേടിയ രണ്ടു സീറ്റുകള്‍ നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ്‌ ഇടതു പക്ഷം.

Ads by Google
Friday 15 Mar 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW