Monday, June 24, 2019 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 02.34 PM

സൗഹൃദ സ്വപ്നങ്ങളിലേക്ക് ഒരു സ്‌കൂട്ടര്‍ യാത്ര

'' കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് സ്‌കൂട്ടറില്‍ യാത്ര നടത്തി മടങ്ങിയെത്തിയ രണ്ട് മലയാളി പെണ്‍കുട്ടികളുടെ യാത്രയ്‌ക്കൊപ്പം...''
uploads/news/2018/11/263383/travelhimalayan081118.jpg

ആഗ്രഹങ്ങളെ ചെയ്‌സ് ചെയ്തു പിടിക്കുന്ന രണ്ടു പെണ്ണുങ്ങള്‍. യാത്രകളോടായിരുന്നു അവര്‍ക്ക് പ്രണയം. ദൂരവും ദൈര്‍ഘ്യവുമൊന്നും അവരുടെ സ്വപ്ന യാത്രകള്‍ക്ക് തടസ്സമായിരുന്നില്ല.

പരിമിതികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലാണ് പെണ്‍കുട്ടികളുടെ ജീവിതമെന്ന് വിധിയെഴുതി റിവേഴ്‌സ് ഗിയര്‍ തിരയുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ സ്വന്തം ജീവിത യാത്രകള്‍കൊണ്ട് മുന്നോട്ട് പോകാന്‍ ആക്‌സിലറേഷന്‍ നല്‍കുകയാണ് ട്യൂണയും സജ്‌നയും.

കേരളത്തില്‍നിന്ന് കശ്മീര്‍ വരെ സ്‌കൂട്ടറില്‍ യാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടികള്‍. ഒരല്പം സാഹസികമായി പോയില്ലേ എന്ന് ചോദിച്ചാല്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലല്ല ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലാണ് തങ്ങളുടെ ത്രില്ലെന്ന് ചിരിച്ചുകൊണ്ട് ഇവര്‍ മറുപടി പറയും.

യാത്രയില്‍ തുടങ്ങിയ സൗഹൃദം


ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സജ്‌നയും എറണാകുളത്ത് ഇന്‍ഷുറന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായ ട്യൂണയും പരിചയപ്പെടുന്നത് യാത്രകളില്‍ കൂടിയാണ്.

ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് അപ്പൂപ്പന്‍താടി എന്ന ട്രാവല്‍ ഗ്രൂപ്പ് നടത്തി വന്ന സജ്‌ന കൊളുക്കുമല ട്രിപ്പ് പ്ലാന്‍ ചെയ്തപ്പോള്‍ ട്യൂണയും രജിസ്റ്റര്‍ ചെയ്തു.

ഈ ട്രിപ്പ് ക്യാന്‍സല്‍ ആയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം വാട്‌സാപ്പിലൂടെ തുടര്‍ന്നു. പിന്നീട് ഒരിക്കല്‍ മീശപ്പുലിമലയിലേക്കുള്ള യാത്രയിലാണ് ഇരുവരും ആദ്യമായി കാണുന്നത്.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ എത്രയോ കാലം മുന്‍പ് മനസ്സില്‍ കുറിച്ചിട്ട കശ്മീര്‍ യാത്രയെപ്പറ്റിയായിരുന്നു ട്യൂണ സജ്‌നയോട് സംസാരിച്ചത്.

സജ്‌നയും സമ്മതം മൂളി. അതോടെ സാഹസിക യാത്രയ്ക്ക് ഇരുവരും കീ കൊടുത്തു. വീട്ടുകാരുടെ വിഷമങ്ങളെല്ലാം പറഞ്ഞു ന്യൂട്രലാക്കി ഇരുവരും കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് കശ്മീരിലേക്ക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.

uploads/news/2018/11/263383/travelhimalayan081118a.jpg
ട്യൂണയും സജ്‌നയും യാത്രയ്ക്കിടയില്‍

2016ല്‍ ഇരുവരും ആദ്യമായി പരിചയപ്പെട്ട സെപ്റ്റംബര്‍ രണ്ട് എന്ന ദിവസം തന്നെ രണ്ടുവര്‍ഷത്തിനിപ്പുറം ഈ യാത്രയ്ക്കും തുടക്കം കുറിക്കാനായി എന്നത് യാദൃച്ഛികം.

ബുള്ളറ്റുകളിലും കാറിലുമൊക്കെ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ കൊച്ചി മുതല്‍ കശ്മീരിലെ ലേ വരെയുള്ള യാത്രയ്ക്ക് ട്യൂണയും സജ്‌നയും തെരഞ്ഞെടുത്തത് ടിവിഎസ് എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ ആയിരുന്നു. ഇന്ത്യയില്‍ ആദ്യമായി പുറത്തിറങ്ങിയ ത്രീ വാല്‍വ് സ്‌കൂട്ടറാണിത്. 13 വയസ് മുതല്‍ ബൈക്ക് ഓടിക്കുന്ന ആളാണ് ഞാന്‍, ബൈക്കില്‍ പോകാനാണ് ആദ്യം തീരുമാനിച്ചത്.

അതിനായി അവഞ്ചര്‍ 220 ബൈക്ക് വാങ്ങുകയും ചെയ്തിരുന്നു. ട്രയല്‍ റൈഡായി അഗുംബെ യേര്‍ക്കാട് ഒക്കെ ഞങ്ങള്‍ റൈഡ് പോയിരുന്നു. എല്ലാവരും െൈബക്കിലാണ് പോകുന്നത് എന്തുകൊണ്ട് സ്‌കൂട്ടറില്‍ ഒരു യാത്ര പൊയ്ക്കൂട എന്നൊരു ആശയം തോന്നി.

മാത്രമല്ല, ബുള്ളറ്റ്, അവഞ്ചര്‍ പോലുള്ള ബൈക്ക് ഉണ്ടെങ്കിലേ ഈ സ്ഥലങ്ങളില്‍ പോകാന്‍ പറ്റൂ എന്ന ധാരണ മാറ്റുക എന്ന ഉദ്ദേശം കൂടി അതിന് പിന്നിലുണ്ടായിരുന്നു. അങ്ങനെയാണ് സ്‌കൂട്ടര്‍ തിരഞ്ഞെടുത്തത്..

കൊച്ചി ടു കശ്മീര്‍

കൊച്ചിയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച യാത്ര ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, സാഗര്‍, ഗ്വാളിയോര്‍, ദില്ലി, അമൃത്‌സര്‍, വാഗ ബോര്‍ഡര്‍, ഉധംപൂര്‍, ശ്രീനഗര്‍, കാര്‍ഗില്‍ വഴി ലേയില്‍ എത്തിച്ചേരുമ്പോള്‍ 12 ദിവസങ്ങള്‍ പിന്നിട്ടു.

പൊള്ളുന്ന വെയിലും മൈനസ് മൂന്ന് ഡിഗ്രി തണുപ്പും മഞ്ഞുവീഴ്ചയും ഹില്‍ ടോപ്പുകളും സ്‌കൂട്ടര്‍ യാത്രയ്ക്ക് ഒരിക്കലും തടസ്സമായില്ല. മനസ്സില്‍ കണ്ട സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കി ഒരിക്കലെങ്കിലും കാണാന്‍ കൊതിച്ച സ്ഥലങ്ങളെല്ലാം കണ്ട ശേഷം വീണ്ടും നാട്ടിലേക്കുള്ള മടക്കയാത്ര.

മണാലി വഴിയുള്ള മടക്കയാത്രയും ഏറെ സാഹസികമായിരുന്നു. മണാലിയിലെ പ്രകൃതി ദുരന്തത്തില്‍ നിന്ന് ട്യൂണയും സജ്‌നയും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. 29 ദിവസങ്ങള്‍ പിന്നിട്ടു സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ സ് കൂട്ടറിന്റെ മീറ്റര്‍ ബോര്‍ഡില്‍ 9109 കിലോമീറ്ററുകള്‍ രേഖപ്പെടുത്തിയിരുന്നു.

uploads/news/2018/11/263383/travelhimalayan081118b.jpg
ട്യൂണയും സജ്‌നയും യാത്രയ്ക്കിടയില്‍

17,000 രൂപയുടെ പെട്രോളാണ് യാത്രയ്ക്കായി ഇരുവരും ചെലവിട്ടത്. ഭക്ഷണവും താമസവും ഉള്‍പ്പെടെ ചുരുങ്ങിയ ചെലവില്‍ നടത്തിയ യാത്രയ്ക്കായി രണ്ടുപേര്‍ക്കും ചേര്‍ന്ന് ആകെ ചിലവായത് 35,000 രൂപ മാത്രം.. ലേഹ് ലഡാക്ക് സ്വപ്നം കാണുന്ന സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ് ട്യൂണയുടെയും സജ്‌നയുടെയും ഈ യാത്ര.

പേടിച്ചാല്‍ ഒന്നും നടക്കില്ല


യാത്രയ്ക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളും പ്ലാനിംഗുകളും ഒന്നുമുണ്ടായിരുന്നില്ല. ഡല്‍ഹി വരെ റൂട്ടിനെക്കുറിച്ച് ഏകദേശ ധാരണ മാത്രമാണ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞുള്ള റൂട്ടിനെപ്പറ്റി ധാരണയേയില്ലായിരുന്നു. ഒരു ധൈര്യത്തിന്റെ പുറത്തുള്ള യാത്രയായിരുന്നു.

പല ദേശങ്ങളിലൂടെ, കാലാവസ്ഥകളിലൂടെ, സംസ്‌കാരങ്ങളിലൂടെ യാതൊരു സുരക്ഷയും ഇല്ലാതെ രണ്ടു പെണ്‍കുട്ടികള്‍ യാത്ര ചെയ്യുക എന്നത് അത്ര നിസാരമല്ല. പല സ്ഥലങ്ങളിലും മണിക്കൂറുകളോളം വിജനമായ സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്യേണ്ടി വന്നത്.

വല്ലപ്പോഴും ഒരു വാഹനം വന്നാലായി. പേടി തോന്നിയാല്‍ മുന്നോട്ടുപോക്ക് നടക്കില്ലായിരുന്നു. പേടിച്ച് മാറിനിന്നാല്‍ ജീവിതത്തില്‍ ഒരു കാര്യവും നടക്കില്ല എന്നതാണ് സത്യം. ധൈര്യസമേതം മുന്നോട്ടുപോവുക എന്നത് തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. പകല്‍ സമയങ്ങളില്‍ മാത്രമായിരുന്നു യാത്ര. വൈകുന്നേരം എത്തുന്ന സ്ഥലങ്ങളില്‍ താമസിക്കും.

അതുകൊണ്ടുതന്നെ മുന്‍കൂട്ടി ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്ന പരിപാടിയും ഇല്ലായിരുന്നു. എവിടെയാണ് എത്തുന്നത് അവിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യും.

പിറ്റേന്ന് വീണ്ടും യാത്ര ആരംഭിക്കും. യാത്രയ്ക്കിടയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനം കണ്ട് ഞങ്ങളെ പരിചയപ്പെട്ട ഒരു മലയാളി ഫാമിലി അവരുടെ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ ക്ഷണിച്ചു.

ആ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു. ഞങ്ങള്‍ തെരഞ്ഞെടുത്ത വഴികളില്‍ ഒക്കെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പവും പരിചയമുള്ള റിസോര്‍ട്ടുകളിലും റൂമുകള്‍ ലഭിച്ചത് കാരണം ഒരു പരിധിവരെ ബജറ്റ് സെയിഫാക്കാന്‍ പറ്റി. ഭക്ഷണത്തിന് ശരാശരി 200 രൂപയും താമസത്തിന് ശരാശരി 400 രൂപയും മാത്രമാണ് ഞങ്ങള്‍ക്ക് ചെലവായിട്ടുള്ളത്.

uploads/news/2018/11/263383/travelhimalayan081118c.jpg

യാത്രയ്ക്കിടയില്‍ നാലുതവണ സ് കൂട്ടറിന്റെ എന്‍ജിന്‍ ഓയില്‍ മാറേണ്ടിവന്നു. ആക്‌സിലേറ്റര്‍ കേബിളും ബ്രേക്ക് കേബിളും പൊട്ടാനുള്ള സാധ്യത മുന്നില്‍ കണ്ട് നിലവിലുണ്ടായിരുന്ന ബൗഡനൊപ്പം ആവശ്യം വന്നാല്‍ കണക്ഷന്‍ കൊടുക്കാന്‍ പാകത്തില്‍ എക്‌സ്ട്രാ ഒന്നുകൂടി ഘടിപ്പിച്ചിരുന്നു. ട്യൂബ് ലെസ് ടയര്‍ ആയതുകൊണ്ട് പഞ്ചര്‍ കിറ്റും ഒപ്പം കരുതിയിരുന്നു. എന്നാല്‍ വാഹനം ഞങ്ങളെ ഒരിക്കല്‍പോലും ചതിച്ചില്ല.

ഏറ്റവും പ്രധാനം ഞങ്ങള്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗ് ആയിരുന്നു. ഒരേ വേവ് ലംഗ്തിലുള്ള രണ്ടുപേര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു യാത്രയില്‍ ഒന്നിച്ച് പോകാനാവൂ. പരസ്പരം പരിചയപ്പെടാന്‍ കഴിഞ്ഞത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്.

ഈ യാത്ര സാധ്യമാക്കിയതും ഈ സൗഹൃദം തന്നെയാണ്. ട്യൂണയും സജ്‌നയും ഒരേ സ്വരത്തില്‍ പറയുന്നു.കേരള ടു കാശ്മീര്‍ എന്ന കെ. ടു. കെ സ്വപ്നം പൂര്‍ത്തിയാക്കിയ ഈ പെണ്‍കുട്ടികളുടെ അടുത്ത സ്വപ്നം ടി 2 ടി യാണ്.

അതായത് ട്രിവാന്‍ഡ്രം ടു തവാങ്. അത് കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് നടത്തിയ യാത്ര പോലെ ഗുജറാത്തില്‍നിന്ന് നോര്‍ത്ത് ഈസ്റ്റിലേക്ക് ഒരു യാത്രയും ട്യൂണയുടേയും സജ്‌നയുടെയും പരിഗണനയിലുണ്ട്.

വെല്ലുവിളികള്‍ എത്രതന്നെ ഉണ്ടായാലും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ബ്രേക്കിടാന്‍ ഒരിക്കലും ഇവര്‍ ഒരുക്കമല്ല. സൗഹൃദത്തിന്റെ ഇന്ധനം നിറച്ച് ഇവരുടെയും സ്വപ്നയാത്രകള്‍ ഇനിയും തുടരും..!

ഡി ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW