Sunday, June 30, 2019 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 03.05 PM

മണ്ണുവാരി കഴിക്കുന്ന രണ്ടുവയസുകാരന്‍ കുഞ്ഞിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല? എന്തുകൊണ്ടാണിത്?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/12/273123/asdrkidscar171218.jpg

മണ്ണുവാരി കഴിക്കുന്ന രണ്ടുവയസുകാരന്‍

കൊച്ചുമകനു വേണ്ടിയാണ് കത്ത്. കുഞ്ഞിന് ഇപ്പോള്‍ 2 വയസ്. കുട്ടിക്ക് മുറ്റത്ത് കളിക്കാനാണ് കുഞ്ഞിന് ഇഷ്ടം. മുറ്റത്തേക്ക് ഇറക്കിവിട്ടാല്‍ കണ്ണു തെറ്റിയാല്‍ കല്ലും മണ്ണുമൊക്കെ വായിലിടും. ചെറിയ ശിക്ഷ നല്‍കിയിട്ടും വഴക്കു പറഞ്ഞിട്ടും കുഞ്ഞിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല? എന്തുകൊണ്ടാണിത്?
----- അമ്മു സുധാകരന്‍, പെരുമ്പാവൂര്‍

മിക്ക കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്. കരി, മണ്ണ്, കല്ല് മുതലായ കഴിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ കഴിക്കുന്ന ഈ സ്വഭാവം പൈക്ക എന്നാണ് പറയുന്നത്. അയണിന്റെ അഭാവമുള്ള കുട്ടികളില്‍ ഈ പ്രശ്‌നം കണ്ടുവരുന്നു. അയണ്‍ അടങ്ങിയ ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാം.

ഇതൊരു ശീലമായി കാണാതെ ഇതിനു പിന്നിലുള്ള പ്രശ്‌നം എന്തെന്ന് കണ്ടെത്തി ചികിത്സ കൊടുക്കണം. അയണിന്റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ ബാഹ്യ ലക്ഷണമാവാം ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കാന്‍ കുട്ടി കൂടുതല്‍ താല്പര്യം കാണിക്കുന്നതിനു പിന്നില്‍.

കാലുകള്‍ക്ക് നീളവ്യത്യാസം


എന്റെ കുട്ടിക്ക് ഒന്നര വയസ്. കുട്ടിയുടെ ഇരുകാലുകള്‍ക്കും നീളവ്യത്യാസം ഉണ്ട്. അതിനാല്‍ നടക്കുമ്പോള്‍ കുഞ്ഞിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് ഭാവിയില്‍ കുഞ്ഞിന് ദോഷമാവില്ലേ? ഈ നീളവ്യത്യാസം മാറ്റാന്‍ എന്താണ് മാര്‍ഗം?
------ റിയ , അയര്‍ക്കുന്നം

ഒരു വയസു മുതല്‍ രണ്ടു വയസുവരെ പ്രായമുള്ള കുട്ടികള്‍ നടന്നു തുടങ്ങുന്ന സമയമായതുകൊണ്ട് കാലുകള്‍ക്ക് നീളവ്യത്യാസം അനുഭവപ്പെടുന്നതുപോലെ തോന്നാം. എന്തായാലും നിങ്ങളുടെ കുട്ടിക്ക് മുടന്തുള്ളതായി തോന്നുന്നില്ല. നീളക്കുറവ് തോന്നുന്നുണ്ടെങ്കില്‍ ഓര്‍ത്തോപിഡീഷനെ കാണിച്ച് കാലുകള്‍ക്ക് നീളവ്യത്യാസം ഇല്ലെന്ന് ഉറപ്പുവരുത്തണം.

നടത്തത്തിന്റെ പ്രത്യേകതകൊണ്ട് നീളവ്യത്യാസം തോന്നുന്നതാവാം. അങ്ങയെങ്കില്‍ ചികിത്സയുടെ ആവശ്യമില്ല. ഇടുപ്പസ്ഥിയുടെ സ്ഥാനവ്യതിയാനം ഉണ്ടാകുന്നതുകൊണ്ടാണ് സാധാരണ കാലുകള്‍ക്ക് നീളവ്യത്യാസം ഉണ്ടാകുന്നത്. സര്‍ജറിയിലൂടെ ഇത് പതിഹരിക്കാവുന്നതാണ്. ചികിത്സയുണ്ട്.

കിടക്കയില്‍ മൂത്രമൊഴിക്കുന്നു


മകള്‍ക്ക് അഞ്ചുവയസ്. രാത്രിയില്‍ കിടക്കയില്‍ മൂത്രം ഒഴിക്കുന്നു. ചെറുപ്പത്തില്‍ രാത്രിയില്‍ ഇടയ്ക്ക് എഴുന്നേല്‍പ്പിച്ച് മൂത്രം ഒഴിപ്പിക്കുമായിരുന്നു. നാലുവയസുവരെ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല. മൂത്രമൊഴിക്കേണ്ടപ്പോള്‍ വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി കിടന്നുമുള്ളുന്നു. വഴക്കുപറഞ്ഞിട്ടും രാത്രിയില്‍ ഇടയ്ക്ക് എഴുന്നേല്‍പ്പിച്ച് ബാത്ത്‌റൂമില്‍ കൊണ്ടുപോയിട്ടും മാറ്റമൊന്നുമില്ല. കുട്ടിയുടെ ഈ സ്വഭാവം മാറുമോ?
----- ജോബി ഷോണ്‍, വടവാതൂര്‍

കുട്ടികള്‍ കിടക്കയില്‍ മൂത്രംമൊഴിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ സ്വഭാവം അധികനാള്‍ നീണ്ടു നില്‍ക്കാറില്ല. മൂത്രമൊഴിക്കണം എന്ന വിവരം കുട്ടി പല തരത്തില്‍ പ്രകടിപ്പിക്കും.

അപ്പോള്‍ കുട്ടിയെ പുറത്തുകൊണ്ടുപോയി മൂത്രമൊഴിപ്പിക്കാം. ഒരു നിശ്ചിത പ്രായത്തിനുശേഷവും, അതായത് നാല് വയസിന് ശേഷവും ഈ സ്വഭാവം മാറിയിട്ടില്ലെങ്കില്‍ അതിനെ സെക്കന്‍ഡറി എന്യൂറോസിസ് എന്നു പറയുന്നു. ഇതിന് തക്കതായ കാരണങ്ങള്‍ ഉണ്ടാകും.

ഇതു കണ്ടെത്താന്‍ സ്‌കാനിംഗ് സഹായിക്കും. കുട്ടിക്കാലം മുതല്‍ ടൊയ്‌ലറ്റ് ട്രയിനിംഗ് നല്‍കാതിരുന്നാലും ഇത്തരത്തില്‍ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കും. ഉറങ്ങാന്‍ കിടക്കും മുമ്പ് കുട്ടിയെ മൂത്രമൊഴിപ്പിച്ചു കിടത്തുക.

വിരമരുന്ന് എപ്പോള്‍ നല്‍കണം


എന്റെ മകന് രണ്ടര വയസ്. കുഞ്ഞ് രാത്രിയില്‍ ഉണര്‍ന്നു കരയുന്നു. വയറു വേദനയുണ്ടെന്ന് കുട്ടി പറയുന്നു. വിരയുടെ ശല്യം മൂലം ഇത്തരത്തില്‍ വയറുവേദന പതിവുണ്ടോ? കുഞ്ഞിന്
വിരയ്ക്കുള്ള മരുന്ന് കൊടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ കുഞ്ഞിന് വീണ്ടും വിരമരുന്ന് നല്‍കേണ്ടതുണ്ടോ?
------ രാഖി രതീഷ്, പാണത്തൂര്‍

രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, അവര്‍ മുറ്റത്തിറങ്ങുകയോ മണ്ണുവാരി കളിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ വിരയിളക്കുന്നതിനുള്ള മരുന്ന് നല്‍കേണ്ടതില്ല. എന്നാല്‍ പുറത്തിറങ്ങി കളിക്കുന്ന കുട്ടികള്‍ക്കും മണ്ണില്‍ കളിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കും ആറുമാസത്തിലൊരിക്കല്‍ വിരയിളക്കുന്നതിനുള്ള മരുന്ന് നല്‍കുന്നത് നന്നായിരിക്കും.

പ്രത്യേകിച്ച് വിരശല്യത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മരുന്ന് കൊടുക്കുന്നതുകൊണ്ട് ദോഷമില്ല. എന്നാല്‍ ക്ഷീണം, വിളര്‍ച്ച, മലദ്വാരത്തിനു ചുറ്റും ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ വിരശല്യത്തിന് എതിരായ, കുട്ടിയുടെ പ്രായത്തിനു യോജിച്ച മരുന്ന് കഴിക്കാന്‍ കൊടുക്കാം.

7 വയസിലും 10 വയസിലുമുള്ള കുട്ടികള്‍, പുറത്ത് കളിക്കുന്നവരാണെങ്കില്‍ ആറുമാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ മരുന്നുകൊടുക്കുന്നതുകൊണ്ട് തെറ്റില്ല. മലദ്വാരത്തിനു ചുറ്റും ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അത് കൃമി ശല്യമാണ്.

അങ്ങനെയുണ്ടെങ്കില്‍ വീട്ടിലെ എല്ലാ അംഗങ്ങളും മരുന്ന് കഴിക്കുന്നതാണ് നല്ലത്. 5 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഗുളിക കൊടുക്കാം. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഗുളിക കഴിക്കാന്‍ മടിയായാല്‍ സിറപ്പ് നല്‍കാം.

കണ്ണില്‍ വേദനയും കണ്ണാടിയും


ഞാന്‍ 8 വയസുള്ള കുട്ടിയുടെ അമ്മയാണ്. ഏതാനും ദിവസമായി മകള്‍ക്ക് കണ്ണുവേദനയാണെന്ന് പറയുന്നു. കൃഷ്ണമണിയുടെ ഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുന്നത്. ചിലപ്പോള്‍ വേദന ഒട്ടുമില്ലെന്ന് പറയും. കാഴ്ചശക്തിക്ക് കുഴപ്പമൊന്നുമില്ല. ഇടയ്ക്കിടെ കണ്ണില്‍നിന്ന് വെള്ളം വരുന്നുണ്ട്. ഡോക്ടറെ കാണാന്‍ അവള്‍ സമ്മതിക്കുന്നില്ല? കാലാവസ്ഥയുടെ മാറ്റമാണോ കാരണം? കണ്ണാടി വയ്‌ക്കേണ്ടി വരുമോ? കണ്ണാടി വയ്ക്കുന്ന കാര്യം മോള്‍ക്ക് വലിയ മടിയാണ്. കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ?
----- ശാലിനി സന്തോഷ് , മൂവാറ്റുപുഴ

കണ്ണില്‍ പൊടിയടിച്ചതുകൊണ്ടോ അന്യവസ്തുക്കള്‍ കണ്ണില്‍ പോയതുകൊണ്ടോ ഇതുപോലെ സംഭവിക്കാം. നിങ്ങളുടെ കുട്ടിയുടെ പ്രശ്‌നം അങ്ങനെയാവാനേ വഴിയുള്ളൂ. അധികം പഴകിയ വേദനയൊന്നുമല്ലല്ലോ. ഏതാനും ദിവസമല്ലേ ആയിട്ടുള്ളൂ. ഗുരുതരപ്രശ്‌നമാകാന്‍ തരമില്ല. പ്രത്യേകിച്ച് കാഴ്ചയ്ക്ക് തകരാറില്ലാത്ത സ്ഥിതിക്ക്.

അപ്പോഴേക്കും കണ്ണാടി വയ്‌ക്കേണ്ടിവരുമോ എന്നു ചോദിക്കാന്‍ വരട്ടെ. കണ്ണില്‍നിന്നും തുടര്‍ച്ചയായി വെള്ളം വരുകയും വേദനയുമുണ്ടെങ്കില്‍ കണ്ണുരോഗവിദഗ്ധനെ കാണിക്കുക. മിക്കവാറും കണ്ണില്‍ മരുന്ന് ഒഴിക്കുന്നതിലൂടെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW