Tuesday, June 11, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.17 AM

20 പേരുടെ മരണത്തിനിടയാക്കിയ ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റിലെ വാഹനാപകടം; ലിമോസിന്‍ കമ്പനി ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

uploads/news/2018/10/255901/usa111018a.jpg

ആല്‍ബനി (ന്യൂയോര്‍ക്ക്): ഒക്ടോബര്‍ 6 ശനിയാഴ്ച ആല്‍ബനിയില്‍ നിന്ന് 30 മൈല്‍ അകലെ സ്കോഹരി കൗണ്ടിയില്‍ റൂട്ട് 30-30എ ജംഗ്‌ഷനില്‍ ലിമോസിന്‍ അപകടത്തില്‍ പെട്ട് 20 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലിമോസിന്‍ കമ്പനിയുടമയെ സ്റ്റേറ്റ് പോലീസ് അറസ്റ്റു ചെയ്തു. പാക്കിസ്താന്‍ വംശജന്‍ നൗമന്‍ ഹുസൈനാണ് (28) ബുധനാഴ്ച സ്റ്റേറ്റ് പോലീസ് കസ്റ്റഡിയിലായത്.

അപകടത്തില്‍ പെട്ട ലിമോസിന്‍ കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ റോഡിലിറക്കാന്‍ കഴിയാത്ത വിധം പരാജയപ്പെട്ടിരുന്നതായി സ്റ്റേറ്റ് പോലീസ് വ്യക്തമാക്കി. തന്നെയുമല്ല, അപകടം നടന്ന സമയത്ത് ലിമോസിന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സ്കോട്ട് ലിസിനിച്ചിയക്ക് ലിമോസിന്‍ ഓടിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റോഡ് സുരക്ഷാ വീഴ്ച വരുത്തിയതിന് ഈ കമ്പനിയുടെ നാല് വാഹനങ്ങള്‍ റോഡില്‍ നിന്ന് പിന്‍‌വലിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് രേഖകളില്‍ പറയുന്നു. ഈ വിവരം നൗമന്‍ ഹുസൈന് അറിയാമായിരുന്നുവെന്നും സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ബീച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അപകടം വരുത്തിവെച്ച ലിമോസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നൗമന്‍ ഹുസൈനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആദര സൂചകമായി ആല്‍ബനിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടേയും ക്യാപിറ്റോളിലേയും ദേശീയ പതാക താഴ്ത്തിക്കെട്ടി.

ഇന്ന് (ബുധനാഴ്ച) ആല്‍ബനിയില്‍ ഹൈവേ 787-ല്‍ വെച്ചാണ് സ്റ്റേറ്റ് പോലീസ് നൗമന്‍ ഹുസൈന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തത്. അശ്രദ്ധമൂലമുള്ള നരഹത്യയ്ക്കാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കായി ബുധനാഴ്ച വൈകിട്ടോടെ സ്കോഹരി കൗണ്ടി കോടതിയില്‍ ഹാജരാക്കും. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടാല്‍ 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. കൂടുതല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ ശിക്ഷ കൂടാനും സാധ്യതയുണ്ടെന്നാണ് അറിവ്. കൂടാതെ മരണപ്പെട്ടവരുടെ കുടുംബം നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്യും.

ഒക്ടോബര്‍ 6 ശനിയാഴ്ച രാവിലെയായിരുന്നു സ്കോഹരി കൗണ്ടി നിവാസികളെ നടുക്കിയ അപകടം നടന്നത്. ആല്‍ബനിയ്ക്കടുത്തുള്ള ചെറിയ പട്ടണമായ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള പതിനേഴ് യാത്രക്കാരെ വഹിച്ചുകൊണ്ട് സഞ്ചരിച്ച വാഹനം റൂട്ട് 30 ലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ആ റോഡ് ചെന്നു മുട്ടുന്ന റൂട്ട് 30-എയിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ നിയന്ത്രണം വിട്ട് മുന്നോട്ടോടിച്ച് എതിര്‍ദിശയിലുള്ള ആപ്പിള്‍ ബാരല്‍ കൗണ്ടി സ്റ്റോറിന്റെ പാര്‍ക്കിംഗിലേക്ക് പാഞ്ഞു കയറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്നിലിടിച്ച്, അടുത്തു നിന്നിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിക്കുകയും, തൊട്ടടുത്തുള്ള ചതുപ്പു നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിമോസിന്‍ പൂര്‍ണ്ണമായി തകരുകയും ഡ്രൈവറും പതിനേഴ് യാത്രക്കാരും സംഭവസ്ഥലത്തു വെച്ചു തന്നെ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. കൂട്ടത്തില്‍ പാര്‍ക്കിംഗില്‍ നിന്നിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ ഭാര്യാപിതാവും കൊല്ലപ്പെടുകയും ചെയ്തു. ലിമോസിനില്‍ യാത്ര ചെയ്തിരുന്നവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ കൂപ്പര്‍‌സ്ടൗണ്‍ എന്ന സ്ഥലത്തുള്ള ബ്രൂവറിയിലേക്കായിരുന്നു എല്ലാവരുടേയും യാത്ര.

ഇവര്‍ യാത്ര ചെയ്തിരുന്ന 2001 മോഡല്‍ ഫോര്‍ഡ് എക്സ്‌കര്‍ഷന്‍ വാഹനം ലിമോസിന്‍ സര്‍‌വ്വീസിനായി ഉപയോഗിക്കാവുന്ന രീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നും, അനധികൃതമായ മാറ്റങ്ങള്‍ വരുത്തി ലിമോസിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി പ്രതികരിച്ചത്.

ഇന്ന് അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ തന്റെ അഭിഭാഷകന്‍ ലീ കിന്‍‌ഡ്‌ലനോടൊപ്പം തിങ്കളാഴ്ച ലേഥമില്‍ ഉള്ള സ്റ്റേറ്റ് പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തത് മുന്‍‌വിധിയോടെ പോലീസിന്റെ ഭാഗത്തുനിന്നുള്ള എടുത്തു ചാട്ടമാണെന്നാണ് കിന്‍ഡ്‌ലന്‍ പ്രതികരിച്ചത്. കാരണം അന്വേഷണം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ തന്നെ എടുത്തേക്കാം എന്ന് പ്രൊസിക്യൂട്ടര്‍ ചൊവ്വാഴ്ച തന്നോട് പറഞ്ഞിരുന്നതായും കിന്‍ഡ്‌ലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, അപകടം വരുത്തിയ വാഹനം റോഡില്‍ നിന്ന് പിന്‍‌വലിക്കണമെന്ന് സ്റ്റേറ്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ വാഹനം സാരറ്റോഗ സ്‌പ്രിംഗ്സില്‍ വെച്ച് പതിനൊന്ന് യാത്രക്കാരെ കയറ്റിപ്പോകുന്നത് സ്റ്റേറ്റ് പോലീസ് കാണുകയും വാഹനം നിര്‍ത്തിച്ച് പരിശോധന നടത്തുകയും ഡ്രൈവര്‍ സ്കോട്ട് ലിസിനിച്ചിയയുടെ ലൈസന്‍സ് ലിമോസിന്‍ ഓടിക്കാനുള്ളതല്ലെന്ന് കണ്ടെത്തുകയും, വാഹനം നിരത്തിലിറക്കാന്‍ പര്യാപ്തമല്ല എന്നുള്ള വിവരവുമൊക്കെ കാണിച്ച് നൗമന്‍ ഹുസൈന് നോട്ടീസ് നല്‍കിയിരുന്നതായും പറയുന്നു. കൂടാതെ ഈ വര്‍ഷം തന്നെ രണ്ടു പ്രാവശ്യം വാഹനം ഇന്‍സ്പെക്ഷനില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ഏറെ ദുരൂഹത നിറഞ്ഞതാണ് ഈ ലിമോസിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. നൗമന്‍ ഹുസൈന്റെ പിതാവ് ഷാഹിദ് ഹുസൈന്റേതാണ് ഈ കമ്പനി. അയാളാകട്ടേ ആല്‍ബനിയില്‍ 'കുപ്രസിദ്ധി' നേടിയ പാക്കിസ്താന്‍ വംശജനാണ്. 90-കളില്‍ ആല്‍ബനിയില്‍ ബിസിനസ്സ് ചെയ്തിരുന്നു. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2002-ല്‍ എഫ്ബിഐയുടെ പിടിയിലായ ഇയാള്‍ പിന്നീട് എഫ്ബിഐയുടെ ചാരനാകുകയായിരുന്നു. അതിനുശേഷം എഫ്ബി‌ഐയ്ക്കു വേണ്ടി സ്വന്തം രാജ്യക്കാരേയും ബംഗ്ലാദേശ്, ഇന്ത്യ, അറബ്/ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഒറ്റുകൊടുത്ത് എഫ്ബിഐക്കുവേണ്ടി ചാരപ്പണി നടത്തിവരുന്നു. അയാളുടെ വലയത്തില്‍ പെട്ട് നിരവധി പേരാണ് വഴിയാധാരമായത്. എന്തു കുറ്റകൃത്യം ചെയ്താലും അയാളെ രക്ഷപ്പെടുത്തുന്നത് എഫ്‌ബി‌ഐ ആണ്.

എഫ്ബിഐയുടെ ചാരനാണിയാള്‍ എന്ന് ഇവിടെയുള്ളവര്‍ മനസ്സിലാക്കിയതു മുതല്‍ ഇവിടെ താമസിക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് എഫ്ബിഐ തന്നെ ഇയാളെ ന്യൂബര്‍ഗ്, ബ്രോങ്ക്സ്, ന്യൂയോര്‍ക്ക് സിറ്റി, വില്‍ടണ്‍, സാരറ്റോഗ എന്നിവിടങ്ങളില്‍ മാറി മാറി താമസിപ്പിച്ച് ചാരപ്പണിക്ക് നിയോഗിച്ചു വരുന്നു. ഹുസൈന്‍ ഇപ്പോള്‍ ദുബൈയിലാണ്. ആല്‍ബനി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിനു സമീപം ഒരു ഗ്യാസ് സ്റ്റേഷനും അനുബന്ധ വര്‍ക്ക് ഷോപ്പും നടത്തിയിരുന്ന ഹുസൈന്‍ ഇന്ന് മില്യണയർ ആണ്. അയാളുടെ രണ്ട് ആണ്‍ മക്കള്‍ (നൗമന്‍ ഹുസൈന്‍, ഷാഹിര്‍ ഹുസൈന്‍) താമസിക്കുന്നത് ആല്‍ബനിയുടെ തൊട്ടടുത്തുള്ള ലേഥമില്‍ രണ്ട് മില്യണ്‍ ഡോളര്‍ വിലവരുന്ന ബംഗ്ലാവിലാണ്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇപ്പോള്‍ നടന്ന വാഹനാപകടത്തില്‍ അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ രക്ഷപ്പെടുമെന്ന് മാത്രമല്ല, മരണപ്പെട്ടവര്‍ നഷ്ട പരിഹാരത്തിന് കേസ് കൊടുത്താല്‍ തന്നെ അതെല്ലാം തരണം ചെയ്യാനും ഹുസൈന് നിഷ്പ്രയാസം സാധിക്കുകയും ചെയ്യുമെന്ന് ഇവിടെയുള്ള പാക്കിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, അറബ് വംശജര്‍ വിശ്വസിക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

Ads by Google
Thursday 11 Oct 2018 11.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW