Sunday, June 30, 2019 Last Updated 53 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.03 PM

കുട്ടികളില്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് അലര്‍ജിക്ക് കാരണമാകുമോ?

കുട്ടികളുടെ ആരോഗ്യം
uploads/news/2019/03/294507/asdrkidscar140319.jpg

ചരിഞ്ഞ് ഉറങ്ങുന്നത് ആരോഗ്യകരമോ?


എന്റെ മകന് ഒന്നര വയസ്. ജനിച്ചതു മുതല്‍ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്നാണ് കുട്ടി ഉറങ്ങുന്നത്. നേരെ കിടത്തിയാലും കുട്ടി ചരിഞ്ഞുതന്നെ കിടക്കും. പതിവായി കുഞ്ഞ് ഇങ്ങനെ ചരിഞ്ഞു കിടന്നുറങ്ങുന്നതുകൊണ്ട് ദോഷമുണ്ടോ? കുഞ്ഞിന്റെ ആരോഗ്യത്തില്‍ കിടപ്പിന്റെ രീതിക്ക് പ്രാധാന്യമുണ്ടോ?
------ കുഞ്ഞുമോള്‍ , കോലഞ്ചേരി

കുഞ്ഞ് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നത് ആരോഗ്യപ്രശ്‌നമായി കരുതാനാവില്ല. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയെക്കുറിച്ചും നടക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും കൂടി അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താനാവുകയുള്ളു. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും ഓരോരുത്തര്‍ക്കും കിടക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ഓരോരുത്തരും യോജിക്കുന്ന രീതിയിലാണ് കിടക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ കിടക്കുന്ന രീതിയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതേസമയം ആറുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ കമിഴ്ത്തി കിടത്തി ശീലിക്കാതിരിക്കുന്നതാണ് നല്ലത്.

ആര്‍ത്തവസമയത്ത് ഗുളികയുടെ ഉപയോഗം


പതിനാലുകാരിയായ കൊച്ചു മകള്‍ക്കു വേണ്ടിയാണ് കത്ത്. രണ്ടു വര്‍ഷം മുമ്പ് കുട്ടിക്ക് ആര്‍ത്തവം ഉണ്ടായി. ആദ്യകാലത്തൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ ആര്‍ത്തവസമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് പതിവായതോടെ ഗുളിക കഴിക്കാന്‍ തുടങ്ങി. ഈ മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
-------- സുജാത , ഈരാറ്റുപേട്ട

ആര്‍ത്തവം ആരംഭിച്ച് രണ്ടുമൂന്നു വര്‍ഷങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കാത്തതുകൊണ്ട് വേദന അനുഭവപ്പെടാറുണ്ട്. അസഹനീയമായ വേദനയുണ്ടെങ്കില്‍ മാത്രം മിതമായ തോതില്‍മാത്രം ഗുളിക കഴിക്കുന്നതുകൊണ്ട് തെറ്റില്ല. ആര്‍ത്തവം ക്രമമാവുകയും കുട്ടിക്ക് ശാരീരിക പക്വത കൈവരികയും ചെയ്യുന്നതോടെ വേദന കുറയും.

ചില കുട്ടികളില്‍ ആര്‍ത്തവത്തോടുബന്ധിച്ച ദിവസങ്ങളില്‍ കഠിനമായ വയറുവേദന അനുഭവപ്പെടുകയും സ്‌കൂളില്‍ പോകാന്‍ കഴിയാതെ വരികയും ചെയ്യാറുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ക്ക് ആര്‍ത്തവ ദിവസത്തിന്റെ തുടക്കത്തില്‍, രക്തസ്രാവം ആരംഭിക്കുന്നതിനു മുമ്പ് വേദനയുണ്ടാകും.

ആ സമയത്ത് ഗുളിക കൊടുത്തുതുടങ്ങിയാല്‍ വേദനയ്ക്ക് ശമനം കൂടുതല്‍ ലഭിക്കാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ശാരീരിക ശുചിത്വം പാലിക്കണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് അമ്മ കുട്ടിക്ക് പറഞ്ഞുകൊടുക്കണം.

കൂര്‍ക്കംവലി രോഗമാണോ?


എനിക്ക് 15 വയസ്. ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കുന്ന സ്വഭാവമുണ്ട്. അടുത്തിടെ സ്‌കൂളില്‍ നിന്നും ടൂര്‍ പോയപ്പോഴാണ് എന്റെ ഈ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞത്. സുഹൃത്തുക്കള്‍ എന്റെ കൂര്‍ക്കംവലി മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തു കാണിച്ചുതന്നു. വീട്ടില്‍ പറഞ്ഞപ്പോഴാണ് എനിക്ക് ഇടയ്ക്കിടെ കൂര്‍ക്കംവലി ഉള്ള കാര്യം അറിയാന്‍ കഴിഞ്ഞത്. കൂര്‍ക്കംവലി രോഗമാണോ?
------- അരുണ്‍ , കൊല്ലം

ചെറുപ്രായത്തിലുള്ള കുട്ടികളില്‍ ടോന്‍സിലൈറ്റിസുകൊണ്ടും അഡിനോയ്ഡ് ഗ്രന്ഥികള്‍ വികസിച്ചിരിക്കുന്ന അവസ്ഥയുടെ ഫലമായും കൂര്‍ക്കംവലി കാണാറുണ്ട്. അതുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു രോഗമായിരിക്കാം. അതേ സമയം ശ്വാസം മുട്ടലോ, മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്നില്ലെങ്കില്‍ കൂര്‍ക്കംവലി ഒരു രോഗമായി കാണേണ്ടതില്ല. എങ്കിലും ഒരു ഇ.എന്‍.ടി സര്‍ജന്റെ സഹായം തേടുന്നത് നല്ലതായിരിക്കും. ഒബ്ട്രക്ടീവ് സ്ലീപ് അപ്നിയാ എന്ന രോഗത്തിന്റെ ഭാഗമായും കൂര്‍ക്കം വലി കണ്ടുവരുന്നുണ്ട്.

ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കൂര്‍ക്കം വലി. അതുകൊണ്ട് പരിശോധനയിലൂടെ ഇതു കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. സ്ലീപ് അപ്നിയ ആണ് കൂര്‍ക്കം വലിക്ക് കാരണമെന്ന് കണ്ടെത്തിയാല്‍ അതിന് ചികത്സ ലഭ്യമാണ്.

കുഞ്ഞുങ്ങളില്‍ നാപ്കിന്റെ ഉപയോഗം


എന്റെ മകള്‍ക്ക് നാലുമാസമായി. കുട്ടിക്ക് പതിവായി നാപ്കിന്‍ ഉപയോഗിക്കാറുണ്ട്. പുറത്തുപോകുമ്പോഴും ഇപ്പോള്‍ സൗകര്യത്തിനായി വീട്ടിലും നാപ്കിന്‍തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുട്ടികളില്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് അലര്‍ജിക്ക് കാരണമാകുമോ?
---- റിജു ജോസഫ് , ഇരിങ്ങാലക്കുട

കുഞ്ഞുങ്ങളില്‍ നാപ്കിന്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. പക്ഷേ, ഗുണനിലവാരമുള്ള നാപ്കിന്‍ വേണം വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം. ഗുണനിലവാരമില്ലാത്ത നാപ്കിന്‍ ചിലപ്പോള്‍ കുട്ടികളില്‍ അണുബാധയ്ക്ക് കാരണമാകും.

വീടുവിട്ട് കുഞ്ഞുമായി പുറത്തുപോകുമ്പോള്‍ നാപ്കിന്‍ സൗകര്യപ്രദമാണ്. എന്നാല്‍ വീടിനുള്ളില്‍ അതിന്റെ ആവശ്യമുണ്ടോ? എന്തായാലും നാപ്കിന്‍ ധരിച്ചതുകൊണ്ട് ഇതുവരെ കുഞ്ഞിന് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് മനസിലാക്കുന്നു. മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നാപ്കിന്‍ ഉപയോഗത്തിന് ആശങ്ക വേണ്ട.

മുഖക്കുരുവിന്റെ പാട് മാറാന്‍


എന്റെ മകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. മുഖക്കുരു ധാരാളമായി കാണുന്നു. എന്നാല്‍ ഇത് മാറിക്കഴിയുമ്പോള്‍ മുഖത്ത് ചെറിയ കുഴികള്‍ പ്രത്യക്ഷപ്പെടുന്നു. കൈകൊണ്ട് പൊട്ടിക്കുകയോ, തൊടുകയോ ചെയ്യുന്നില്ല. പിന്നെ എന്താണ് ഇതിനു കാരണം? മുഖക്കുരുവിന്റെ അടയാളം മാറാന്‍ എന്താണ് മാര്‍ഗം?
----- നിഷ ജെയിംസ് , പിറവം

കൗമാരകാലത്ത് മുഖക്കുരു സ്വാഭാവികമാണ്. അതില്‍ വിഷമിക്കേണ്ട കാര്യമില്ല. ത്വക്കിന്റെയും ശരീരത്തിന്റെ പ്രത്യേകതയും അനുസരിച്ച് മുഖക്കുരുവിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. മുഖക്കുരു കുത്തിയോ ഞെക്കിയോ പൊട്ടിച്ചാല്‍ മാത്രമാണ് കുഴി രൂപമെടുക്കുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ സാധാരണ മുഖക്കുരുവിന്റെ പാട് മാറിക്കിട്ടും. വലിയൊരു പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ ഒരു ത്വക്‌രോഗവിദഗ്ധനെ കാണുക. മുഖക്കുരുവിന്റെ പാട് മാറിക്കിട്ടാന്‍ നിരവധി ഓയിന്റ്‌മെന്റുകളും മരുന്നുകളുമുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മെഡിസിന്‍ സ്വീകരിക്കുക.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW