Monday, March 18, 2019 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 03.28 PM

കുട്ടികളിലെ ദന്തസംരക്ഷണം ആയുര്‍വേദത്തില്‍

''കുട്ടികളുടെ ദന്തസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍നിന്നും ആരംഭിക്കണം. ശരീരസംരക്ഷണം പോലെ ദന്തപരിചരണവും പ്രാധാന്യമര്‍ഹിക്കുന്നു. ''
uploads/news/2019/03/292815/kidstoothcare0703.jpg

കുട്ടികളിലെ ദന്തരോഗങ്ങള്‍ക്കും ദന്തപരിപാലനത്തിനും ആയുര്‍വേദവിധി പ്രകാരം നിരവധി ചികിത്സ രീതികളും പ്രതിവിധികളുമുണ്ട്. നല്ല പുഞ്ചിരി ഏതൊരാളെയും ആകര്‍ഷിക്കും. മനോഹരമായ പുഞ്ചിരിക്കു മാറ്റു കൂട്ടുന്നത് സുന്ദരമായ പല്ലുകളാണ്. അതുകൊണ്ടുതന്നെ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്്.പ്രത്യേകിച്ചും കുട്ടികളുടെ ദന്തസംരക്ഷണത്തില്‍.

കുട്ടികളുടെ ദന്തസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍നിന്നും ആരംഭിക്കണം. ശരീരസംരക്ഷണം പോലെ ദന്തപരിചരണവും പ്രാധാന്യമര്‍ഹിക്കുന്നു. മനസു തുറന്നുള്ള ചിരിയാണ് ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ പല്ലുകളുടെ സംരക്ഷണത്തില്‍ കരുതല്‍ നല്‍കണം.

കുട്ടികളുടെ ദന്തസംരക്ഷണകാര്യങ്ങളില്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികാലത്തു പഠിപ്പിക്കുന്ന നല്ല ശീലങ്ങള്‍ കുട്ടികള്‍ക്കുള്ള നല്ല മാതൃകയാണ്. അതുകൊണ്ട് ദന്തരോഗങ്ങളെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുന്നതാണ് ഉത്തമം. കുട്ടികളുടെ ദന്തസംരക്ഷണത്തിനും പരിചരണത്തിനും ആയുര്‍വേദ രീതികള്‍ പ്രകാരം നിരവധി ചികിത്സകളും പരിഹാരങ്ങളുമുണ്ട്.

ദന്ത സംരക്ഷണം


ദന്ത സംരക്ഷണത്തിന്റെ ആദ്യഘട്ടം ഗര്‍ഭസ്ഥശിശുവില്‍ നിന്നും ആരംഭിക്കണമെന്നത് പലരിലും ആശങ്കയുണ്ടാകുന്ന കാര്യമാണ്. എന്നാല്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ മോണക്കുള്ളില്‍ മുളച്ച അവസ്ഥയിലായിരിക്കും.

കുഞ്ഞുങ്ങള്‍ ജനിച്ച് മാസങ്ങള്‍ക്കു ശേഷം മാത്രമേ പല്ലുകള്‍ പുറത്തുവരികയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ആറാം മാസത്തില്‍ ഇവ പാല്‍പ്പല്ലുകളായി പുറത്തുവരും. കുട്ടികള്‍ക്കു പല്ല് മുളച്ചു വരുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകാം.

പനി, ചുമ, വയറിളക്കം, ഛര്‍ദ്ദി, തലവേദന, അഭിഷൃന്ദം എന്ന നേത്രരോഗം, പോഥകി എന്ന വര്‍ത്മരോഗം, വിസര്‍പ്പം എന്നിവയ്ക്കും കാരണമാകാം. അതുകൊണ്ട് കുട്ടികളില്‍ ആദ്യത്തെ പല്ല് വരുന്നതിനു മുന്‍പ് തന്നെ നല്ല ദന്തപരിചരണരീതികള്‍ ആരംഭിക്കണം.ആരോഗ്യമുള്ള മോണകള്‍ നല്ല പല്ലുകള്‍ ഉണ്ടാകുവാന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ആറ് മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കാലയളവില്‍ പാല്‍പ്പല്ലുകള്‍ മുളയ്ക്കണം. അതുപോലെ ആറ് വയസു മുതല്‍ 13 വയസു വരെയുള്ള പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞുപോയി പകരം സ്ഥിരദന്തങ്ങള്‍ തല്‍സ്ഥാനത്ത് മുളച്ചുവരണം.

ശരിയായ പരിചരണം


ആരോഗ്യമുള്ളതും വൃത്തിയും ഭംഗിയുമുള്ള ദന്തനിരയും, നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഇല്ലാത്ത പല്ലുകളുള്ള അവസ്ഥയാണ് ശരിയായ ദന്താരോഗ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. പല്ലുകള്‍ ശുചിയായും, ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതെയും ഇരിക്കണം. മോണകള്‍ പിങ്ക് നിറത്തോടു കൂടിയും ബ്രഷ് ചെയ്യുമ്പോള്‍ വേദനിക്കുകയോ രക്തം വരുകയോ അരുത്.
uploads/news/2019/03/292815/kidstoothcare0703a.jpg

വായ് നാറ്റം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അഷ്ടാംഗഹൃദയം സൂത്രസ്ഥാനം ദിനചര്യ അധ്യായത്തില്‍ എരുക്ക്, വേപ്പ്, ഉങ്ങ്, വേങ്ങ, പേരാല്‍, കരിങ്ങാല്‍, തുടങ്ങിയ വൃക്ഷങ്ങളുടെ കമ്പ് അഗ്രം ചതച്ച് ദന്തശുദ്ധി വരുത്താന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ത്രിഫല, ത്രികുട എന്നിവ കൊണ്ട് ഊന് ശുദ്ധിവരുത്താവുന്നതാണ്.

രാവിലെയും ആഹാരം കഴിച്ച ഉടനെയും പല്ല് തേയ്ക്കുന്നത് രസാസ്വാദനശേഷി കൂട്ടും. പല്ല്, വായ, നാവ്, എന്നിവ ശുദ്ധമാകും. രുചി വര്‍ധിക്കും, ദന്തരോഗങ്ങള്‍ ബാധിക്കാതിരിക്കും. ദന്തോല്‍പ്പത്തിയില്‍ ദന്തമൂലത്തെ ആശ്രയിച്ച് കോപിച്ച ത്രിദോഷങ്ങള്‍ മലങ്ങളെയും ധാതുക്കളെയും ദുഷിപ്പിച്ച് എല്ലാവിധ വ്യാധികളെയും ഉണ്ടാക്കുന്നു.

ദന്തരോഗങ്ങള്‍


1. ശീതാളം: പല്ലുകളില്‍ തണുപ്പുള്ള ഭക്ഷണപാനീയങ്ങള്‍ സ്പര്‍ശിച്ചാല്‍ പല്ലു പിളര്‍ന്നുപോകുന്നതുപോലെ ശക്തമായ വേദന ഉണ്ടാകുന്ന രോഗമാണ്.

2. ദന്തഹര്‍ഷം: പുളിരസവും തണുപ്പുള്ളതുമായ ആഹാരം കഴിക്കാന്‍ വിഷമം ഉണ്ടാകുക, തണുത്ത കാറ്റേറ്റാല്‍പോലും അസ്വസ്ഥത ഉണ്ടാകുക.

3. ദന്തഭേദം: പല്ലുകള്‍ വേദനയോടെ പൊട്ടിപ്പോകുന്ന അവസ്ഥ.

4. ദന്തചാലം: ആഹാരം കഴിച്ചാല്‍ പല്ലുകള്‍ക്ക് ശക്തമായ വേദനയും പല്ലുകള്‍ ഇളകുകയും ചെയ്യുക.

5. കരാളദന്തം: വികടങ്ങളായി പല്ലുകള്‍ നിരതെറ്റി മുളച്ചു വരുക.

6. അതിദന്തം: സാധാരണയില്‍ നിന്നും എണ്ണത്തിലധികമായി പല്ലുകള്‍ ഉണ്ടാകുന്ന അവസ്ഥ. ഈ സമയങ്ങളില്‍ അസഹനീയമായ വേദനയുണ്ടാകുന്നു. പല്ലു മുളച്ചുകഴിയുമ്പോള്‍ വേദന ശമിക്കും.

7. ശര്‍ക്കര: പല്ലുകള്‍ വേണ്ടരീതിയില്‍ ശുദ്ധിവരുത്താതിരുന്നാല്‍ ഉണ്ടാകുന്ന രോഗമാണ്. പല്ലില്‍ മാലിന്യങ്ങളും മറ്റും വര്‍ദ്ധിച്ച് ദുര്‍ഗന്ധമുണ്ടാകുന്ന അവസ്ഥ. പല്ലിന്റെ ഉറപ്പ് കുറഞ്ഞ് പൊടിഞ്ഞുപോകും.

8. കപാലിക: പല്ലിന്റെ കട്ടിയേറിയ ആവരണം ക്ഷയിച്ചുപോകുന്ന അവസ്ഥയാണിത്.

9. ശ്യാമദന്തം: പല്ലുകള്‍ കരുവാളിക്കുന്ന അവസ്ഥ, നീലനിറം മുതലായവ ഉണ്ടാകുന്നു.

10. കൃമിദന്തം: മധുരം കൂടുതല്‍ കഴിച്ചാലും മറ്റും അസഹ്യമായ വേദന, കറുത്ത നിറം ഇളകാന്‍ തുടങ്ങുന്നു, പല്ലുകള്‍ക്ക് കരുകരുപ്പ്, ചലവും രക്തവും ഒലിക്കല്‍, വീക്കം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

11. ദന്തപുപ്പുടം: പല്ലുകളുടെ മൂലഭാഗത്ത് ലന്തക്കുരു വലുപ്പത്തില്‍ വേദനയോടെ വീക്കം ഉണ്ടാകുന്ന അവസ്ഥ.

ദന്തരോഗങ്ങള്‍ക്കുള്ള കാരണം


പല്ലുവേദനയ്ക്കുള്ള പ്രധാന കാരണം ദന്തക്ഷയം തന്നെയാണ്. എങ്കിലും മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകള്‍ നടത്തേണ്ടതായി വരും. അണുബാധ, മോണരോഗങ്ങള്‍, പല്ലുകള്‍ തമ്മിലുരയുക, പല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, തെറ്റായ രീതിയിലുള്ള ചവയ്ക്കല്‍, പല്ലു മുളച്ചു വരുക (സ്‌കൂള്‍ കുട്ടികളില്‍), സൈനസൈറ്റിസ്, കര്‍ണരോഗങ്ങള്‍, മുഖത്തെ പേശികളിലെ സമ്മര്‍ദം, തലവേദന, എന്നിവയും പല്ലുവേദനയ്ക്ക് കാരണമാകാം. പ്രമേഹം, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു.

പല്ലുവേദനയോടനുബന്ധിച്ചുള്ള മറ്റു ലക്ഷണങ്ങള്‍


1. പനി, ശ്വാസതടസം,
2. ഭക്ഷണം ഇറക്കാന്‍ പ്രയാസം
3. മോണയില്‍ നീര് വരിക
4. പല്ലുകൊണ്ട് കടിക്കുമ്പോള്‍ വേദന
5. ദുര്‍ഗന്ധപൂര്‍ണമായ സ്രാവം
6. നീണ്ടു നില്‍ക്കുന്ന വേദന
uploads/news/2019/03/292815/kidstoothcare0703b.jpg

വിവിധതരം പല്ലുവേദനകള്‍


1. ഇടവിട്ടുള്ള തീവ്രതയേറിയ പല്ലുവേദന:
ചൂടുള്ള അല്ലെങ്കില്‍ തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴോ, ഇനാമല്‍ നഷ്ടപ്പെടുക, മോണപ്പഴുപ്പ്, പല്ലുപൊട്ടല്‍, എന്നിവകൊണ്ടും ഇത്തരം വേദന വരാം.

2. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പല്ലുവേദന:
ഒന്നിലധികം പല്ലുകള്‍ വേദനിക്കുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചാലുള്ള അവസ്ഥ.

3. ശക്തിയായ പല്ലുവേദന:
ശക്തിയായ കുത്തുന്നതുപോലെയുള്ള പല്ലുവേദന, മുഖത്ത് നീര് എന്നിവ അണുബാധ, പഴുപ്പ് എന്നിവയുടെ ലക്ഷണമാണ്.

4. ഭക്ഷണം കഴിക്കുമ്പോള്‍ വേദന:
ദന്തക്ഷയം, പല്ലിന് പോട്, പൊട്ടല്‍, എന്നിവ കാരണം.

5. കഴുത്തിനു പുറകില്‍ വേദന:
അണപ്പല്ലുകള്‍ മുളയ്ക്കുന്നത് (വിസ്ഡം ടീത്ത്) തടസപ്പെടുന്നതോ, അണപ്പല്ല് സന്ധിക്കുണ്ടാകുന്ന നീര്‍ക്കെട്ടോ കാരണമാകാം.

ആയുര്‍വേദ ചികിത്സാ വിധികള്‍


പല്ലുകളെയും മോണകളെയും ബാധിക്കുന്ന എല്ലാരോഗങ്ങള്‍ക്കുമുള്ള കാരണങ്ങളും ചികിത്സാ രീതികളും ആയുര്‍വേദത്തിലുണ്ട്. ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത കഷായം കവിള്‍ക്കൊള്ളുക, മരുന്നുകള്‍ ഊനില്‍ തേയ്ക്കുക, യുക്തമായ മരുന്നുകള്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക എന്നിവ ദന്തരോഗം ശമിപ്പിക്കും. ദന്തോല്‍പ്പത്തി കൊണ്ടുള്ള രോഗങ്ങളില്‍ ദോഷകോപം, രോഗസ്ഥിതി, പ്രായം, ദേശം, കാലം, എന്നീ ഭേദമനുസരിച്ചായിരിക്കും ഔഷധം പ്രയോഗിക്കുക. മൃദുവമനം, വസ്തി, പ്രതിമര്‍ശനസ്യം മുതലായവ ഫലപ്രദമാണ്. കൃമിദന്തം ശമിക്കാന്‍ എരുക്കിന്‍ പാലോ ഏഴിലംപാല കറയോ നിറയ്ക്കുക.

പല്ല് പുളിപ്പിന്


മുത്തങ്ങക്കിഴങ്ങ്, നീര്‍മരുതിന്‍തൊലി, ത്രിഫലത്തോട്, ചുക്ക്,ഞാഴല്‍പൂവ്, മാക്കീരക്കല്ല് എന്നിവ പൊടിച്ച് തേനില്‍ കുഴച്ച് ഊനില്‍ പുരട്ടാം. ഈ മരുന്നുകള്‍ കഷായം വച്ച് കവിള്‍ക്കൊള്ളാം.

ശീതദന്തം


അരിക്കാടി ചൂടുപിടിപ്പിച്ച് അതില്‍ ത്രികടുവും ഇന്തുപ്പും ചേര്‍ത്ത് പല പ്രാവശ്യം കവിള്‍കൊള്ളുക. അരിമേദാതി തൈലം കവിള്‍ക്കൊള്ളാനും തലയില്‍ തേക്കാനും ഉപയോഗിക്കുന്നത് പല്ല്, ഊന് രോഗങ്ങളെ ശമിപ്പിക്കുന്നു.

1. ഊനിനുണ്ടാകുന്ന നീരിനു തിപ്പലിപ്പൊടി തേന്‍ ചേര്‍ത്തു പുരട്ടാം. മോണപ്പഴുപ്പിനു പാഠാദി ചൂര്‍ണ്ണം, കാളകചൂര്‍ണ്ണം, പീതകചൂര്‍ണ്ണം എന്നിവകൊണ്ട് യഥാവിധി ദന്തധാവനത്തിന് ഉപയോഗിക്കാം.
2. വചാദിഘൃതം, സമാഗാദി ഘൃതം, രജന്യാദിചൂര്‍ണ്ണം എന്നിവ പല്ലുമുളയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഫലപ്രദമാണ്.

പല്ലിളകുന്നതിന്: എള്ളെണ്ണ, പാല്‍, നെയ്യ്, വസാ മജ്ജ മുതലായവ ദശമൂലം കഷായം ചേര്‍ത്ത് കവിള്‍കൊള്ളുക.

ഇളകിയ പല്ല് ഉറയ്ക്കാന്‍


ഖദിരാദി തൈലം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, പുരാണകിട്ടം, ത്രിഫല, നീര്‍മരുതിന്‍തൊല, കരിവേലപ്പട്ട എന്നിവ കഷായം വച്ച് എണ്ണ കാച്ചിയരിച്ച് കവിള്‍കൊള്ളുക.

പല്ലു കുത്തല്‍ മാറാന്‍


ഇലഞ്ഞിക്കുരു ചുട്ടുപൊടിച്ച് നവരയരിച്ചോറില്‍ ചേര്‍ത്ത് ഉരുട്ടി പല്ലിന്റെ കടക്കല്‍ വയ്ക്കുകയോ കൊഴിഞ്ഞില്‍വേര് കൊണ്ട് കഷായം വച്ച് അതില്‍ കടുക്ക അരച്ചുകലക്കി എണ്ണ ചേര്‍ത്ത് കാച്ചിയരച്ച് കവിള്‍കൊള്ളുക. ദന്തവിദ്രതി, കൃമിദന്തം തുടങ്ങിയവയ്ക്ക് അഗ്നികര്‍മ്മം ചികിത്സയായി വിധിക്കുന്നു. അധിമാംസം എന്ന രോഗത്തില്‍ ഛേദനം, വിദര്‍ദത്തില്‍ ക്ഷാര പ്രയോഗം, രക്തമോക്ഷം, എന്നിവ ഫലപ്രദമായ ചികിത്സയാണ്.
uploads/news/2019/03/292815/kidstoothcare0703c.jpg

ദന്തപരിചരണത്തിന്


കുട്ടികളുടെ പാല്‍ ബോട്ടില്‍, ജൂസ് ബോട്ടില്‍ എന്നിവ അധികസമയം വായില്‍ വയ്ക്കുന്നതും ബോട്ടില്‍ വായില്‍ വച്ച് ഉറങ്ങുന്നതും പല്ല് ദ്രവിക്കാന്‍ കാരണമാകും. പാല്‍, ജൂസ് തുടങ്ങിയവ കുടിച്ച ഉടനെ ബോട്ടില്‍ മാറ്റണം. നനഞ്ഞ തുണികൊണ്ട് പല്ലും മോണയും വൃത്തിയാക്കുക. കുഞ്ഞുങ്ങള്‍ക്ക് വിരല്‍ കുടിയുണ്ടെങ്കില്‍ അത്തരം ദുശീലം മാറ്റണം. മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിക്കാം. പല്ലിന്റെ പിന്‍വശം വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ച്യൂയിംഗം ചവയ്ക്കുന്നതും മൂലം പല്ലിന്റെ ഇനാമല്‍ നശിച്ച് പോട് വരാനുള്ള സാധ്യത കൂടുന്നു. മധുരമുള്ള വസ്തുക്കള്‍ കഴിച്ചശേഷം നന്നായി വായ് കഴുകുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.

10 - 12 വയസു മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതു കൊണ്ടുണ്ടാകുന്ന വീഴ്ച, അടി, ഇടി എന്നിവമൂലമുണ്ടാകുന്ന ദന്തപ്രശ്‌നങ്ങള്‍ ദോഷമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അനുയോജ്യമായ ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ഉപയോഗിക്കുക. ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ അഞ്ചുമിനിറ്റിലധികം ബ്രഷ് ചെയ്യുന്നത് ഇനാമല്‍ കുറഞ്ഞ് ദന്തക്ഷയത്തിനു കാരണമായേക്കും.

സമീകൃതാഹാരം കഴിക്കുക. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു കുറയ്ക്കുക. ആഹാരം കഴിച്ച ശേഷം ശുദ്ധജലം കവിള്‍ക്കൊണ്ട് വിരലുകള്‍കൊണ്ട് തടവി വായ് വൃത്തിയാക്കുക. ദന്തസംരക്ഷണത്തിനു അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ (കാത്സ്യം, ഫ്‌ളൂറൈഡ് തുടങ്ങിയവ) ലഭ്യത ഉറപ്പാക്കുക. വാതരോഗികള്‍, ശരീരം മെലിഞ്ഞവര്‍, ശരീരബലം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ പല്ലുപറിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.

ദന്തരോഗങ്ങളില്‍ അപഥ്യം


അധികം ചൂട്, എരിവ്, പുളി, തണുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. തണുത്ത വെള്ളത്തിലുള്ള കുളി, പുകവലി, മത്സ്യമാംസാദികള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഉഴുന്ന്, പഞ്ചസാര, പാല്‍, എന്നിവയും ഒഴിവാക്കേണ്ടതാണ്.

തണുത്ത കാറ്റ് (എ സി) ഏല്‍ക്കുക, രാത്രിയില്‍ ഉറക്കമൊഴിയുക, ശാരീരിക ആയാസം എന്നിവയും ഒഴിവാക്കണം. ചെറുപ്പം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാല്‍ ആരോഗ്യമുള്ള പല്ലുകള്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ സാധിക്കും.

കടപ്പാട്:
ഡോ. ആനന്ദ് വി.
സീനിയര്‍ മെഡിക്കല്‍
ഓഫിസര്‍,പത്തനംതിട്ട

Ads by Google
Ads by Google
Loading...
TRENDING NOW