Monday, December 17, 2018 Last Updated 31 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 04.12 PM

ബുദ്ധിവളര്‍ച്ച ഉറപ്പാക്കാന്‍ മുലപ്പാല്‍ നല്കാം

'''അമൃതാണ് അമ്മിഞ്ഞപ്പാല്‍'. പഴമക്കാര്‍ പറഞ്ഞു പഠിപ്പിച്ച ഈ സത്യം ഇന്ന് എത്രപേര്‍ തിരിച്ചറിയുന്നു എന്നത് സംശയമാണ്. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും ശരീര വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും മുലപ്പാല്‍ കൂടിയേ തീരൂ. മുലപ്പാലിന്റെ പ്രാധാന്യവും മുലയൂട്ടലിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുകയാണ് ഡോ. ജോസ് പോളും ഡോ. എസ്. രാജശ്രീയും''
uploads/news/2018/10/255027/brestfeding081018.jpg

കുട്ടികളുടെ ദീര്‍ഘകാലത്തെ ആരോഗ്യത്തിന് ആദ്യവര്‍ഷങ്ങളിലെ പോഷകങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ശൈശവത്തില്‍ മുലപ്പാലിനോളം വലിയ സമ്മാനം കുട്ടികള്‍ക്ക് ലഭിക്കാനില്ല. എന്നാല്‍ ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം ലഭിക്കുന്ന കുട്ടികളുടെ എണ്ണം ലോകത്ത് മൂന്നില്‍ ഒന്ന് മാത്രമാണ്. ശിശുക്കള്‍ക്കു നല്കുന്ന ഫോര്‍മുല പാല്‍, അല്ലെങ്കില്‍ മറ്റ് സപ്ലിമെന്റുകള്‍ എന്നിവയെ അപേക്ഷിച്ച് മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെബോധവത്കരിക്കുന്നതിനും പ്രചാരണം നല്കുന്നതിനും ആഗസ്റ്റ് ആദ്യവാരം 'ലോക മുലയൂട്ടല്‍ വാരം ആയി ആചരിച്ചുവരിന്നു.

അമൃതാകുന്ന അമ്മിഞ്ഞപ്പാല്‍


ശിശുക്കള്‍ ജനിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്കണമെന്നും ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്കി വളര്‍ത്തണമെന്നുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശം.

ആദ്യത്തെ ആറുമാസത്തേയ്ക്ക് ശിശുവിന് ആവശ്യമായ ഊര്‍ജ്ജവും പോഷണവും മുലപ്പാല്‍ വഴി ലഭിക്കും. ആദ്യ വര്‍ഷത്തെ രണ്ടാം പകുതിയില്‍ ആവശ്യമായ പോഷകങ്ങളുടെ പകുതി നല്കാനും രണ്ടാം വര്‍ഷം ആവശ്യമായ പോഷകങ്ങളുടെ മൂന്നിലൊന്ന് നല്കാനും മുലപ്പാലിന് കഴിയും. മുലയൂട്ടല്‍ എന്നത് സ്വാഭാവികമാണെങ്കിലും അതിനെക്കുറിച്ച് കൂടുതലായി പഠിച്ചെടുക്കാവുന്നതാണ്.

തുടര്‍ച്ചയായും ശരിയായ രീതിയിലും കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മമാര്‍ക്ക് സജീവമായ പി ന്തുണ ആവശ്യമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടാത്ത കുട്ടികള്‍ക്ക് മരണം സംഭവിക്കാനുള്ള സാധ്യത മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളേക്കാള്‍ പതിന്നാല് മടങ്ങാണെന്ന് ഈയടുത്തകാലത്ത് ലാന്‍സെറ്റ് നുട്രീഷന്‍ സീരിസില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

uploads/news/2018/10/255027/brestfeding081018a.jpg

അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും


സ്പര്‍ശന, ബൗദ്ധിക വികസന ത്തിന് മുലപ്പാല്‍ സഹായകമാണെന്നും പകരുന്ന രോഗങ്ങള്‍ക്കെതിരേയും ഗുരുതരമായ രോഗങ്ങളേയും ചെറുക്കാന്‍ ശിശുക്കളെ അത് സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.അമ്മമാരുടെ ആരോഗ്യത്തിനും മുലയൂട്ടല്‍ നല്ലതാണ്. കുട്ടികളുണ്ടാകുന്ന ഇടവേള കൂട്ടുന്നതിനും ഗര്‍ഭാശയ കാന്‍സര്‍, സ്തനങ്ങളിലെ കാന്‍സര്‍ എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

മുലയൂട്ടുന്ന അമ്മമാരില്‍ മുലയൂട്ടുന്ന ഓരോ വര്‍ഷവും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം വരെ കുറയുമെന്നും ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകാതിരിക്കാനുള്ള സാധ്യത 21 ശതമാനം വരെ വര്‍ധിക്കുമെന്നും സ്തനങ്ങളിലെ കാന്‍സര്‍ 28 ശതമാനം വരെ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരുടെ ജീവിതദൈര്‍ഘ്യം 12 മാസമോ അതിലധികമോ വര്‍ധിക്കും.

പഠനങ്ങള്‍ പറയുന്നു


മുലയൂട്ടലിന്റെ മേന്മയെക്കുറിച്ചുള്ള ബോധവത്കരണം മൂലംഫോര്‍മുല ആഹാരം നല്കുന്നത് പടിഞ്ഞാറന്‍ നാടുകളിലും വികസിത രാജ്യങ്ങളിലും പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. മുലയൂട്ടുന്നത് പതിവായിരുന്ന ഇന്ത്യയില്‍ ഇത് ഇപ്പോള്‍ കുറഞ്ഞുവരുന്നു.ഗ്രാമീണ, നഗരമേഖലകളിലെ ജനസംഖ്യയില്‍ അഞ്ചുവയസില്‍ താഴെയുള്ള 96 ശതമാനം കുട്ടികളേയും മുലയൂട്ടി വളര്‍ത്തിയതാണ്. നഗരങ്ങളില്‍ 29 ശതമാനം കുട്ടികള്‍ക്കും ജനിച്ച് അരമണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ തുടങ്ങിയപ്പോള്‍ ഗ്രാമീണമേഖലയില്‍ 21 ശതമാനം മാത്രം കുട്ടികള്‍ക്ക് മാത്രമാണ് ഈ ഭാഗ്യം ലഭിച്ചത്.

നിര്‍ദേശിച്ചിരിക്കുന്നതുപോലെ ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ നഗരജനസംഖ്യയിലെ 30 ശതമാനം കുട്ടികള്‍ക്കും ഗ്രാണീണമേഖലയിലെ 22 ശതമാനം കുട്ടികള്‍ക്കും മുല പ്പാല്‍ ലഭിച്ചു. ഫോര്‍മുല ആഹാരത്തെ അപേക്ഷിച്ച് മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ നാട്ടിലെ പല അമ്മമാര്‍ക്കും അവബോധമില്ല എന്നതാണ് വാസ്തവം.

uploads/news/2018/10/255027/brestfeding081018b.jpg

മുലപ്പാല്‍ ഇതര ആഹാരം


പശുവിന്‍ പാല്‍കൊണ്ട് നിര്‍മിച്ചതായതിനാലും പല സജീവ പോഷകഘടകങ്ങളും അടങ്ങിയിട്ടില്ലാത്തതിനാലും ഫോര്‍മുല ആഹാരം മുലപ്പാലിന്റെ അടുത്തെങ്ങുമെത്തില്ല. അതിനപ്പുറം മുലപ്പാല്‍ നല്കുന്ന കുട്ടികളുമായി അമ്മമാര്‍ക്കുണ്ടാകുന്ന ആത്മബന്ധം ഫോര്‍മുല ആഹാരം നല്കുന്ന കുട്ടികളുമായുണ്ടാകില്ല. മുലകുടിക്കുമ്പോള്‍ കുട്ടിയുമായി സംവദിക്കുന്നത് ശിശുവിന്റെ വൈകാരിക, ബൗദ്ധിക വളര്‍ച്ചയ്ക്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭാവസ്ഥയ്ക്കുശേഷം കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും ആദ്യത്തെ ആറാഴ്ചകളിലാണ്.

ബുദ്ധിവളര്‍ച്ചയ്ക്ക്


മുലയൂട്ടുമ്പോള്‍ സംസാരിക്കുക, പാടുക, കുട്ടിക്ക് വായിച്ചുകൊടുക്കുക എന്നിവ കുട്ടിയില്‍ പഠനത്തോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുകയും ഭാഷാനൈപുണ്യം പെട്ടെന്ന് വികസിക്കാന്‍ സഹായിക്കുകയും ചെയ്യും. മുലയൂട്ടുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ തഴുകുന്നത് തലച്ചോറിലെ ന്യൂറോണുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും വൈകാരികമായ സമ്മര്‍ദം താങ്ങാന്‍ കുട്ടിയെ സഹായിക്കുകയും ചെയ്യും. വൈകാരികമായ പിരിമുറുക്കങ്ങള്‍ തരണം ചെയ്യുന്നതിന് മുലയൂട്ടല്‍ കുട്ടിയെ സഹായിക്കുന്നുണ്ട്.

മുലയൂട്ടുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന ഐക്യു ഉണ്ടെന്നും അവര്‍ സ്‌കൂളുകളില്‍ മെച്ചമാണെന്നും പല ആധികാരിക പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഡോകാസഹെക്‌സോണിക് ആസിഡ് (ഡിഎ ച്ച്എ) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് കൊഴുപ്പ് ഘടകം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. വളര്‍ച്ചയ്ക്കും തലച്ചോറിലെ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനുമുള്ള പോഷകമാണ് ഡിഎച്ച്എ. മുലപ്പാലിലെ കൊളസ്‌ട്രോള്‍, ഗാലക്‌ടോസ് എന്നിവയും തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്.

മുലപ്പാന്‍ ശേഖരിച്ചുവയ്ക്കാം


ജോലി നോക്കുന്നുവെന്നതാണ് മുലയൂട്ടലില്‍നിന്ന് അമ്മമാര്‍ വിട്ടുനില്‍ക്കാന്‍ ഒരു കാരണം. എന്നാല്‍ ആദ്യത്തെ ആറുമാസക്കാലത്തേയ്ക്ക് കുട്ടിയെ മുലയൂട്ടാന്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കഴിയും. ഇതിനായി മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഇത് എങ്ങനെയാണെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. കൈ ഉപയോഗിച്ചോ, ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ പാല്‍ പിഴിഞ്ഞെടുക്കാം. പിഴിഞ്ഞെടുത്ത പാല്‍ കുടിക്കുന്നത് പരിചയമാകാന്‍ കുട്ടിക്ക് കുറെ ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം.

സാധാരണ ഊഷ്മാവില്‍ ആറ് മണിക്കൂര്‍ വരെ മുലപ്പാല്‍ കേടുകൂടാതെയിരിക്കും. എന്നാല്‍, നമ്മുടെ നാട്ടിലെ ഉഷ്ണകാലാവസ്ഥ പരിഗണിക്കുമ്പോള്‍ നാല്മണിക്കൂര്‍ വരെ മുലപ്പാല്‍ കേടാവാതിരിക്കും. റഫ്രിജറേറ്ററില്‍ 24 മണിക്കൂര്‍ വരെയും പ്രത്യേക ഡോര്‍ സംവിധാനമുള്ള ഫ്രീസറില്‍ മൂന്നുമാസംവരെയും മുലപ്പാല്‍ സൂക്ഷിച്ചുവയ്ക്കാം. ഗാഢശീതീകരണിയില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍മുലപ്പാല്‍ ആറുമാസം വരെ കേടുകൂടാതെയിരിക്കും.

എന്നാല്‍, മുലപ്പാല്‍ ചൂടാക്കുകയോ മൈക്രോവേവ് ചെയ്യുകയോ ചെയ്താല്‍ മുലപ്പാലിന് രോഗപ്രതിരോധ ശേഷി നല്കുന്ന ഗുണങ്ങള്‍ നശിച്ചുപോകും. ഒരു പാത്രത്തില്‍ ചൂടായ വെള്ളമെടുത്ത് അതിനുള്ളിലേക്ക് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മുലപ്പാല്‍ ഇറക്കിവച്ച് പരോക്ഷമായി ചൂടാക്കുകയാണ് വേത്.

uploads/news/2018/10/255027/brestfeding081018c.jpg

സ്തനവലുപ്പക്കുറവ് തടസമല്ല


ചെറിയ സ്തനങ്ങളുള്ളതിനാല്‍ മുലയൂട്ടാന്‍ കഴിയില്ലെന്ന ധാരണ പരക്കെയുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ചെറിയ സ്തനങ്ങളുള്ളവര്‍ക്കും വലിയ സ്തനങ്ങളുള്ള സ്ത്രീകളേപ്പോലെ തന്നെ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. മികച്ച ആഹാരം, വിശ്രമം, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് എല്ലാം മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. വിജയകരമായി മുലയൂട്ടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസവും അതിനായുള്ള താത്പര്യവും ഏറെ സഹായിക്കും.

വേണം ശരിയായ മുലയൂട്ടല്‍


തലതിരിഞ്ഞ മുലഞെട്ടുകളാണ് ചില സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. മുലഞെട്ടിനു ചുറ്റുമുള്ള ഇരു ഭാഗമായ ഏരിയോളയില്‍ അമര്‍ത്തുമ്പോള്‍ ഉള്ളിലേയ്ക്കുവലിഞ്ഞ മുലഞെട്ടുകള്‍ പുറത്തേയ്ക്ക് വരാത്തതാണ് പ്രശ്‌നം. എന്നാല്‍, ഒബ്‌സ്‌റ്റെട്രീഷന്‍, മുലയൂട്ടല്‍ ബോധവത്കരണ ത്തില്‍ വിദഗ്ധയായ നിയോനേറ്റോളജിസ്റ്റ് അല്ലെങ്കില്‍ ലാക്‌റ്റേഷന്‍ കണ്‍സള്‍ട്ടന്റിന് ചില പൊടിക്കൈകള്‍ വഴി വിജയകരമായി മുലയൂട്ടാന്‍ അമ്മയെ സഹായിക്കാന്‍ കഴിയും.

വരണ്ടതും വിണ്ടുകീറിയതുമായ മുലഞെട്ടുകള്‍ ഉള്ളവര്‍ സോപ്പും സുഗന്ധമുള്ള ക്രീമുകളും ആല്‍ക്കഹോള്‍ അടങ്ങിയ ലോഷനുകളും ഉപയോഗിക്കരുത്. ഇത് ഉപയോഗി ച്ചാല്‍ മുലഞെട്ട് കൂടുതല്‍ വരണ്ടതും വേദനയുള്ളതുമായിത്തീരും. കോട്ടണ്‍ ബ്രാ പാഡുകള്‍ മാത്രമേ ഉപയോഗിക്കാവൂ. മുലയൂട്ടലിനുശേഷം പുറത്തേയ്ക്കുവരുന്ന പാല്‍ മുലഞെട്ടില്‍ തേച്ചുപിടിപ്പിക്കുന്നത് സുഖമാകാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.

കുഞ്ഞുവയറിന്റെ നിറവ് അറിയണം


കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുണ്ടോ എന്നതിനേക്കുറിച്ചാണ് പല അമ്മമാരുടെയും ആശങ്ക. കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകും? ഒരു ദിവസം ആറു മുതല്‍ എട്ടുവരെ ഡയ പ്പറുകള്‍ ഉപയോഗിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് ശരിയായ അളവില്‍ പാല്‍ ലഭിക്കുന്നുണ്ട് എന്ന് അനുമാനിക്കാം.

അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികള്‍ക്ക് ഫോര്‍മുല ആഹാരമോ ഇന്‍ഫന്റ്‌പ്ലെയിന്‍ വാട്ടറോ കൊടുക്കേണ്ടതില്ല. കൃത്യമായ ഇടവേളയില്‍ കുട്ടിയെ മുലയൂട്ടുന്നത് പാല്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും.ഈ ടിപ്പുകള്‍ വിജയകരമായി മുലയൂട്ടുന്നതിനും അമ്മമാരുടെ മുലപ്പാല്‍ കുടിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്ന സാധാരണ ആരോഗ്യമുള്ള കുട്ടികളെ ലഭിക്കുന്നതിനും സഹാ
യിക്കും.

ഡോ. ജോസ് പോള്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്, നിയോനേറ്റോളജി,
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

ഡോ. എസ്. രാജശ്രീ
സീനിയര്‍ സ്‌പെഷലിസ്റ്റ്,
നിയോനേറ്റോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Ads by Google
Monday 08 Oct 2018 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW