Monday, May 20, 2019 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 12.52 AM

ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളായി വന്നു; മഹാനടന്മാരായി വളര്‍ന്നു

uploads/news/2019/03/293339/sun5.jpg

ഒടുവില്‍ മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരവും ജയസൂര്യയെ തേടിയെത്തി. അര്‍ഹിക്കുന്ന അംഗീകാരം എന്നല്ലാതെ നേരിയ വിയോജിപ്പ്‌ പോലും ഇക്കാര്യത്തില്‍ ഒരു ഭാഗത്തു നിന്നും ഉണ്ടായില്ല. ജയന്‍ പകര്‍ന്നാട്ടം നല്‍കിയ കഥാപാത്രങ്ങളുടെ വൈവിധ്യവും വൈപുല്യവും അത്രയേറെയാണ്‌. സാധാരണഗതിയില്‍ മിമിക്രി പശ്‌ചാത്തലത്തില്‍ നിന്നുവരുന്ന നായകനടന്‍മാര്‍ നിലവാരം കുറഞ്ഞ കോമഡി റോളുകളില്‍ ഒതുങ്ങിക്കൂടി വിപണനവിജയം ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ ജയസൂര്യ വളരെ ബുദ്ധിപൂര്‍വം നീങ്ങി. അദ്ദേഹത്തിന്റെ രൂപഭാവങ്ങള്‍ വച്ച്‌ നമുക്ക്‌ സങ്കല്‍പ്പിക്കാനാവാത്ത രണ്ട്‌ കഥാപാത്രങ്ങളായിരുന്നു കങ്കാരുവിലും ഇയ്യോബിന്റെ പുസ്‌തകത്തിലും അവതരിപ്പിച്ചത്‌.
കങ്കാരു എന്ന പ്ര?ജക്‌ടില്‍ തന്നെ തേടി വന്ന നായകകഥാപാത്രം പൃഥ്വിരാജിന്‌ നല്‍കാന്‍ നിര്‍മ്മാതാക്കളോട്‌ നിര്‍ദ്ദേശിച്ച്‌ ചിത്രത്തിലെ അതിക്രൂരനായ നെഗറ്റീവ്‌ വേഷം ചോദിച്ചു വാങ്ങിയ ജയസൂര്യ നായകനടന്‍മാരുടെ മനോഭാവങ്ങളിലെ വാര്‍പ്പ്‌ മാതൃകകള്‍ ഉടച്ചു വാര്‍ത്തു. ആട്‌ സിനിമാ പരമ്പരയിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രവും ഒരു അത്ഭുതമായിരുന്നു. മോഹന്‍ലാലിനെ പോലൊരു നടന്‍ ചെയ്യേണ്ട കഥാപാത്രം, വേഷപകര്‍ച്ചയില്‍ നേരിയ അപഭ്രംശം പോലും സംഭവിക്കാതെ തികഞ്ഞ കയ്യടക്കത്തോടെ ജയസൂര്യ അവതരിപ്പിച്ചു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ കണ്ട ജയസൂര്യയല്ല വി.പി.സത്യന്റെ കഥ പറഞ്ഞ ക്യാപ്‌റ്റന്‍ എന്ന സിനിമയില്‍ കണ്ടത്‌. സമകാലികരും തൊട്ടുമുന്‍ തലമുറയില്‍ പെട്ട താരങ്ങളും സ്‌റ്റീരിയോ ടൈപ്പ്‌ വേഷങ്ങളിലൊതുങ്ങി നിന്നപ്പോള്‍ ജയസൂര്യ പരസ്‌പരം ഒരു സാധര്‍മ്മ്യങ്ങളുമില്ലാത്ത കഥാപാത്രങ്ങളെ ബോധപൂര്‍വം തിരഞ്ഞെടുത്ത്‌ അസാമാന്യ റേഞ്ചുളള നടനാെണന്ന്‌ തെളിയിച്ചു.
കയ്യടി സിനിമകളും സൂപ്പര്‍താരപദവിയുമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെയുള്ളില്‍ കാമ്പുളള ഒരു നടനുണ്ടെന്ന്‌ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു. എന്നിട്ടും ജയസൂര്യയുടെ ചിത്രങ്ങള്‍ വന്‍സാമ്പത്തിക വിജയം കൈവരിച്ചു. അദ്ദേഹത്തിന്റെ പ്രതിഫലം കോടിക്കു മേല്‍ ഉയര്‍ന്നു. അപാരമായ അര്‍പ്പണബോധവും പ്രതിഭയും സമന്വയിച്ച നടനാണ്‌ ജയസൂര്യ.
ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റ്, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്, മിമിക്രി കലാകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ നിരവധി പടവുകള്‍ ചവുട്ടിക്കയറിയാണ്‌ നാം ഇന്ന്‌ കാണുന്ന തലത്തില്‍ ജയസൂര്യ എത്തിച്ചേര്‍ന്നത്‌. അദ്ദേഹത്തിന്റെ അഭിനയയാത്രയിലെ വലിയൊരു നാഴികക്കല്ലാണ്‌ ഈ പുരസ്‌കാരം.
മുന്‍കാലങ്ങളില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ് അനുഭവിച്ചിരുന്ന വിഷമങ്ങളെക്കുറിച്ച്‌ ജയസൂര്യ തന്നെ തന്റെ ആദ്യകാല അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. ഷൂട്ട്‌ കഴിഞ്ഞ്‌ മടങ്ങിപോകാന്‍ തനിക്ക്‌ വാഹനം ലഭിക്കാതിരുന്നതും കുശിനിക്കാരെ ഇടിച്ചു കയറ്റിയ പെട്ടിവണ്ടിയില്‍ തന്നെയും കയറ്റിവിട്ടതും അങ്ങനെ വെയിലുകൊണ്ട്‌ നിന്ന്‌ യാത്ര ചെയ്‌തതും മറ്റും..
ജയസൂര്യയെ പോലെ തന്നെ വളരെ ചെറിയ വേഷങ്ങളിലൂടെ വന്ന്‌ വലിയ അഭിനേതാവായി വളര്‍ന്ന നടനാണ്‌ ജയനൊപ്പം സംസ്‌ഥാന പുരസ്‌കാരം പങ്കിട്ട സൗബിനും. ഹാസ്യനടന്‍ എന്ന ലേബലില്‍ ഒതുങ്ങാതെ സുഡാനിയിലും ഏറ്റവും ഒടുവില്‍ കുമ്പളങ്ങി നൈറ്റ്‌സിലും അഭിനയകലയുടെ ഉദാത്ത തലങ്ങളിലേക്ക്‌ ഉയര്‍ന്നു പറന്ന സൗബിന്‍ തീര്‍ച്ചയായും വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. എങ്ങനെ തുടങ്ങി, എവിടെ നിന്നുവന്നു എന്നതിലല്ല, എവിടെ എത്തിച്ചേര്‍ന്നു എന്നതാണ്‌ പ്രധാനമെന്ന്‌ ഇവരെല്ലാം കാണിച്ചു തരുന്നു.
നടന്‍ എന്ന നിലയില്‍ വെന്നിക്കൊടി പാറിക്കെ തന്നെ ദുല്‍ഖര്‍ സല്‍മാനെ ഉള്‍പ്പെടുത്തിപറവ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ട്‌ ആ മേഖലയിലും സൗബിന്‍ തന്റെ പ്രതിഭ തെളിയിച്ചു.
മികച്ച സ്വഭാവനടനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ജോജുവിന്റെ കാര്യവും സമാനമാണ്‌. ജൂനിയര്‍ നടനായി വന്ന ജോജു ഇന്ന്‌ എത്തി നില്‍ക്കുന്ന ഉയരങ്ങള്‍ അദ്ദേഹം സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. ഏറ്റവും ഒടുവില്‍ നായകനായെത്തിയ ജോസഫ്‌ എന്ന ചിത്രം ബോക്‌സ് ഓഫീസ്‌ വിജയത്തിനൊപ്പം മികച്ച നടന്‍മാരുടെ നിരയിലേക്ക്‌ ജോജുവിനെ ഉയര്‍ത്തി. പ്രേക്ഷകര്‍ എന്നേ നല്‍കിയ അംഗീകാരം ഒരു സര്‍ക്കാര്‍തല പുരസ്‌കാരത്തിലുടെ അരക്കിട്ട്‌ ഉറപ്പിക്കപ്പെടുകയാണ്‌. നിര്‍മ്മാതാവ്‌ എന്ന നിലയിലും വിജയചിത്രങ്ങള്‍ സമ്മാനിച്ച ജോജു ഇപ്പോള്‍ നേട്ടങ്ങളുടെ സഹയാത്രികനായി മാറുകയാണ്‌.
മൂന്നുപേരില്‍ നിന്ന്‌ ഒരാളെ മികച്ച നടനായി കണ്ടെത്താന്‍ കഴിയാതെ കുമാര്‍ സാഹ്നിയെ പോലൊരു ചലച്ചിത്രകാരന്‍ നേതൃത്വം നല്‍കിയ അവാര്‍ഡ്‌ ജൂറി കുഴങ്ങി എന്ന വാര്‍ത്ത തന്നെയാണ്‌ ഈ നടന്‍മാരുടെ അഭിനയമികവിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം.

സജില്‍ ശ്രീധര്‍

Ads by Google
Sunday 10 Mar 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW