Monday, May 20, 2019 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.05 AM

'കൈ' വിട്ട്‌ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

uploads/news/2019/03/294567/d2.jpg

ന്യൂഡല്‍ഹി: രണ്ടുദിവസം മുമ്പുവരെ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനു വേണ്ടി ഘോരഘോരം വാദിച്ച എ.ഐ.സി.സി. സെക്രട്ടറി ടോം വടക്കനെ രായ്‌ക്കുരാമാനം ബി.ജെ.പി. റാഞ്ചി. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പാര്‍ട്ടി രക്‌തസാക്ഷികളുടെ വീട്‌ സന്ദര്‍ശിക്കുമ്പോള്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കു പൂച്ചെണ്ട്‌ കൈമാറുകയായിരുന്നു മലയാളികൂടിയായ വടക്കന്‍! പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്‌ നിലപാട്‌ തന്നെ മുറിപ്പെടുത്തിയെന്നും നരേന്ദ്ര മോഡിയുടെ വികസനനയങ്ങളില്‍ ആകൃഷ്‌ടനായാണു ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.
വടക്കന്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി തൃശൂരിലോ ചാലക്കുടിയിലോ മത്സരിക്കുമെന്നാണു സൂചന. ബി.ജെ.പി. കേന്ദ്ര ഓഫീസിലെ പതിവ്‌ പത്രസമ്മേളനത്തിനിടെ തികച്ചും നാടകീയമായാണു ടോം വടക്കന്‌ അംഗത്വം നല്‍കിയത്‌. സോണിയാ ഗാന്ധിയുമായും നെഹ്‌റു കുടുംബവുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന വടക്കന്റെ മനംമാറ്റം മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതു കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നാണക്കേടായി. വടക്കന്റെ ബി.ജെ.പി. പ്രവേശം അവസരവാദമാണെന്നു കോണ്‍ഗ്രസ്‌ ആരോപിച്ചു. കോണ്‍ഗ്രസില്‍നിന്നു നേടാവുന്നതെല്ലാം നേടി, ആശയങ്ങള്‍ അടിയറവച്ചാണ്‌ അദ്ദേഹം ബി.ജെ.പിയില്‍ ചേക്കേറിയതെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി.
വടക്കന്റെ വരവ്‌ ബി.ജെ.പിക്കു നേട്ടമാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ വിശേഷിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ടോം വടക്കന്‍ കേരളത്തില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല. തന്റെ ജീവിതത്തിലെ ഊര്‍ജസ്വലമായ 20 വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി ചെലവഴിച്ചെന്നും എന്നാല്‍, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്‌കാരമാണു കോണ്‍ഗ്രസിനെന്നും വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും അഭിമാനമുള്ള ആര്‍ക്കും അവിടെ സ്‌ഥാനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ്‌ ദേശീയവക്‌താവായിരിക്കുമ്പോഴും കേരളത്തില്‍നിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടോം വടക്കന്‍ ആഗ്രഹിച്ചിരുന്നു. ശശി തരൂരിനൊപ്പം വടക്കനെയും സ്‌ഥാനാര്‍ഥിയാക്കാന്‍ മുമ്പു ഹൈക്കമാന്‍ഡ്‌ ശ്രമിച്ചെങ്കിലും ഇറക്കുമതി സ്‌ഥാനാര്‍ഥി വേണ്ടെന്നായിരുന്നു സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാട്‌. ഇത്തവണയും തൃശൂര്‍ സീറ്റ്‌ മോഹിച്ച വടക്കനു കോണ്‍ഗ്രസ്‌ സാധ്യതാപട്ടികയില്‍ ഇടം നേടാനായില്ല. ബി.ജെ.പിക്കു സ്വാധീനമുള്ള തൃശൂര്‍ സീറ്റിനായി കെ. സുരേന്ദ്രനടക്കം ഒട്ടേറെ നേതാക്കള്‍ രംഗത്തുണ്ട്‌. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയാറായാല്‍ ബി.ഡി.ജെ.എസിനു തൃശൂര്‍ വിട്ടുകൊടുക്കും. അങ്ങനെയെങ്കില്‍ ചാലക്കുടിയിലാകും വടക്കനെ പരിഗണിക്കുക. ടോം വടക്കന്റെ ബി.ജെ.പി. പ്രവേശം സംസ്‌ഥാനനേതൃത്വം അറിയാതെയാണെന്നാണു സൂചന. സ്‌ഥാനാര്‍ഥിപ്പട്ടിക ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി. സംസ്‌ഥാനനേതാക്കളെ നാളെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 15 Mar 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW