Monday, May 20, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌
Thursday 14 Mar 2019 01.47 AM

മത്സരിക്കാന്‍ ഞങ്ങളില്ലേയെന്നു പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, രംഗത്ത് മാണിയുടെ മരുമകള്‍ പറഞ്ഞ ചുണക്കുട്ടനും ലീഗും മാത്രം, ആലിന്‍കായ പഴുക്കുമ്പോള്‍ യു.ഡി.എഫിനു വായ്‌പുണ്ണ്‌!

രാജ്യസഭാ സീറ്റ്‌ അടിച്ചുമാറ്റിയതു മുതല്‍ മാണിയേയും മകനെയും പാഠം പഠിപ്പിക്കുമെന്ന വാശിയിലാണു കോട്ടയത്തെ കോണ്‍ഗ്രസുകാര്‍. കോട്ടയത്തു പണി കിട്ടിയാല്‍ ഇടുക്കി, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനിട്ടു തിരിച്ചുപണിയുമെന്നു മാണിയും.
uploads/news/2019/03/294340/k3.jpg

തമ്മില്‍ത്തല്ലി, ഇല്ലാതായ യാദവകുലത്തെപ്പോലെയാണു കേരളത്തിലെ ഐക്യ(?)ജനാധിപത്യ മുന്നണി. നിന്നു തന്നാല്‍ മതി, ജയിപ്പിച്ചോളാമെന്നു നാട്ടുകാര്‍ പറഞ്ഞാലും ഈ അഭിനവയാദവര്‍ക്കു കേട്ടഭാവമില്ല. ഇന്ദ്രപ്രസ്‌ഥമാണു ലക്ഷ്യം. എന്നാലോ, പരശുരാമക്ഷേത്രത്തില്‍പ്പോലും പാളയത്തിലെ പട നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

2019-ല പൊതുതെരഞ്ഞെടുപ്പാണു മുന്നിലെങ്കിലും 2004-ലെ അവസ്‌ഥയിലേക്കാണു കാര്യങ്ങളുടെ തിരിച്ചുപോക്ക്‌. അന്ന്‌, കിട്ടാത്ത സീറ്റ്‌ പേമെന്റ്‌ സീറ്റാണെന്നാരോപിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്‌ചന്ദ്രപ്രസാദും രംഗത്തുവന്നതായിരുന്നു തുടക്കം. ഇന്നിപ്പോള്‍, മത്സരിക്കാന്‍ ഞങ്ങളില്ലേയെന്നാണു പ്രമുഖനേതാക്കളുടെ നയപ്രഖ്യാപനം. ഈ ഒളിച്ചോട്ടം എതിരാളികള്‍ക്കു തുടക്കത്തിലേ ആയുധമായി. സീറ്റ്‌ വിഭജനമായിരുന്നു അടുത്തപടി. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അതു വല്ലവിധേനയും ഒപ്പിച്ചു. മൂന്നു ചോദിച്ചെങ്കിലും കിട്ടിയ രണ്ടുകൊണ്ടു മുസ്ലിം ലീഗ്‌ തൃപ്‌തിപ്പെട്ടു.
എന്നാല്‍, കര്‍ഷകരക്ഷകപ്പാര്‍ട്ടിക്ക്‌ അങ്ങനെയങ്ങ്‌ ഒതുങ്ങാനാവില്ലായിരുന്നു. അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവായ കെ.എം. മാണിക്കു കുടുംബം മാത്രമല്ല, കൂടെവന്നവരെയും പോറ്റണമല്ലോ! പക്ഷേ, മകന്‍ സമ്മതിച്ചില്ല. പുത്രസ്‌നേഹം സോണിയയ്‌ക്കു മാത്രമല്ലല്ലോ ഉള്ളത്‌. തനിക്കുള്ള വിഹിതം ചേര്‍ത്ത്‌, രണ്ടു സീറ്റ്‌ ചോദിച്ച പി.ജെ. ജോസഫ്‌ ആദ്യമേ വെടിപൊട്ടിച്ചു. മാണിക്കു വേണ്ടെന്നു പറയാനൊക്കുമോ? കിട്ടില്ലെന്നു ജോസഫിനും അറിയാമായിരുന്നു.

ചോദിച്ചതു കിട്ടിയില്ലെങ്കില്‍ കിട്ടുന്നതു തനിക്കെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. ഒടുവില്‍, കോട്ടയത്തു "മണ്ണിന്റെ മക്കള്‍വാദം" ഉയര്‍ത്തി മാണിയും മകനും ചേര്‍ന്നു ജോസഫിനെ വെട്ടിവീഴ്‌ത്തി. മാണിയുടെ മരുമകള്‍ പറഞ്ഞ "ചുണക്കുട്ടന്‍" ആരെന്നു നാട്ടുകാര്‍ക്കു വ്യക്‌തമായി.

ഏറ്റുമാനൂരിന്റെ മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടന്‍. മാണിയുടെ ചുണക്കുട്ടനെ കോട്ടയത്തെ കോണ്‍ഗ്രസുകാരും ജോസഫിന്റെ കേരളാ കോണ്‍ഗ്രസുകാരും എങ്ങനെ സ്വീകരിക്കുമെന്നതാണു യു.ഡി.എഫിന്റെ ആശങ്ക. രാജ്യസഭാ സീറ്റ്‌ അടിച്ചുമാറ്റിയതു മുതല്‍ മാണിയേയും മകനെയും പാഠം പഠിപ്പിക്കുമെന്ന വാശിയിലാണു കോട്ടയത്തെ കോണ്‍ഗ്രസുകാര്‍. കോട്ടയത്തു പണി കിട്ടിയാല്‍ ഇടുക്കി, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനിട്ടു തിരിച്ചുപണിയുമെന്നു മാണിയും.

വെട്ടലും നിരത്തലും മാണിയിലോ ജോസഫിലോ ഒതുങ്ങില്ലെന്നതാണു യു.ഡി.എഫിനെ കാത്തിരിക്കുന്ന ദുര്യോഗം. കേരളാ കോണ്‍ഗ്രസി(എം)ലെ പ്രശ്‌നപരിഹാരത്തിനു മധ്യസ്‌ഥത വഹിക്കുന്ന ലീഗിലും പ്രശ്‌നങ്ങള്‍ക്കു പഞ്ഞമില്ല. പൊന്നാനിയില്‍ ഇനി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ജയിക്കില്ലെന്നായിരുന്നു ലീഗിലെയും കോണ്‍ഗ്രസിലെയും അണിയറവര്‍ത്തമാനം. ഇതോടെ "ലഡുപൊട്ടിയ" സി.പി.എമ്മാകട്ടെ അസംതൃപ്‌തരെയൊക്കെ "പര്‍ച്ചേസ്‌" ചെയ്യാന്‍ കഴിവുള്ള പി.വി. അന്‍വറെന്ന പഴയ കോണ്‍ഗ്രസുകാരനെത്തന്നെ രംഗത്തിറക്കി. എം.എല്‍.എ. എന്ന നിലയില്‍ അന്‍വറുണ്ടാക്കിയ തലവേദനയൊന്നും ഈ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സി.പി.എമ്മിനു തടസമായില്ല. അവരുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഡി.സി.സി. ഖജാന്‍ജിതന്നെ അന്‍വറിനെ ചെന്നുകണ്ടെന്നാരോപിച്ച്‌ ലീഗുകാരും കോണ്‍ഗ്രസുകാരും ഏറ്റുമുട്ടലാരംഭിച്ചിട്ടുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW