Monday, December 10, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.51 AM

കൗമാരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു

uploads/news/2018/10/255572/bft2.jpg

കേരളത്തിലെ 12-19 വയസിനിടയില്‍ പ്രായമുള്ള അഞ്ചു വിദ്യാര്‍ഥികളില്‍ ഒരാള്‍ മനഃശാസ്‌ത്രപരമായ അസുഖത്തിന്‌ ഇരയാണെന്നു പഠനം. അസുഖത്തിന്റെ തീവ്രത 10.5 ശതമാനം പേര്‍ക്ക്‌ നേരിയതോതിലാണ്‌. മിതമായ തീവ്രതയുള്ളത്‌ 5.4 ശതമാനം പേര്‍ക്കാണ്‌. അഞ്ചു ശതമാനം പേര്‍ക്ക്‌ അസുഖം ഗുരുതരവുമാണ്‌. ശാരീരിക പീഡനം (74 ശതമാനം), മാനസിക പീഡനം (85 ശതമാനം), ലൈംഗിക പീഡനം (21 ശതമാനം) തുടങ്ങിയവയാണ്‌ സ്‌കൂളില്‍ പോകുന്ന കൗമാരക്കാര്‍ക്കു മാനസിക പ്രശ്‌നമുണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. കേരളത്തിലുടനീളം നടത്തിയ പഠനത്തില്‍നിന്നാണ്‌ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്‌.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ആഗോളതലത്തില്‍ മാനസിക അസുഖമുള്ള കൗമാരക്കാരുടെ (10-19 വയസിനിടയിലുള്ളവര്‍) എണ്ണം 10-20 ശതമാനം വരും. ഈ മാനസിക അസുഖങ്ങളില്‍ പകുതിയും തുടങ്ങുന്നത്‌ 14 വയസിലാണ്‌. ഇരുപത്‌ വയസാകുമ്പോഴേക്കും മൂന്നു മടങ്ങാകുന്നു. ഈസമയത്ത്‌ ഏറ്റവും കൂടുതല്‍ മരണത്തിനു കാരണമാകുന്നത്‌ ആത്മഹത്യയാണ്‌. നിരാശയുടെ തോത്‌ 1990-2013ന്‌ ഇടയില്‍ 67 ശതമാനം വര്‍ധിച്ചു. ഏഴുവര്‍ഷം കൂടി കഴിയുമ്പോള്‍ ഇത്‌ 22.5 ശതമാനമാകുമെന്നാണു കണക്കാക്കുന്നത്‌.
സമ്മര്‍ദവുമായി ഒത്തുപോകാന്‍ പറ്റാതാകുമ്പോള്‍ കൗമാരക്കാര്‍ മറ്റു വസ്‌തുക്കളുടെ ദുരുപയോഗത്തിലേക്ക്‌ തിരിയുന്നു. കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ മദ്യത്തിന്റെ ഉപയോഗം 15 ശതമാനമാണ്‌. അതില്‍ 23 ശതമാനം ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ 6.5 ശതമാനം. വയസ്‌ കൂടുന്തോറും മദ്യോപയോഗം വര്‍ധിക്കുന്നു. പുകയിലയുടെ ഉപയോഗവും കൂടുന്നു. നിരാശ, സമ്മര്‍ദം, വസ്‌തുക്കളുടെ ദുരുപയോഗം, ആത്മഹത്യ തുടങ്ങിയവയാണ്‌ ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍.
കൗമാരക്കാരിലെ വിഷാദരോഗം വര്‍ധിക്കുകയാണ്‌. എന്നാല്‍, പലപ്പോഴും ക്ഷോഭം, ഉത്‌കണ്‌ഠ, പ്രകടന മികവു കുറയുക തുടങ്ങിയ ലക്ഷണങ്ങളില്‍നിന്ന്‌ ഇത്‌ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടിക്കാലത്തെ അപകടകരമായ അനുഭവങ്ങള്‍ക്ക്‌ നിരാശയുമായി ബന്ധമുണ്ട്‌. അസുഖം നേരത്തെ തിരിച്ചറിഞ്ഞ്‌ മാനസികാരോഗ്യ വളര്‍ച്ചയ്‌ക്കു വേണ്ട ചികില്‍സ നല്‍കണം.
ചെറുപ്രായത്തില്‍ തന്നെ ലഹരി വസ്‌തുക്കള്‍ക്ക്‌ അടിപ്പെടുന്നത്‌ ചൂതാട്ടം, മോഷണം, തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു തിരിയാന്‍ വഴിയൊരുക്കും. ഇത്തരം കുട്ടികളെ വീണ്ടെടുക്കാന്‍ മാതാപിതാക്കള്‍, അധ്യാപകര്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ പിന്തുണ വേണം. ആധുനിക സാങ്കേതിക വിദ്യാ ഉപകരണങ്ങളുടെ ഉപയോഗം ഉല്‍സാഹക്കുറവിനും ശ്രദ്ധിക്കാനുള്ള കഴിവു കുറയുന്നതിനും കാരണമാകുന്നുണ്ട്‌.
ജീവിതത്തിലെ വിവിധ വെല്ലുവിളികളും അവസരങ്ങളും നേരിടാനുള്ള കഴിവു വളര്‍ത്തുകയാണ്‌ ഇന്നത്തെ കൗമാരക്കാരെ തിരിച്ചുകൊണ്ടു വരുന്നതിനുളള ഏക മാര്‍ഗം. അവരില്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കുക, വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യം നേരിടാന്‍ പ്രാപ്‌തരാക്കുക, പിന്തുണ നല്‍കാന്‍ പറ്റിയ ബന്ധങ്ങള്‍ സ്‌ഥാപിക്കുക, വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്‌തരാക്കുക തുടങ്ങിയ കാര്യങ്ങളാണു ചെയ്യേണ്ടത്‌.

ഡോ. എന്‍. ദിനേശ്‌

(കൊച്ചിയിലെ അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ സൈക്ക്യാട്രി വിഭാഗം മേധാവിയാണ്‌)

Ads by Google
Wednesday 10 Oct 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW