Monday, June 24, 2019 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 11 Oct 2018 01.46 AM

പേരറിയാത്തൊരാ പെണ്‍കിടാങ്ങളെ നമ്മള്‍ അറിയണം, ഈ ദിനമെങ്കിലും ; ഇന്നു രാജ്യാന്തര ബാലികാദിനം

uploads/news/2018/10/255879/opinion111018a.jpg

ഇന്ന്‌ ഒക്‌ടോബര്‍ 11. ഐക്യരാഷ്‌ട്രസംഘടനയുടെ ആഹ്വാനപ്രകാരം 2012 മുതല്‍ ഈ ദിവസം രാജ്യാന്തര ബാലികാദിനമായി ആചരിക്കുന്നു. കേന്ദ്ര-സംസ്‌ഥാന വനിതാ-ശിശുക്ഷേമ വകുപ്പുകള്‍പോലും ഈ ദിനം വിസ്‌മരിക്കാറാണു പതിവ്‌.

ബാലികാദിനത്തേക്കുറിച്ചു പറയുമ്പോള്‍ രണ്ടു മലയാളചലച്ചിത്രങ്ങള്‍ പരാമര്‍ശിക്കാതെവയ്യ. രണ്ടും ദേശീയാംഗീകാരം നേടിയവ. 1992-ല്‍ നടന്‍ മധു നിര്‍മിച്ച "മിനി" എന്ന ചിത്രം, മദ്യപാനിയായ അച്‌ഛനെ നിരാഹാരസമരമുറയിലൂടെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന പത്തുവയസുകാരിയുടെ കഥയാണ്‌. 1995-ല്‍ എം.ടി. തിരക്കഥയെഴുതിയ "സദയ"മാകട്ടെ, പ്രതിരോധസാധ്യതകള്‍ നഷ്‌ടപ്പെടുമ്പോള്‍ നിഷ്‌കളങ്ക പെണ്‍ബാല്യങ്ങളെ മരണത്തിലൂടെ രക്ഷപ്പെടുത്തുന്ന നായകനെയാണു കാട്ടിത്തരുന്നത്‌. എത്രതവണ കണ്ടാലും ഹൃദയത്തെ കൊളുത്തിവലിക്കുന്ന ആ ക്ലൈമാക്‌സ്‌, ഇന്നും സാമൂഹികപ്രസക്‌തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

കുട്ടികളുടെ അവകാശസംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങളും പദ്ധതികളും നമുക്കുണ്ട്‌. എന്നിട്ടും അവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2008-ല്‍ 215 ബലാത്സംഗക്കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍, കഴിഞ്ഞവര്‍ഷം അത്‌ 1101 എണ്ണമായി.

ശൈശവവിവാഹങ്ങള്‍ 2008-ല്‍ വെറും നാലെണ്ണമായിരുന്നെങ്കില്‍, കാലം പുരോഗമിച്ചപ്പോള്‍ 2017-ല്‍ അതു 17 ആയി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ 2008-ല്‍ 549 ആയിരുന്നതു കഴിഞ്ഞവര്‍ഷം 3478 ആയി. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം, 2014-ല്‍ കുട്ടികള്‍ക്കെതിരേ രാജ്യത്ത്‌ 89,423 അതിക്രമക്കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍ രണ്ടുവര്‍ഷത്തിനകം അത്‌ 1,06,958 ആയി. അതായത്‌ 13.6% വര്‍ധന. സംസ്‌ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം 10 വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 60% വര്‍ധനയുണ്ടായി.

2013-ല്‍ നിലവില്‍വന്ന പോക്‌സോ പ്രകാരം ആവര്‍ഷം രജിസ്‌റ്റര്‍ ചെയ്‌തത്‌ 1061 കേസുകളായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം അത്‌ 2611 ആയി ഉയര്‍ന്നു. ബാല്യവിവാഹങ്ങള്‍, വീട്ടുജോലികള്‍ക്കും ലൈംഗികാവശ്യങ്ങള്‍ക്കുമായി പെണ്‍കുട്ടികളെ കടത്തല്‍, പെണ്‍ഭ്രൂണഹത്യകള്‍, വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമുള്ള ലൈംഗികാതിക്രമങ്ങള്‍, ദുരഭിമാനക്കൊലപാതകങ്ങള്‍, യുദ്ധങ്ങളുടെ ഭാഗമായി പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കുക തുടങ്ങി ലോകമെമ്പാടും പെണ്‍കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഇക്കൊല്ലത്തെ രാജ്യാന്തര ബാലികാദിനാചരണം. കുട്ടികളുടെ അവകാശ ഉടമ്പടി 1989-ലാണു യു.എന്‍. അംഗീകരിച്ചത്‌.

കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം എന്നിവ ഉറപ്പുനല്‍കുന്ന പ്രധാനരേഖയാണിത്‌. ഇന്ത്യ 1992-ല്‍ ഈ ഉടമ്പടി അംഗീകരിച്ചെങ്കിലും അതിലെ പല നിബന്ധനകളും പാലിക്കപ്പെടുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ഉടമ്പടിയുടെ 54 അനുഛേദങ്ങളിലായി കുട്ടികളുടെ അവകാശങ്ങള്‍ വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓരോവര്‍ഷവും ഓരോ ആശയങ്ങള്‍ അടിസ്‌ഥാനമാക്കിയാണ്‌ ബാലികാദിനം ആചരിക്കപ്പെടുന്നത്‌. പെണ്‍കുട്ടികളുടെ കഴിവും വൈദഗ്‌ധ്യവും തൊഴില്‍സാധ്യതകളും വിപുലീകരിക്കാനുള്ള ശ്രമങ്ങളില്‍ ഊന്നിയാണ്‌ ഈവര്‍ഷത്തെ ദിനാചരണം. "With her, a skille dGirl Force" എന്നതാണ്‌ ഈവര്‍ഷത്തെ ദിനാചരണമുദ്രാവാക്യം.

പെണ്‍കുട്ടികള്‍ക്കു സാര്‍വത്രികവിദ്യാഭ്യാസവും തൊഴില്‍പരിശീലനങ്ങളും നല്‍കുക, അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കു പ്രത്യേകപരിശീലനങ്ങളുടെ സാധ്യത കണ്ടെത്തുക എന്നിവയാണു പ്രധാനം. ശാസ്‌ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്‌ എന്നീ രംഗങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുകയും പൊതു-സ്വകാര്യമേഖലകളില്‍ ജോലി സാധ്യതകളുള്ള പ്രത്യേകപരിശീലനം നല്‍കുകയും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്‌. രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഈ കാഴ്‌ചപ്പാടുകളെ എങ്ങനെ കേരളം പോലുള്ള സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണു നാം ചിന്തിക്കേണ്ടത്‌.

കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍, പെണ്‍കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസസാധ്യതകള്‍ ഏറെയാണ്‌. എന്നാല്‍, മികച്ച വനിതാസംരംഭകര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ. ഈ വര്‍ഷത്തെ ദിനാചരണത്തില്‍, പെണ്‍കുട്ടികളെ മികച്ച സംരംഭകരാക്കി മാറ്റാനുള്ള സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കണം.

പോക്‌സോ നിലവില്‍ വന്നശേഷവും സംരക്ഷകര്‍തന്നെ പെണ്‍കുഞ്ഞുങ്ങളുടെ കംസന്‍മാരായി മാറുന്ന കാഴ്‌ച നമുക്കു മുന്നിലുണ്ട്‌. ബാലവേല നിരോധനനിയമവും ഫലപ്രദമാകുന്നില്ല. പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍പോലും ചൂഷണവിധേയരാകുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോണം നമ്മെ അലോസരപ്പെടുത്തുന്നു. ഉപഭോഗസംസ്‌കാരം സൃഷ്‌ടിച്ച ശൈഥില്യങ്ങള്‍ കുടുംബങ്ങളെ ഗ്രസിക്കുമ്പോള്‍, ആദ്യ ഇരകള്‍ പെണ്‍കുട്ടികളാണ്‌.
പാവനമെന്നു സങ്കല്‍പ്പിക്കപ്പെടുന്ന ഇടങ്ങള്‍പോലും പാപപങ്കിലമാകുന്നു.

ഒരു വ്യാഴവട്ടക്കാലമായി, കുട്ടികളുടെയും വനിതകളുടെയും ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി അംഗമാണ്‌ ഈ ലേഖകന്‍. കുട്ടികള്‍ക്കായി പ്രത്യേകവകുപ്പ്‌ രൂപീകരിച്ച്‌, ഏറെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്‌. "ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചൈല്‍ഡ്‌", കരുതല്‍ പദ്ധതി, കാവല്‍ പദ്ധതി, ഓപ്പറേഷന്‍ ശരണബാല്യം, ബാലനിധി, വിജ്‌ഞാനദീപ്‌തി, സനാഥബാല്യം തുടങ്ങിയവയാണ്‌ അവയില്‍ പ്രധാനം. ഇതിലേറെയും പെണ്‍കുട്ടികളുടെ ക്ഷേമം സംബന്ധിച്ചാണ്‌. അപ്പോള്‍, പദ്ധതികളുടെയോ നിയമങ്ങളുടെയോ കുറവല്ല പ്രശ്‌നം.

അവ കൃത്യമായി നടപ്പാക്കാത്തതാണ്‌. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ സംവിധാനമുണ്ടാകണം. പോക്‌സോ കേസുകളില്‍ പ്രതിസ്‌ഥാനത്തുള്ളവരില്‍ 67 ശതമാനവും ഇരകള്‍ക്കു പരിചയമുള്ളവരാണ്‌. 15% ബന്ധുക്കള്‍തന്നെയാണ്‌. ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാണിച്ചതുപോലെ, സുരക്ഷിതമെന്നു കരുതപ്പെടുന്ന ഇടങ്ങളിലാണു പെണ്‍കുട്ടികള്‍ കൂടുതലായി ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്നത്‌. പോക്‌സോ കേസുകളില്‍ ശിശുക്ഷേമസമിതികള്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കണമെന്ന വ്യവസ്‌ഥ പലപ്പോഴും പാലിക്കപ്പെടുന്നില്ല.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണം. പോക്‌സോ കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച്‌, ഒരുവര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന വ്യവസ്‌ഥയും ഫലപ്രദമാകുന്നില്ല. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്കു വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ്‌ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്‌ ഏറെ ശ്രദ്ധേയമാണ്‌. അതിന്‌ അനുസൃതമായി, ശിശുസൗഹൃദകോടതികളും പ്രത്യേകപരിശീലനമുള്ള പ്രോസിക്യൂട്ടര്‍മാരും പോലീസ്‌ സ്‌റ്റേഷനുകളില്‍ ജുവനൈല്‍ സെല്ലുകളും സ്‌ഥാപിക്കണം. സംസ്‌ഥാനത്തെ "നിര്‍ഭയ" കേന്ദ്രങ്ങളില്‍ 369 കുട്ടികളുണ്ടെന്നാണു കണക്കുകള്‍. 2013-ല്‍ ആരംഭിച്ച നിര്‍ഭയയില്‍ 12-18 പ്രായപരിധിയിലുള്ള 60 "അമ്മമാര്‍" ഉണ്ടെന്നത്‌, പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന്‌ ഓര്‍മിപ്പിക്കുന്നു.

പെണ്‍കുട്ടികളുടെ ഈ ദിനത്തില്‍ അതുല്യരായ ചില വ്യക്‌തിത്വങ്ങളും നമുക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നാദിയാ മുറാദാണ്‌ അതിലൊരാള്‍. ഐ.എസ്‌. ഭീകരരുടെ തടവറയില്‍ ലൈംഗികാടിമയായി അവള്‍ അനുഭവിച്ച ക്രൂരതകളും പിന്നീട്‌ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പോരാളിയായുള്ള അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇതിനകം നാം വായിച്ചറിഞ്ഞതാണ്‌. ഏതു പ്രതികൂലസാഹചര്യവും അതിജീവിക്കാനുള്ള പെണ്‍കരുത്തുകൂടിയാണു നാദിയയുടെ ജീവിതം നമുക്കു കാട്ടിത്തരുന്നത്‌.

2014-ലെ സമാധാന നൊബേല്‍ ജേതാവായ മലാലയേയും നമുക്കു മറക്കാനാവില്ല. ക്രൂരമായ ജീവിതാനുഭവങ്ങളെ സധൈര്യം നേരിട്ട ഈ പെണ്‍കുട്ടികള്‍ എക്കാലവും നമ്മുടെ പെണ്‍കുട്ടികള്‍ക്കു പ്രചോദനമാണ്‌. പ്രശസ്‌ത എഴുത്തുകാരന്‍ ടി.എ. ബാരന്റെ നേതൃത്വത്തിലുള്ള ബാരന്‍ പുരസ്‌കാരം നേടിയ മൂന്നുപേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികളായിരുന്നു- മേഘന റെഡ്‌ഡിയും പൂജ നഗ്‌പാലും മായ ബര്‍ഹാന്‍ പുര്‍ക്കവും. ഒ.എന്‍.വിയുടെ "കോതമ്പുമണികള്‍" എന്ന കവിത ഓരോ വായനയിലും നല്‍കുന്നതു വല്ലാത്തൊരു വിഹ്വലതയാണ്‌. "മാരനെയല്ല, മണാളനെയല്ല, മാനം കാക്കുമൊരാങ്ങളയെ..." കാത്തുനില്‍ക്കുന്ന പേരറിയാത്ത പെണ്‍കിടാങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടെന്ന യാഥാര്‍ഥ്യമാണ്‌ ആ കവിതയെ ഇന്നും പ്രസക്‌തമാക്കുന്നത്‌.

Ads by Google
Ads by Google
Loading...
TRENDING NOW