സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ചരിത്രംസൃഷ്ടിക്കുന്ന വിധികളുടെ വെടിക്കെട്ടായിരുന്നു. ഈ വിധികള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കു മൗലികമായ സംരക്ഷണവും വലിയ സ്വാതന്ത്ര്യവും നല്കിയിരിക്കുന്നു. അതു സ്വാഗതം ചെയ്യുമ്പോഴും നിയമങ്ങള്‍ ലൈംഗികമണ്ഡലത്തില് വഴിവിട്ടസ്വാതന്ത്ര്യത്തിനു വാതില്തുറക്കില്ലേ എന്ന ആശങ്കയുണ്ട്. സമൂഹത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയും നിയമവ്യവസ്ഥയ്ക്കുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവും ഈ പരിപ്രേക്ഷ്യത്തില്തന്നെ കാണണം. ഇതു സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെയും വിധിയായി വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍, മതമണ്ഡലത്തിലെ അടിച്ചേല്‍പ്പിക്കല്‍ മതേതരജനാധിപത്യത്തിനു ഭൂഷണമാണോ എന്നു ചിന്തിക്കണം. നിയമനിര്‍മാണ സഭകളുടെ മണ്ഡലത്തിലേക്കു കോടതികള്‍ പ്രവേശിക്കുന്നതു ജനാധിപത്യത്തിനു ഗുണകരമല്ല. മുസ്ലീം സ്ത്രീകള്‍ പുരോഗതിയിലേക്കു വരണം എന്നാശിക്കാം. പക്ഷേ, പുരോഗമനങ്ങള്‍ അടിച്ചേല്പിക്കരുത്. ഈ സമൂഹത്തില്‍ നിന്നുതന്നെ അതു വരട്ടെ. ക്രൈസ്തവ സ്ത്രീകള്‍ക്കു കുമ്പസാരിപ്പിക്കാനുള്ള അവകാശപ്രശ്നം കോടതികള്‍ തീര്‍പ്പാക്കണോ?
ശബരിമലയിലെ സ്ത്രീപ്രവേശനം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രശ്നമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, മറ്റൊരു കാഴ്ചപ്പാടിലൂടെയും ഇതു കാണാം. ഇവിടെ അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം സ്വകാര്യതയുടെ സംരക്ഷണപ്രശ്നമായും കാണാം. സ്വന്തം നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ കവചനത്തിനുള്ളിലേക്കു സ്ത്രീകള്‍ പ്രവേശിക്കുന്നത് ഒരു കഥയുടെയും ഒരു ബിംബനത്തിന്റെയും പ്രശ്നമായി ഇതു വീക്ഷിക്കാം. ദേവസ്വം ബോര്‍ഡ് ഇങ്ങനെയൊരു നിയമം വഴി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മൂല്യമെന്ത്? അതു സംരക്ഷിക്കുകയും നിയമപരിഷ്കാരങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് നിയമം ഉണ്ടാക്കിയവര്‍ തന്നെയല്ലേ? കോടതികള്‍ക്കു ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം ബുദ്ധപാരമ്പര്യമാണ് എന്നാണു കരുതുന്നത്. ഈ ആദര്‍ശത്തിന്റെ ചില മാനങ്ങളാണു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതു സ്ത്രീകളോടുള്ള എതിര്‍പ്പല്ല, വിരോധവുമല്ല. സ്ത്രീയെ അശുദ്ധയായി പുറത്താക്കുന്നതു ശരിയുമല്ല; ഇത്തരം അശുദ്ധികള്‍ പുരുഷനുമുണ്ട്.
കത്തോലിക്കാസഭയുടെ ബ്രഹ്മചര്യനിഷ്ഠ പാലിക്കുന്നവനാണു ഞാന്‍. സെമിനാരിയില്‍ ചേര്‍ന്ന ആദ്യ ഒഴിവിനു വീട്ടില്‍ വന്നപ്പോഴായിരുന്നു എന്റെ പിതൃസഹോദരപുത്രന്റെ കല്യാണം. അതാകട്ടെ, എന്റെ വീടിന്റെ തൊട്ടു തെക്കേവീട്ടില്‍. സെമിനാരിക്കാരന് കല്യാണം കൂടാന്‍ പാടില്ലെന്ന ചട്ടമുണ്ടായിരുന്നു. അതിനാല്‍, ഞാന്‍ കല്യാണം കൂടിയില്ല. രണ്ടു വല്യച്ചന്മാരുടെ കീഴില്‍ ഞാന്‍ വൈദികസേവനം ചെയ്തിരുന്നു. അവര്‍ രണ്ടുപേരും സ്വന്തം മുറിയിലേക്കു സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. മുറിക്കു പുറത്തു കസേരയിട്ട് അവരുമായി സംസാരിച്ചു. കന്യാസ്ത്രീകളുടെ മഠങ്ങളില്‍ ആവൃതി (്യഗ്നദ്ധന്ഥന്ധനുത്സ) എന്ന സ്ഥലമുണ്ട്. അതിനുള്ളിലേക്ക് ഒരു പുരുഷനെയും വൈദികരെയും കയറ്റില്ല. പുറത്തുനിന്ന് ആരും ആവൃതിയില്‍ പ്രവേശിച്ചുകൂടാ.
1965 -ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടിയതിനുശേഷം ഇവിടെയൊക്കെ പരിഷ്കാരങ്ങളായി, എല്ലാ ആവൃതികളും കവചങ്ങളും തുറക്കപ്പെട്ടു. ഫലമോ? ക്യാസ്ത്രീമഠങ്ങളില് വൈകുന്നേരം ആറു മണിക്കുശേഷം ഒരു വൈദികനും പ്രവേശിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. ഇപ്പോള്‍ "ഇടയനോടു കൂടി ഒരു രാത്രി" എന്ന ആരാധനാപരിപാടിയെക്കുറിച്ചു കേള്‍ക്കുന്നു. അയ്യപ്പന്റെ മണ്ഡലത്തിലേക്ക് സ്ത്രീകള്‍ പ്രവേശിക്കരുത് എന്നതും ഇതുപോലൊരു പാരമ്പര്യമല്ലേ? പുരാണങ്ങളും മിത്തുകളും താത്വികവിചാരത്തിന്റെ പൗരാണിക കഥാ രൂപങ്ങളാണ്. എത്ര സ്വതന്ത്രമായ സമൂഹത്തിലും സ്വകാര്യതയുടെ വിശുദ്ധ മണ്ഡലങ്ങള്‍ പൂജിച്ചു സൂക്ഷിക്കണമെന്നു തോന്നുന്നു.
അതു സ്ത്രീവിരുദ്ധമല്ല, ആകരുത്. സ്ത്രീക്കും പുരുഷനും ഈ സ്വകാര്യതയുടെ വേദികള്‍ വേണം. ബ്രഹ്മവഴിയില് നിഷ്ഠയായി ചരിക്കുന്നവനാണു ബ്രഹ്മചാരി. അതില്‍ നിഷ്ഠയുടെ വട്ടമുണ്ട്. ലക്ഷ്മണന് സീതയ്ക്കു വരച്ചുകൊടുത്ത വട്ടം. പക്ഷേ, ഇന്നൊന്നും സീതമാര്ക്കു വട്ടം വരച്ചുകൊടുക്കേണ്ടതില്ല. എന്റെ വട്ടം ഞാന്‍ വരയ്ക്കണം, സീത സീതയ്ക്കു വേണ്ട വട്ടവും വരയ്ക്കണം. വ്രതത്തിന്റെ വട്ടം വരച്ചാണു നാം ജീവിക്കുന്നത്. ഇതൊരു കവചമാണ്. കവചങ്ങള്‍ ഭേദിക്കപ്പെടരുത്. അതു ബ്രഹ്മചാരിക്കും കന്യകകള്‍ക്കും മാത്രമല്ല, വിവാഹിതര്‍ക്കും വേണം. അവര്‍ക്കു വിവാഹവ്രതത്തിന്റെ നിഷ്ഠകള്‍ ഉണ്ടല്ലോ.
ഇതു സ്ത്രീവിരുദ്ധമല്ല; പുരുഷാധിപത്യത്തിന്റേതുമല്ല. ഇവിടെ ദേവസ്വം ബോര്‍ഡിനു വേണ്ട പരിഷ്കരണങ്ങള്‍ വരുത്തി സംരക്ഷിക്കേണ്ട ബിംബമാനം കാത്തുസൂക്ഷിക്കാം. ഈ ലക്ഷ്മണവട്ടം എന്നത് ഒരു പ്രതീകമാണ്, അനുഷ്ഠാനപരവുമാണ്. അതിന്റെ വ്യാപ്തിയുടെ മാനങ്ങള്‍ ചുരുക്കാം, വലുതാക്കാം. ഇവിടെ പ്രധാനം ബ്രഹ്മചര്യം എന്ന ആദര്‍ശ സംരക്ഷണമാണ്. മനുഷ്യന്റെ സ്വകാര്യതയിലാണ്, മതവും അതിന്റെ ആത്മീയതയുമിരിക്കുന്നത്. ഈ സ്വകാര്യത എന്നതു മനുഷ്യന് തന്റെ മൃഗീയതയില്‍നിന്ന് ഉയര്‍ന്ന മഹത്വമാര്‍ന്ന ജീവിതം നയിക്കുന്നതാണ്. അതിനു വേണ്ടിയാണു വേലികെട്ടി സ്വകാര്യത സംരക്ഷിക്കുന്നത്.
ഇവിടെ വേലി, കവചം ഇതൊക്കെ കാവ്യരൂപകങ്ങളാണ്. ഇതു സ്വാതന്ത്ര്യനിഷേധത്തിന്റെ കഥനമല്ല. വ്യക്തിയുടെ ശുദ്ധിയും നിയന്ത്രണവും കാത്തുസൂക്ഷിക്കുന്നതിന്റെ മൂര്‍ത്തവും കാവ്യാത്മകവുമായ കഥനമാണ്. ഇവിടെ നാം പറയുന്നതും അനുഷ്ഠിക്കുന്നതും മനുഷ്യനും ദൈവികതയുമായുള്ള ബന്ധമാണ്. ദൈവത്തിന്റെ പരിശുദ്ധിയുടെ വസ്തു നിഷ്ഠതയല്ല, നമ്മുടെ വിശുദ്ധിയുടെ സംബന്ധപ്രശ്നങ്ങളാണ്. അയ്യപ്പന് എന്തു പറ്റുന്നു എന്നതല്ല പ്രശ്നം. നാം നമ്മുടെ വിശുദ്ധി പാലിക്കുന്നതിനെടുക്കുന്ന നടപടികളുടെ കാവ്യരൂപങ്ങളാണ്. ബ്രഹ്മചാരിയായ ഞാന്‍ എന്നെ വിശ്വസിക്കാത്തതു കൊണ്ടാണ് എനിക്കു വേലി കെട്ടുന്നത്, കവചങ്ങള്‍ തീര്‍ക്കുന്നത്. ഞാന്‍ എന്നെ വിശ്വസിക്കാതെ ദൈവികതയിലും അതിന്റെ ഉറവിടത്തിലും വിശ്വസിക്കുന്നു.
അതു തീര്‍ക്കുന്ന വിശുദ്ധസ്ഥലങ്ങളുടെയും കാലങ്ങളുടെയും അനുഷ്ഠാനങ്ങളില്‍ പങ്കുകൊള്ളുന്നു. അതിന്റെ കവചങ്ങള്‍ തീര്‍ക്കുന്നു. ഈ കവചം കാവ്യാത്മകമാണ്, അനുഷ്ഠാനപരവുമാണ്. അനുഷ്ഠാനം അതിഭൗതികമൂല്യങ്ങളുടെ പ്രച്ഛന്നവേഷങ്ങളാണ്. സുവര്‍ണകാലത്തെയും കഷ്ടകാലത്തെയും ഡോം ക്വിക്സോട്ടില്‍ സെര്‍വാന്റസ് വിവരിക്കുന്നുണ്ട്. കഷ്ടകാലം എത്ര നൂലാമാലയുടെ സങ്കീര്ണതയില് തീര്‍ത്ത ആവൃതിയില്പ്പോലും ചാരിത്ര്യത്തിനു സുരക്ഷിതത്വമില്ലാത്ത കാലമാണ്. എന്റെ അകം കാക്കാന്‍ ഞാന്‍ പുറത്തു സുരക്ഷയുടെ വലയങ്ങള്‍ സൃഷ്ടിക്കുന്നു. അകത്തെ വിളക്കും അഗ്നിയും ഞാന്‍ സംരക്ഷിക്കണം. അഗ്നിഹോത്രിമാരാകാതെ സ്വന്തം അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്ന ഉതപ്പുകളുടെ നാറ്റവും പൊള്ളലും നാം സഹിച്ചുകൊണ്ടിരിക്കുകയല്ലേ?
റവ.ഡോ. പോള്‍ തേലക്കാട്ട്