Friday, June 28, 2019 Last Updated 21 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 10.08 AM

കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടോ?

ജനറല്‍ മെഡിസിന്‍
uploads/news/2019/02/285538/askdrgenmedicn040219.jpg

''ഹോര്‍മോണുകളുടെയും ക്രോമസോമുകളുടെയും സന്തുലിതാവസ്ഥയാണ് പുരുഷ പ്രകൃതിയേയും സ്ത്രീ പ്രകൃതിയേയും നയിക്കുന്നത്''

പതിനെട്ടുകാരന് സ്ത്രീശബ്ദം

പതിനെട്ട് വയസുള്ള വിദ്യാര്‍ഥിയാണ്. എന്റെ ശബ്ദം സ്ത്രീകളുടേതു പോലെയാണ്. ശബ്ദം മാത്രമല്ല ചിലപ്പോള്‍ സ്വഭാവവും. സ്ത്രീകളുടെ ശൈലി കാരണം കൂട്ടുകാരനെന്നെ കളിയാക്കുന്നു. ഇത് എന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിപ്പോകാറുണ്ട്. എന്റെ ശരീരത്ത് സ്ത്രീ ഹോര്‍മോണ്‍ കൂടുതലായതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? പുരുഷ ഹോര്‍മോണ്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകളുണ്ടോ? ഞാന്‍ ഡോക്ടറെ കാണേണ്ടതുണ്ടോ?
----- റെജി , ആലപ്പുഴ

ഹോര്‍മോണുകളുടെയും ക്രോമസോമുകളുടെയും സന്തുലിതാവസ്ഥയാണ് പുരുഷ പ്രകൃതിയേയും സ്ത്രീ പ്രകൃതിയേയും നയിക്കുന്നത്. ഇതിന്റെ ഏറ്റക്കുറവുകളനുസരിച്ച് പുരുഷ സ്വഭാവമോ സ്ത്രീ സ്വഭാവമോ ഏറിയും കുറഞ്ഞുമിരിക്കാം. താങ്കാള്‍ ഒരു എന്‍ഡോക്രനോളജിസ്റ്റിനെ സമീപിക്കുക.

അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം. തെറ്റായതൊന്നും ചിന്തിക്കാതെ കിട്ടിയ ജീവിതം മുറുകെ പിടിച്ച് വിജയിക്കാന്‍ പരിശ്രമിക്കുക. ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നതെന്നു മഹാന്മാര്‍ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക.

കാലാവധി തീര്‍ന്ന മരുന്ന് ഉപയോഗിച്ചാല്‍


എന്റെ മകന് 15 വയസ്. അവന് ഇടയ്ക്കിടെ പനിവരും. അപ്പോള്‍ പാരസെറ്റമോള്‍ നല്‍കാറുണ്ട്. രണ്ടാഴ്ച മുമ്പ് പനിവന്നപ്പോള്‍ പതിവുപോലെ ഗുളിക നല്‍കി. എന്നാല്‍ ഗുളികയുടെ കാലാവധി കഴിഞ്ഞതായിരുന്നു. എന്തായാലും മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടോ?
------ ശരത് കൃഷ്ണ , ചടയമംഗലം

സമാന സംശയത്തിന് മുമ്പ് വിശദമായ മറുപടി ഈ പംക്തിയില്‍ തന്നെ നല്‍കിയിരുന്നു. ഒരു മരുന്ന് ആവശ്യമായ വീര്യത്തോടെയും സ്ഥിരതയോടെയും ഇരിക്കുന്ന കാലത്തെയാണ് ആ മരുന്നിന്റെ ഷെല്‍ഫ് ലൈഫ് എന്നു പറയുന്നത്. ആവശ്യമായ വീര്യവും സ്ഥിരതയും നഷ്ടപ്പെടുന്ന സമയമാണ് എക്‌സ്‌പെയറി ഡേറ്റ്.

ഒരു മരുന്നിന്റെ എക്‌സ്‌പെയറി ഡേറ്റ് വളരെയധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മരുന്നിന്റെ സ്വഭാവം, അതില്‍ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങള്‍, മരുന്നുകളുടെ ചേരുവകള്‍, അവ സൂക്ഷിക്കുന്ന വിധം, സൂക്ഷിക്കുന്ന സ്ഥലത്തെ താപനില, ഈര്‍പ്പത്തിന്റെ അളവ്, സൂര്യപ്രകാശത്തിന്റെ അളവ് എന്നിവയെല്ലാം മരുന്നിന്റെ കാലാവധിയെ സ്വാധീനിക്കുന്നു.

മരുന്നുകള്‍ കാലക്രമേണ ശക്തിയും സ്ഥിരതയും ക്ഷയിച്ച് വരുന്നു. ഇത് പ്രധാനമായും ഹൈഡ്രോളിസിസ്, ഓക്‌സിഡേഷന്‍ ഫോട്ടോ ഡിഗ്രിഡേഷന്‍ എന്നിവ വഴിയാണ്.

ജലാംശവുമായി പ്രവര്‍ത്തിച്ച് മരുന്നുകളുടെ ശക്തി ക്ഷയിക്കുന്നതിനെയാണ് ഹൈഡ്രാളിസിസ് എന്ന് പറയുന്നത്. ആസ്പിരിന്‍, അമോക്‌സിലിന്‍ എന്നിവ ഇത്തരത്തില്‍ വീര്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മരുന്നുകളാണ്. അമോക്‌സിലിന്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, വെള്ളം ചേര്‍ത്ത് ലായനി രൂപത്തിയാക്കുന്നതിനു മുമ്പുള്ള സിറപ്പ് എന്നിവയുടെ എക്‌സപയറി ഡേറ്റ് സാധാരണയായി രണ്ട് വര്‍ഷത്തോളമാണ്.

എന്നാല്‍ വെള്ളവുമായി ചേര്‍ത്തു കഴിഞ്ഞാല്‍ അമോക്‌സിലിന്‍ സിറപ്പ് 14 ദിവസത്തിനുള്ളിലും ഇന്‍ജക്ഷന്‍ ഉടനെ തന്നെയും ഉപയോഗിക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് മരുന്നിന്റെ വീര്യം നഷ്ടപ്പെടുന്നതാണ് ഓക്‌സിഡേഷന്‍.
കാപ്‌റ്റോപ്രില്‍, ക്ലോറംഫെനിക്കോള്‍ എന്നിവ ഇത്തരം ഗുളികകള്‍ക്ക് ഉദാഹരണമാണ്.

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന മരുന്നുകളുടെ അപചയത്തിനാണ് ഫോട്ടോഡീഗ്രഡേഷന്‍ എന്നു പറയുന്നത്. മരുന്നുകള്‍ക്കൊപ്പം ചേര്‍ക്കുന്ന ചേരുവകളും ഒന്നിലധികം ഘടകങ്ങള്‍ ചേര്‍ന്ന ഗുളികകളും മരുന്നുകളുടെ ശക്തിക്ഷയത്തിന് ആവശ്യമായ സമയത്തെ സ്വാധീനിക്കുന്നു. അതുപോലെ തന്നെ ചില മരുന്നുകള്‍ തുറന്നു കഴിഞ്ഞാല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

കണ്ണില്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നുകള്‍ തുറന്നു കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അല്ലാത്ത പക്ഷം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ താപനിലയില്‍ ഉണ്ടാകുന്ന ഓരോ 10 ഡിഗ്രി വ്യതിയാനവും മരുന്നുകളുടെ അപചയം ഇരട്ടിയാക്കുന്നു.

മരുന്നുകള്‍ക്ക് ജലാംശം, ഓക്‌സിജന്‍, വെളിച്ചം എന്നിവയുടെ സാന്നിധ്യത്തില്‍ ശക്തിയും വീര്യവും നഷ്ടപ്പെടാം. ചിലപ്പോള്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി പുതുതായി ഒരു രാസപദാര്‍ഥം തന്നെ ഉണ്ടായെന്നു വരാം. ചിലപ്പോള്‍ ഇത് ശരീരത്തിന് ദോഷകരമാവാം. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ പലതും സുരക്ഷിതമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

എന്നാല്‍ ചിലതില്‍ അതില്‍ നിര്‍കര്‍ഷിച്ചിട്ടുള്ള അത്രയും അളവില്‍ മരുന്നിന്റെ തന്‍മാത്രകള്‍ അടങ്ങിയിരിക്കില്ലെന്ന് മാത്രം. നേരിയ തെറാപ്യൂട്ടിക് വിന്‍ഡോ ഉള്ള മരുന്നുകളുടെ കാര്യത്തില്‍ മാത്രമേ ഇത് സാധാരണയായി പ്രശ്‌നമാകാറുള്ളു. എന്നിരുന്നാലും മരുന്നിന്റെ വീര്യവും ഗുണവും കുറയും എന്നതിനാലും അപൂര്‍വമായി ശരീരത്തിന് ദോഷകരമായി ബാധിച്ചേക്കാവുന്ന പുതിയ രാസപദാര്‍ഥങ്ങള്‍ ഉണ്ടായേക്കാം എന്നതിനാലും കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

കാലാവധി കഴിഞ്ഞ പാരസെറ്റമോള്‍ ഒരുതവണ കഴിച്ചതിനു ശേഷം പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവപ്പെടാത്ത സ്ഥിതിക്ക് ഭയപ്പെടേണ്ടതില്ല. എന്നാല്‍ ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പനിമാറാത്തത് എന്തുകൊണ്ട്


കോളജ് വിദ്യാര്‍ഥിയാണ്. 20 വയസ്. എനിക്ക് ഇടയ്ക്കിടെ പനിയുണ്ടാകുന്നുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ പറഞ്ഞ് മരുന്നു വാങ്ങി കഴിക്കുകയാണ് പതിവ്. ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകള്‍ തന്നെ പറയുന്നു ഡോക്ടറെ കാണണമെന്ന്. പനിയെത്തുടര്‍ന്ന് ക്ഷീണവും ശരീര വേദനയും ഉണ്ടാകും. പനിക്കുള്ള മരുന്ന് കഴിക്കുമ്പോള്‍ ശമനം ലഭിക്കും. അടിയ്ക്കടി പനിയുണ്ടാകുന്നതുകൊണ്ട് സന്ധികള്‍ക്ക് വേദന മാറുന്നില്ല. രക്തം പരിശോധിച്ചു നോക്കി. അതില്‍ തകരാര്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിട്ടുമാറാത്ത ഈ പനിയുടെ കാരണമെന്താണ്?
------ രാജേഷ് , കാഞ്ഞിരമറ്റം

വ്യക്തമായ രോഗലക്ഷണങ്ങളോ രക്തപരിശോധനയില്‍ കാര്യമായ തകരാറോ കാണാതെയും സാധാരണ പനിക്കു കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് ശമനമുണ്ടാകാതെയുമുള്ള തുടര്‍ച്ചയായി പനിയുടെ കാരണം കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള പനിയെയാണ് സാധാരണ എഫ്.യു.ഓ (ഫിവര്‍ ഓഫ് അണ്‍നോണ്‍ ഒറിജിന്‍) എന്നു പറയുന്നത്. വൈദ്യപരിശോധന, അനുബന്ധ ലാബ് ടെസ്റ്റുകള്‍ എന്നിവ വഴി ഇത്തരത്തിലുള്ള പനിയുടെ കാരണം കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും.

ഏതു രോഗവും അതിന്റെ എല്ലാ ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള്‍ രോഗനിര്‍ണയം വളരെ എളുപ്പമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒന്നോ രണ്ടോ ലക്ഷണങ്ങളോ, അപൂര്‍വമായി കാണുന്ന ലക്ഷണങ്ങളോ മാത്രമായി ഒരു രോഗം പ്രത്യക്ഷപ്പെടുമ്പോഴാണ് രോഗനിര്‍ണയത്തിന് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇതുതന്നെയാണ് എഫ്.യു.ഓ യുടെ കാര്യത്തിലും സംഭവിക്കുന്നത്. പനിക്ക് കാരണമായ രോഗം അതിന്റെ മറ്റ് വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരിക്കുന്നതിനാലാണ് ഇവിടെയും രോഗനിര്‍ണയത്തിന് ബുദ്ധിമുട്ട് നേരിടുന്നത്.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ സന്ധിവാത രോഗങ്ങള്‍, എന്‍ഡോകാര്‍ഡൈറ്റിസ്, ബ്രുസെല്ലോസിസ്, വൈറസ് മൂലമുണ്ടാകുന്ന അണുബാധകള്‍, രക്തസംബന്ധമായ പ്രശ്‌നങ്ങള്‍, വിവിധതരം കാന്‍സറുകള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍കൊണ്ടും വിട്ടുമാറാത്ത പനിയുണ്ടാവാം.

ഇങ്ങനെ തുടര്‍ച്ചയായി പനിയുള്ളവരില്‍ രോഗ കാരണം കണ്ടെത്തുകയാണ് ആദ്യമായി ചെയ്യുന്നത്. ഇതിന് സാധാരണയിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരും. അതോടൊപ്പം സമയവും. അതുകൊണ്ടുതന്നെ രോഗിയും ബന്ധുക്കളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്ഷമയോടെ കാത്തിരിക്കേണ്ടത് രോഗനിര്‍ണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും ആവശ്യമാണ്.

മൂക്കില്‍ ദശവളരുന്നു


എന്റെ മകനു വേണ്ടിയാണ് കത്ത്. അവന് 10 വയസു മുതല്‍ ഇടയ്ക്കിടെ മൂക്കടപ്പും ജലദോഷവും ഉണ്ടാകാറുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ മൂക്കില്‍ ദശവളരുന്നുണ്ടെന്നു പറഞ്ഞു. ശസ്ത്രക്രിയ നിര്‍ദേശിച്ചു. ശസ്ത്രക്രിയയില്ലാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോ?
---- മോഹന്‍ ദാസ് , ഇടുക്കി

മൂക്കില്‍ ദശവളരുന്നത് സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കാണുന്നത്. ഇത് മൂക്കടപ്പ്, ജലദോഷം, തലവേദന, മൂക്കിനുള്ളില്‍ രക്തസ്രാവം തുടങ്ങിയവ കാരണമാവാം. മൂക്കിലെ ദശകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായി വരാം. അതുകൊണ്ടു തന്നെ ഒരു ഇ.എന്‍.ടി ഡോക്ടറെ കണ്ട് അദേഹത്തിന്റെ നിര്‍ദേശപ്രകാരം ചികിത്സിക്കുന്നതാവും ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW