Tuesday, July 09, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 03.45 PM

സ്ത്രീകളിലെ തലവേദന

''സ്ത്രീകളിലുണ്ടാകുന്ന തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്നറിയാം...''
uploads/news/2019/03/292098/Womenhedcah0403.jpg

തലവേദന അലട്ടാത്ത സ്ത്രീകളില്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തലവേദന കൂടുതലായി കണ്ടുവരുന്നത്. ജോലി, കുടുംബ പ്രാരാബ്ദങ്ങള്‍, പഠനം അങ്ങനെ പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നവരാണ് സ്ത്രീകള്‍.

രാവിലെതന്നെ ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് മനസില്‍ തയാറാക്കി എഴുന്നേറ്റുവരുമ്പോഴായിരിക്കും തലവേദന വില്ലനായി അവതരിക്കുന്നത്. അതോടെ ജോലിചെയ്യാനുള്ള താല്‍പര്യവും ഇല്ലാതാകും.

പിന്നെ ദേഷ്യവും സങ്കടവും എല്ലാംകൊണ്ട് ആ ദിവസംതന്നെ നശിക്കുമെന്ന് പറഞ്ഞാ ല്‍ മതിയല്ലോ. എന്തൊക്കെയാണ് സ്ത്രീകളിലുണ്ടാകുന്ന തലവേദനയ്ക്ക് കാരണങ്ങളെന്നറിയേണ്ടേ...

ആര്‍ത്തവവും ടെന്‍ഷനും


രണ്ട് രീതിയിലാണ് പ്രധാനമായും സ്ത്രീകളില്‍ തലവേദനയുണ്ടാവുന്നത്. ഒന്ന് ആര്‍ത്തവവുമായി ബന്ധപ്പെട്ടും മറ്റൊന്ന് മൈഗ്രേന്‍ മൂലവും. ആദ്യ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളില്‍ തലവേദനയുണ്ടാകുന്നത് സ്വാഭാവികം. ശക്തമായ തലവേദന സ്ത്രീകളില്‍ കണ്ടുവരുന്നത് കൗമാര പ്രായം മുതലാണ്.

20-30 വയസില്‍ ആര്‍ത്തവ സംബന്ധമായ മൈഗ്രേന്‍ വളരെ കൂടുതലാകുന്നു. പിന്നീട് പ്രായമാകുമ്പോള്‍ തലവേദന കുറഞ്ഞുവരുന്നു. ആര്‍ത്തവ വിരാമം സംഭവിക്കുന്നതോടെ ഇത്തരം തലവേദന പൂര്‍ണ്ണമായും മാറുകയും ചെയ്യുന്നു. ഇസ്ട്രൊജന്‍ ഹോര്‍മോണിന്റെ വ്യതിയാനമാണ് തലവേദനയുണ്ടാക്കുന്നത്.

ആര്‍ത്തവത്തിന് രണ്ട് ദിവസം മുന്‍പും ആര്‍ത്തവം കഴിഞ്ഞ് രണ്ട് ദിവസവുമാണ് ആര്‍ത്തവ സംബന്ധമായ മൈഗ്രേന്‍ അനുഭവപ്പെടുന്നത്. ഗര്‍ഭിണിയാകുന്നതോടെ തലവേദനയുടെ സാധ്യതയും കുറയുന്നു. ചില സ്ത്രീകളില്‍ ഗര്‍ഭിണിയായി ആദ്യത്തെ ഒന്നോ രണ്ടോ മാസം തലവേദന അനുഭവപ്പെട്ടാലും പിന്നീടത് ഇല്ലാതാകും.

മൈഗ്രേനുമായി ബന്ധപ്പെട്ട തലവേദന ഉണ്ടാകുന്നതിനുമുമ്പ് പലപ്പോഴും ചില പ്രാരംഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കണ്ണില്‍ ഇരുട്ട് നിറയുക, മിന്നല്‍പോലെയും തീപ്പൊരി ചിതറുന്നതുപോലെയും തോന്നുക തുടങ്ങിയവയൊക്കെ അനുഭവപ്പെട്ടെന്നുവരാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ട് 30 മിനിറ്റിനകം തലവേദന ഉണ്ടാകുന്നു.

നെറ്റിയുടെ ഒരുവശത്തുനിന്ന് ആരംഭിക്കുന്ന വേദന ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്നു. തല വിങ്ങുന്നതുപോലെ അനുഭവപ്പെടുന്ന വേദന ശബ്ദം കേള്‍ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അധികരിക്കാന്‍ ഇടയുണ്ട്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിലും ഉണ്ടായെന്നും വരാം. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

uploads/news/2019/03/292098/Womenhedcah0403a.jpg

ടെന്‍ഷനും തലവേദനയും


സ്ത്രീകളില്‍ തലവേദനയുണ്ടാകുന്നതിന് ടെന്‍ഷന്‍ ഒരു പ്രധാന കാരണമാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ അത് ആവശ്യത്തില്‍ കൂടുതലുമുണ്ട്. വീട്ടുജോലികള്‍, ഓഫീസ് കാര്യങ്ങള്‍, കുട്ടികളുടെ പഠനം അങ്ങനെ പലതും ഒന്നിച്ചുവരുമ്പോള്‍ ടെന്‍ഷനുണ്ടാവുക സ്വാഭാവികമാണ്.

ചെറിയ കാര്യങ്ങള്‍ക്കുപോലും കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവരാണ് സ്ത്രീകള്‍. മാനസിക പിരിമുറുക്കം, ആകാംഷ, ദേഷ്യം, ഭയം തുടങ്ങിയവയെല്ലാം സ്ത്രീകളിലെ തലവേദനയ്ക്ക് പ്രധാന കാരണങ്ങളാണ്.

ഇത്തരം അവസ്ഥകള്‍ മുഖ പേശികളേയും ചര്‍മത്തേയുമൊക്കെ വരിഞ്ഞുമുറുക്കുന്നു. ഇത് പലപ്പോഴും പേശീ സംബന്ധമായ തലവേദനയ്ക്ക് കാരണമാകുന്നു. പേശികളിലേല്‍ക്കുന്ന ആയാസം നാഡികള്‍ വഴി തലച്ചോറിലെത്തുന്നു. ഇതും തലവേദനയ്ക്ക് കാരണമാകുന്നു.

സൈനസൈറ്റിസ്


സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണമായി തലവേദന ഉണ്ടാകാം. തലയ്ക്ക് ഭാരക്കൂടുതല്‍ തോന്നുക, തലയ്ക്കകത്ത് എന്തോ കുടുങ്ങുന്നതുപോലെ തോന്നുക എന്നിവയും തലവേദനയോടൊപ്പം ഉണ്ടാകാം. സൈനസ് അറകളില്‍നിന്നുള്ള കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് അത് പഴുപ്പായി മാറി തലയ്ക്ക് വിങ്ങലും വേദനയും ഉണ്ടാകുന്നത്.

നെറ്റിയില്‍ പുരികങ്ങള്‍ക്കു നടുവിലായി കാണുന്ന ഫ്രോണ്ടല്‍ സൈനസുകളിലും മൂക്കിനിരുവശവുമായി കാണപ്പെടുന്ന മാക്‌സിലറി സൈനസുകളിലും നീര്‍വീക്കം ഉണ്ടാകുന്നതിനെത്തുടര്‍ന്ന് വേദനയും ഈ ഭാഗങ്ങളില്‍ അമര്‍ത്തുമ്പോള്‍ വിങ്ങലും ഉണ്ടാകാം.

കൂടെക്കൂടെ ജലദോഷവും അതോടൊപ്പം തലവേദനയും ഉണ്ടാകുന്നവര്‍ ൈസനസൈറ്റിസാണോ കാരണം എന്നു പരിശോധിക്കണം. ഉചിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയാണെങ്കില്‍ സൈനസൈറ്റിസിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാം.

ആവികൊള്ളുന്നത് കഫം ഇളകി മൂക്കിലൂടെയും തൊണ്ടയിലൂടെയും പുറത്തുപോകാന്‍ സഹായിക്കും. സൈനസൈറ്റിസിന്റെ പ്രശ്‌നമുള്ളവര്‍ തണുത്ത അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.

uploads/news/2019/03/292098/Womenhedcah0403b.jpg

ഉറക്കം


പുരുഷന്‍മാരെപ്പോലെ പലപ്പോഴും ഗാഢനിദ്രയിലെത്താന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. ചെറിയ ശബ്ദംപോലും സ്ത്രീകളുടെ ഉറക്കം കെടുത്താം. കൊച്ചുകുട്ടികളുള്ള സ്ത്രീകള്‍ പ്രത്യേകിച്ചും വളരെ കുറച്ച് സമയം മാത്രമാണ് ഉറങ്ങുന്നത്. ഉറക്കക്കുറവ് തലവേദന ക്ഷണിച്ചുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

തലവേദനയ്ക്ക് ചികിത്സ വീട്ടില്‍ത്തന്നെ


1. ഗ്രാമ്പു പൊടിച്ചതും ഉപ്പു പൊടിയും പാലില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി നെറ്റിയില്‍ പുരട്ടുന്നത് തലവേദനയ്ക്ക് ശമനം നല്‍കും.
2. ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേ ര്‍ത്ത് കുടിക്കുക.
3. ചന്ദനം അരച്ച് നെറ്റിയില്‍ ഇടുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
4. വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്തുനോക്കൂ തലവേദനയ്ക്ക് പെട്ടെന്ന് കുറവ് ലഭിക്കും.
5. ഒരു സ്പൂണ്‍ വെളുത്തുളളിനീര് കുടിക്കൂ. വെളുത്തുള്ളി ഒരു വേദന സംഹാരിയാണ്.
6. ഒരു ഗ്രീന്‍ ആപ്പിള്‍ മുറിച്ച് അത് ഇടയ്ക്കിടയ്ക്ക് മണത്തു നോക്കൂ. മൈഗ്രേന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് കുറവ് ലഭിക്കും.
7. തലവേദനയുളളപ്പോള്‍ കുറച്ച് വെറ്റില അരച്ച് അത് നെറ്റിയില്‍ പുരട്ടുക. ആശ്വാസം ലഭിക്കും.

പി കല്യാണി

Ads by Google
Ads by Google
Loading...
TRENDING NOW