Wednesday, December 19, 2018 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 02.50 PM

രാശികളുടെ സവിശേഷതകളും ഫലപ്രവചന സഹായവും

uploads/news/2018/10/256242/joythi121018a.jpg

ജ്യോതിശ്ചക്രം ഒരു സാങ്കല്പിക വൃത്തമാണ്. അത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കറങ്ങിക്കൊണ്ടിരിക്കുന്നതായി കരുതപ്പെടുന്നു. മേടം തുടങ്ങിയ രാശികളും, അശ്വതി തുടങ്ങിയ നക്ഷത്രങ്ങളും ഈ ചക്രത്തില്‍ സ്ഥിതി ചെയ്യുന്നു.

ഒരു രാശി കിഴക്കന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെ അതിന്റെ 'ഉദയം' എന്ന് പറയുന്നു. ഒരു പ്രാവശ്യം കറങ്ങിത്തീരുമെന്നതുകൊണ്ട് ഏകദേശം അഞ്ചുനാഴിക (2 മണിക്കൂര്‍) കൊണ്ടായിരിക്കും ഓരോ രാശിയും ഉദിച്ചുതീരുക. അതിന് ശേഷമായിരിക്കും അടുത്തരാശിയുടെ തുടക്കം.

മേടം മുതല്‍ മീനം വരെ 12 രാശികളില്‍ അശ്വതി മുതല്‍ രേവതിവരെ 27 നക്ഷത്രങ്ങളില്‍ ഓരോ രാശിയിലും 2 1/4 നക്ഷത്രങ്ങള്‍ 9 പാദങ്ങള്‍ (ഒരു നക്ഷത്രം 4 പാദങ്ങള്‍) എന്ന നിലയില്‍ വിന്യസിക്കപ്പെടുന്നു.

എല്ലാ രാശികളും അതാതിന് പറഞ്ഞ രൂപത്തിന് യോജിച്ച സ്വഭാവം, സഞ്ചാരം, ഭക്ഷണം, പ്രവര്‍ത്തനം തുടങ്ങിയവയോടുകൂടിയവയായിരിക്കും. ഓരോ രാശിയേയും അടിസ്ഥാനമാക്കി പ്രശ്‌നത്തിലോ, ജാതകത്തിലോ ഫലം പറയേണ്ടിവരുമ്പോള്‍ ഈ സൂചനകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

മേടം: -
എരിവുള്ള സാധനങ്ങള്‍, ഇലക്കറികള്‍ ആഹാരം കഴിക്കാനുള്ള താല്പര്യം, ഓടി നടക്കുന്ന സ്വഭാവം, പെട്ടെന്ന് ഭക്ഷിക്കുന്ന സ്വഭാവം, നഖരോഗം, ജലഭയം, കാമാധിക്യം, ആടിന്റെ എല്ലാ പ്രത്യേകതയേയും സൂചിപ്പിക്കുന്നു.

ഇടവം: -
സസ്യാഹാരത്തില്‍ താല്പര്യം, പതുക്കെ നടക്കുന്ന സ്വഭാവം, അമിതവിശപ്പ്, അദ്ധ്വാനശീലം, കാമാധിക്യം തുടങ്ങിയവ സൂചിപ്പിക്കുന്നു.

മിഥുനം: -
പാകം ചെയ്തതും, സ്വാദുള്ളതുമായ ഭക്ഷണം, സംഗീതാദി കലകളില്‍ പ്രാവീണ്യം, രതിക്രീഡയില്‍ നൈപുണ്യം, മത്സരങ്ങളില്‍നിന്ന് പിന്മാറാത്ത സ്വഭാവം, ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവ്, കുടുംബജീവിതത്തില്‍ ആസക്തി തുടങ്ങിയവ സൂചിപ്പിക്കുന്നു.

കര്‍ക്കടകം: -
മത്സ്യഭക്ഷണം, വളഞ്ഞുള്ള നടത്തം, ജലത്തോടും ചതുപ്പുനിലങ്ങളോടും ഇഷ്ടം, കുഴികളുണ്ടാക്കുന്ന സ്വഭാവവും, കാര്‍ക്കശത്വവും ഫലം.

ചിങ്ങം: -
മാംസാഹാരത്തില്‍ താല്പര്യം, വനപ്രദേശത്തും, ഗുഹകളിലും ജീവിക്കാനുള്ള ആസക്തി, കഠിനസ്വഭാവം, ധീരത, സ്ത്രീകളില്‍ താല്പര്യക്കുറവ്, അഹങ്കാരം, ഭരണ സാമര്‍ത്ഥ്യം.

കന്നി: -
ലജ്ജ, സുഖഭോഗത്തിലും വിശിഷ്ട ഭക്ഷണത്തിലും താല്പര്യം, അന്യഗൃഹങ്ങളില്‍ താമസിക്കാന്‍ ഇടയാകുക. പരിശുദ്ധി, സൗമ്യത ജലയാത്രയില്‍ താല്പര്യം ഫലം.

തുലാം: -
അച്ചടക്ക ജീവിതം, ആഹാരകാര്യത്തില്‍ നിഷ്ഠയില്ലായ്മ, ധന സമ്പാദനത്തില്‍ ആഗ്രഹം, കൊടുക്കല്‍ വാങ്ങലില്‍ നൈപുണ്യം, നീതിനിഷ്ഠ എന്നിവ സൂചിപ്പിക്കുന്നു.

വൃശ്ചികം:-
നികൃഷ്ഠ വസ്തുക്കള്‍, ഭക്ഷിക്കുന്ന രീതി, ഒളിച്ചുതാമസിക്കുന്ന സ്വഭാവം, ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ മടിയില്ലായ്മ, ദുഷ്ടബുദ്ധി.

ധനു: -
ആയുധപ്രയോഗത്തില്‍ നൈപുണ്യം, ഗവണ്‍മെന്റ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, സുഖഭക്ഷണം, പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം, മത്സരങ്ങളില്‍ താല്പര്യം, കായിക വിനോദങ്ങളില്‍ പ്രാവീണ്യം തുടങ്ങിയവ സൂചിപ്പിക്കുന്നു.

മകരം: -
ശരീരത്തിന്റെ അധോഭാഗത്തിന് വണ്ണക്കുറവ്, സൗന്ദര്യം, ജലവിഭവങ്ങളും, സസ്യങ്ങളും ഭക്ഷിക്കുന്ന സ്വഭാവം തുടങ്ങിയവ സൂചിപ്പിക്കുന്നു.

കുംഭം: -
പുറമേ മഹത്വം ഭാവിക്കുക, അമിതമായി അദ്ധ്വാനിക്കുക, ചുമടെടുക്കുക.

മീനം: -
ജലവിഭവങ്ങള്‍ ഭക്ഷിക്കുക, കൂട്ടുപ്രവര്‍ത്തനങ്ങളില്‍ താല്പര്യം, സൗന്ദര്യം, ജലയാത്ര എന്നിവ സൂചിപ്പിക്കുന്നു.

രാത്രിരാശികള്‍


മകരം, ഇടവം, മേടം, ധനു, കര്‍ക്കടകം, മിഥുനം എന്നീ ആറു രാശികള്‍ രാത്രി രാശികള്‍ എന്നറിയപ്പെടുന്നു. അവയ്ക്ക് രാത്രിയില്‍ ബലക്കൂടുതലുമുണ്ട്. രാത്രി രാശിയെന്ന് പറഞ്ഞതുകൊണ്ട് അവ ചന്ദ്രന്റെ രാശികളാണെന്നും പറയാം. കാരണം രാത്രിയുടെ അധിപന്‍ ചന്ദ്രനാണല്ലോ? ബാക്കി ആറു രാശികള്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികള്‍ ദിനരാശികളും, പകല്‍ ബലമുള്ളവയും സൂര്യരാശികളുമാണ്.

മിഥുനം ഒഴിച്ചുള്ള രാശികള്‍ രാത്രി രാശികള്‍. അതായത് കര്‍ക്കടകം, ഇടവം, മേടം, മകരം, ധനു എന്നീ രാശികള്‍ പൃഷ്‌ഠോദയരാശികളത്രേ. അതായത് പുറംഭാഗംകൊണ്ട് ഉദിക്കുന്നവ. ബാക്കിരാശികളില്‍ മീനം ഒഴിച്ചുളള- ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മിഥുനം എന്നിവ ശീര്‍ഷോദയ രാശികളാണ്. അതായത് തലകൊണ്ടുദിക്കുന്നവ. മീനം രാശി 'ഉഭയോദയ' രാശിയാണ്. അതായത് ശിരസ്സും പൃഷ്ഠവുംകൂടി ഒന്നിച്ചുദിക്കുന്നത്. തല തിരിഞ്ഞു കിടക്കുന്ന രണ്ടു മത്സ്യങ്ങളുടെ രൂപമാണ് മീനത്തിന്.

പൃഷ്‌ഠോദയരാശികള്‍ അശുഭസൂചകവും ശീര്‍ഷോദയരാശികള്‍ ശുഭസൂചകവും ഉഭയോദയം മിശ്രിതവുമാണ്.

ലഗ്നം പൃഷ്‌ഠോദയ രാശിയിലും അവിടെ പാപഗ്രഹങ്ങള്‍ വരികയും ചെയ്താല്‍ ജീവിതകാലം മുഴുവനും അശുഭാനുഭവങ്ങള്‍ ഉണ്ടായേക്കാം. നില്‍ക്കുന്നത് ശുഭഗ്രഹങ്ങളാണെങ്കില്‍ മിശ്രിതഫലമാണ് പറയേണ്ടത്. പ്രശ്‌നലഗ്നരാശി പൃഷ്‌ഠോദയത്തില്‍ വരുന്നതും, അവിടെ പാപഗ്രഹബന്ധം വരുന്നതും മറ്റും ഉദ്ദേശിച്ച കാര്യങ്ങള്‍ സംബന്ധിച്ച 'അശുഭത്വം' സൂചിപ്പിക്കുന്നു. ശുഭബന്ധം ദോഷങ്ങള്‍ കുറയ്ക്കും.

ലഗ്നം ശീര്‍ഷോദയം-കാരകന്‍, ഭാവാധിപന്‍ ശീര്‍ഷോദയ രാശിയില്‍ നില്‍ക്കുന്നതും, പ്രശ്‌നാരൂഡം ശീര്‍ഷോദയ രാശിയായിവരുന്നതും ശുഭസൂചകമാണ്. ശുഭബന്ധം ശുഭത്വത്തെ വര്‍ദ്ധിപ്പിക്കും. പാപബന്ധം ശുഭത്വം കുറയ്ക്കുകയും ചെയ്യും. 'പൃഷ്‌ഠോദയം' കാലാന്തരത്തില്‍ അല്പം താമസിച്ച് ഫലം തരുന്നത് എന്നര്‍ത്ഥം; ശീര്‍ഷോദയം മറിച്ചും.ശീര്‍ഷോദയരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ദശയുടെ തുടക്കത്തിലും ഉഭയോദയത്തില്‍ നില്‍ക്കുന്ന രാശികള്‍ ദശയുടെ മദ്ധ്യത്തിലും ആയിരിക്കും ഫലം തരിക.

ദിക്കിന്റെ ആധിപത്യം


മേടം-അതിന്റെ ത്രികോണരാശികളായ ചിങ്ങം, ധനു എന്നിവയ്ക്ക് കിഴക്കിന്റെ ആധിപത്യം.
ഇടവം- അതിന്റെ ത്രികോണരാശി (രാശിയുടെ 5-ാമത്തെയും 9-ാമത്തെയും) കളായ കന്നി, മകരം എന്നിവയ്ക്ക് തെക്കിന്റെയും;
മിഥുനം- അതിന്റെ ത്രികോണരാശികളായ തുലാം കുംഭങ്ങള്‍ക്കും പടിഞ്ഞാറിന്റെയും;
കര്‍ക്കടകം- ത്രികോണ രാശികളായ വൃശ്ചിക മീനങ്ങള്‍ വടക്കിന്റേയും ആധിപത്യമാണുള്ളത്.
ഓജരാശി ലഗ്നമായിട്ടുള്ളവനും, രാജ രാശികൊണ്ട് സൂചിപ്പിക്കപ്പെടുന്ന പിതാവ്, മാതാവ്, സഹോദരന്‍, ശത്രു, ബന്ധു തുടങ്ങിയവരും ക്രൂരന്മാരും, പൗരുഷം കൂടുതലുള്ളവരുമായിരിക്കും. ഓജരാശികൊണ്ട് ചിന്തിക്കപ്പെടുന്ന വസ്തുക്കള്‍ കഠിനവും രൂക്ഷവുമാകുമ്പോള്‍ യുഗ്മരാശികൊണ്ട് മാര്‍ദ്ദവവും, രൂക്ഷത കുറവുമായിരിക്കും.

യുഗ്മരാശി ലഗ്നമായിട്ടുള്ളവരും, യുഗ്മരാശികൊണ്ട് ചിന്തിക്കപ്പെടുന്നവരും, സൗമ്യരും സ്ത്രീത്വം മുന്നിട്ടു നില്‍ക്കുന്നവരുമായിരിക്കും.
പ്രശ്‌നത്തില്‍- ഗര്‍ഭസ്ഥശിശു, കള്ളന്‍, ശത്രു ഇവരെ ചിന്തിക്കുമ്പോള്‍ ഈ രാശികളുടെ സ്ത്രീ-പുരുഷ വിഭാവം യുക്തിപൂര്‍വ്വം ചിന്തിക്കാവുന്നതാണ്.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Friday 12 Oct 2018 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW