Friday, May 24, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 12.52 AM

ഒരു ട്രെയിനിന്റെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന്‌...

uploads/news/2019/03/293337/sun3.jpg

പത്തു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു ട്രെയിന്‍യാത്ര. ഒരു കാലത്ത്‌ ട്രെയിനില്‍ എത്രയോ യാത്രചെയ്‌തതാണ്‌. ആ യാത്രകളിലൂടെ ലോകത്ത്‌ സ്വന്തമായ വ്യക്‌തിത്വമുള്ള ഒരേ ഒരു വാഹനം ട്രെയിനാണെന്ന ഒരഭിപ്രായവും അയാളില്‍ ഉരുത്തിരിഞ്ഞിരുന്നു. എന്തെന്ത്‌ അനുഭവങ്ങള്‍ക്ക്‌ സാക്ഷിയാണ്‌ ഈ വാഹനം!
അപ്പോഴേക്കും തന്റെ മുന്‍യാത്രകളുടെ ഓര്‍മ്മകള്‍ അയാളിലേക്കു കടന്നുവന്നു. അനുഭവങ്ങള്‍ ഒന്നൊന്നായെടുത്താസ്വദിച്ച്‌ സമയം പോക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവയ്‌ക്കിടയിലൂടെ തോമസ്‌ ഓടിക്കടന്നുവന്നു. ഞാന്‍ മുന്‍പേ എന്ന ഭാവം.
ഏതാനും മിനിറ്റു നേരത്തെ പരിചയമേ അയാളുമായുള്ളു. അതും നാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. എഗ്‌മോര്‍ - തിരുവനന്തപുരം ട്രെയിനിലെ അരണ്ട വെളിച്ചത്തിലോ പിന്നീട്‌ ട്രെയിനില്‍ പിടിച്ചുകൊണ്ട്‌ ഓടിയപ്പോഴോ അയാളുടെ മുഖം ശരിക്കു കണ്ടതു കൂടിയില്ല. ആകെക്കൂടിയുള്ളത്‌ പതിനാലു രൂപയുടെ ബന്ധം.
എഗ്മോറില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയായിരുന്നു. ട്രെയിനിന്റെ ലഗ്ഗേജ്‌ കാരിയറില്‍ കിടക്ക വിരിച്ചു കിടക്കുമ്പോഴും ഉറക്കം അയാളില്‍ നിന്ന്‌ അകന്നുനിന്നു. അങ്ങനെ ഉണര്‍ന്നുകിടക്കുമ്പോഴാണ്‌ ആ സംഭവം.
ഒരു നിലവിളിയിലൂടെയാണ്‌ തോമസിനെ ആദ്യം അറിഞ്ഞത്‌. മിലിട്ടറി യൂണിഫോം ധരിച്ചിരുന്ന തന്റെ കിടക്കയുടെ അടിയില്‍, കൊച്ചുകൊച്ചു സഞ്ചികളില്‍ ഒന്നും രണ്ടും ഇടങ്ങഴിമാത്രം അരി ഒളിപ്പിച്ചുവച്ചു സംസ്‌ഥാനാതിര്‍ത്തി കടത്തുന്ന അമ്മമാരുടെ കഷ്‌ടപ്പാടുകളെപ്പറ്റി അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ആ രോദനം. അവരിലാരെങ്കിലും പോലീസിന്റെ പിടിയിലായിരിക്കാം എന്നാണ്‌ ആദ്യം തോന്നിയത്‌. അതേ കമ്പാര്‍ട്ട്‌മെന്റിലെ മറ്റേതോ ക്യാബിനില്‍ നിന്നായിരുന്നു ആ ശബ്‌ദം.
'എന്നെ കൊണ്ടുപോകല്ലേ സാറേ...' തുടര്‍ന്ന്‌ ദയനീയമായ നിലവിളി. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, ഇതൊരു കുട്ടിയുടെ ശബ്‌ദമാണ്‌.
ഒന്നു നോക്കിക്കളയാം. അയാള്‍ എഴുന്നേറ്റു.
ട്രെയിന്‍ കേരളത്തിലെത്തിക്കഴിഞ്ഞിരുന്നു. കമ്പാര്‍ട്ടുമെന്റില്‍ നാലഞ്ചുപേര്‍ മാത്രം. അവരൊക്കെ ഉറക്കത്തിലും. ധരിച്ചിരുന്ന യൂണിഫോമിന്റെ ധൈര്യത്തില്‍ അയാള്‍ മുന്നോട്ടു നടന്നു. അപ്പോള്‍ വീണ്ടും നിലവിളി. അതോടൊപ്പം മറ്റൊരു ശബ്‌ദവും.
'കൂട്ടുകാരന്‍ എവിടെടാ?'
'എനിക്കറിയത്തില്ല'
ചോദ്യം തമിഴിലായിരുന്നു. ഉത്തരം മലയാളത്തിലും.
മിലിട്ടറി യൂണിഫോം ധരിച്ച ഒരാളെ അരികില്‍ കണ്ടപ്പോള്‍ കുട്ടിയുടെ ഭയം വര്‍ദ്ധിച്ചു.
'എന്താ? എന്തുപറ്റി?'
മറുപടി പറഞ്ഞത്‌ ടിക്കറ്റ്‌ എക്‌സാമിനറായ തമിഴനാണ്‌.
'ഇവന്‍ ടിക്കറ്റില്ലാതെയുള്ള യാത്രയാണ്‌. എന്നെക്കണ്ട്‌ ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടിയതാണ്‌. ഇവന്റെ കൂട്ടുകാരന്‍ മുങ്ങിക്കളഞ്ഞു.'
അയാള്‍ വീണ്ടും അവന്റെ നേരേ തിരിഞ്ഞു. 'എവിടെടാ കൂട്ടുകാരന്‍?'
'എന്റെ കൂട്ടുകാരനൊന്നുമല്ല സാറേ അത്‌'
അവന്‍ അയാളോടായി പറഞ്ഞു.
'ഈ വണ്ടീവച്ചു കണ്ടതാ. ആരാന്നും എങ്ങോട്ടുപോയെന്നും എനിക്കറിഞ്ഞൂടാ.'
'ശരി. പക്ഷെ, നീയെന്താ ടിക്കറ്റെടുക്കാഞ്ഞേ?'
'കാശില്ലാഞ്ഞിട്ടാ സാറേ. ജോലി കിട്ടുവെന്നുകേട്ടു പോയതാ. രണ്ടാഴ്‌ചയായി. കയ്യിലൊണ്ടാരുന്ന കാശു തീര്‍ന്നു. പട്ടിണീമായി. ജോലിയൊന്നും കിട്ടിയില്ല. അതു കൊണ്ടിങ്ങു പോന്നതാ.'
ഇനിയെല്ലാം നിങ്ങള്‍ തീരുമാനിച്ചോ എന്ന ഭാവത്തില്‍ അവന്‍ അയാളേയും ടിക്കറ്റ്‌ എക്‌സാമിനറേയും മാറിമാറി നോക്കി.
പത്തുപതിനാറു വയസ്സുമാത്രം തോന്നിക്കുന്ന കുട്ടി. വെളുത്ത, ക്ഷീണിച്ച ശരീരം.
അയാള്‍ തമിഴന്റെ മുഖത്തേക്കു നോക്കി.
'മദ്രാസീന്നു കേറിയതാ ഇവന്‍'
തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ ടിക്കറ്റ്‌ എക്‌സാമിനര്‍ പറഞ്ഞു.
'അവിടുന്നൊള്ള ടിക്കറ്റു ചാര്‍ജ്‌ജും പെനാല്‍റ്റീം അടയ്‌ക്കണം. ഇല്ലെങ്കില്‍പ്പിന്നെ ഇവനെ കൊണ്ടുപോയല്ലേ പറ്റൂ?'
അവനെ ശിക്ഷിക്കണമെന്ന വാശിയൊന്നും ടിക്കറ്റ്‌ എക്‌സാമിനര്‍ക്ക്‌ ഇല്ലെന്നു തോന്നി.
അയാള്‍ ആലോചിച്ചു. കയ്യില്‍ രണ്ടുമാസത്തെ ശമ്പളത്തില്‍ നിന്ന്‌ ചെലവായതു കഴിച്ച്‌ ഇരുന്നൂറ്റമ്പതു രൂപയോളം കാണണം. അയാള്‍ വീണ്ടും പയ്യനെ നോക്കി. അവന്റെ മുഖത്ത്‌ ഏതോ ശുഭപ്രതീക്ഷ.
'ഇതൊന്നു തീര്‍ന്നെങ്കില്‍ പോയിക്കിടന്നുറങ്ങാമായിരുന്നു' എന്ന ഭാവത്തില്‍ ടിക്കറ്റ്‌ എക്‌സാമിനറും അയാളെത്തന്നെ നോക്കുന്നു.
'ടിക്കറ്റിന്റെ കാശെല്ലാംകൂടെ എത്രയാകും?' അയാള്‍ ചോദിച്ചു.
തമിഴന്‍ എന്തോ ചിന്തിച്ചുനിന്നു. എന്നിട്ട്‌ രണ്ടുപേരേയും മാറിമാറിനോക്കി.
'ഒരു കാര്യംചെയ്യാം. മദ്രാസീന്നൊള്ള ചാര്‍ജ്‌ജുതന്നെ നല്ലൊരു തുകയാകും. പിന്നെ പെനാല്‍റ്റി വേറെ. അതുകൊണ്ട്‌ മധുരേന്നൊള്ള ചാര്‍ജ്‌ജു കിട്ടിയാല്‍ ഇവനെ വിട്ടേക്കാം.' അയാള്‍ അവന്റെ നേരെ തിരിഞ്ഞു. പക്ഷേ പുനലൂരെറങ്ങിക്കോണം.
'ചാര്‍ജെത്രയാകും?' പോക്കറ്റില്‍ കൈകടത്തിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.
'പതിനാലു രൂപയാകും'
അയാള്‍ പണം കൊടുത്തു രസീതു വാങ്ങി.
എഴുന്നേറ്റ്‌ അടുത്ത ക്യാബിനിലേക്കു നടക്കുന്നതിനു മുന്‍പ്‌ പയ്യന്റെ തോളില്‍ തട്ടിക്കൊണ്ട്‌ തമിഴന്‍ പറഞ്ഞു, 'ഓര്‍മ്മയൊണ്ടല്ലോ? പുനലൂരെറങ്ങിക്കോണം.'
അയാള്‍ സീറ്റിലിരുന്നു. പയ്യനെ എതിരേയുള്ള സീറ്റില്‍ പിടിച്ചിരുത്തി.
'നിന്റെ പേരെന്താ?'
'തോമസ്സ്‌'
'വീട്‌?'
'പുനലൂരിനടുത്താ'
വെളിയില്‍ ഓടിമറയുന്ന ഇരുട്ടിനെ നോക്കിക്കൊണ്ട്‌ അല്‍പ്പനേരമിരുന്നിട്ട്‌ അവന്‍ പറഞ്ഞു:
'സാറു കാശുകൊടുത്തകൊണ്ട്‌ ജയിലിപ്പോകാതെ രക്ഷപ്പെട്ടു'
'അവര്‍ക്കും ഡ്യൂട്ടി ചെയ്യണ്ടായോ?'
'അതും ശരിയാ'
അല്‌പം കഴിഞ്ഞ്‌ അവന്‍ ചോദിച്ചു:
'സാറിന്റെ പേരെന്താ?'
'എന്തിനാ?'
'വീടെവിടാ?'
'കൊല്ലത്ത്‌'
'എവിടുന്നുവരുകാ?'
'ഗോഹാട്ടീന്ന്‌. ആസ്സാം'
അവന്‍ അയാളുടെ യൂണിഫോമിലേക്കു നോക്കിക്കൊണ്ട്‌ സ്വയമെന്നപോലെ പറഞ്ഞു:
'പ്രായമാകാത്തകൊണ്ട്‌ പട്ടാളത്തീച്ചേരാനും പറ്റത്തില്ല'
ട്രെയിനിന്റെ വേഗത കുറഞ്ഞു. സ്‌റ്റേഷന്‍ അടുക്കുകയാണ്‌.
'സാറിന്റെ മേല്‍വിലാസം തരണം'
'അതെന്തിനാ? അതൊന്നും വേണ്ട'
'വേണം സാറേ. അവന്‍ നിര്‍ബന്ധിക്കുകയാണ്‌'
അതൊന്നൊഴിവാക്കാന്‍ അയാള്‍ പറഞ്ഞു. എഴുതാന്‍ കടലാസ്സും പേനയുമൊന്നുമില്ല.
'പറഞ്ഞാമതി'
ട്രെയിന്‍ പുനലൂര്‍ സ്‌റ്റേഷനിലേക്കു കടന്നു. നീ വേഗമെറങ്ങ്‌. അയാള്‍ രസീത്‌ അവനെ ഏല്‌പ്പിച്ചു. അവന്‍ ഇറങ്ങാതെ നിന്നു. 'മേല്‍വിലാസം?'

'നീയെറങ്ങ്‌. ട്രെയിനിപ്പം വിടും'
ട്രെയിന്‍ പതുക്കെ ചലിക്കാന്‍ തുടങ്ങി. അവന്‍ താഴെയിറങ്ങി ജനലില്‍ പിടിച്ചുകൊണ്ട്‌ കൂടെ നടന്നു. ട്രെയിന്‍ സ്‌പീഡെടുക്കാന്‍ തുടങ്ങിയിട്ടും അവന്‍ കൂടെനടക്കുകയാണെന്നു കണ്ടപ്പോള്‍ അയാള്‍ മേല്‍വിലാസം പറഞ്ഞു കൊടുത്തു.
അവന്‍ ട്രെയിനിലെ പിടിവിട്ടു. ട്രെയിനിന്റെ ശബ്‌ദംകൊണ്ട്‌ മേല്‍വിലാസം അവന്‌ മനസ്സിലായിക്കാണില്ലെന്ന്‌ അയാള്‍ കരുതി.
വീട്ടിലെത്തി നാലാം ദിവസം അയാള്‍ക്കൊരു കത്തു കിട്ടി. അയാളുടെ പേരും സ്‌ഥലപ്പേരും പോസ്‌റ്റോഫീസിന്റെ പേരും ശരിയാണ്‌. പോസ്‌റ്റോഫീസിന്റെ പേരിനടിയില്‍ പത്തിരുന്നൂറുമൈല്‍ അകലെയുള്ള വേറൊരു സ്‌ഥലപ്പേര്‍.
ഇരിങ്ങാലക്കുട. വീട്ടുപേരില്ല. എങ്കിലും ഒരതിശയമായി ആ കത്ത്‌ അയാളുടെ കയ്യിലെത്തി! എല്ലാത്തിനും വീണ്ടുംവീണ്ടും നന്ദി പറഞ്ഞു കൊണ്ടുള്ള തോമസിന്റെ കത്ത്‌. തോമസിന്റെ മേല്‍വിലാസവും അതിലുണ്ട്‌. തോമസിന്‌ വേഗം ജോലികിട്ടട്ടെ എന്ന്‌ ആശംസിച്ചുകൊണ്ട്‌ ഒരു മറുപടി അയച്ചു.
വളരെനാളിനുശേഷം ബോംബെയില്‍വച്ച്‌ ആകസ്‌മികമായി ആ കത്ത്‌ അയാളുടെ മുന്‍പില്‍ വന്നുപെട്ടു. വീണ്ടുമൊന്നു വായിച്ചപ്പോള്‍ തോമസിന്റെ വിവരങ്ങളറിയാന്‍ ഒരാഗ്രഹം. ഒരു കത്തയച്ചു. അതിനു മറുപടിയും കിട്ടി. തോമസിനു ജോലിയൊന്നും ആയിട്ടില്ല.
തൊട്ടുമുന്‍പിലിരുന്ന ആള്‍ എഴുന്നേറ്റപ്പോള്‍ തല്‍ക്കാലം തോമസിനെ വിട്ട്‌ സുധാകരന്റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. അയാള്‍ കുറേ മുന്‍പ്‌ പരിചയപ്പെടാന്‍ ശ്രമിച്ചതും തന്റെ ശ്രദ്ധ മറ്റെങ്ങോ ആണെന്നു കണ്ട്‌ പിന്‍വലിഞ്ഞതും സുധാകരന്‍ ഓര്‍ത്തു. എഴുന്നേറ്റ ആള്‍ പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡ്‌ എടുത്ത്‌ എന്തോ എഴുതി അടുത്തിരുന്ന ആളിനു കൊടുത്തു. അയാള്‍ അതുവാങ്ങിനോക്കിയിട്ട്‌ അടുത്തുവച്ചു. കാര്‍ഡ്‌ കൊടുത്തയാള്‍ വീണ്ടും ഇരുന്നപ്പോള്‍ സുധാകരന്റെ ശ്രദ്ധ മറ്റുപലരിലേക്കും തിരിഞ്ഞു. അതിനിടയില്‍ അയാളോര്‍ത്തു. തോമസിന്റെ രണ്ടു കത്തുകളും നഷ്‌ടപ്പെട്ടു. ഏതോ സ്‌റ്റേഷന്‍ അടുക്കാറായി. അയാള്‍ വെളിയിലേക്കു നോക്കി. കരുനാഗപ്പള്ളി. ട്രെയിന്‍ നിന്നു. ആ കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നവര്‍ അവിടെയിറങ്ങിയപ്പോള്‍ സുധാകരന്‍ ഒറ്റയ്‌ക്കായി. ട്രെയിന്‍ മുന്നോട്ടു നീങ്ങി.
ഏകാന്തത ഒരു സന്തോഷമായി അയാളിലേക്ക്‌ അലിഞ്ഞിറങ്ങി. നിശ്ശബ്‌ദമായ മനസ്സിലേക്ക്‌ ഒരു താരാട്ടായി ട്രെയിനിന്റെ താളം കടന്നു ചെന്നു.
ദൂരെ ഒരു കര്‍ഷകന്‍ മരച്ചീനിക്കമ്പുകള്‍ വെട്ടി ഒരുക്കിനടുന്നത്‌ അയാള്‍ കണ്ടു. എത്രയോ തവണ കണ്ടിട്ടുള്ള കാഴ്‌ച. പക്ഷേ ഇപ്പോള്‍ അതിലും ഒരു പുതുമ! ഈ തണ്ടുകളിലും ചൈതന്യത്തിന്റെ പൂര്‍ണ്ണത നിറഞ്ഞിരിക്കുന്നു! പത്തുനാള്‍ക്കുള്ളില്‍ പഞ്ചഭൂതങ്ങളുടെ തലോടലേറ്റുണരാന്‍ കൊതിച്ചിരിക്കുന്ന ജീവപ്രവാഹം!
ട്രെയിന്‍ അടുത്ത സ്‌റ്റേഷനിലെത്താറായി. പെട്ടെന്ന്‌ മുന്‍പിലെ സീറ്റില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞു. ആ കാര്‍ഡ്‌ അവിടെ കിടക്കുന്നു. സുധാകരന്‍ ആ കാര്‍ഡ്‌ എടുത്തു നോക്കി. ഏതോ സ്വര്‍ണ്ണക്കടയുടെ പരസ്യം. മറിച്ചുനോക്കിയപ്പോള്‍ അവിടെ എന്തോ എഴുതിയിരിക്കുന്നു. ഒരു തോമസിന്റെ മേല്‍വിലാസം. ഏതോ പ്രേരണയാല്‍ അയാള്‍ അത്‌ വീണ്ടും വീണ്ടും വായിച്ചുനോക്കി. അപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ അപ്പുറത്തു നിന്ന്‌ ഉല്‍ക്കപോലെ ഒരു മേല്‍വിലാസം അയാളുടെ ഓര്‍മ്മയിലെത്തി. അയാള്‍ അതിനെ കാര്‍ഡിലെ മേല്‍വിലാസവുമായി തട്ടിച്ചുനോക്കി.
രണ്ടും ഒന്നുതന്നെ! തോമസിന്റെ മേല്‍വിലാസം!
അപ്പോള്‍ എന്റെ മുന്‍പില്‍ ഇരുന്നതും പരിചയപ്പെടാന്‍ ശ്രമിച്ചതും തോമസു തന്നെയായിരുന്നോ? തോമസുമായി വീണ്ടും ബന്ധപ്പെടാന്‍ കിട്ടിയ അവസരവും നഷ്‌ടമായി. ഏതായാലും മേല്‍വിലാസമുണ്ടല്ലോ. അയാള്‍ ആ കാര്‍ഡ്‌ പോക്കറ്റിലിട്ടു.
ട്രെയിന്‍ അതിവേഗതയില്‍ കുതിച്ചുപാഞ്ഞു. വെയില്‍ കണ്ണിലടിച്ചപ്പോള്‍ സുധാകരന്‍ അല്‍പ്പം മാറിയിരുന്നു.
ട്രെയിനിന്റെ വേഗത പെട്ടെന്നു നിലച്ചു. വണ്ടി ഭീകരമായി ഉലഞ്ഞു. മുന്നിലെങ്ങോ നിന്ന്‌ അതിഭയങ്കരമായ ശബ്‌ദവും കൂട്ടനിലവിളിയും കേട്ടു. സുധാകരന്‍ സൈഡിലേക്കു നോക്കി. വണ്ടി കായലിനു മുകളിലെ പാളത്തിലാണ്‌. മുന്‍വശത്തെ കമ്പാര്‍ട്ടുമെന്റുകള്‍ വെള്ളത്തിലേക്കു വീണുകിടക്കുന്നു. എഞ്ചിന്‍ മിക്കവാറും മുങ്ങിക്കഴിഞ്ഞു.
തന്റെ മനസ്സിലെ തോന്നലുകളാണതെല്ലാം എന്ന്‌ അയാള്‍ സംശയിച്ചു. പക്ഷേ കമ്പാര്‍ട്ടുമെന്റിന്റെ നിരന്തരമായ ഉലച്ചില്‍ സത്യം അംഗീകരിക്കാന്‍ അയാളെ പ്രാപ്‌തനാക്കി. ഇഞ്ചിഞ്ചായി തന്റെ ബോഗി താഴേക്കു വീണു കൊണ്ടിരിക്കുകയാണെന്ന്‌ അയാളറിഞ്ഞു. കാറ്റ്‌ അടിച്ചപ്പോഴൊക്കെ അത്‌ കൂടുതല്‍ ശക്‌തിയായി വെള്ളത്തിനു നേരേ ചലിച്ചു. കമ്പാര്‍ട്ടുമെന്റിന്റെ മുന്‍ഭാഗം പാളത്തില്‍ നിന്നു വിട്ടു കായലിനു നേരേ കുത്തനെ താഴ്‌ന്നു കൊണ്ടിരുന്നു. അയാള്‍ എഴുന്നേറ്റ്‌ കമ്പാര്‍ട്ടുമെന്റിന്റെ പിന്നിലേക്കു പോകാന്‍ ശ്രമിച്ചതും അത്‌ വീണ്ടുമുലഞ്ഞു. ഇഴഞ്ഞിഴഞ്ഞ്‌ പിന്നിലെത്തിയ അയാള്‍ ഒരു കമ്പിയില്‍ പിടിച്ച്‌ പല്ലിയെപ്പോലെ അവിടെ പറ്റിക്കിടന്നു. തന്റെ ഒരു ചെറിയ ചലനം പോലും പ്രതികൂലമായി ബാധിക്കും എന്നയാള്‍ കരുതി. അല്‍പ്പം മുന്‍പ്‌ മനസ്സില്‍ നിറഞ്ഞുനിന്ന ചിന്തകളുടെ നേരിയ ലാഞ്‌ഛനപോലും അപ്പോഴവിടെ ഉണ്ടായിരുന്നില്ല. മരണത്തെ മുന്‍പില്‍ കണ്ടുകൊണ്ട്‌ ഒന്നും ചെയ്യാനാകാതെ അയാള്‍ കിടന്നു.
പെട്ടെന്ന്‌ കമ്പാര്‍ട്ടുമെന്റിന്റെ മുന്‍വശം വേഗതയോടെ താഴ്‌ന്നു. താഴേക്കുള്ള വലിവു വര്‍ദ്ധിച്ചപ്പോള്‍ പാലത്തിന്റെ വശത്തു തടഞ്ഞുനിന്ന പിന്നിലുള്ള ബോഗിയുടെ ചക്രങ്ങള്‍ സ്വതന്ത്രമായി. ഒരു ഹുങ്കാരത്തോടെ സുധാകരനേയും കൊണ്ട്‌ ബോഗി താഴേക്കു പതിച്ചപ്പോള്‍ കമ്പിയിലെ പിടിത്തം അയഞ്ഞ അയാള്‍ താഴേയ്‌ക്ക് ഊര്‍ന്ന്‌ മുന്‍വശത്തെ വാതിലില്‍ തടഞ്ഞു കിടന്നു.
കമ്പാര്‍ട്ടുമെന്റ്‌ കായലിലേക്ക്‌ താണുകൊണ്ടിരുന്നു. പടിഞ്ഞാറ്‌ ആകാശത്ത്‌ ഇരുള്‍ മൂടുന്നതു പോലെ അയാള്‍ക്ക്‌ തോന്നി. ചൂടുകാറ്റ്‌ അയാളെ പൊള്ളിച്ചു. ആ കാറ്റില്‍ കമ്പാര്‍ട്ടുമെന്റ്‌ ഉലഞ്ഞു. താഴെ കായല്‍ അസ്വസ്‌ഥമായി കിടന്നലറി.
പക്ഷേ അയാളുടെ മനസ്സില്‍ ഭീതിയുടെ സ്‌ഥാനത്ത്‌ ഇപ്പോള്‍ ഓര്‍മ്മകളായിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും വെറും ഓര്‍മ്മകളായി ആ നിമിഷങ്ങളില്‍ അയാളിലൂടെ കടന്നുപോയി. അവയോടൊപ്പം തോമസിനേയും അയാള്‍ കണ്ടു. ആ മുഖം ഇപ്പോള്‍ വളരെ വ്യക്‌തമായിരുന്നു. ഏതോ ജഡത്തിന്നരികില്‍ ഒരു കാര്‍ഡുമായി ചിന്തിച്ചു നില്‌ക്കുന്ന തോമസ്‌. ജഡത്തിന്റെ ഒരു പോക്കറ്റ്‌ തുറന്നു കിടക്കുന്നത്‌ അയാള്‍ കണ്ടു.
മരണത്തിന്റെ മണം മറഞ്ഞുനിന്ന ആ ഏകാന്തതയില്‍ അയാള്‍ക്കൊന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നി. അപാരതയിലേക്കുള്ള വഴികാട്ടിയെന്നോണം ആ ചിരി അയാളുടെ മുന്‍പേ കായലിലലിഞ്ഞു.

കൃഷ്‌ണ

Ads by Google
Sunday 10 Mar 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW