Thursday, July 04, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 19 Nov 2018 03.10 PM

ഏഴാം മാസത്തില്‍ ബി. പി നിരക്ക് കൂടുന്നത് കുഞ്ഞിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഗൈനക്കോളജി
uploads/news/2018/11/266050/askdrgalacolgy191118a.jpg

ഗര്‍ഭകാലത്ത് അമിതഭാരം കുറയ്ക്കാന്‍


എനിക്ക് 25 വയസ്. നാല് മാസം ഗര്‍ഭിണിയാണ്. മെലിഞ്ഞ ശരീരമാണ്. എന്നാല്‍ ഗര്‍ഭിണിയായതോടെ ശരീരം അമിതമായി വണ്ണം വച്ചു തുടങ്ങി. ഗര്‍ഭാവസ്ഥയില്‍ എത്ര കിലോ ഗ്രാം ഭാരംവരെ വര്‍ധിക്കാം. ഗര്‍ഭകാലത്ത് അമിതഭാരം ഒഴിവാക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം? ചെറിയരീതിയില്‍ ഭക്ഷണം നിയന്ത്രിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? പ്രസവശേഷം വ്യായാമം ചെയ്താലും ഈ വണ്ണം കുറയില്ലെന്ന് പറയുന്നത് ശരിയാണോ?
------ അഞ്ജുരാജ്, സെക്കന്തരാബാദ്

ഗര്‍ഭാവസ്ഥയില്‍ 11 കിലോ ഗ്രാം മുതല്‍ 16 കിലോ ഗ്രാം വരെ ആരോഗ്യവതിയായ സ്ത്രീയുടെ ഭാരം കൂടാം. ഗര്‍ഭിണി പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്കറികള്‍, പാല്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. എണ്ണമയം കൂടിയ ഭക്ഷണം, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

ഗര്‍ഭിണിയായ സ്ത്രീ ഭക്ഷണനിയന്ത്രണം, തൂക്കം കുറയ്ക്കുന്നതിനുള്ള ഡയറ്റ് എന്നിവ ചെയ്യരുത്. പ്രസവത്തിനുശേഷം കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ ഗര്‍ഭാവസ്ഥയില്‍ കൂടിയ ശരീരഭാരം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. പ്രസവം കഴിഞ്ഞ് 8 ആഴ്ചയ്ക്കുശേഷം ലഘുവായ വ്യായാമ മുറകള്‍ ചെയ്യാവുന്നതാണ്.

അമിത രക്തസമ്മര്‍ദം


വിവാഹിതയും ഏഴ് മാസം ഗര്‍ഭിണിയുമാണ്. 28 വയസ്. ഈ തവണ പരിശോധനയ്ക്കു ഡോക്ടറെ സമീപിച്ചപ്പോള്‍ ബി. പി കൂടുതലാണെന്ന് പറഞ്ഞു. കാലിലും സന്ധികളിലും നീര്‍ക്കെട്ടും തലവേദനയും ഉണ്ടായിരുന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടതായും വന്നു. മരുന്നുകള്‍ കഴിച്ചിട്ടും ബി. പി കുറഞ്ഞില്ല. ഗര്‍ഭധാരണത്തിനുമുമ്പ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏഴാം മാസത്തില്‍ ബി. പി നിരക്ക് കൂടുന്നത് കുഞ്ഞിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സിസേറിയന്‍ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞു.
----- ഗ്രീഷ്മ സതീഷ് , ചെങ്ങന്നൂര്‍

ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസമ്മര്‍ദം വര്‍ധിക്കുവാനുള്ള കാരണങ്ങള്‍ പലതാണ്. ചില സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജനിതകമായ കാരണങ്ങള്‍കൊണ്ട് രക്തസമ്മര്‍ദം വര്‍ധിക്കാം. ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദം വര്‍ധിച്ചാല്‍ മറുപിള്ള (പ്ലാസന്റ)യില്‍ നിന്നും വയറ്റിലെ ഭ്രൂണത്തിന് ലഭിക്കുന്ന രക്തം കുറയുന്നു അങ്ങനെ കുഞ്ഞിന് അമ്മയില്‍ നിന്നും ലഭിക്കേണ്ട പോഷകത്തിന്റെ അളവും തന്മൂലം കുഞ്ഞിന്റെ വളര്‍ച്ചയും കുറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ഇതുമൂലം കുഞ്ഞിനെ മാസം തികയുന്നതിനുമുന്‍പേ പ്രസവിക്കുവാനുള്ള സാധ്യതയുമുണ്ട്. ഓട്ടോ ഇമ്മ്യൂണ്‍ രോഗം എന്ന അവസ്ഥയുള്ളവരില്‍ ബി പി കൂടുതലായി കാണപ്പെടുന്നു.

അബോര്‍ഷനു ശേഷംവീണ്ടും ഗര്‍ഭിണിയാകാന്‍


എന്റെ ഭാര്യയ്ക്ക് 20 വയസ്. രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം ഗര്‍ഭിണിയായി. എന്നാല്‍ കുട്ടി ഉടന്‍വേണ്ട എന്ന തീരുമാനത്തില്‍ അബോര്‍ഷന്‍ ചെയ്തു. തുടര്‍ന്ന് ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നുണ്ടായിരുന്നു. ആറുമാസമായി ഈ ഗുളികകള്‍ കഴിക്കുന്നില്ല. എന്നാല്‍ ഗര്‍ഭധാരണം ഇതുവരെ സാധ്യമായില്ല. ഞങ്ങള്‍ക്ക് ഉടന്‍തന്നെ കുഞ്ഞ് വേണമെന്നുണ്ട്. ആദ്യം ഗര്‍ഭം അലസിപ്പിച്ചാല്‍ പിന്നീട് എന്തെങ്കിലും തകരാറുകള്‍ ഉണ്ടാകുമെന്ന് അറിയാന്‍കഴിഞ്ഞു. ഇതു ശരിയാണോ? അതുകൊണ്ടാണോ ഗര്‍ഭധാരണം സാധ്യമാകാത്തത്?
----- സന്ദീപ് തോമസ് , അടിമാലി

ഒരിക്കല്‍ ഗര്‍ഭം അലസിപ്പോയതുകൊണ്ടോ, അലസിപ്പിച്ചതുകൊണ്ടോ ഒരു സ്ത്രീ വീണ്ടും ഗര്‍ഭിണിയാകാതിരിക്കുന്നില്ല. എന്നാല്‍ ഒരിക്കല്‍ അബോര്‍ഷന്‍ നടത്തിയതിനു ശേഷം വീണ്ടും ഗര്‍ഭിണിയാകാന്‍ 6 മാസമെങ്കിലും ശ്രമിക്കേണ്ടിവരും. എന്നിട്ടും സാധിക്കുന്നില്ലെങ്കി ല്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം തേടേണ്ടതാണ്

ഗര്‍ഭാവസ്ഥയില്‍യാത്ര ചെയ്യുമ്പോള്‍


എനിക്ക് 30 വയസ്. ഉദ്യോഗസ്ഥയാണ്. രണ്ടുമാസം ഗര്‍ഭിണിയാണ്. വീട്ടില്‍നിന്നും രണ്ടര മണിക്കൂര്‍ ബസില്‍ ഇരുന്നു വേണം ജോലി സ്ഥലത്തെത്താന്‍. ഛര്‍ദിയോ മറ്റ് അസ്വസ്ഥതകേളാ ഇല്ല. ദിവസവും ഒരേ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ആരോഗ്യകരമാണോ? ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യാമോ?
----- വിജി ആര്‍.ആലപ്പുഴ

പൂര്‍ണ്ണ ആരോഗ്യവതിയായ ഗര്‍ഭിണി ദീര്‍ഘദൂരയാത്ര ആദ്യത്തെ 3 മാസം ഒഴിവാക്കണം. അതേസമയം ഇരുചക്ര വാഹനത്തിലെ യാത്ര ഗര്‍ഭിണികള്‍ കഴിവതും ഒഴിവാക്കണം.

മലബന്ധം ഒഴിവാക്കാം


28 വയസ്. ആറ് മാസം ഗര്‍ഭിണിയാണ്. മലബന്ധമാണ് എന്നെ അലട്ടുന്ന പ്രശ്‌നം. കട്ടികുറവുള്ള ആഹാരം കഴിച്ചിട്ടും ഇതിന് കുറവില്ല. കഴിക്കുന്ന ആഹാരത്തിന് രുചിക്കുറവ് തോന്നുന്നതിനാല്‍ ആഹാരം കഴിക്കാനും മടിയാണ്. ചിലപ്പോള്‍ അടിവയറ്റില്‍ വേദനയും അനുഭവപ്പെടുന്നു. മലബന്ധം ആഹാരക്രമീകരണത്തിലൂടെ ഒഴിവാക്കാന്‍ കഴിയുമോ?
-----റിയ ആന്റണി , കൊച്ചി

ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന പ്രശ്‌നമാണ് മലബന്ധം. വ്യായാമക്കുറവ്, ഹോര്‍മോണുകളുടെ വ്യതിയാനം, നാരുകള്‍ കുറഞ്ഞ ഭക്ഷണം ഇവ ഒരുപരിധിവരെ ഇതിനുകാരണമാണ്. നിത്യേന 8 മുതല്‍ 12 വരെ ഗ്ലാസ് വെള്ളം കുടിക്കുകയും ധാരാളം നാരുകളുള്ള ആഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തുകയും ചെയ്യുകവഴി മലബന്ധം ഒഴിവാക്കാവുന്നതാണ്.

ഡോ. നിരഞ്ജന ജയകൃഷ്ണന്‍
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്‌റ്
കെ.ജെ.കെ ഹോസ്പിറ്റല്‍,തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW