Sunday, June 16, 2019 Last Updated 45 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 27 Dec 2018 11.52 AM

ആയുര്‍വേദം കുട്ടികള്‍ക്ക്

''ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം''
uploads/news/2018/12/275662/ayurvademforkids251218.jpg

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സ മാര്‍ഗങ്ങളാണ് ആയുര്‍വേദത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആയുര്‍വേദ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങളും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കില്ലെന്നതും ആശാവഹമാണ്. ആയുര്‍വേദത്തില്‍ എട്ടു വിഭാഗങ്ങളിലായിട്ടാണ് ചികിത്സകള്‍ പൊതുവേ വിവരിക്കുന്നത്.

ആയുര്‍വേദത്തിന്റെ ജനോപകാരപ്രദമായ മേന്മകളെ ആധുനിക കാലഘട്ടത്തിലെ രോഗങ്ങള്‍ക്കും വിവിധ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സുപ്രധാനം.

പ്രതിരോധ കുത്തിവയ്പ്പുകളെ ക്കുറിച്ച് ആവശ്യത്തിലധികം വിവാദങ്ങള്‍ ഉയര്‍ന്നു വരികയും, കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് കുട്ടികള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആയുര്‍വേദവിധിപ്രകാരം വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അതായത് 'പ്രതിരോധ കുത്തിവെപ്പുകള്‍ - ഔഷധ സേവകള്‍' നിര്‍ബന്ധമായും നടപ്പാക്കേണ്ടത് തന്നെയാണ്.

കാലാനുസൃതമായി രൂപപ്പെട്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സ്വാഭാവിക പ്രതിരോധ ശക്തി മാത്രം മതിയാകാതെ വരാമെന്നിരിക്കെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ തയ്യാറാവുന്ന വാക്‌സിനുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കണമെന്നു തന്നെയാണ് ആയുര്‍വേദം അനുശാസിക്കുന്നത്.

രോഗപ്രതിരോധത്തിന്


ശിശുരോഗങ്ങളെ പ്രതിരോധിക്കുന്നതിനു ആയുര്‍വേദ ശാസ്ത്രം ഗര്‍ഭകാലം മുതല്‍ ആരംഭിക്കേണ്ട ആരോഗ്യ ശീലങ്ങളും ഔഷധസേവകളും 'ഗര്‍ഭിണി പരിചരണം' എന്നതിലൂടെ വിവരിക്കുന്നു. തുടര്‍ന്ന് പ്രസവാനന്തരമുള്ള നവജാതശിശുപരിചരണം - പ്രസവിച്ച അമ്മയുടെ പരിചരണം എന്നിങ്ങനെ ഘട്ടം ഘട്ടമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു.

ശിശുപരിപാലനത്തിനും, ബാലചികിത്സക്കും ആയുര്‍വേദം നല്‍കുന്ന പ്രാധാന്യമാണ് പ്രധാനം. ആരോഗ്യ ദൃഢഗാത്രനായ കുഞ്ഞിനു വേണ്ടിയുള്ള ശ്രമം ഭ്രൂണാവസ്ഥയ്ക്ക് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നു അനുശാസിക്കുന്ന ഏക ശാസ്ത്രവും ആയുര്‍വേദം തന്നെയാണ്.

ബാലചികിത്സയില്‍ രണ്ട് വയസുവരെയുള്ള ശൈശവകാലഘട്ടം തുടര്‍ന്ന് 12 വയസുവരെ ബാലനെന്ന അവസ്ഥ വരെ ബാലചികിത്സയില്‍പ്പെടുത്താം.

പിറവിയിലുള്ള രോഗങ്ങള്‍


ജന്മനാ ഉണ്ടായിട്ടുള്ള അസുഖങ്ങള്‍ ജനനശേഷം പിടിപെടുന്ന അസുഖങ്ങള്‍ എന്നിവ വേര്‍തിരിച്ചുതന്നെ ബാലരോഗങ്ങളെ കാണേണ്ടതാണ്. ജന്മനാ കണ്ടുവരുന്ന തകരാറുകളില്‍ ആയുര്‍വേദ ചികിത്സകള്‍ വളരെ ഫലപ്രദമാണ്. ബുദ്ധിമാന്ദ്യം, സംസാരിക്കാന്‍ താമസം, നടക്കാന്‍ താമസമുണ്ടാകുക തുടങ്ങിയ അവസ്ഥകളില്‍ ആയുര്‍വേദത്തില്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്ന ചികിത്സാ രീതികളുണ്ട്.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മറ്റു വൈകല്യങ്ങള്‍ തുടങ്ങിയവയൊക്കെ ആദ്യമേ തന്നെ തിരിച്ചറിയുന്നതാണ് നല്ലത്. ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുകയാണ് അഭികാമ്യം. കുട്ടികള്‍ക്ക് സ്ഥിരമായി ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നത് വളര്‍ച്ചയെത്തുമ്പോള്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകാം.

uploads/news/2018/12/275662/ayurvademforkids251218a.jpg

കുട്ടികളില്‍ അനാവശ്യമായി മരുന്നുകള്‍ നല്‍കുന്ന രീതി കഴിവതും ഒഴിവാക്കണം. അനാവശ്യമായി മരുന്നുകള്‍ നല്‍കുന്നത് കുറച്ചാല്‍ കുട്ടികള്‍ വലുതാകുമ്പോള്‍ ആരോഗ്യവാനായി നിലനില്‍ക്കൂ. സ്ഥിരമായി ഉണ്ടാകുന്ന കഫക്കെട്ട്, ശ്വാസതടസം, ജലദോഷം എന്നിവ മൂലമാണ് പലപ്പോഴും ദീര്‍ഘകാലം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കേണ്ടി വരുന്നത്.

കുറഞ്ഞപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം, ബി.പി തുടങ്ങിയ ദീര്‍ഘകാലം മരുന്നുകള്‍ ഉപയോഗിക്കേണ്ട രോഗങ്ങള്‍ വരാന്‍ ബാലാവസ്ഥയിലെ അമിത ഔഷധ ഉപയോഗവും കാരണമാകാം.

ബാലരോഗങ്ങള്‍ക്ക് കാരണം


പഴയകാലഘട്ടത്തില്‍ വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും, പോഷകാഹാരക്കുറവുമായിരുന്നു ബാലരോഗങ്ങളുടെ അടിസ്ഥാന കാരണം. എന്നാല്‍ ഇന്ന് അമിതപോഷണവും കൃത്രിമാഹാരങ്ങളുടെ അമിതോപയോഗവുമാണ് മുന്‍നിരയില്‍. അമിതപോഷണം മൂലമുണ്ടാകുന്ന കുട്ടികളിലെ പൊണ്ണത്തടി ഒരു ആഗോള വിപത്തായി മാറിയിരിക്കുകയാണ്.

ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണമില്ലാത്തതും കൃത്രിമ ആഹാരങ്ങളുടെ അമിത ഉപയോഗവും കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇതു കൂടാതെ അണുകുടുംബ വ്യവസ്്ഥയും അച്ഛനമ്മമാരുടെ തിരക്കുപിടിച്ച ജീവിതവും കുട്ടികളില്‍ അതീവ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിക്കുന്നു. പഴയ കുടുംബ വ്യവസ്ഥകളില്‍ നിന്ന് മാറി തന്‍കാര്യം മാത്രം നോക്കി ജീവിക്കുന്ന, സമൂഹിക പ്രതിബദ്ധതയില്ലാത്ത മനോവൈകല്യമുള്ള ഒരു തലമുറ രൂപപ്പെടുന്ന ചുറ്റുപാടിലാണ് കുട്ടികള്‍ ഇന്നു വളര്‍ന്നു വരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം ചില നല്ല ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ അവരില്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കണം. കുട്ടിക്കാലത്ത് ശീലമാക്കുന്ന കാര്യങ്ങള്‍ വളര്‍ച്ചയെത്തിയാലും കൃത്യമായി പിന്‍തുടരാന്‍ അവര്‍ ശ്രമിക്കും. അതുകൊണ്ട് കുട്ടികളെ കുളിപ്പിക്കുമ്പോള്‍ തലയിലും ദേഹത്തും നല്ല വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് ശീലമാക്കുക.

ദിവസവും എണ്ണ തലയില്‍ തേച്ച് കുളിച്ചാല്‍ ജലദോഷം വരുമെന്ന പേടിയുണ്ടെങ്കില്‍ കുളിപ്പിച്ചു കഴിഞ്ഞാല്‍ ഒരു നുള്ള് രാസനാദിപ്പൊടി നെറുകയില്‍ തിരുമ്മുക. കുട്ടികളുടെ ഇരിപ്പിലും നടപ്പിലും ഉള്ള വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം. ഇവയൊക്കെ ശരിയായ രീതിയില്‍ ആണോയെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധനല്‍കണം.

കുട്ടികളുടെ നട്ടെല്ലിന്റെ വളവ് തിരിവുകള്‍, കൂന് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടോയെന്നു പരിശോധിക്കുന്നത് നല്ലതാണ്. ശൈശവാവസ്ഥയില്‍ കണ്ടെത്തുന്ന ഇത്തരം ഘടനാ വ്യത്യാസങ്ങള്‍ ആയുര്‍വേദ ചികിത്സയിലൂടെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്്. നട്ടെല്ലിന്റെ ഘടനയില്‍ വരുന്ന വ്യതിയാനങ്ങള്‍ കുട്ടികളില്‍ തലവേദന, ശ്വാസകോശരോഗങ്ങള്‍, മലബന്ധം തുടങ്ങിയ വ്യത്യസ്തങ്ങളായ രോഗങ്ങള്‍ക്ക് കാരണമാകാം.

ഓരോ കുട്ടിയെയും പോസ്റ്റര്‍ ഡിഫോമിറ്റി സ്‌ക്രീനിങിന് അഥവാ പി.ഡി.എസ് സ്‌ക്രീനിങ് എന്ന വൈകല്യം നേരത്തെ തിരിച്ചറിയുവാനുള്ള പരിശോധനയ്ക്ക് വിധേയമാക്കണം. നട്ടെല്ലിന് എണ്ണ തേച്ച് കുളിക്കുകയും ലഘുവ്യായാമങ്ങള്‍കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ ലളിതമായി പരിഹരിക്കാം. കാലക്രമത്തില്‍ വൈകല്യങ്ങളൊക്കെ മാറുമെന്ന വാദം തെറ്റാണ്. രോഗിയുടെ പൂര്‍ണമായ പരിശ്രമം രോഗശാന്തിക്ക് അത്യാവശ്യ ഘടകമാണ്.

ബുദ്ധിവളര്‍ച്ചയ്ക്ക്


സംസാരിക്കാന്‍ താമസം വരുന്ന കുട്ടികള്‍ക്ക് വയമ്പ്, രുദ്രാക്ഷം, തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്ത് തയാറാക്കുന്ന ഔഷധങ്ങള്‍ പ്രയോഗിക്കുന്നത് പെട്ടെന്നു ഫലം ചെയ്യും. ബ്രഹ്മി നീര് ഉപയോഗിച്ച് കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും സഹായിക്കും.

കുട്ടികളുടെ അസുഖം മാത്രം കണക്കിലെടുത്ത് ധാരാളം സിറപ്പുകള്‍, കഷായങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, പൊടികള്‍, ഗുളികകള്‍, കുഴമ്പുകള്‍, എണ്ണ എന്നിവ വിപണിയില്‍ ലഭ്യമാണ്.

കുട്ടികള്‍ പലപ്പോഴും ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കാന്‍ മടിക്കുന്നത് അവയുടെ രുചി കൊണ്ടാണ്. എന്നാല്‍ ആയുര്‍വേദ ഔഷധങ്ങളുടെ രുചി പ്രശ്‌നം പേടിക്കേണ്ടതില്ല.

കുട്ടികള്‍ക്ക് കഴിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്. കുട്ടികളുടെ രോഗപ്രതിരോധത്തിനു ഇന്ദുകാന്തം കഷായം, ഇന്ദുകാന്തം സിറപ്പായും മുടിവളരാനുള്ള എണ്ണകള്‍, ഷാംപൂ, താളിപ്പൊടികള്‍, ഔഷധ സോപ്പുകള്‍ എന്നിവയും സുലഭമാണ്.

uploads/news/2018/12/275662/ayurvademforkids251218b.jpg

കുട്ടികളുടെ ഭക്ഷണരീതി


കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലെ കൃത്യതയില്ലായ്മ അവരുടെ ജീവിത രീതിയില്‍ മുഴുവനായി ബാധിക്കുന്നു. ആധുനിക കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ചോക്കലേറ്റുകള്‍, ഐസ്‌ക്രീമുകള്‍, ഫാസ്റ്റ് ഫുഡ്, കൃത്രിമ പാനിയങ്ങള്‍, നൂഡില്‍സ് തുടങ്ങിയ ഭക്ഷണങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. നിരന്തരം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മുതിര്‍ന്നവര്‍ നേരിടുന്നതുപോലെ കുട്ടികളും ഭക്ഷ്യവസ്തുക്കളിലുള്ള അപകടകരമായ ചേരുവകള്‍ ചെറുപ്പത്തിലെ ശീലമാക്കുന്നു.

വിഷലിപ്തമായ പച്ചക്കറികള്‍, മത്സ്യം, മാംസം, തുടങ്ങിയ ആഹാരങ്ങള്‍, ശീതളപാനിയങ്ങള്‍ എന്നു വേണ്ട വളരെ ഭയാനകമായ ജീവിതക്രമമാണ് ഇപ്പോഴത്തെ തലമുറ അനുവര്‍ത്തിക്കുന്നത്. സാമാന്യ ബുദ്ധിക്കനുസരിച്ച് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലെ അന്തരീക്ഷത്തിനു യോജിച്ച രീതിയില്‍ ജീവിക്കുവാനും മായം കലരാത്തതും പ്രകൃതിജന്യവുമായ ആഹാരങ്ങള്‍ ശീലിപ്പിക്കാന്‍ തയ്യാറാകണം.

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ഗെയിമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നീന്താന്‍ സൗകര്യമുണ്ടെങ്കില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിപ്പിക്കുക. നിത്യേന അല്‍പ്പ സമയം നീന്താനുള്ള സൗകര്യമുണ്ടാക്കുക. ഇത്തരത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് കുട്ടിക്കാലം മുതല്‍ കരുതലോടെ ജീവിതം തുടങ്ങി വയ്ക്കാന്‍ കഴിയണം.

ഡോ. പി. കൃഷ്ണദാസ്
ചീഫ് ഫിസിഷ്യന്‍,
അമൃതം ആയുര്‍വേദ ഹോസ്പ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍,
പെരിന്തല്‍മണ്ണ

Ads by Google
Thursday 27 Dec 2018 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW