Friday, October 19, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.53 AM

ചാരപ്രവര്‍ത്തനം: ഇന്ത്യ ഉണരണം

uploads/news/2018/10/255574/editorial.jpg

ഇന്ത്യന്‍ പ്രതിരോധ സേനകളുടെ അത്യാധുനിക ക്രൂസ്‌ മിസൈലായ ബ്രഹ്‌മോസിന്റെ സാങ്കേതികവിവരങ്ങള്‍ പാകിസ്‌താന്റെ ചാരസംഘടനയായ ഐ.എസ്‌.ഐക്ക്‌ ഇന്ത്യന്‍ എന്‍ജിനിയര്‍ ചോര്‍ത്തിക്കൊടുത്തത്‌ അതീവ ഗൗരവമുള്ള സംഭവമാണ്‌. നാഗ്‌പൂരിലെ ബ്രഹ്‌മോസ്‌ ഏറോസ്‌പേസ്‌ ലിമിറ്റഡിലെ എന്‍ജിനിയര്‍ നിശാന്ത്‌ അഗര്‍വാള്‍ ആണ്‌ അറസ്‌റ്റിലായത്‌. പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആര്‍.ഡി.ഒ)യുടെ രണ്ട്‌ ഉദ്യോഗസ്‌ഥരും നിരീക്ഷണത്തിലാണെന്ന്‌ അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നു. അറസ്‌റ്റിലായ നിശാന്ത്‌ നിസാരക്കാരനല്ല. ബ്രഹ്‌മോസിന്റെ നാഗ്‌പൂര്‍ യൂണിറ്റിലെ സാങ്കേതികശാസ്‌ത്ര വിഭാഗത്തിനു നേതൃത്വം നല്‍കുന്ന ഇയാളുടെ കീഴില്‍ 40 സിസ്‌റ്റം എന്‍ജിനിയര്‍മാരും സൂപ്പര്‍വൈസര്‍മാരും സാങ്കേതികവിദഗ്‌ധരും ജോലി ചെയ്യുന്നുണ്ട്‌.
ഇയാളുടെ പ്രവര്‍ത്തന പരിധിയില്‍ വരാത്ത സാങ്കേതികവിവരങ്ങള്‍ നിശാന്തിന്റെ കംപ്യൂട്ടറില്‍ നിന്ന്‌ കണ്ടെത്തിയതിനെതുടര്‍ന്നാണ്‌ അറസ്‌റ്റ്‌. സാങ്കേതികമായിട്ടുള്ളതടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ ചാരന്മാര്‍ക്ക്‌ കൈമാറിയതായി തെളിഞ്ഞു. ഈ വര്‍ഷത്തെ മികച്ച യുവശാസ്‌ത്രജ്‌ഞനുള്ള അവാര്‍ഡ്‌ നേടിയയാളാണ്‌ അറസ്‌റ്റിലായതെന്നത്‌ ഞെട്ടിക്കുന്ന വിവരമാണ്‌. ഐ.എസ്‌.ഐ. പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞന്മാരില്‍ നിന്നും പ്രതിരോധ മേഖലയിലെ ഉദ്യോഗസ്‌ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്‌. പാകിസ്‌താന്‌ വിവരങ്ങള്‍ കൈമാറിയതിന്‌ ഒരു സൈനികന്‍ അറസ്‌റ്റിലായത്‌ കഴിഞ്ഞമാസമാണ്‌. ഇതേത്തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ ഏറെ ശ്രദ്ധാലുക്കളാണ്‌. വനിതകളുടെ പേരില്‍ പാകിസ്‌താനില്‍ നിന്ന്‌ കൈകാര്യം ചെയ്യുന്ന സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലുമാണ്‌. ഇതിനിടയിലാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നത്‌ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.

വളരെ പ്രത്യേകതകളുള്ളതാണ്‌ ബ്രഹ്‌മോസ്‌ മിസൈല്‍ എന്നതിനാല്‍ ഇതിന്റെ വിവരങ്ങള്‍ അറിയുന്നതിന്‌ പാകിസ്‌താന്‍ മാത്രമല്ല, അമേരിക്കയും ചൈനയുമൊക്കെ ശ്രദ്ധാലുക്കളാണ്‌. ഇന്ത്യയും റഷ്യയും ചേര്‍ന്ന്‌ നിര്‍മിക്കുന്ന ഈ മിസൈല്‍ കരസേനയും നാവിക സേനയും ആയുധശേഖരത്തില്‍ ഉള്‍പെടുത്തിക്കഴിഞ്ഞതാണ്‌. വ്യോമസേനയ്‌ക്കുള്ളതാകട്ടെ കഴിഞ്ഞ മേയില്‍ വിജയകരമായി പരീക്ഷിച്ചു. രണ്ടു ഘട്ടങ്ങളാണ്‌ ബ്രഹ്‌മോസിനുള്ളത്‌. ആദ്യത്തേത്‌ ഘര ഇന്ധനവും രണ്ടാമത്തേത്‌ ദ്രവ ഇന്ധനവും ഉപയോഗിക്കുന്നു. കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും മാത്രമല്ല, കടലിനടിയില്‍ നിന്നും ഇത്‌ ശത്രുവിനെതിരേ അയയ്‌ക്കാനാകും. അടുത്തിടെ ബ്രഹ്‌മോസിന്റെ വിവിധ ഉപ സിസ്‌റ്റങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചത്‌ ശ്രദ്ധനേടിയിരുന്നു. ഇന്ധന മാനേജ്‌മെന്റ്‌ സംവിധാനം, ലോഹേതരമായ എയര്‍ഫ്രെയിം ഭാഗങ്ങള്‍ എന്നിവ ഇതില്‍ പെടും. മിസൈലുകളെ ലക്ഷ്യത്തിലേക്ക്‌ നയിക്കുന്ന സീക്കര്‍ സംവിധാനം ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തത്‌ ഏറെ നേട്ടവുമായി. ലോകത്തിലെ ഏറ്റവും മികവുറ്റ ഈ സൂപ്പര്‍സോണിക്‌ ക്രൂസ്‌ മിസൈലിന്റെ രഹസ്യങ്ങള്‍ അറിയാന്‍ ഇന്ത്യയുടെയും റഷ്യയുടെയും എതിരാളികള്‍ക്ക്‌ കൗതുകമുണ്ടാകുന്നത്‌ സ്വാഭാവികം മാത്രമാണ്‌. അതിനാല്‍, ചാരശൃംഖല കൂടുതല്‍ വ്യാപിച്ചിട്ടുണ്ടോ, കൂടുതല്‍ ചാരന്മാര്‍ ഒളിച്ചിരിപ്പുണ്ടോ എന്ന്‌ കണ്ടെത്തേണ്ടത്‌ ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച്‌ നിര്‍ണായകമാണ്‌.

Ads by Google
Wednesday 10 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW