Sunday, April 21, 2019 Last Updated 53 Min 1 Sec ago English Edition
Todays E paper
Friday 12 Oct 2018 01.15 AM

വിവാദ ബ്രൂവറി, ഡിസ്‌റ്റിലറികള്‍: കച്ചമുറുക്കി മുന്നണികള്‍

uploads/news/2018/10/256146/bft3.jpg

വിവാദമായ ബ്രൂവറികളുടെയും ഡിസ്‌റ്റിലറികളുടെയും "കാണാമറയത്തായിരുന്ന" ഡയറക്‌ടര്‍മാരില്‍ ചിലര്‍ മാളം വിട്ടു പുറത്തിറങ്ങിത്തുടങ്ങി. കടലാസ്‌-ബിനാമി കമ്പനികള്‍ക്കാണു ബ്രൂവറി, ഡിസ്‌റ്റിലറികള്‍ അനുവദിക്കപ്പെട്ടതെന്ന ആരോപണം തലവേദനയായി മാറിയ സാഹചര്യത്തിലാണു സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നു ചിലര്‍ രംഗത്തുവന്നത്‌.
അതേസമയം, സി.പി.എമ്മിലെ ചില ഉന്നതരും എക്‌സൈസ്‌ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിലെ പ്രമുഖനും ഉള്‍പ്പെട്ട സംഘത്തിന്റെ പിന്തുണയില്‍ ഗോവയിലും ഗള്‍ഫിലുമുള്ള വ്യാജമദ്യ മാഫിയയാണ്‌ കോടികളുടെ അഴിമതി നടത്തിയതെന്ന ആരോപണം ശക്‌തമാക്കാന്‍ യു.ഡി.എഫ്‌. ശ്രമം തുടങ്ങി. സി.പി.എം. നേതാവിന്റെ മകനും മറ്റു രണ്ടു നേതാക്കളും സിനിമാരംഗത്തെ ചിലരും അഴിമതിയില്‍ പങ്കാളിയായെന്നാണ്‌ വിവരം. നേരത്തേ സംസ്‌ഥാന പോലീസിലെയും എക്‌സൈസിലെയും ചിലരുടെ പിന്തുണയോടെ ഗോവയില്‍നിന്നു വില കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്‌തു ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍വഴി വിറ്റ കേസില്‍ അന്വേഷണം നേരിട്ട നടന്‍ ലിഷോയ്‌ തൃശൂരില്‍ അനുവദിച്ച ശ്രീചക്രാ ഡിസ്‌റ്റിലറീസിന്റെ ബിനാമി സംഘത്തിലുണ്ടെന്ന പ്രചാരണം ശക്‌തമാണ്‌. ലിഷോയിയുടെ തൃശൂര്‍ കുരിയച്ചിറയിലെ വീടിനോടു ചേര്‍ന്നുള്ള കാര്‍ ഷെഡില്‍നിന്ന്‌ ഗോവയില്‍നിന്നുള്ള വിലകുറഞ്ഞ മദ്യം പിടിച്ചെടുത്തിരുന്നു.
അജ്‌ഞാതന്‍ നല്‍കിയ ഫോണ്‍ സന്ദേശം എക്‌സൈസ്‌ വകുപ്പിനെ റെയ്‌ഡിനു നിര്‍ബന്ധമാക്കുകയായിരുന്നു. എന്നാല്‍, സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ വീട്ടില്‍ സൂക്ഷിച്ച മദ്യമാണെന്നുപറഞ്ഞ്‌ എക്‌സൈസ്‌ കേസൊതുക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖന്റെ മകന്‍ ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ശ്രീചക്രാ ഡിസ്‌റ്റിലറിയുമായി ബന്ധമുണ്ടെന്ന ആരോപണം ലിഷോയി നിഷേധിച്ചു.
ശ്രീചക്രാ കമ്പനിയുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ മാനേജിങ്‌ ഡയറക്‌ടറായി പറഞ്ഞിരുന്നത്‌ പി.കെ. കുമാരനെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പുതിയ മാനേജിങ്‌ ഡയറക്‌ടര്‍ ആരെന്ന കാര്യം കമ്പനി രജിസ്‌ട്രാറെ അറിയിച്ചിട്ടില്ല. എന്നാല്‍ എക്‌സൈസ്‌ വകുപ്പിന്‌ സമര്‍പ്പിച്ച പുതിയ ഡിസ്‌റ്റിലറി അപേക്ഷയില്‍ പി.കെ. പ്രദീപ്‌ കുമാറിനെയാണ്‌ മാനേജിങ്‌ ഡയറക്‌ടറായി രേഖപ്പെടുത്തിയിട്ടുള്ളത്‌.
അദ്ദേഹത്തിന്റെ സഹോദരനും മുന്‍ ബിവറേജസ്‌ ജീവനക്കാരനുമായ പി.കെ. സജീവ്‌, മറ്റ്‌ സഹോദരങ്ങളായ പി.കെ. സുദര്‍ശന്‍, പി.കെ. ബൈജു, മനിഷ എന്നിവരാണ്‌ ഡയറക്‌ടര്‍മാരായി അപേക്ഷയിലുള്ളത്‌. സിനിമാ നിര്‍മാതാവായ വി.എസ്‌. ഗംഗാധരന്റെ മകളാണ്‌ മനിഷ. 1997 ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത "കുലം" എന്ന സിനിമയുടെ നിര്‍മാതാവായ ഗംഗാധരന്‍ മറ്റു സിനിമകള്‍ നിര്‍മിച്ചതായി അറിവില്ല. തങ്ങളുടെ ബിനാമി ഇടപാടുകള്‍ മറച്ചുപിടിക്കാന്‍ സിനിമാബന്ധം ഡയറക്‌ടര്‍മാര്‍ ഉപയോഗപ്പെടുത്തിയതായി സംശയിക്കുന്നു.
അതേസമയം, അപ്പോളോ ഡിസ്‌റ്റിലറീസ്‌ ഗ്രൂപ്പിന്റെ ഡയറക്‌ടര്‍മാരുടെ പേരുകള്‍ രഹസ്യമായി പുറത്തുവിട്ട എക്‌സൈസ്‌ വകുപ്പ്‌ യു.ഡി.എഫിലെ ചില ഉന്നതര്‍ക്കു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന വാദമുയര്‍ത്തി അഴിമതിയാരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌.
പാലക്കാട്‌ എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മിക്കാന്‍ അനുമതി ലഭിച്ച അപ്പോളോ ഗ്രൂപ്പിന്റെ അമരക്കാരന്‍ ചെന്നൈയില്‍ സ്‌ഥിരതാമസമാക്കിയ മലയാളിയായ എം.പി. പുരുഷോത്തമനാണ്‌. തമിഴ്‌നാട്ടിലുടനീളം അദ്ദേഹത്തിനു ഹോട്ടല്‍ ശൃംഖലയുണ്ട്‌. പിന്നീട്‌ കരിമ്പുകൃഷി, പഞ്ചസാര ഫാക്‌ടറി, ഊര്‍ജ ഉല്‍പ്പാദന കേന്ദ്രം എന്നിവ തുടങ്ങിയ പുരുഷോത്തമന്റെ ബിസിനസ്‌ വളര്‍ത്തുന്നതില്‍ മക്കളും പങ്കുവഹിച്ചു. മാനേജിങ്‌ ഡയറക്‌ടറുടെ ചുമതല വഹിക്കുന്നതു മൂത്തമകന്‍ ഷാജി പുരുഷോത്തമനാണ്‌. സഹോദരി നിഷയാണ്‌ ജോയിന്റ്‌ മാനേജിങ്‌ ഡയറക്‌ടര്‍.
ഇവരുടെ മുന്‍ ഭര്‍ത്താവ്‌ രവികൃഷ്‌ണ കോണ്‍ഗ്രസ്‌ നേതാവ്‌ വയലാര്‍ രവിയുടെ മകനാണ്‌.
മുന്‍ കേന്ദ്രമന്ത്രിയുടെ മകനും വിവാദമായ അഴിമതി കേസുകളില്‍ പ്രതിയുമായ കാര്‍ത്തി ചിദംബരം ഗ്രൂപ്പിന്റെ ഡയറക്‌ടറാണെന്നും എക്‌സൈസ്‌ മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിലെ ചിലര്‍ പറയുന്നു. ബ്രൂവറി-ഡിസ്‌റ്റിലറി അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ടി.പി. രാമകൃഷ്‌ണനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന യു.ഡി.എഫിനെ പുതിയ വെളിപ്പെടുത്തല്‍ തളര്‍ത്തുമെന്നു സര്‍ക്കാര്‍ കരുതുന്നു.

ജോയ്‌ എം. മണ്ണൂര്‍

Friday 12 Oct 2018 01.15 AM
YOU MAY BE INTERESTED
Loading...
TRENDING NOW