Monday, May 20, 2019 Last Updated 27 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.39 AM

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്‌ , അമ്പമ്പോ, അമ്പതിനായിരം കോടി!

uploads/news/2019/03/294155/bft1.jpg

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പും ലോകത്തെ ഏറ്റവും ചെലവേറിയത്‌. ഏപ്രില്‍ 11 മുതല്‍ മേയ്‌ 19 വരെ നീളുന്ന തെരഞ്ഞെടുപ്പിന്‌ 50,000 കോടി രൂപ ചെലവാകുമെന്നു ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്‌റ്റഡീസ്‌ (സി.എം.എസ്‌) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
2016-ലെ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ 650 കോടി ഡോളറാ(45,000 കോടിയിലേറെ രൂപ)യിരുന്നു ചെലവ്‌.
സി.എം.എസ്‌. പഠനപ്രകാരം, പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഒരു സമ്മതിദായകനു ചെലവാകുന്ന തുക എട്ടു ഡോളര്‍ (ഏകദേശം 560 രൂപ)യാണ്‌. രാജ്യത്തെ 60% ജനങ്ങളുടെ ജീവിതച്ചെലവ്‌ വെറും മൂന്നു ഡോളര്‍ (210 രൂപയില്‍ താഴെ) മാത്രമാണെന്നിരിക്കേയാണിത്‌.
2014-ലെ പൊതുതെരഞ്ഞെടുപ്പിനു ചെലവായതിനേക്കാള്‍ 40% വര്‍ധനയാണ്‌ ഇക്കുറിയുണ്ടാവുക. തെരഞ്ഞെടുപ്പ്‌ ചെലവില്‍ സിംഹഭാഗവും അപഹരിക്കുക സാമൂഹികമാധ്യമങ്ങളുടെ ഉപയോഗവും യാത്രാ, പരസ്യച്ചെലവുകളുമാകുമെന്നു സി.എം.എസ്‌. ഡയറക്‌ടര്‍ എന്‍. ഭാസ്‌ക്കര റാവു ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തിനായി ചെലവഴിക്കുന്ന തുകയില്‍ വന്‍കുതിച്ചുചാട്ടമാണുണ്ടായത്‌. (2014-ല്‍ 250 കോടി രൂപ, ഇക്കുറി കണക്കാക്കുന്നത്‌ 5,000 കോടി രൂപ). ഹെലികോപ്‌ടറുകളും ബസുകളും ഉള്‍പ്പെടെ, സ്‌ഥാനാര്‍ഥികളും പ്രവര്‍ത്തകരും നടത്തുന്ന യാത്രകളുടെ ചെലവിലും വന്‍വര്‍ധനയുണ്ടാകും. മണ്ഡലങ്ങളുടെ വലിപ്പവും സ്‌ഥാനാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചതു തെരഞ്ഞെടുപ്പ്‌ ചെലവില്‍ പ്രതിഫലിക്കും.
പ്രചാരണത്തില്‍ പുതുമകള്‍ കൊണ്ടുവരാനുള്ള മത്സരമാണു ചെലവു വര്‍ധിക്കാന്‍ മറ്റൊരു കാരണമെന്ന്‌ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ചു പഠനം നടത്തുന്ന, കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകന്‍ സിമണ്‍ ചൗചാഡ്‌ ചൂണ്ടിക്കാട്ടി. പല സംസ്‌ഥാനങ്ങളിലും സമ്മതിദായകരെ സ്വാധീനിക്കാന്‍ പണവും മദ്യവുമൊഴുക്കുന്നതിനു പുറമേ, ആടുകള്‍ മുതല്‍ ടെലിവിഷന്‍ സെറ്റുകള്‍ വരെയുള്ള ഉപഹാരങ്ങളും നല്‍കിവരുന്നതായി കലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ജെന്നിഫര്‍ ബസല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
കഴിഞ്ഞവര്‍ഷം കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ 130 കോടി രൂപ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയകക്ഷികളെല്ലാം ചേര്‍ന്നു വെളിപ്പെടുത്തിയത്‌ 1300 കോടി രൂപയുടെ സ്വത്തുവിവരമാണ്‌. പ്രചാരണത്തിന്റെ ഭാഗമായി കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച്‌ ശക്‌തി തെളിയിക്കുന്നതാണു സമകാലിക തെരഞ്ഞെടുപ്പുകളിലെ പ്രവണത.
റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കു ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണപ്പൊതികളും പലപ്പോഴും പണവും മദ്യവും വിതരണം ചെയ്യുന്നു.
പ്രവര്‍ത്തകര്‍ക്കായി വാഹനങ്ങളും പടക്കം, കസേര, മൈക്ക്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്താനുള്ള ചെലവ്‌ വേറേ. അപരസ്‌ഥാനാര്‍ഥികളെ ചെല്ലും ചെലവും കൊടുത്തു മത്സരിപ്പിക്കുന്നതും ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ പ്രത്യേകതയാണ്‌. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യച്ചെലവിനായി 2014-ല്‍ രണ്ടു പ്രമുഖ രാഷ്‌ട്രീയകക്ഷികള്‍ മുടക്കിയത്‌ 1200 കോടി രൂപയാണ്‌. ഇക്കുറി അത്‌ ഇരട്ടിയിലേറെ, 2,600 കോടി രൂപയാകുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം ഫെയ്‌സ്‌ബുക്കില്‍ മാത്രം രാഷ്‌ട്രീയപരസ്യങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടതു നാലുകോടി രൂപയാണ്‌.
വനാന്തരങ്ങളിലും പര്‍വതമേഖലകളിലുമുള്‍പ്പെടെ പോളിങ്‌ ബൂത്തുകള്‍ സജ്‌ജീകരിക്കാനും മറ്റും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഔദ്യോഗികമായി ചെലവഴിക്കുന്ന തുകയ്‌ക്കു പുറമേയാണു പ്രചാരണരംഗത്തെ കോടാനുകോടികളുടെ ഇടപാട്‌. ഈ സാമ്പത്തികവര്‍ഷം കേന്ദ്രബജറ്റില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനായി നീക്കിവച്ചതു 260 കോടി രൂപയിലേറെയാണ്‌.

Ads by Google
Wednesday 13 Mar 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW