Monday, March 25, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌/ഷാലു മാത്യു
Thursday 14 Mar 2019 01.47 AM

'ഇപ്പ ശര്യാക്കാ' മെന്ന വാക്ക്‌ കോണ്‍ഗ്രസ്‌ വിഴുങ്ങി ; അഭയാര്‍ഥിയായി ജോസഫ്‌, മാണിയേയോ ജോസഫിനെയോ തള്ളാനും കൊള്ളാനുമാകാത്ത അവസ്‌ഥയില്‍ കോണ്‍ഗ്രസ്‌

uploads/news/2019/03/294339/k2.jpg

തിരുവനന്തപുരം/കോട്ടയം : "ഡല്‍ഹിയില്‍നിന്നു കോണ്‍ഗ്രസ്‌ നേതാക്കളൊന്നു വന്നോട്ടെ" എന്ന ആത്മവിശ്വാസത്തിലായിരുന്നു കോട്ടയം സീറ്റ്‌ നിഷേധിക്കപ്പെട്ടശേഷം പി.ജെ. ജോസഫ്‌. പ്രശ്‌നങ്ങളെല്ലാം "ഇപ്പ ശര്യാക്കിത്തരാമെന്നു" കോണ്‍ഗ്രസ്‌ നേതാക്കള്‍ മാറിമാറി ജോസഫിനെ ആശ്വസിപ്പിച്ചു. എന്നാല്‍, ഡല്‍ഹിയില്‍നിന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വന്നിട്ടും ഇന്നലെ മുഴുവന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും "ഇനിയെന്ത്‌?" എന്ന കാര്യത്തില്‍ ജോസഫിനു കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ല. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ഇനിയൊരു പുനര്‍വിചിന്തനമില്ലെന്ന്‌ ഉറപ്പാവുകയും ചെയ്‌തു!

എപ്പോള്‍ കേരളാ കോണ്‍ഗ്രസ്‌ (എം) വിട്ടാലും യു.ഡി.എഫില്‍ത്തന്നെ അഭയം ലഭിക്കണമെന്നാണു ജോസഫ്‌ പ്രധാനമായും കോണ്‍ഗ്രസ്‌ നേതാക്കളോട്‌ ആവശ്യപ്പെട്ടത്‌. കെ.എം. മാണിക്കൊപ്പം ഇനി തുടരാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ തിരുവനന്തപുരത്തെത്തിയ ജോസഫ്‌ ആദ്യം ജഗതിയിലെ വസതിയില്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ കന്റോണ്‍മെന്റ്‌ ഹൗസിലെത്തി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയേയും കണ്ടു. പാര്‍ട്ടിയില്‍നിന്നുള്ള അവഗണന ഇരുവരോടും ജോസഫ്‌ വിവരിച്ചു. കോട്ടയത്തു തോമസ്‌ ചാഴികാടന്‍ തോറ്റാല്‍ തനിക്ക്‌ ഉത്തരവാദിത്വമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണു സൂചന. എന്നാല്‍, ജോസഫ്‌ പിന്നീട്‌ ഇക്കാര്യം നിഷേധിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, മുതിര്‍ന്നനേതാവ്‌ ടി.യു. കുരുവിള എന്നിവരും ജോസഫിനൊപ്പമുണ്ടായിരുന്നു.

പിന്നീട്‌, കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്‌പരം കൂടിയാലോചിച്ചശേഷം ജോസഫിനെ ചര്‍ച്ചയ്‌ക്കു ക്ഷണിച്ചു. കന്റോണ്‍മെന്റ്‌ ഹൗസില്‍ രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ജോസഫിന്റെ ആവശ്യങ്ങള്‍ കേട്ടു. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറുകയും കോട്ടയത്ത്‌ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയും ചെയ്‌താല്‍ പ്രശ്‌നം തീരുമെന്നു ജോസഫ്‌ സൂചിപ്പിച്ചു. ഇടുക്കിയില്‍ മാണിക്കും തനിക്കും താത്‌പര്യമുള്ളയാളെ മത്സരിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. എന്നാല്‍, അത്‌ അടഞ്ഞ അധ്യായമാണെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്‌തമാക്കി. അങ്ങനെയെങ്കില്‍ യു.ഡി.എഫിന്റെ ഭാഗമായി തുടരാന്‍ സാഹചര്യമൊരുക്കണമെന്നു ജോസഫ്‌ ആവശ്യപ്പെട്ടു.

തിടുക്കത്തില്‍ ഒന്നും ചെയ്യരുതെന്നും പരിഹാരമുണ്ടാക്കാമെന്നും മാത്രമായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെ ഉറപ്പ്‌. മറ്റുള്ളവരുമായി ആലോചിച്ചശേഷം ജോസഫുമായി വീണ്ടും ചര്‍ച്ചയാകാമെന്നും അവര്‍ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ്‌ വേളയില്‍ മാണിയേയോ ജോസഫിനെയോ തള്ളാനും കൊള്ളാനുമാകാത്ത അവസ്‌ഥയിലാണു കോണ്‍ഗ്രസ്‌. തീരുമാനം മാറ്റില്ലെന്നു മാണി അറിയിക്കുകയും ചെയ്‌തു.

ജോസഫിനെ കൈവിടില്ലെന്നും കോട്ടയത്ത്‌ ഉള്‍പ്പെടെ മുഴുവന്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുടെയും വിജയത്തിനായി ഇറങ്ങണമെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടതായാണു സൂചന. മാണി വിഭാഗവുമായുള്ള ലയനത്തിനുശേഷം നേരിടേണ്ടിവന്ന അവഗണനകള്‍ ജോസഫ്‌ അക്കമിട്ടുനിരത്തി. ഏക വൈസ്‌ ചെയര്‍മാനായിരുന്ന പി.സി. ജോര്‍ജ്‌ പാര്‍ട്ടി വിട്ടപ്പോള്‍ പകരം ജോസ്‌ കെ. മാണിയെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. രാജ്യസഭയിലേക്കു ജോസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോഴും തങ്ങള്‍ എതിര്‍ത്തില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഏക ലോക്‌സഭാ സീറ്റ്‌ തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നു. താന്‍ മത്സരിക്കണമെന്ന പാര്‍ട്ടിയിലെ പൊതുവികാരം ചിലര്‍ അട്ടിമറിക്കുകയായിരുന്നെന്നും ജോസഫ്‌ ചൂണ്ടിക്കാട്ടി. യു.ഡി.എഫില്‍ മാണി വിഭാഗത്തിനുള്ള അതേ പരിഗണന ജോസഫ്‌ വിഭാഗത്തിനും നല്‍കുമെന്ന വാഗ്‌ദാനം മാത്രമാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയത്‌.

ആര്‍. സുരേഷ്‌/ഷാലു മാത്യു

Ads by Google
ആര്‍. സുരേഷ്‌/ഷാലു മാത്യു
Thursday 14 Mar 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW