Wednesday, June 19, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 08.22 AM

തടയാമെങ്കില്‍ തടഞ്ഞോയെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍; വിശാഖപട്ടണത്ത് 60 സ്‌പെഷ്യല്‍ ബസുകള്‍ റെഡി ; സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ യുവതികളെ ശബരിമലയിലേക്ക് അയയ്ക്കാന്‍ ആന്ധ്ര...!!

uploads/news/2018/10/258537/apsrtc.jpg

വിശാഖപട്ടണം: ശബരിമലയിലെ യുവതീപ്രവേശന കാര്യത്തില്‍ കേരളത്തില്‍ പ്രതിഷേധവും ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ വഴി തടയലും തിരിച്ചയയ്ക്കലും ശക്തമായി നടക്കുമ്പോള്‍ സ്ത്രീകളെ വ്യാപകമായി മലകയറ്റാന്‍ ആന്ധ്രയും തയ്യാറെടുക്കുന്നു. ഏതുപ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ എത്താമെന്ന സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തി ശബരിമല സീസണില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ ലക്ഷ്യം വെച്ച് 60 സ്‌പെഷ്യല്‍ സര്‍വീസാണ് ആന്ധ്രാ പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് (എപിഎസ്ആര്‍ടിസി) തുടങ്ങാനിരിക്കുന്നത്.

മകരവിളക്ക് ലക്ഷ്യമിട്ട് ശബരിമലയില്‍ സീസണ്‍ ശക്തമാകുന്ന 2019 ജനുവരി 1 മുതല്‍ സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി കോച്ച് വിഭാഗത്തിലുള്ള വണ്ടികളായിരിക്കും ഇതെന്നും ആര്‍ടിസി റീജിയണല്‍ മാനേജര്‍ ജി സുദേഷ് കുമാര്‍ പറഞ്ഞു. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ കയറ്റാനുള്ള സുപ്രീംകോടതിവിധിയുടെ കൂടി പശ്ചാത്തലത്തിലാണ് ബസുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ടൂര്‍ പാക്കേജ് പോലെ അഞ്ച്, ആറ്, ഏഴു ദിവസം വരുന്ന രീതിയിലാണ് സര്‍വ്വീസ്. വ്യക്തിഗതമായോ ഗ്രൂപ്പായോ ടിക്കറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 2017 മുതല്‍ ശബരിമലയിലേക്ക് 25 സ്‌പെഷ്യല്‍ ബസുകള്‍ ആന്ധ്രാപ്രദേശില്‍ നിന്നും സര്‍വീസ് തുടങ്ങിയിരുന്നു. സ്ത്രീകള്‍ കൂടി എത്തുന്നതോടെ അയ്യപ്പഭക്തരില്‍ എണ്ണം കൂടുമെന്നും അതുകൊണ്ടാണ് ഈ വര്‍ഷം 60 ആക്കി ഉയര്‍ത്താനും തീരുമാനം എടുത്തിരിക്കുന്നതിന് കാരണമെന്നും അധികൃതര്‍ പറയുന്നു.

ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് വിസാഗ് സിറ്റിയിലെ ആര്‍ടിസി കോംപ്‌ളക്‌സില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. അതേസമയം ഇന്നലെ ആന്ധ്രയില്‍ നിന്നും ശബരിമലയില്‍ എത്തിയ മൂന്ന് സ്ത്രീകളെയാണ് ദര്‍ശനം അനുവദിക്കാതെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചത്. രണ്ടു യുവതികളെ പമ്പയില്‍ വെച്ചു തന്നെ തടഞ്ഞപ്പോള്‍ ബാലമ്മ എന്ന 47 കാരിയെ വലിയ നടപ്പന്തലിന് മുന്നിലും പ്രതിഷേധക്കാര്‍ തടഞ്ഞു. പമ്പയില്‍നിന്നു ഡോളിയില്‍ ഇന്നലെ സന്നിധാനത്തെത്തിയ ഇവര്‍ക്കു പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.

രാവിലെ പതിനൊന്നരയോടെയാണ് ഇവര്‍ നടപ്പന്തലിനു മുന്നിലെത്തിയത്. ഇതോടെ കൂട്ടശരണംവിളിയുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുത്തു. നിമിഷങ്ങള്‍ക്കകം നടപ്പന്തലില്‍ അഞ്ഞൂറോളം പേര്‍ തിങ്ങിനിറഞ്ഞു. തിക്കിലും തിരക്കിലും അകപ്പെട്ട ബാലമ്മയെ പോലീസ് ഏറെ പണിപ്പെട്ട് നടപ്പന്തലിനു സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ബാലമ്മയ്ക്ക് 50 വയസ് പൂര്‍ത്തിയായെന്ന പോലീസിന്റെ വാദം പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. ഇവരുടെ ആവശ്യപ്രകാരം പോലീസ് ബാലമ്മയുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ചു. ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 1971 എന്നു കണ്ടതോടെ പ്രതിഷേധം ശക്തമായി.

എത്രയും വേഗം ബാലമ്മയെ മടക്കി അയയ്ക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ പമ്പയിലേക്കും അവിടെനിന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇന്നലെ രാവിലെ എട്ടോടെ പമ്പയിലെത്തിയ ആന്ധ്രാസംഘത്തിലെ രണ്ടു യുവതികളെയാണ് മലകയറാന്‍ പോലും അനുവദിക്കാതെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ശബരിമലയിലെ ആചാരം വിവരിച്ചതോടെ ഇരുവരും മലകയറാതെ, പിന്മാറി. തുടര്‍ന്ന് പോലീസ് ഇവരെ പമ്പ ഗാര്‍ഡ് റൂമിലേക്കു മാറ്റി. നടതുറന്ന് നാലുദിനം പിന്നിടുമ്പോള്‍, ഏഴു യുവതികള്‍ മലകയറിയെങ്കിലും പ്രതിഷേധത്തേത്തുടര്‍ന്ന് ആര്‍ക്കും വലിയനടപ്പന്തല്‍പോലും കടക്കാനായില്ല.

Ads by Google
Monday 22 Oct 2018 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW