ബത്തേരി: കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കടത്തുകയായിരുന്ന അരക്കോടിയിലേറെ രൂപ വരുന്ന പാന്‍മസാല ശേഖരം കര്‍ണാടക- കേരള അതിര്‍ത്തിയായ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ഇന്നലെ അധികൃതര്‍ പിടികൂടി. ലോറി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി പൂനൂര് കന്നുമ്മേല്‍ അബ്ദുള്റഹിമാ(46)നെ എക്സൈസ് പിടികൂടി. ലോറിയില്‍ ഉള്ളിചാക്കുകള്ക്കടിയിലായാണ് ഹാന്‍സ് കടത്താന്‍ ശ്രമിച്ചത്. 55ചാക്കുകളിലായാണ് 2200 കിലോ ഹാന്‍സ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് നടന്ന നിരോധിത പാന്‍മസാല വേട്ടകളില്‍ വലുതാണ് ഇതെന്നും പിടികൂടിയ പാന്മസാലയും പ്രതിയേയും ബത്തേരി പോലീസിന് കൈമാറുമെന്നും എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ പറഞ്ഞു. നിരോധിക്കപ്പെട്ട പാന്‍മസാലയ്ക്ക് 60ല്ക്ഷത്തോളം വിലമതിക്കും.വാഹനത്തിന്റെ ഉടമയായ കോഴിക്കോട് സ്വദേശി മൈസൂരില്‍വെച്ച് ലോഡ്കയറ്റിയ വാഹനം തന്നെഎല്പ്പിച്ചുവെന്നും കല്‍പ്പറ്റയിലെത്തുമ്പോള്‍ ഫോണില്‍ ബന്ധപെടാനാണ് ആവശ്യപ്പെട്ടതെന്നും ഡ്രൈവര്‍ ചോദ്യംചെയ്യലില്‍ എക്സൈസിനോടു പറഞ്ഞു. പരിശോധനയ്ക്ക് സി.ഐ.ശരത്ബാബു, പി.ഇ.ഒമാരായ കെ.ബി.ബാബുരാജ്,എം.സി.ഷിജു, സി.ഇ.ഒമാരായ അരുണ്‍, വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.ഇതിനുമുമ്പ് ബാവലി ചെക്പോസ്റ്റില്വെച്ചും ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍മസാല പിടികൂടിയിരുന്നു.