Sunday, June 30, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 06.59 AM

'ദയവുചെയ്ത് ക്യാന്‍സര്‍ രോഗികളെ വെറുതെവിടൂ'; കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കുന്നവരോട് രോഗത്തെ മറികടന്ന ജെസ്‌നയ്ക്ക് പറയാനുള്ളത്

cancer survivor

കാന്‍സര്‍ രോഗികള്‍ക്കായി പലരും സ്വന്തം മുടി ദാനം ചെയ്യാറുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തി രംഗത്തെത്തുന്നവരുമുണ്ട്. പ്രമുഖരായ പലരും ഇത്തരത്തില്‍ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യും. കാന്‍സര്‍ ദിനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി മുടി മുറിച്ച് നല്‍കിയതും വാര്‍ത്തയായിരുന്നു. കാന്‍സര്‍ രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുമെല്ലാം അഭിനന്ദനാര്‍ഹം തന്നെയാണ്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകുന്നുണ്ടോ? ഇക്കാര്യം ആരെങ്കിലും തിരക്കാറുണ്ടോ?

ഇതിനുള്ള മറുപടിയാണ് കാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവല്‍ എന്ന യുവതിക്ക് പറയാനുള്ളത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജെസ്ന ഈ വിഷയത്തിലെ തന്റെ അനുഭവം വിവരിക്കുന്നത്...

ജെസ്നയുടെ കുറിപ്പ് വായിക്കാം...

പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാന്‍സര്‍ സര്‍വൈവേഴ്സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കള്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പ്രവണതയാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കി എന്ന തലക്കെട്ടോടുകൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങള്‍. ഇത് ശരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണ് എന്നത് കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാകും. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഈ വിഗ് വാങ്ങിയിട്ടുള്ള ചിലര്‍ 20,000വും 25,000വും ഒക്കെ ആണ് മുടക്കിയത്. ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ആകുന്നത്???

ആഗ്രഹം ഉള്ളവര്‍ നേരിട്ട് വല്ല സാമ്പത്തിക സഹായവും ചെയ്യൂ..... ക്യാന്‍സര്‍ വന്ന് ട്രീറ്റ്മെന്റ് എടുക്കുമ്പോള്‍ മുടി കൊഴിയുന്നത് സ്വാഭാവികം. അതില്‍നാല്‍ തന്നെ മറ്റൊരാളുടെ തല ക്യാന്‍സര്‍ രോഗിയുടെ പേരില്‍ മൊട്ടയടിച്ചു കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിന് മുതിരുന്നത്??? നിങ്ങള്‍ അന്വേഷിച്ചിട്ട് ആണ് എങ്കില്‍ ഏതേലും ക്യാന്‍സര്‍ വന്ന വ്യക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ??????

എന്നെ പോലെ തന്നെ ക്യാന്‍സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങള്‍ ഈ പറയുന്ന വിഗ് വെക്കാന്‍ താല്‍പര്യം ഉള്ളവരല്ല. ക്യാന്‍സര്‍ വന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 80% ആള്‍ക്കാരും ആ രോഗത്തെ ഉള്‍ക്കൊള്ളും. പിന്നെ ദൈവം അവര്‍ക്ക് എല്ലാത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യവും കൊടുക്കും. അതിനാല്‍ തന്നെ മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്നം അല്ല. കാരണം അവര്‍ക്ക് ചികിത്സയുടേതായ വേറെ പല പ്രശ്നങ്ങളും ഉണ്ട്. അതാണ് അപ്പോള്‍ വലുത്. (ബാഹ്യമായ മാറ്റങ്ങള്‍ താല്‍ക്കാലികം ആണ് എന്ന് അറിയാം.)

ഈ വിഗ് പോലുള്ള സാധനങ്ങള്‍ ആ സമയത്ത് ഇറിറ്റേഷന്‍ ഉണ്ടാക്കും. ട്രീറ്റ്മെന്റ് ടൈമില്‍ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. മാത്രവുമല്ല, ഈ ഒരു സാഹചര്യം അവരെ കൂടുതല്‍ ആത്മധൈര്യം ഉള്ളവരാക്കാന്‍ കൂടെ ഉപകരിക്കുന്നതാണ്. വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ചുനല്‍കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീര്‍ച്ച. (ആലോചിച്ചു നോക്കൂ... )

രോഗികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കല്‍ പ്രഹസനം സമൂഹത്തിന് കുറെ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. (ക്യാന്‍സര്‍ വന്നാല്‍ മുടി വീണ്ടും വരില്ല, ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു). ദയവുചെയ്ത് ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ. അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശരിക്കും ഇതൊക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചുനോക്കണം. ക്യാന്‍സര്‍ രോഗികളുടെ പേരില്‍ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരെ സഹതാപതരംഗത്തിന്റെ പേരില്‍ മുതലെടുക്കാതെ ഇരിക്കൂ...

(ക്യാന്‍സറിനോട് പൊരുതുന്നവര്‍ക്കും, പൊരുതി ജയിച്ചവര്‍ക്കും, വേണ്ടി സമര്‍പ്പിക്കുന്നു.)

എന്ന്,
ജെസ്‌ന ഇമ്മാനുവേല്‍...

Ads by Google
Ads by Google
Loading...
TRENDING NOW