അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു കേവലം ആറു മാസം മാത്രം അവശേഷിക്കെ റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും കരാറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവരുന്നതും ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വര്‍ധിക്കുന്നതും കേന്ദ്രസര്‍ക്കാരിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. ആരോപണങ്ങളുടെ മുന നീളുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരേയാണെന്നതു ബി.ജെ.പിയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മറുഭാഗത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 1989 ലെ പൊതുെതരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബോഫോഴ്സ് അഴിമതി ആരോപണം 64 കോടി രൂപയുടേതായിരുന്നെങ്കില്‍ റാഫേല്‍ ആരോപണം അറുപതിനായിരം കോടി രൂപയുടേതാണ്.
ഫ്രാന്‍സിലെ യുദ്ധവിമാന നിര്‍മാണക്കമ്പനിയായ ദസോ നിര്‍മിക്കുന്ന ഇരട്ട എന്‍ജിനുള്ള വിമാനമാണു റാഫേല്‍. ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്, മിറാഷ് ശ്രേണികളില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ കാലഹരണപ്പെടുകയും ആധുനികവല്‍ക്കരണം അനിവാര്യമാകുയും ചെയ്ത സാഹചര്യത്തിലാണ് യു.പി.എ. സര്‍ക്കാരിന്റെ കാലത്തു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം അത്യാധുനിക ശേഷിയുള്ള യുദ്ധവിമാനങ്ങള്‍ വിദേശത്തുനിന്നു വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികളെ മറികടന്നാണ് 2012-ല്‍ സുതാര്യമായ രീതിയില്‍ ദസോയെ യു.പി.എ. സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
മറ്റു കമ്പനികള്‍ ക്വോട്ട് ചെയ്തതിലും കുറഞ്ഞ തുകയ്ക്കു വിമാനം കൈമാറാമെന്ന ദസോയുടെ വാഗ്ദാനമാണു റാഫേലിനെ പരിഗണിക്കാന്‍ യു.പി.എ. സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 126 വിമാനം വാങ്ങാനായിരുന്നു ധാരണയെങ്കിലും അന്തിമകരാറിലേക്കെത്തിയില്ല. 18 പോര്‍വിമാനം നേരിട്ടുവാങ്ങാനും പോര്‍വിമാനം നിര്‍മിച്ച് മുന്‍പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്.എ.എല്‍) 108 വിമാനം നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാനങ്ങളുടെ ആയുഷ്കാല പരിപാലനവ്യവസ്ഥകളെക്കുറിച്ചുണ്ടായ തര്‍ക്കമാണ് കരാറിന് അന്നു തടസമായത്.
യു.പി.എ. സര്‍ക്കാരിന്റെ കാലത്തു പൂര്‍ത്തിയാകാത്ത കരാറിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 -ല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ വീണ്ടും ചര്‍ച്ചയുണ്ടായി. എന്നാല്‍, 36 റാഫേല്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഏപ്രില്‍ പത്തിനു പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനാണ് ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറില്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവച്ചത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ഫ്രഞ്ച് കമ്പനിയായ ദസോയും ചേര്‍ന്ന് റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ഇതില്‍ റിലയന്‍സിന് 51 ശതമാനം ഓഹരിയും ദസോയ്ക്ക് 49 ശതമാനം ഓഹരിയുമാണുണ്ടായിരുന്നത്. 30,000 കോടി രൂപയുടെ അനുബന്ധ കരാറാണ് പുതിയ സംരംഭത്തിന് ലഭിച്ചത്. കൂടാതെ വിമാനക്കരാറില്‍ നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം ഒലാദിന്റെ പങ്കാളിയായ നടി ജൂലി ഗയറ്റുമായി ചേര്‍ന്നു സിനിമ നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് കരാര്‍ ഒപ്പിട്ടതു നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഒപ്പുവച്ച വിവരം പുറത്തുവന്ന ഉടന്‍തന്നെ കരാറിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 2012-ല്‍ യു.പി.എ. സര്‍ക്കാരുണ്ടാക്കിയ ധാരണയില്‍നിന്നു വ്യത്യസ്തമായി യുദ്ധവിമാനങ്ങള്‍ക്കു നല്കുന്ന തുക വളരെ കൂടുതലാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, ഈ ആവശ്യം തള്ളിയ സര്‍ക്കാര്‍, വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഉഭയകക്ഷി കരാര്‍ നിരവധി രഹസ്യരേഖകളും വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നു വാദിച്ചു. 2008-ല്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ട കരാര്മൂലമാണ് ഇടപാടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാട്.
യുദ്ധവിമാന നിര്‍മാണമേഖലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പങ്കാളിയായി തെരഞ്ഞെടുത്തതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു മറ്റൊരു പ്രധാന ആരോപണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പുമാത്രമാണ് ഈ കമ്പനി രൂപീകരിച്ചതെന്ന ഗുരുതര ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. മോഡിക്കൊപ്പം അനില്‍ അംബാനിയുമുണ്ടായിരുന്നു എന്ന ആരോപണവും വന്‍ വിവാദം സൃഷ്ടിച്ചു.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാരാണു ശിപാര്‍ശ ചെയ്തതെന്നും അത് അംഗീകരിക്കുകയല്ലാതെ ഫ്രാന്‍സിന് മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു എന്നുമുള്ള മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ റാഫേല്‍ വിമാനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തുകയാണ്. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണെടുക്കുന്നത്.
പ്രധാനപ്പെട്ട ആരോപണങ്ങള്‍:
1. ഫ്രാന്‍സില്‍നിന്ന് 36 പോര് വിമാനം വ്യോമസേനയ്ക്കായി വാങ്ങാന്‍ നരേന്ദ്ര മോഡി തീരുമാനിച്ചതു പ്രകാരം ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പങ്കാളിയായ റിലയന്‍സിന് ഇതുവഴി 30,000 കോടി രൂപയുടെ കരാറാണ് ലഭിച്ചത്. ഇതില്‍ വന്‍ അഴിമതിയുണ്ട്.
2. 18 വിമാനങ്ങള്‍ നേരിട്ട് വാങ്ങാനും 108 പോര് വിമാനങ്ങള്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്.എ.എല്‍) നിര്‍മിക്കാനുമാണ് യു.പി.എ. സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ ഇതിനു പകരം 36 വിമാനം കൂടിയ വിലയ്ക്ക് വാങ്ങാനായിരുന്നു പ്രധാനമന്ത്രി തീരുമാനിച്ചത്. 126 -ല്‍നിന്ന് 36 വിമാനം എന്നാക്കിയെങ്കിലും മുമ്പ് ക്വോട്ട് ചെയ്ത തുകയില്‍ ഇളവ് കാണുന്നില്ല. ഇത് അഴിമതിയല്ലേ ?
3. യുദ്ധവിമാന നിര്‍മാണത്തില്‍ മുന്‍പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനു പകരം റിലയന്‍സിന്റെ ആയുധ നിര്‍മാണക്കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്?
4. കരാര്‍ വഴി ബി.ജെ.പിക്കും റിലയന്സിനുമുണ്ടായ വന്‍ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണു പറയാനുള്ളത്?
5. മോഡിക്കൊപ്പം അനില്‍ അംബാനിയും ഫ്രാന്‍സില്‍ ഉണ്ടായിരുന്നത് അഴിമതിയില്‍ തുല്യ പങ്കാളിത്തമുണ്ടെന്നതിന്റെ തെളിവല്ലേ?
റോണി കെ. ബേബി
(കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് അധ്യാപകനാണു ലേഖകന്‍)