Wednesday, May 22, 2019 Last Updated 39 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.44 AM

ബ്രൂവറി - ഡിസ്‌റ്റിലറി: സര്‍ക്കാരിന്‌ നിയമക്കുരുക്കാകും

uploads/news/2018/10/255877/bft3.jpg

വിവാദമായ ബ്രൂവറി-ഡിസ്‌റ്റിലറി അനുമതികള്‍ റദ്ദാക്കിയെങ്കിലും പിണറായി സര്‍ക്കാരിനു നിയമക്കുരുക്കാകുമെന്നു സൂചന. നിലവിലുണ്ടായിരുന്ന നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ ഇവ അനുവദിച്ചതു വിജിലന്‍സ്‌ കേസിനും സുപ്രീംകോടതി വരെ നീളുന്ന നിയമനടപടികള്‍ക്കും വഴിതെളിച്ചതായി നിയമവിദഗ്‌ധര്‍. ഇവയുടെ അനുമതി റദ്ദാക്കുന്നതായി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പുതിയ ബ്രൂവറികള്‍ക്കും ഡിസ്‌റ്റിലറികള്‍ക്കും അപേക്ഷിക്കാമെന്നും ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കിയിരുന്നു. ഇതൊന്നുമില്ലാതെയായിരുന്നു നേരത്തേ അനുവദിച്ചതെന്നു പരോക്ഷമായി മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയെന്നാണു വാദം.
അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ കേസ്‌ കൊടുക്കാന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. അദ്ദേഹം അനുമതി നല്‍കിയാല്‍ സര്‍ക്കാരിനു തലവേദനയാകും.
ബ്രൂവറികളും ഡിസ്‌റ്റിലറികളും അനുവദിക്കും മുമ്പ്‌ ലൈസന്‍സിങ്‌ കമ്പനികളുടെ നിര്‍മാണ യൂണിറ്റിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരിശോധിക്കണം. ആവശ്യമായ ഭൂമിയുടെ ഉടമസ്‌ഥാവകാശ രേഖകളും അതതു തദ്ദേശസ്‌ഥാപനങ്ങള്‍, മലിനീകരണനിയന്ത്രണബോര്‍ഡ്‌, ജല അതോറിട്ടി, പരിസ്‌ഥിതിവകുപ്പ്‌ എന്നിവയുടെ അനുമതിപത്രങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കമ്പനികളാണെങ്കില്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റെ വിശദവിവരങ്ങള്‍, കമ്പനീസ്‌ രജിസ്‌ട്രേഷന്‍ വിഭാഗം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌, ആസ്‌തി വിവരങ്ങള്‍, സമാന വ്യവസായത്തില്‍ കമ്പനിക്കുള്ള പരിചയം തുടങ്ങി വിവിധകാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നാണ്‌ ചട്ടം. കമ്പനി തുടങ്ങുന്ന ജില്ലയിലെ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ നിര്‍ബന്ധമാണ്‌. എന്നാല്‍, തൃശൂരില്‍ ശ്രീചക്രാ ഡിസ്‌റ്റിലറീസിനടക്കം പലതിലും ഇത്തരം റിപ്പോര്‍ട്ട്‌ തേടിയിരുന്നില്ല. ശ്രീചക്ര തൃശൂരിലാണെന്ന അറിയിപ്പ്‌ ലഭിച്ചതല്ലാതെ ഇതുസംബന്ധിച്ച വിവരമില്ലെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞപ്പോള്‍, ഫയലില്‍ വിശദവിവരങ്ങളുണ്ടെന്ന മറുപടിയാണ്‌ വകുപ്പു മന്ത്രി നല്‍കിയത്‌. ഇരിങ്ങാലക്കുടയിലാണെന്ന പുതിയ വിവരമൊഴിച്ചാല്‍ കമ്പനി ബോട്ടിലിങ്‌ യൂണിറ്റ്‌ തുടങ്ങുന്നത്‌ എവിടെയാണെന്നോ, ഭൂമിയുടെ സര്‍വേ നമ്പരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ല.
1998- ല്‍ അപേക്ഷ നിരസിച്ച കമ്പനിക്കാണ്‌ അനുമതി കിട്ടിയത്‌. 1999 സെപ്‌റ്റംബര്‍ 29 ലെ 689 / 99 നമ്പര്‍ ഉത്തരവു പ്രകാരം പുതിയതായി ഡിസ്‌റ്റിലറിയോ ബ്രൂവറിയോ തുടങ്ങാനുള്ള തടസങ്ങള്‍ മറികടക്കാന്‍ ഇടതുപക്ഷ മുന്നണി നയപരമായ തീരുമാനമെടുത്തിട്ടില്ല. നായനാര്‍ മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കാന്‍ പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗം വിളിക്കാതെ തിടുക്കത്തില്‍ അനുമതി നല്‍കിയതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായി നിയമജ്‌ഞര്‍ പറഞ്ഞു. ഡിസ്‌റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നത്‌ നിര്‍ത്തലാക്കി 1999 -ല്‍ ഇറക്കിയ ഉത്തരവ്‌ പുതിയ അപേക്ഷകള്‍ക്ക്‌ ബാധകമാണെന്നു ചൂണ്ടിക്കാട്ടി എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌ അയച്ച ഫയലില്‍, അന്നത്തെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന ടോം ജോസും(ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി) സമാന അഭിപ്രായം രേഖപ്പെടുത്തിയതും കേസില്‍ സര്‍ക്കാരിന്‌ തലവേദനയാകും.
പുതുതായി മൂന്നു ബ്രൂവറികള്‍ക്കും പൊതുമേഖലയിലേതടക്കം രണ്ടു ഡിസ്‌റ്റിലറികള്‍ക്കും കണ്ണൂരിലെ കെ.എസ്‌. ഡിസ്‌റ്റിലറീസിനും തൃശൂരിലെ എലൈറ്റ്‌ ഡിസ്‌റ്റിലറീസ്‌ ആന്‍ഡ്‌ ബിവറേജസിനും ഉല്‍പ്പാദനശേഷി ഗണ്യമായി വര്‍ധിപ്പിക്കാനും രഹസ്യമായി അനുമതി നല്‍കിയതും കേസില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ഇടതുപക്ഷമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞെങ്കിലും പുതുതായി ഒമ്പത്‌ വിദേശനിര്‍മിത വിദേശമദ്യം ഇറക്കുമതിക്കും എട്ട്‌ വിദേശനിര്‍മിത വിദേശവൈന്‍ ഇറക്കുമതിക്കും കമ്പനികള്‍ക്ക്‌ ഇറക്കുമതി ലൈസന്‍സ്‌ നല്‍കിയതിലും കോടികളുടെ ഇടപാട്‌ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതും കേസില്‍ സര്‍ക്കാരിന്റെ വാദങ്ങളെ ദുര്‍ബലമാക്കുമെന്നാണു വിവരം.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Thursday 11 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW