Monday, December 10, 2018 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.47 AM

മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോടതി നടപടി

uploads/news/2018/10/255880/editorial.jpg

തമിഴ്‌നാട്ടിലെ നക്കീരന്‍ മാസികയുടെ പത്രാധിപര്‍ ആര്‍.ആര്‍. ഗോപാലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചെൈന്ന പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ കിരാത നടപടിയാണ്‌. ഗോപാലിനെ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യത്തില്‍ വിട്ടെങ്കിലും ഈ കേസ്‌ ഉയര്‍ത്തുന്ന ധാര്‍മിക ചോദ്യങ്ങള്‍ നിരവധിയാണ്‌. കോളജ്‌ വിദ്യാര്‍ഥിനികളെ ലൈംഗികവൃത്തിക്ക്‌ പ്രേരിപ്പിച്ചു എന്ന പേരില്‍ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ പ്രഫസര്‍ നിര്‍മലാ ദേവി തനിക്ക്‌ രാജ്‌ ഭവനിലെ ഉന്നത ഉദ്യോഗസ്‌ഥരുമായും ഗവര്‍ണറുമായും ബന്ധമുണ്ടെന്ന്‌ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ചോദ്യം ചെയ്യണമെന്ന്‌ ഗോപാല്‍ വിവിധ ലേഖനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ഗവര്‍ണറുടെ ഡപ്യൂട്ടി സെക്രട്ടറി ടി. ശെങ്കോട്ടയ്യന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്‌.

സാധാരണ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും പേരില്‍ മാനനഷ്‌ടക്കേസുകള്‍ വരാറുണ്ട്‌. എന്നാല്‍, നക്കീരന്റെ കാര്യത്തിലുണ്ടായത്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124-ാം വകുപ്പ്‌ അനുസരിച്ചുള്ള പരാതിയാണ്‌. രാഷ്‌ട്രപതിയെയും ഗവര്‍ണറെയും അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന്‌ തടയുന്നതിനെതിരേ നടപടിയെടുക്കാനുള്ള വകുപ്പാണിത്‌. ഗോപാലിനെതിരേ നല്‍കിയ പരാതിയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്‌തു.

ഗോപാലിനെതിരേ മാത്രമല്ല, നക്കീരനിലെ 31 ജീവനക്കാര്‍, മൂന്നു പ്രധാന വിതരണക്കാര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മാനനഷ്‌ടമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം കാണുകയല്ല, മറിച്ച്‌ തുറന്നെഴുതുന്ന ഒരു പ്രസിദ്ധീകരണ സ്‌ഥാപനത്തെ അപ്പാടെ ഇല്ലാതാക്കുകയായിരുന്നു പരാതിയുടെ ലക്ഷ്യം എന്ന്‌ ഇതില്‍ നിന്നു വ്യക്‌തം. ഏതായാലും ഈ നീക്കമാണ്‌ എഗ്‌മോറിലെ മെട്ര?പൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ തള്ളിക്കളഞ്ഞത്‌.

പോലീസിന്റെ റിമാന്‍ഡ്‌ ആവശ്യം പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍. റാമിന്റെ അഭിപ്രായം മജിസ്‌ട്രേറ്റ്‌ തേടിയത്‌ ഈ കേസിനെ വ്യത്യസ്‌തമാക്കുന്നു. ആര്‍.ആര്‍. ഗോപാലിന്‌ പിന്തുണ പ്രഖ്യാപിക്കാനാണ്‌ എന്‍. റാമും സി.പി.ഐ. തമിഴ്‌നാട്‌ സെക്രട്ടറി മുത്തരശനും വിടുതൈല ചിരുതകള്‍ കക്ഷി നേതാവ്‌ തിരുമലവാനും കോടതിയില്‍ എത്തിയത്‌. റാമിനെ കണ്ട മജിസ്‌ട്രേറ്റ്‌ അദ്ദേഹത്തിന്റെ അഭിപ്രായ തേടുകയായിരുന്നു. ഈ കേസില്‍ 124-ാം വകുപ്പ്‌ ചേര്‍ത്താല്‍ അതു തമിഴ്‌നാടിനു മാത്രമല്ല, ഇന്ത്യയ്‌ക്ക്‌ ഒട്ടാകെ തെറ്റായ കീഴ്‌വഴക്കമാണ്‌ ഉണ്ടാക്കുക എന്ന്‌ റാം കോടതിയെ ബോധിപ്പിച്ചു.

നക്കീരന്‍ എഡിറ്ററെ ഈ വകുപ്പ്‌ ചുമത്തി റിമാന്‍ഡ്‌ ചെയ്യുന്നത്‌ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യത്തിന്റെ നാലാം തൂണിനെ തകര്‍ക്കുന്നതുമായിരിക്കുമെന്നു പറഞ്ഞുകൊണ്ടാണ്‌ ആര്‍.ആര്‍. ഗോപാലിനെ മജിസ്‌ട്രേറ്റ്‌ ജാമ്യത്തില്‍ വിട്ടത്‌. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ ഉറപ്പിച്ച്‌ പറഞ്ഞ്‌ മജിസ്‌ട്രേറ്റ്‌ പുറപ്പെടുവിച്ച വിധി മാധ്യമങ്ങളുടെ വായ്‌മൂടി കെട്ടാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്‌. മാധ്യമങ്ങളെ നിശബദരാക്കാന്‍ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ശ്രമം നടക്കുമ്പോള്‍ ഈ വിധി ഏറെ പ്രസക്‌തവുമാണ്‌.

Ads by Google
Thursday 11 Oct 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW