Sunday, July 07, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 07.56 AM

സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡ് കഴിഞ്ഞദിവസം അപ്രത്യക്ഷമായി ; കണ്ണൂര്‍ കല്യാശേരിയിലെ കീച്ചേരി പാലോട്ടുകാവിലും ശബരിമല നയം നടപ്പാക്കാനൊരുങ്ങി സി.പി.എം.

uploads/news/2018/11/261590/kannur-temple.jpg

കണ്ണൂര്‍: കല്യാശേരിയിലെ കീച്ചേരി പാലോട്ടുകാവിലും ശബരിമല നയം നടപ്പാക്കാനൊരുങ്ങി സി.പി.എം. ഭരണസമിതി. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി വാദിക്കുന്ന സി.പി.എം. ഭരിക്കുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തതു വിവാദമായിരുന്നു. കീച്ചേരി കാവില്‍ സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇപ്പോഴും വിലക്കില്ലെന്നും ഭരണസമിതി വിശദീകരിക്കുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു വിലക്കുണ്ടായിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്ഷേത്രതിരുമുറ്റത്തു സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതിന്റെ പേരില്‍ ശുദ്ധിക്രിയകള്‍ നടത്തിയിട്ടില്ലെന്നുമാണു സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവകാശവാദം. ഇപ്പോഴും തിരുമുറ്റത്തു പ്രവേശിക്കാന്‍ സ്ത്രീകള്‍ തയാറായാല്‍ ആരും തടയില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സി.പി.എം. നിയന്ത്രണത്തിലുള്ള കീച്ചേരി കാവില്‍ സ്ത്രീകളെ വിലക്കുന്നതു 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വിവാദമായതോടെയാണു കാലങ്ങളായി തുടരുന്ന ആചാരം ലംഘിച്ചുവരുന്നവരെ തടയില്ലെന്നു വിശദീകരിച്ച് ഭരണസമിതി രംഗത്തെത്തിയത്. സ്ത്രീകള്‍ പണ്ടും ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

നിത്യപൂജയില്ലാത്ത പാലോട്ടുകാവില്‍ വിഷു മുതല്‍ ഏഴുദിവസം ഉത്സവകാലത്തു മാത്രമാണു നടതുറക്കുക. തിയ്യ സമുദായക്കാരുടെ അധീനതയിലായിരുന്ന ക്ഷേത്രം പിന്നീടു സി.പി.എം. നിയന്ത്രണത്തിലായി. തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ക്ഷേത്രമുറ്റത്തു പുരുഷന്‍മാര്‍ക്കു മാത്രമാണു പ്രവേശനം. സ്ത്രീകള്‍ക്കു മതിലിനു പുറത്തുനിന്നാണു ദര്‍ശനം. സ്ത്രീകള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങാനോ ആര്‍ത്തവകാലത്തു ക്ഷേത്രത്തിനു മുന്നിലെ വഴിയിലൂടെ നടക്കാനോ പാടില്ലെന്നു നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡ് കഴിഞ്ഞദിവസം അപ്രത്യക്ഷമായെന്നും സമീപവാസികള്‍ പറയുന്നു.

മഹാവിഷ്ണുവിന്റെ മത്സ്യാവതാരമാണു കീച്ചേരി പാലോട്ടുകാവിലെ ദേവതാസങ്കല്‍പമെന്നും മത്സ്യാവതാരം പാലാഴിയിലായതിനാല്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാനാകില്ലെന്നുമാണു വിശദീകരണം. കന്നിമൂല ഗണപതിയുടെ പേരിലാണു പാലോട്ടുകാവിലെ സ്ത്രീവിലക്കെന്ന പ്രചാരണം തെറ്റാണെന്നും തിരുമുറ്റം പാലാഴിയാണെന്ന സങ്കല്‍പത്തിലാണു സ്ത്രീകള്‍ പ്രവേശിക്കാത്തതെന്നും ഭരണസമിതി പറയുന്നു. സ്ത്രീകള്‍ പ്രവേശിക്കാത്തത് ആരും വിലക്കിയതുകൊണ്ടല്ല. തുലാഭാരത്തിനും മറ്റുമായി മുമ്പു സ്ത്രീകള്‍ തിരുമുറ്റത്തു പ്രവേശിച്ചിട്ടുണ്ട്. 2004-ലെ പുനഃപ്രതിഷ്ഠയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ചുറ്റുമതിലിനു പുറത്തുനിന്നാണു തെയ്യം കാണാറുള്ളത്.

എല്ലാവര്‍ക്കും സൗകര്യപ്രദമായി തെയ്യം കാണാന്‍ അതാണു സൗകര്യം. ക്ഷേത്രം ഊരാണ്‍മക്കാര്‍ക്ക് ഉത്സവനടത്തിപ്പിനു പ്രയാസമുണ്ടായപ്പോള്‍ 1976-ലാണു ജനകീയസമിതിയെ ഭരണം ഏല്‍പിച്ചത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ പൊതുയോഗം ചേര്‍ന്നാണു ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. സമിതിയില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുണ്ടെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW