Friday, May 24, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.04 AM

2019 ആര്‍ക്ക്‌ ? ഉത്തര്‍(തരും)പ്രദേശ്‌

uploads/news/2019/03/294419/bft1.jpg

ഇന്ത്യ ആരു ഭരിക്കുമെന്നു തീരുമാനിക്കുന്ന സംസ്‌ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌. അതുകൊണ്ടുതന്നെയാണ്‌ ബി.ജെ.പിയെ തളയ്‌ക്കാന്‍ രൂപപ്പെട്ട എസ്‌.പി-ബി.എസ്‌.പി. വിശാലസഖ്യവും ഉത്തര്‍പ്രദേശും ഈ തെരഞ്ഞെടുപ്പിലെ പ്രധാനചോദ്യവും ഉത്തരവും ആകുന്നത്‌. തീര്‍ന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നീ വന്‍തോക്കുകള്‍ മത്സരിക്കുന്ന സംസ്‌ഥാനം, ഒപ്പം പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ അരങ്ങേറ്റം അളക്കുന്ന സംസ്‌ഥാനം. ഇതിനെല്ലാം പുറമേ കാല്‍നൂറ്റാണ്ടായി യു.പി. തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അയോധ്യാവിഷയം കലുഷിതമാക്കിയ കളവും.
പ്രതിപക്ഷ ഐക്യത്തിനൊപ്പം പ്രമുഖരുടെ സ്‌ഥാനാര്‍ഥിത്വവും കൂടിയാകുമ്പോള്‍ ഉത്തര്‍പ്രദേശ്‌ മൊത്തത്തിലൊരു വി.ഐ.പി. മണ്ഡലമാണ്‌. എഴു ഘട്ടങ്ങളായാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ എന്നതിനാല്‍തന്നെ സ്‌ഥാനാര്‍ത്ഥി പട്ടികയുടെ പൂര്‍ണ രൂപം ദൃശ്യമാകാന്‍ വൈകും.
രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്‌ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌, 80 സീറ്റ്‌. ഇതില്‍ 73 സീറ്റും നേടിയാണ്‌ എന്‍.ഡി.എ. 2014ല്‍ ഡല്‍ഹി പിടിച്ചടക്കിയത്‌. മോഡി തരംഗത്തില്‍ ബി.ജെ.പി. 71 സീറ്റും സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ട്‌ സീറ്റും നേടി. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറി ആധിപത്യം അരക്കിട്ടുറപ്പിച്ചു. നിലനില്‍പ്പുതന്നെ അപകടത്തിലായതോടെയാണ്‌ 2014 ആവര്‍ത്തിക്കാതിരിക്കാന്‍ ബി.എസ്‌.പിയും എസ്‌.പിയും കൈകോര്‍ത്തത്‌. ഈ കൂട്ടുകെട്ടിനെ ബി.ജെ.പി എങ്ങനെ മറികടക്കുന്നമെന്നതാണു ചോദ്യം.
പ്രതിപക്ഷഐക്യമെന്ന ചക്രവ്യൂഹം ഭേദിക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ്‌ ബി.ജെ.പി. യു.പിയില്‍ അടിപതറിയാല്‍ തുടര്‍ഭരണമെന്നസ്വപ്‌നം തന്നെ പൊലിയുമെന്ന്‌ മോഡിക്കും അമിത്‌ ഷായ്‌ക്കും നല്ല ബോധ്യമുണ്ട്‌. ഈ സാഹചര്യത്തില്‍ കാലേകൂട്ടി ബി.ജെ.പി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌തു. ആര്‍.എസ്‌.എസ്‌. തന്നെയാണ്‌ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തവണയും വാരാണസിയിലാണു മത്സരിക്കുക. മോഡി ഇതിനകം ഒട്ടേറെ റാലികള്‍ യു.പിയില്‍ നടത്തിക്കഴിഞ്ഞു. ബൂത്തുതല മഹാറാലികള്‍ നയിക്കാന്‍ അമിത്‌ ഷാ തന്നെ നേരിട്ടിറങ്ങി.
അതേസമയം കൈകോര്‍ത്തതിന്റെ അനിവാര്യത അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ബി.എസ്‌.പിയും എസ്‌.പിയും. ഇത്രയുംകാലം പരസ്‌പരം പോരടിച്ചിരുന്ന പാര്‍ട്ടികള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ നേതൃതലത്തില്‍ തീരുമാനമെടുത്തെങ്കിലും താഴെക്കിടയില്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്ക ഇരുപക്ഷത്തുമുണ്ട്‌. ഈ ആശങ്ക പരമാവധി മുതലെടുക്കാനുള്ള നീക്കം ബി.ജെ.പി. നടത്തുന്നുമുണ്ട്‌. സഖ്യത്തിനെതിരേ എസ്‌.പി സ്‌ഥാപക നേതാവ്‌ മുലായം സിങ്‌ യാദവ്‌ തന്നെ പാര്‍ലമെന്റിലും പൊതു വേദിയിലും പരസ്യമായി രംഗത്തുവന്നത്‌ അണികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്‌. നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രി ആകണമെന്നു പാര്‍ലമെന്റില്‍ പരസ്യമായി പറഞ്ഞു മുലായം പ്രതിപക്ഷനിരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
എസ്‌.പിയുടെ അമരത്തുള്ള മകന്‍ അഖിലേഷ്‌ യാദവുമായി അകല്‍ച്ചയിലാണ്‌ മുലായം. കഴിഞ്ഞ തവണ മൂന്നാം മുന്നണിയുടെ പ്രമുഖനേതാവായിരുന്നു മുലായം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂന്നാം മുന്നണിയാകും സര്‍ക്കാരുണ്ടാക്കുകയെന്നും അങ്ങനെ വന്നാല്‍ മുലായം പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ മുന്‍തെരഞ്ഞെടുപ്പില്‍ 20 സീറ്റ്‌ ഉണ്ടായിരുന്ന എസ്‌.പിക്ക്‌ 2014ലെ ബി.ജെ.പി. സുനാമിയില്‍ അഞ്ച്‌ സീറ്റാണു കിട്ടിയത്‌.
എസ്‌.പി.- ബി.എസ്‌.പി. സഖ്യത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും സോണിയ മത്സരിക്കുന്ന റായ്‌ബലേറിയയിലും വിശാലസഖ്യം സ്‌ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. കഴിഞ്ഞതവണയും എസ്‌.പി ഈ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. പകരം മുലായവും മരുമകള്‍ ഡിംപിളും മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. മുലായം പല തവണ മത്സരിച്ച്‌ ജയിച്ച സുരക്ഷിതമണ്ഡലമായ മെയിന്‍ പുരയില്‍ നിന്നു തന്നെയാണു മത്സരിക്കുന്നത്‌.
ഇത്തവണ പ്രധാനമന്ത്രി പദം ലക്ഷ്യം വച്ച്‌ ബി.എസ്‌.പി. അധ്യക്ഷ മായാവതി മത്സരിച്ചേക്കാവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സമീപനം ശ്രദ്ധേയമാകും.
മായാവതി മത്സരിക്കാന്‍ സാധ്യതയുള്ള അക്‌ബര്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രാജറാം പാല്‍ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. 2004ല്‍ മായാവതിയായിരുന്നു ഈ മണ്ഡലത്തിലെ വിജയിയെങ്കില്‍ 2009ല്‍ രാജാറാം പാലാണ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ദളിത്‌- പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയില്‍ മായാവതിക്ക്‌ കുറവൊന്നും വന്നിട്ടില്ലെന്നാണ്‌ അനുമാനം. എന്നാല്‍ കോണ്‍ഗ്രസ്‌ പ്രചാരണം ശക്‌തമാക്കിയാല്‍ ഈ "ഫിക്‌സഡ്‌ സപ്പോസിറ്റില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക മായാവതിക്കുണ്ട്‌.
രാഹുലും സോണിയയും ഉള്‍പ്പെടുന്ന യു.പിയിലെ ആദ്യ ഘട്ട സ്‌ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസും പുറത്തിറക്കിയിട്ടുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോണിയയുടേയും രാഹുലിന്റേയും രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ നിലനിര്‍ത്താനായത്‌. നിലവിലെ സാഹചര്യത്തില്‍ അടിത്തറ ശക്‌തിപ്പെടുത്താന്‍ സാധിച്ചെന്ന്‌ പറയാനാവില്ലെങ്കിലും പ്രിയങ്കയെ രംഗത്തിറക്കി ജനക്കൂട്ടത്തെ ആകര്‍ഷിക്കാനാണ്‌ ശ്രമം.
അജിത്‌ സിങ്ങിന്റെ രാഷ്‌ട്രീയ ലോക്‌ദള്‍ ഇത്തവണ വിശാലസഖ്യത്തിന്റെ ഭാഗമാണ്‌. കഴിഞ്ഞതവണ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും സംപൂജ്യരായി. രാഷ്‌ട്രീയ ലോക്‌ദളിന്റെ വോട്ട്‌ബാങ്കായ ജാട്ട്‌ വിഭാഗം മുസാഫര്‍ കലാപത്തെ തുടര്‍ന്ന്‌ ബി.ജെ.പിയ്‌ക്കൊപ്പം നിന്നത്‌ കഴിഞ്ഞതവണ അജിത്‌ സിങ്ങിനു തിരിച്ചടിയായിരുന്നു.
അതേസമയം സംസ്‌ഥാനം വലിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സാഹചര്യത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടാകുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്‌. നോട്ട്‌ നിരോധത്തിലൂടെ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ ഗ്രാമീണ കര്‍ഷകര്‍ ഇനിയും മോചനം നേടിയിട്ടില്ല. കരിമ്പ്‌ കര്‍ഷകര്‍ക്ക്‌ സബ്‌സിഡിയുമായി ബന്ധപ്പെട്ടും പരാതികളേറെ. കേന്ദ്രത്തില്‍ മോഡിയും യു.പിയില്‍ യോഗിയും ഭരണത്തിലേറിയിട്ടും രാമക്ഷേത്രം ഉയരാത്തതിന്റെ പ്രതിഷേധം തീവ്രനിലപാടുകാരും മറച്ചുവയ്‌ക്കുന്നുമില്ല. സുപ്രീം കോടതി മധ്യസ്‌ഥശ്രമത്തിനായി കേസ്‌ കൈമാറിയെങ്കിലും, വിധി എന്തായാലും അയോധ്യയില്‍ രാമക്ഷേത്രം തന്നെ ഉയരുമെന്നാണ്‌ അടിസ്‌ഥാനതല പ്രചാരണത്തില്‍ നേതാക്കള്‍ അണികള്‍ക്ക്‌ നല്‍കുന്ന ഉറപ്പ്‌. സങ്കീര്‍ണമായ രാഷ്‌ട്രീയസമവാക്യങ്ങളില്‍ ഇവയെല്ലാം എങ്ങനെ ബി.ജെ.പിയെ ബാധിക്കുമെന്ന്‌ കണ്ടറിയണം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 14 Mar 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW