Monday, December 17, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 08.00 PM

എം.ജെ അക്ബറിന് കുരുക്ക് മുറുകുന്നു; രാജിവയ്ക്കണമെന്ന് ശിവസേന, പ്രതികരിക്കണമെന്ന് സ്മൃതി ഇറാനി

Sivsena, MJ Akbar, me too

ന്യൂഡല്‍ഹി: മീ ടൂ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് കുരുക്ക് മുറുകുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകനായ എം.ജെ അക്ബറിനെതിരെ ആറോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങള്‍ പുറത്ത് വന്നതോടെ എം.ജെ അക്ബറിന്റെ രാജിക്കായി പ്രതിപക്ഷ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ പ്രതിഷേധത്തിന് പുറമെ എന്‍.ഡി.എ പാളയത്തിലും അക്ബര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

ആരോപണത്തില്‍ എം.ജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടി സുതാര്യതയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് ശിവസേനയുടെ വനിതാ നേതാവും എം.എല്‍.എയുമായ മനീഷ കായന്‍ഡേ ആവശ്യപ്പെട്ടു. എം.ജെ അക്ബര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നും മനീഷ കൂട്ടിച്ചേര്‍ത്തു. ആരോപണത്തില്‍ എം.ജെ അക്ബര്‍ പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലിന്റെ പേരില്‍ ഇരകളെ അപമാനിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും അക്ബറിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് എം.ജെ അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മീ ടൂ ക്യാംപെയ്‌ന് തന്റെ പിന്തുണയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എം.ജെ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.എം പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW