ചേര്‍ത്തല (ആലപ്പുഴ): ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചനസമരത്തിനു സമാനമായ ആസൂത്രിതനീക്കമാണു നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം വരുന്ന, പിന്നാക്കസമുദായ സംഘടനകളുമായി ചര്ച്ചനടത്താതെയാണു ഹിന്ദുക്കളുടെ പേരിലുള്ള പ്രതിഷേധകോലാഹലങ്ങള്‍. "തമ്പ്രാക്കന്മാര്" തീരുമാനിക്കുന്നത് അടിയാന്മാര് അനുസരിക്കണമെന്നതാണു ചിലരുടെ വാശി-വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാകാത്ത തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും നിലപാടു ശരിയല്ലെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. രണ്ടു വള്ളത്തിലും ചവിട്ടിനില്ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അടവുനയമാണു പ്രശ്നങ്ങള്‍ വഷളാക്കിയത്. ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കില്ല. ആവശ്യമെങ്കില്‍ സമാനചിന്താഗതിക്കാരുമായി സഹകരിച്ച് പ്രതിഷേധങ്ങള്‍ക്കെതിരേ തെരുവിലിറങ്ങും. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമൊഴിയണം.ഇരുപക്ഷത്തെയും സുഖിപ്പിച്ച്, എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അദ്ദേഹം. ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചക്കാര്‍ക്കു തന്റെ വക സമ്മാനം നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ടും, സര്‍ക്കാരിനു പറയാനുള്ളതു കേള്‍ക്കാനുള്ള മര്യാദ തന്ത്രികുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും കാട്ടിയില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഹിന്ദു സമുദായസംഘടനകളുടെ യോഗം വിളിക്കണം. തന്റെ കുടുംബത്തില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചില സംഘടനകള്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കുകയാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളത്. എസ്.എന്‍.ഡി.പി. യോഗം ആരുടേയും വാലാകാനില്ല. ബി.ഡി.ജെ.എസിന്റെ നിലപാട് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.