Wednesday, March 13, 2019 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.17 AM

പരീക്ഷണങ്ങള്‍ അനവധി നേരിട്ട പൂജിത്തിന്‌ ഇതൊരു പരീക്ഷയേയല്ല !

uploads/news/2019/03/294076/k9.jpg

കൊച്ചി : ഇന്ന്‌ ആരംഭിക്കുന്ന എസ്‌.എസ്‌.എല്‍.സി. മലയാള പരീക്ഷയ്‌ക്കുള്ള അവസാനവട്ട തയാറെടുപ്പിലാണു പൂജിത്‌ കൃഷ്‌ണ. കിടന്നുകൊണ്ടാണു പഠനം. അരികില്‍ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി വേണു സാറുണ്ട്‌. ജീവിതത്തില്‍ നേരിടേണ്ടി വന്ന പരീക്ഷകളുടെയത്ര കടുകട്ടിയല്ല പൂജിത്തിന്‌ ഈ എസ്‌.എല്‍.എല്‍.സി പരീക്ഷ.
വെണ്ണല ഗവ. എച്ച്‌.എസ്‌.എസിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ പൂജിത്‌ കൃഷ്‌ണ ബിജു. നിവര്‍ന്നിരുന്നു പേന പിടിച്ച്‌ പരീക്ഷയെഴുതാന്‍ പൂജിത്തിനു കഴിയില്ല. ശരീരത്തിലെ മസിലുകള്‍ ശോഷിക്കുന്ന സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി എന്ന അസുഖവുമായാണ്‌ പൂജിതിന്റെ ജനനം. പൂജിത്‌ ജനിച്ചശേഷം സാധാരണ കുട്ടികളുടെ വളര്‍ച്ച കാണാതിരുന്നപ്പോഴാണ്‌ മാതാപിതാക്കളായ വെണ്ണല പാടിവട്ടം തറേപ്പറമ്പില്‍ ബിജുവും അണിമയും ആശുപത്രികള്‍ കയറിയിറങ്ങിയതും രോഗം കണ്ടുപിടിച്ചതും.
പൂജിത്തിന്‌ എഴുന്നേല്‍ക്കാനോ ഇരിക്കാനോ കഴിയില്ല. ഒന്നനങ്ങണമെങ്കില്‍ അമ്മ അണിമയുടെ സഹായം വേണം. പക്ഷേ മനക്കരുത്തു കൊണ്ടാണ്‌ ഈ പരിമിതികളെ പൂജിത്‌ തോല്‍പിക്കുന്നത്‌. എന്നും സ്‌കൂളില്‍ പോകാന്‍ ശരീരം സമ്മതിക്കില്ലെങ്കിലും എല്ലാ വിഷയങ്ങള്‍ക്കും മികച്ച മാര്‍ക്ക്‌ കിട്ടാറുണ്ട്‌. കഴിഞ്ഞ ക്രിസ്‌മസ്‌ പരീക്ഷയ്‌ക്ക്‌ കണക്കിനു മുഴുവന്‍ മാര്‍ക്കുമുണ്ടായിരുന്നു. അഞ്ചാം ക്ലാസിലാണ്‌ വെണ്ണല സ്‌കൂളില്‍ അഡ്‌മിഷനെടുത്തത്‌. നേരത്തെ സ്‌ഥിരമായി സ്‌കൂളില്‍ പോകുമായിരുന്നു. അന്തരീക്ഷത്തിലെ പൊടിയും നടുവിനു വേദനയും മറ്റും പ്രശ്‌നമായപ്പോഴാണു വീട്ടിലിരുന്നു പഠിക്കാന്‍ തുടങ്ങിയത്‌. സ്‌കൂളില്‍നിന്ന്‌ അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കും. ഇതുകൂടാതെ വീടിനടുത്തുള്ള റിട്ട. ടീച്ചര്‍ ശാന്തകുമാരി, വേണു സാര്‍ എന്നിവരൊക്കെ പ്രതിഫലമില്ലാതെ പൂജിത്തിനു ട്യൂഷനെടുക്കുന്നുണ്ട്‌. ബിജുവിന്റെ സഹോദരന്റെ ഭാര്യ ലിഷയും പഠിപ്പിക്കുന്നുണ്ട്‌.
പരീക്ഷയ്‌ക്കായി സ്‌കൂളില്‍ മൂന്നു മേശ പിടിച്ചിടും. രണ്ടു മേശകളിലായി പൂജിത്‌ കിടക്കും. അടുത്തിരിക്കുന്ന ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത്‌ എഴുതിക്കും. കിടന്നുകൊണ്ടു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും പൂജിത്‌ വിദഗ്‌ധനാണ്‌. പാഠഭാഗങ്ങള്‍ കമ്പ്യൂട്ടറില്‍ അധ്യാപകര്‍ ഡൗണ്‍ലോഡ്‌ ചെയ്‌തുകൊടുത്തിട്ടുണ്ട്‌. പ്ലസ്‌ ടുവിന്‌ കൊമേഴ്‌സ്‌ എടുത്ത്‌ സിവില്‍ സര്‍വീസാണു ലക്ഷ്യം. പൂജിത്തിന്റെ പഠനമികവിനും പരിശ്രമിക്കാനുള്ള മനസിനും അധ്യാപകരും നൂറുമാര്‍ക്ക്‌ നല്‍കുന്നു. ശാസ്‌ത്രീയസംഗീതത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്‌.
ഒരിക്കല്‍ തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ പൂജിത്‌ ചികിത്സയിലിരുന്നപ്പോള്‍ ആര്‍ട്ടിസ്‌റ്റ്‌ നമ്പൂതിരി അവിടെയെത്തി. ശ്രീകൃഷ്‌ണന്റെ പാട്ടു പാടിയ പൂജിത്തിന്‌ അദ്ദേഹം പേപ്പറില്‍ കരികൊണ്ടൊരു ശ്രീകൃഷ്‌ണന്റെ പടം വരച്ചു സമ്മാനമായി നല്‍കി. പൂജിത്തിനു മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരനിയനും കൂടിയുണ്ട്‌, സൗരഭ്‌ ബിജു.

Ads by Google
Wednesday 13 Mar 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW