Monday, May 20, 2019 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.05 AM

റാഫേല്‍ ഇടപാട്‌ : 'ചോര്‍ത്തിയ രേഖ' നീക്കുമോ? സുപ്രീം കോടതി പറയും

uploads/news/2019/03/294566/d1.jpg

ന്യൂഡല്‍ഹി: "മോഷ്‌ടിച്ച്‌ കോടതിയിലെത്തിച്ച" റാഫേല്‍ രേഖകള്‍ പരിശോധിക്കരുതെന്നും കോടതിരേഖകളില്‍ നിന്നു നീക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. ഫയല്‍ക്കുറിപ്പുകളുടെ രഹസ്യാത്മകത വിവരാവകാശ നിയമം സൃഷ്‌ടിച്ച വിപ്ലവത്തില്‍ കടപുഴകിയെന്നു സുപ്രീം കോടതിയുടെ മറുപടി. രാജ്യരക്ഷയാണു വിഷയമെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവര്‍ത്തിച്ചതോടെ, ഇക്കാര്യം ആദ്യം തീര്‍പ്പാക്കാമെന്നു കോടതി പറഞ്ഞു. അതിനു ശേഷമാകും പുനഃപരിശോധനാ ഹര്‍ജികളിലേക്കു കടക്കുക.
റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച്‌ ഫയലുകളിലൂടെ ഉദ്യോഗസ്‌ഥര്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ പുറത്തുവന്നതാണു സര്‍ക്കാരിനെ വെട്ടിലാക്കിയത്‌. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനോട്‌ ഉദ്യോഗസ്‌ഥര്‍ വിയോജിപ്പ്‌ അറിയിച്ചതിന്റെ രേഖകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. പുനഃപരിശോധനാ ഹര്‍ജികളുടെ ഭാഗമായി അവ കോടതിയിലുമെത്തി.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട രേഖകളാണു ഹര്‍ജിക്കാര്‍ ഹാജരാക്കിയതെന്നും അവ തെളിവുനിയമപ്രകാരം പരിഗണിക്കാന്‍ കഴിയില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഈ രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരുന്നതല്ല. രാജ്യസുരക്ഷയാണു മറ്റെന്തിലും വലുമെന്നും എ.ജി. വാദിച്ചു.
അതേസമയം, ഔദ്യോഗിക രഹസ്യ നിയമത്തിനപ്പുറം ശക്‌തി വിവരാവകാശ നിയമത്തിനുണ്ടെന്നു ബെഞ്ചില്‍നിന്നു ജസ്‌റ്റിസ്‌ കെ.എം. ജോസഫ്‌ ചൂണ്ടിക്കാട്ടി. പിന്നോട്ടല്ല, മുമ്പോട്ടാണു പോകേണ്ടത്‌. അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടാകുമ്പോള്‍ പൊതുതാല്‍പ്പര്യത്തിനാണു മുന്‍തൂക്കം. അത്തരം കേസുകളില്‍ എല്ലാ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അനുമതിയില്ലാതെ പകര്‍പ്പെടുത്തു ഹാജരാക്കിയ രേഖകള്‍ പരിഗണിക്കരുതെന്ന്‌ എ.ജി. ആവര്‍ത്തിച്ചെങ്കിലും ഇതേ രേഖകള്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു താല്‍പ്പര്യമുള്ള മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയെന്നു ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത്‌ ഭൂഷണ്‍ ആരോപിച്ചു. രേഖകള്‍ ആധികാരികമെന്നു സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്‌. അവ എങ്ങനെ ലഭിച്ചെന്നു പരിശോധിക്കേണ്ടതില്ല. 2ജി കേസിലടക്കം അതാണു കീഴ്‌വഴക്കം. പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടുകളെല്ലാം പരസ്യമാണ്‌. അതിനാല്‍ പ്രതിരോധ ഇടപാടുകളെല്ലാം രഹസ്യമാണെന്ന വാദം സ്വീകാര്യമല്ല.
മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ത്തന്നെ ഈ രേഖകളുടെ രഹസ്യസ്വഭാവം നഷ്‌ടപ്പെട്ടു. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ക്കു മാത്രമേ സംരക്ഷണം അവകാശപ്പെടാന്‍ കഴിയൂ. വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രസ്‌ കൗണ്‍സില്‍ നിയമപ്രകാരം അവകാശമുണ്ടെന്നും പ്രശാന്ത്‌ ഭൂഷണ്‍ വാദിച്ചു. രേഖകളുടെ രഹസ്യാത്മകത സംബന്ധിച്ച്‌ വാദം പൂര്‍ത്തിയായതോടെ ഇക്കാര്യം കോടതി വിധിപറയാന്‍ മാറ്റി. പുതിയ രേഖകള്‍ സഹിതം പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനാണു തീരുമാനമെങ്കില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.

Ads by Google
Friday 15 Mar 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW