Friday, June 14, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Oct 2018 01.51 AM

റോഡിലെ ചോരപ്പാടിന്‌ ആരാണ്‌ ഉത്തരവാദി?

uploads/news/2018/10/255573/bft1.jpg

നഷ്‌ടം എന്ന വാക്കിന്റെ പൂര്‍ണാര്‍ഥം മനസില്‍ തട്ടുന്നതു നമ്മുടെ മനസുമായി ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍ വേര്‍പ്പെടുമ്പോഴാണ്‌. മരണം അനിവാര്യമായ യാഥാര്‍ഥ്യമാണെങ്കിലും ചിലപ്പോള്‍ മരണത്തെ പഴിക്കുന്നതും ശപിക്കുന്നതും ചില മഹാപ്രതിഭകളെ, അവര്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ സ്വന്തം മടിത്തട്ടിലേക്ക്‌ വിളിക്കുമ്പോഴാണ്‌. വേദനയും നിരാശയും നിസഹായതയും കലര്‍ന്ന അനുഭവമാണു ബാലഭാസ്‌കര്‍ എന്ന പ്രതിഭയുടെ അകാലമരണം എന്നില്‍ സൃഷ്‌ടിച്ചത്‌. ശാന്തിഗിരിയുടെ താമരപര്‍ണശാല സമര്‍പ്പണവേളയില്‍ ആശ്രമത്തിലെത്തിയ ആയിരങ്ങളെ സംഗീതത്തിന്റെ മായികലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി ആഹ്‌ളാദിപ്പിച്ച കാര്യമാണ്‌ അപകടവാര്‍ത്ത കേട്ടപ്പോള്‍ മനസില്‍ ആദ്യം മിന്നിത്തെളിഞ്ഞത്‌. ശുഭവാര്‍ത്തകേള്‍പ്പിക്കണേ എന്ന്‌ മനസു പ്രാര്‍ഥിച്ചു. എന്നാല്‍, കേട്ടതു കേള്‍ക്കാന്‍ കൊതിച്ചതായിരുന്നില്ല.
വാര്‍ത്താവരികളിലൂടെ കണ്ണ്‌ ഓടിക്കൊണ്ടിരുന്നപ്പോള്‍ മനസില്‍ തെളിഞ്ഞതു റോഡുകളില്‍ പൊലിയുന്ന ജീവനുകളെക്കുറിച്ചാണ്‌. ദിവസേന എത്രപേരെയാണു അപകടത്തിലൂടെ മരണത്തിനു പിടികൊടുക്കുന്നത്‌. എന്നിട്ടും സര്‍ക്കാര്‍തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങള്‍ക്കെതിരേ നമ്മള്‍ ആസൂത്രിതവും ശക്‌തവുമായ കര്‍മപരിപാടികള്‍ നടത്താത്തതു ദു;ഖകരമായ കാര്യമാണ്‌. അപകടങ്ങള്‍ പതിവാകുമ്പോള്‍ അവ സാധാരണ സംഭവങ്ങളായി മാറുന്നു. ഇതു ജനം പൂര്‍ണമായും അവഗണിച്ച പൊതുജനാരോഗ്യ പ്രശ്‌നമാണ്‌. ഒട്ടേറെപ്പേര്‍ മരിക്കുകയും അതിലേറെപ്പേര്‍ അംഗപരിമിതരായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരികയും ചെയ്യുന്നു. പ്രകൃതിദുരന്തത്തിലും യുദ്ധത്തിലും ഭീകരാക്രമണത്തിലും മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇങ്ങനെ ത്തില്‍ മരിക്കുന്നുണ്ടെന്നാണു പഠനറിപ്പോര്‍ട്ടുകള്‍.

അപകടംനിറഞ്ഞ രാത്രിയാത്ര

വര്‍ഷം നാലായിരം മലയാളികളെയാണു റോഡുകള്‍ കൊന്നൊടുക്കുന്നത്‌. പുലരും മുന്‍പ്‌ വീട്ടിലെത്താനുള്ള രാത്രി യാത്രയാണ്‌ ബാലഭാസ്‌കറിന്റെ കുടുംബത്തെയും അപകടത്തിലേക്കു തള്ളിവിട്ടത്‌. ഇത്തരത്തില്‍ പതിനായിരത്തോളം അപകടങ്ങള്‍ രാത്രിയാത്രകളില്‍ ഓരോ വര്‍ഷവും നടക്കുന്നു. ഉറക്കമൊഴിച്ചും ലക്ഷ്യസ്‌ഥാനത്ത്‌ വേഗത്തില്‍ എത്താനുള്ള തിടുക്കവുമെല്ലാം ചെന്ന്‌ അവസാനിക്കുന്നത്‌ അപകടത്തിലാണ്‌. ഒരാള്‍ വാഹനവുമായി വീട്ടില്‍ നിന്നു പോയി തിരിച്ചെത്തണമെങ്കില്‍ പല ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്‌. വാഹനത്തിരക്ക്‌ ഇല്ലാത്തതാണു പലരും രാത്രിയാത്ര തെരഞ്ഞെടുക്കാന്‍ കാരണം. ഇത്‌ അമിതവേഗത്തിനു പ്രേരണയാകാറുണ്ട്‌. ദീര്‍ഘദൂരയാത്രയില്‍ ഒരാള്‍ മാത്രമേ വണ്ടി ഓടിക്കാനുള്ളെങ്കില്‍ മതിയായ വിശ്രമമെടുത്തേ പറ്റു. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിയുമ്പോഴേക്കും മുഖം കഴുകാനും ചൂടുള്ളതെന്തെങ്കിലും കഴിക്കാനും തയാറാകേണ്ടതുണ്ട്‌. മാത്രമല്ല, 15 മിനിട്ടെങ്കിലും വിശ്രമിക്കുകയും വേണം.

റോഡില്‍ പൊലിയുന്ന ജീവന്‍

ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണു ഏറെപ്പേരും മരിക്കുന്നതെന്നാണു സ്‌ഥിതിവിവരണ കണക്ക്‌. 2017 -ല്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌ 38, 470 അപകടത്തില്‍ 1110 എണ്ണം ഒഴിച്ചുള്ളവ ഇതുമൂലമാണുണ്ടായത്‌. 4131 പേര്‍ മരിച്ചതിന്‌ 3576 കേസും ഡ്രൈവര്‍മാര്‍ക്കെതിരേയുള്ളതാണ്‌. ഇക്കാലയളവില്‍ പ്രതിദിനം 106 അപകടമുണ്ടായെങ്കില്‍ ഈവര്‍ഷം ഇതുവരെ 109 -ല്‍ എത്തി നില്‍ക്കുകയാണ്‌. ഇതര വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, വാഹനത്തകരാര്‍, റോഡിന്റെ പിഴവ്‌ എന്നിവയാണ്‌ അപകടത്തിന്റെ മറ്റുകാരണങ്ങള്‍ കെ.സ്‌.ആര്‍.ടി.സി. ബസ്‌ഡ്രൈവര്‍മാരും അപകടങ്ങളുണ്ടാക്കുന്നതില്‍ പിന്നിലല്ല-1225 അപകടം.
2017 -ല്‍ മാത്രം 2971 അപകടങ്ങളാണ്‌ സ്വകാര്യ ബസുകളുണ്ടാക്കിയത്‌. അപകടങ്ങളില്‍ കൂടുതലും ഉച്ചയ്‌ക്കും രാത്രിക്കും ഇടയ്‌ക്കാണ്‌ സംഭവിച്ചിരിക്കുന്നത്‌. പതിനഞ്ച്‌ മിനുട്ടില്‍ ഒരു വാഹനാപകടം സംസ്‌ഥാനത്തുണ്ടാകുന്നു. ഓരോ രണ്ടേകാല്‍ മണിക്കൂറിലും ഒരാള്‍ ഇതിലൂടെ മരിക്കുന്നു. ദിനംപ്രതി ശരാശരി പതിനാലോളം വിലപ്പെട്ട ജീവന്‍ നഷ്‌ടപ്പെടുന്നു. അതിലേറെപ്പേര്‍ ജീവിതത്തില്‍ പിന്നിടൊന്നും ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ വികലാംഗരാകുന്നു. കുടുംബങ്ങള്‍ നിലാരംബരും നിര്‍ധനരുമാകുന്നു. എല്ലാം ഒറ്റനിമിഷത്തെ അശ്രദ്ധമൂലം സംഭവിക്കുന്നതാണ്‌. ഇന്ത്യയിലെ ആകെ റോഡപകടങ്ങളില്‍ 10 ശതമാനം നടക്കുന്നത്‌ കേരളത്തിലാണ്‌. റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക്‌ കിട്ടുന്നത്‌ ദു:ഖകരമായ വസ്‌തുതകളാണ്‌. ചെറിയ നിരത്തുകളും മത്സരപ്പാച്ചിലുകളും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതില്‍ കാട്ടുന്ന അലംഭാവവുമെല്ലാം നിരത്തുകളെ ദുരന്ത കേന്ദ്രങ്ങളായി മാറ്റി. റോഡ്‌ സുരക്ഷ മുന്‍നിര്‍ത്തി 2007-ല്‍ അതോറിട്ടി രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം തൃപ്‌തികരമല്ല.

സുരക്ഷിതമല്ലാത്ത പാത

ഇവിടെ റോഡുവികസനം എന്നും മരീചികയാണ്‌. അയല്‍സംസ്‌ഥാനങ്ങളിലെ പെരുമ്പാതകള്‍ കണ്ടു കൊതിച്ചുനില്‍ക്കാനും നമ്മുടെ സംസ്‌ഥാനത്തെ കുറ്റംപറയാനുമല്ലാതെ മറ്റൊന്നിനും നാം തയാറാവില്ല. ഹ്രസ്വവീക്ഷണമാണ്‌ ഈ അവസ്‌ഥയ്‌ക്കു കാരണം. വിശാലമായ വിഭാവനയുള്ള വ്യക്‌തികള്‍ നേതൃത്വത്തില്‍ വരാതിരിക്കുന്നതു കൊണ്ടാണ്‌ ഈ പരിതാവസ്‌ഥ. ഉയര്‍ന്ന ജനസാന്ദ്രതയും പരന്ന ജനവാസവും മൂലം പ്രത്യേക പരിഗണനയിലാണ്‌ കേരളത്തില്‍ നാലുവരിപ്പാതയ്‌ക്ക്‌ 60 നു പകരം 45 മീറ്റര്‍ വീതിയില്‍ സ്‌ഥലം ഏറ്റെടുത്താല്‍ മതിയെന്ന്‌ തീരുമാനിക്കപ്പെട്ടത്‌. എന്നാല്‍, ഇത്‌ 30 മീറ്ററായി ചുരുങ്ങുമ്പോള്‍ പാത വികസിപ്പിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാകും. വീതി 45 മീറ്ററിലും കുറവായാല്‍ നാലുവരിപ്പാതയുടെ ഗുണങ്ങള്‍ കൈവിടും. ശാസ്‌ത്രീയവും സുരക്ഷിതവുമായ റോഡുനിര്‍മാണമാണ്‌ ആവശ്യം. ശരിയായ ഡ്രൈവിങ്ങിനു സഹായകരമാകുന്ന വിധത്തില്‍ അടയാളങ്ങളും മുന്നറിയിപ്പുകളും പാതയോരങ്ങളിലും മറ്റും സ്‌ഥാപിക്കേണ്ടതു സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്‌ഥാപനങ്ങളുടെയും ചുമതലയാണ്‌. അത്‌ കൃത്യമായ നടക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ബോധവത്‌ക്കരണവും ആവശ്യമായ ശിക്ഷാനടപടികളുമില്ലാത്തതാണ്‌ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനു കാരണമെന്നു തോന്നും. ഗതാഗതനിയമം വേണ്ടവിധത്തില്‍ നടപ്പാക്കാത്തതിനാല്‍ ഉത്തവാദികളായ ഉദ്യോഗസ്‌ഥര്‍ കൊലപാതകികളുടെ നിലവാരത്തിലേക്കാണു കൂപ്പുകുത്തുന്നത്‌.

നിയമങ്ങള്‍ ലംഘിക്കാനല്ല

ഗതാഗതനിയമങ്ങല്‍ അനുസരിക്കാന്‍ ഏറെ വിമുഖത കാട്ടുന്നവരാണു കേരളീയര്‍. റോഡ്‌ ക്ലോസ്‌ ബോര്‍ഡ്‌ വച്ചിരുന്നാലും പോലീസുകരന്‍ ഇല്ലെങ്കില്‍ മുന്നറിയിപ്പ്‌ ലംഘിച്ച്‌ മുന്നോട്ടുപോകും. സീറ്റ്‌ബെല്‍റ്റ്‌ ഇടുന്നത്‌ പോലീസുകാരനെ ഭയന്നാണ്‌. അല്ലാതെ അത്‌ തന്റെ ശരീരം സംരക്ഷിക്കുമെന്ന അറിവിന്റെ അടിസ്‌ഥാനത്തിലല്ല. നിയമങ്ങള്‍ നന്നായി അറിയുന്നവരും കര്‍ക്കശ നിയമങ്ങള്‍ നിലനില്‍ക്കുന്ന വിദേശരാജ്യങ്ങളില്‍നിന്ന്‌ പരിചയം സിദ്ധിച്ചവരും പോലും പലപ്പോഴും ഇവിടെ എത്തിയാല്‍ നിയമങ്ങള്‍ ലംഘിച്ചും റോഡ്‌ മര്യാദകള്‍ മറന്നും പെരുമാറുന്നു.

അമിതവേഗം

വലിയ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിലും അലംഭാവമുണ്ട്‌. ബസുകളുടെ മത്സരയോട്ടവും റോഡുകളില്‍ രക്‌തക്കറയുണ്ടാക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ആളെ എടുക്കുന്നതിനായുള്ള മരണപ്പാച്ചില്‍ ഭീതിയോടെയാണ്‌ ജനം കാണുന്നത്‌. എല്ലാ ബസുകളിലും ട്രക്കുകളിലും സ്‌പീഡ്‌ ഗവേണര്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തിക്കണമെന്നില്ല. ക്രമക്കേട്‌ കണ്ടെത്തിയാല്‍ ഇവയുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ വരെ അധികാരമുണ്ട്‌. എന്നാല്‍, സംസ്‌ഥാനത്തെ എത്ര ബസുകളില്‍ കൃത്യമായ പരിശോധന നടത്തുന്നുണ്ട്‌ എന്നതും ചോദ്യമായി നിലനില്‍ക്കുന്നു. താരതമ്യേന വിസ്‌താരം കുറഞ്ഞ പാതയില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ്‌ ദീര്‍ഘദൂര ബസുകള്‍ ചീറിപ്പായുന്നത്‌. എതിര്‍ദിശയില്‍നിന്നുള്ള വാഹനങ്ങള്‍ കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കൊടുംവളവുകള്‍ സംസ്‌ഥാനപാതകളില്‍ ഏറെയുണ്ടെന്ന്‌ ഓര്‍ക്കാതെയാണ്‌ ബസുകളുടെ ഓട്ടം. ലൈസെന്‍സ്‌ എടുക്കാനുള്ള പ്രായം പോലുമാകാത്ത കൊച്ചുകുട്ടികള്‍ വരെ ഇരുചക്രവാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുന്നത്‌ പല രക്ഷിതാക്കള്‍ക്കും അഭിമാനത്തിന്റെ അടയാളങ്ങളാണ്‌. അങ്ങനെ യുവത്വത്തിന്റെ ആവേശവും മത്സരബുദ്ധിയും മൂലം ഒരു നിമിഷാര്‍ധം കൊണ്ടു തകര്‍ന്നടിയുന്നത്‌ ഓരോ കുടുംബത്തിന്റെയും സ്വപ്‌നവും ലക്ഷ്യവുമാണ്‌. നിയമങ്ങള്‍ യഥാവിധി അനുസരിക്കുന്ന ജനതയും ആവശ്യത്തിന്‌ ഉതകുന്ന ഗതാഗതയോജ്യമായ റോഡുകള്‍ നിര്‍മിക്കുന്ന ഭരണകൂടവും ഒരുമിച്ച്‌ നിന്നാല്‍ മാത്രമേ അപകടങ്ങള്‍ നിയന്ത്രിക്കാനാകൂ.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Oct 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW